കളങ്കമേൽക്കരുത്, നീറ്റിന്‍റെ വിശ്വാസ്യതയ്ക്ക് | മുഖപ്രസംഗം

മെഡിക്കൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികളുടെയും പൂർണ വിശ്വാസം ഈ പരീക്ഷയിലുണ്ടാവേണ്ടതുണ്ട്
കളങ്കമേൽക്കരുത്, നീറ്റിന്‍റെ വിശ്വാസ്യതയ്ക്ക് | മുഖപ്രസംഗം

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്ന പ്രവേശന പരീക്ഷയായ "നീറ്റ് ' എന്തുമാത്രം പ്രാധാന്യമുള്ളതാണെന്നു പ്രത്യേകം പറയേണ്ടതില്ല. ബിരുദതലത്തിലുള്ള അഡ്മിഷൻ നേടുന്നതിന് 20 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഈ പ്രവേശന പരീക്ഷയെഴുതുന്നത്. മെഡിക്കൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികളുടെയും പൂർണ വിശ്വാസം ഈ പരീക്ഷയിലുണ്ടാവേണ്ടതുണ്ട്. ഇപ്പോൾ സംഭവിച്ചിരിക്കുന്നതു പോലെ നീറ്റ് ഒരിക്കലും വിവാദത്തിലാകാൻ പാടില്ലാത്തതാണ്. എത്രയോ വലിയ സന്നാഹങ്ങളോടെയാണ് ഓരോ തവണയും ഈ പരീക്ഷ നടത്തുന്നത്. കോടിക്കണക്കിനു രൂപയാണ് ഇതിനായി ചെലവാകുന്നത്. ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഡോക്റ്ററാവുകയെന്ന ഒരൊറ്റ ആഗ്രഹം മുൻനിർത്തി നന്നായി പഠിച്ച് പരീക്ഷയെഴുതുന്ന എത്രയോ വിദ്യാർഥികളുടെ സ്വപ്നങ്ങളാണ് ഓരോ നീറ്റ് പരീക്ഷയ്ക്കു ശേഷവും ഫലം കാക്കുന്നത്. ഈ ഗൗരവമെല്ലാം നന്നായി ഉൾക്കൊള്ളാൻ പ്രവേശന പരീക്ഷ നടത്തുന്ന ദേശീയ ടെസ്റ്റിങ് ഏജൻസിക്കു (എൻടിഎ) കഴിയേണ്ടതാണ്. എവിടെയും പരാതിക്ക് അവസരം നൽകാത്ത വിധം ഈ പരീക്ഷ നടന്നുകാണാനാണ് രാജ്യം ആഗ്രഹിക്കുക. ഭാവിയിൽ നീറ്റ് അങ്ങനെയേ നടക്കാവൂ.

ഇപ്പോഴുണ്ടായിരിക്കുന്ന ആശങ്കകൾക്ക് എത്രയും വേഗം പരിഹാരം കാണാൻ കഴിയണം. നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ആദ്യം ശ്രദ്ധിക്കേണ്ട വിഷയവും നീറ്റ് വിവാദം തന്നെയാണ്. പരീക്ഷയിൽ കൂട്ടത്തോടെ ഒന്നാം റാങ്ക് വന്നതാണ് ഗുരുതര ക്രമക്കേടുകൾ സംഭവിച്ചുവെന്ന ആരോപണം ശക്തമായി ഉയരാൻ കാരണമായിരിക്കുന്നത്. മുൻപൊരിക്കലും സംഭവിക്കാത്തവിധം 67 വിദ്യാർഥികൾക്കാണ് 720ൽ 720 മാർക്കോടെ ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. ഇവരിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലെ ആറു വിദ്യാർഥികൾ ഉൾപ്പെടുന്നുണ്ട്. തുടർച്ചയായ റോൾ നമ്പരുള്ള വിദ്യാർഥികൾ ഒരേ മാർക്ക് നേടിയതു സംബന്ധിച്ചം വിമർശനമുണ്ട്. ഒരു ശരിയുത്തരത്തിന് നാലു മാര്‍ക്ക് എന്ന രീതിയില്‍ നീറ്റ് പരീക്ഷയിൽ ലഭിക്കാവുന്ന പരമാവധി മാര്‍ക്കാണ് 720. ഒരു ചോദ്യം ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറഞ്ഞ് 716 ആകും. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരമാണ് എഴുതുന്നതെങ്കില്‍ നെഗറ്റീവ് മാര്‍ക്കു കൂടി കുറച്ച് 715 മാര്‍ക്കാണു കിട്ടുക. അതായത് 720 കിട്ടാത്ത സാഹചര്യത്തില്‍, തൊട്ടടുത്ത മാര്‍ക്ക് 716 അല്ലെങ്കില്‍ 715 മാത്രമേ വരൂ. എന്നാൽ, ഇക്കുറി ചരിത്രത്തില്‍ ആദ്യമായി 719ഉം 718ഉം ഒക്കെ മാര്‍ക്കുകള്‍ കുട്ടികള്‍ക്കു ലഭിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം തന്നെ മാധ്യമ ശ്രദ്ധ കിട്ടാത്ത വിധത്തില്‍ നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചതും സംശയങ്ങൾ വർധിപ്പിച്ചു.

എന്നാൽ, ഈ സംശയങ്ങൾ അനാവശ്യമാണെന്നാണ് ടെസ്റ്റിങ് ‍ഏജൻസി പറയുന്നത്. പരീക്ഷ തുടങ്ങാൻ വൈകിയ ചില സ്ഥലങ്ങളിൽ കുട്ടികള്‍ക്കു നഷ്ടപ്പെട്ട സമയത്തിനു പകരം ഗ്രേസ് മാര്‍ക്ക് കൊടുത്തതാണ് ഇത്തവണ മാർക്കുകൾ ഇങ്ങനെയൊക്കെയാവാൻ കാരണമെന്ന് അവർ വിശദീകരിക്കുന്നു. ഫിസിക്സിലെ ഒരു ചോദ്യത്തിൽ പിഴവു വന്നിരുന്നു. ആ ചോദ്യത്തിന് ഉത്തരമെഴുതിയവർക്കും ഗ്രേസ് മാർക്ക് നൽകിയെന്നു പറയുന്നുണ്ട്. ചോദ്യപേപ്പർ എളുപ്പമായത