ജനാധിപത്യത്തിനു കരുത്തായി ശക്തമായ പ്രതിപക്ഷം | മുഖപ്രസംഗം

ജവഹർലാൽ നെഹ്റു മാത്രമാണ് രണ്ടു ടേമും തികച്ചു ഭരിച്ച ശേഷം തുടർച്ചയായി മൂന്നാമതും ജനങ്ങൾ അധികാരത്തിലെത്തിച്ച ഏക പ്രധാനമന്ത്രി
ജനാധിപത്യത്തിനു കരുത്തായി ശക്തമായ പ്രതിപക്ഷം | മുഖപ്രസംഗം

കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയും എന്‍ഡിഎയുടെ സർക്കാർ അധികാരത്തിൽ വരാനുള്ള സാധ്യതകൾ നിലനിർത്തിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പുഫലം പുറത്തുവന്നിരിക്കുന്നത്. എക്സിറ്റ് പോളുകൾ പ്രവചിച്ച ഗംഭീര വിജയം ബിജെപിക്കു ലഭിച്ചില്ല എന്നതു ശ്രദ്ധേയമാണ്. അതിശക്തമായ പ്രതിപക്ഷം ഇക്കുറി രാജ്യത്ത് ഉണ്ടാവുമെന്നും ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ രണ്ടു തവണത്തെക്കാൾ സീറ്റ് നിലയിൽ ഇടിവുണ്ട് ബിജെപിക്ക്. അപ്പോഴും ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി തന്നെയാണ്. എന്‍ഡിഎ മുന്നണിക്ക് സർക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷവുമുണ്ട്. മുന്നണി രാഷ്‌ട്രീയത്തിന്‍റെ സമ്മർദങ്ങൾക്കെല്ലാം ഒടുവിൽ നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ അതു വലിയൊരു ചരിത്രമാവും. ജവഹർലാൽ നെഹ്റു മാത്രമാണ് രണ്ടു ടേമും തികച്ചു ഭരിച്ച ശേഷം തുടർച്ചയായി മൂന്നാമതും ജനങ്ങൾ അധികാരത്തിലെത്തിച്ച ഏക പ്രധാനമന്ത്രി. ബിജെപിയുടെ വിജയത്തെ എത്ര കുറച്ചു കണ്ടാലും മൂന്നാം തവണ പ്രധാനമന്ത്രിക്കസേരയിലേക്ക് മോദിയെത്തുന്നതു ചെറിയ കാര്യമേയല്ല.

പത്തു വർഷം ഭരിച്ചു കഴിഞ്ഞ ഒരു സർക്കാരിന് ഭരണവിരുദ്ധ വികാരം നേരിടേണ്ടിവരുന്നതു സ്വാഭാവികമാണ്. അതുണ്ടാവില്ല, തിളക്കം കൂടുകയേയുള്ളൂ എന്ന ആത്മവിശ്വാസമായിരുന്നു ബിജെപിക്ക്. എന്‍ഡിഎ ഇത്തവണ 400 സീറ്റിലേറെ നേടും എന്നൊക്കെയുള്ള കണക്കുകൂട്ടലുകൾ പാടേ പാളിപ്പോയി. ബിജെപി ഒറ്റയ്ക്ക് 370 സീറ്റു പിടിക്കും എന്ന അവകാശവാദവും ജനങ്ങൾ തള്ളിക്കളഞ്ഞു. ശക്തമായൊരു പ്രതിപക്ഷമില്ലാതെ വരുന്ന അവസരം വോട്ടർമാർ ഉണ്ടാക്കിയില്ല. അതു ജനാധിപത്യത്തിനു നല്ലതാണ്. രണ്ടു തവണയും ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി മൃഗീയ ഭൂരിപക്ഷം നൽകിയാൽ ജനാധിപത്യം തന്നെ ഇല്ലാതാവുമെന്നാണു പ്രതിപക്ഷ കക്ഷികൾ ജനങ്ങളോടു പറഞ്ഞത്. പകരം തങ്ങളെ അധികാരത്തിലേറ്റണമെന്നും കോൺഗ്രസ് അടക്കം കക്ഷികൾ വോട്ടർമാരോട് അഭ്യർഥിച്ചു. ഭരണപക്ഷത്തെ നിയന്ത്രിക്കുകയും പ്രതിപക്ഷത്തെ ശക്തമാക്കി നിർത്തുകയും ചെയ്തു എന്നതാണ് അന്തിമമായി വോട്ടർമാരുടെ ഭാഗത്തുനിന്നുണ്ടായത്.

ഇരു കൂട്ടരും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കേണ്ടവരാണ്. അതു മനസിലാക്കി ജനനന്മ ലക്ഷ്യമിട്ടു പ്രവർത്തിക്കാൻ ഇരുപക്ഷത്തിനും കഴിയട്ടെ. കോൺഗ്രസ് മുക്ത ഭാരതം എന്നതായിരുന്നു ബിജെപിയുടെ സ്വപ്നം. രാജ്യത്തെ പ്രമുഖ ദേശീയ കക്ഷിയാണു കോൺഗ്രസ്. അതില്ലാതായാൽ ഇന്നത്തെ നിലയ്ക്ക് ദേശീയ രാഷ്‌ട്രീയം ഏകപക്ഷീയമായിപ്പോകും. അത്തരമൊരു സാഹചര്യത്തിൽ നിന്ന് കോൺഗ്രസിന്‍റെ തിരിച്ചുവരവിലൂടെ രാജ്യം കരകയറിയിരിക്കുകയാണ്. ജനങ്ങൾ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾക്കു കഴിയണം. ജനങ്ങൾ തെരഞ്ഞെടുത്ത ഓരോ ജനപ്രതിനിധിയും ഏതു ഭാഗത്താണു നിൽക്കേണ്ടതെന്ന് വോട്ടർമാർ നിശ്ചയിച്ചതാണ്. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി മറുകണ്ടം ചാടി ജനവിധിയെ പ്രഹസനമാക്കുന്ന പതിവു രീതികൾ ആവർത്തിക്കാതിരിക്കട്ടെ. മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിച്ച്, ശിവസേനയെയും എന്‍സിപിയെയും പിളർത്തി എൻഡിഎ സർക്കാരുണ്ടാക്കിയതിന്‍റെ ഫലം ബിജെപി ഇപ്പോൾ മനസിലാക്കിയിട്ടുണ്ടാവണം. ഉത്തർപ്രദേശിലെ തിരിച്ചടിയും ബിജെപിക്കു വിശദമായി പരിശോധിക്കേണ്ടിവരും. അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടിയുടെ തിരിച്ചുവരവും മായാവതിയുടെ ബിഎസ്പിയുടെ തകർച്ചയും വരുംനാളുകളിൽ വിശദമായ ചർച്ചകൾക്കു വഴിവയ്ക്കുന്നതാണ്. ഒഡിഷയിൽ നവീൻ പട്നായിക്കിനും ആന്ധ്രപ്രദേശിൽ ജഗൻ മോഹനും ഏറ്റ തിരിച്ചടികൾ ഭരണവിരുദ്ധ വികാരത്തിൽ നിന്നുണ്ടായതാണ്.

തെരഞ്ഞെടുപ്പു നടന്നത് ലോക്സഭയിലേക്കാണെങ്കിലും കേരളത്തിലെ സർക്കാരിനും കൃത്യമായ മുന്നറിയിപ്പു നൽകുന്നുണ്ട് സംസ്ഥാനത്തെ ജനങ്ങൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടിയ എൽഡിഎഫിന്‍റെ തുടർ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള അതൃപ്തി കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ട് നിലയിൽ നിന്ന് മനസിലാക്കാവുന്നതാണ്. യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളിൽ വലിയ ഭൂരിപക്ഷമാണ് അവർക്കു കിട്ടിയത്. കേരളത്തിൽ ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ താമര വിരിയിച്ച തൃശൂരിൽ സുരേഷ് ഗോപിയുടെ ഭൂരിപക്ഷവും ശ്രദ്ധേയം. തിരുവനന്തപുരവും ആറ്റിങ്ങലും അടക്കം പല മണ്ഡലങ്ങളിലും വലിയ മുന്നേറ്റം ബിജെപി കാഴ്ചവച്ചിട്ടുമുണ്ട്. യുഡിഎഫിലും ബിജെപിയിലും മലയാളികൾ അർപ്പിച്ച വിശ്വാസം എൽഡിഎഫ് നേതാക്കൾ കാണുന്നില്ലെങ്കിൽ അത് അവർക്കു വിനയായി മാറും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 19 സീറ്റിലും പരാജയപ്പെട്ട എൽഡിഎഫ് പാളിച്ചകൾ തിരിച്ചറിഞ്ഞ് ഗംഭീര തിരിച്ചുവരവാണു നടത്തിയത്. ഇത്തവണയും തെരഞ്ഞെടുപ്പു ഫലങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് തെറ്റുകൾ തിരുത്താൻ അവർക്ക് അവസരമുണ്ട്. ഏതു രാഷ്‌ട്രീയ പാർട്ടിയെ സംബന്ധിച്ചും തെരഞ്ഞെടുപ്പിൽ നേരിടുന്ന ഓരോ തിരിച്ചടിയും പരിശോധനയ്ക്കും തിരുത്തലുകൾക്കുമുള്ളതാണ്. ഇപ്പോഴുണ്ടായിരിക്കുന്ന തെരഞ്ഞെടുപ്പു ഫലം എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും കൂടുതൽ മെച്ചപ്പെടാനുള്ള അവസരം നൽകുന്നതാണ്. ജനവിധിയിൽ അടങ്ങുന്ന സന്ദേശം വായിച്ചെടുക്കാൻ അവർക്കാവണം.

Trending

No stories found.

Latest News

No stories found.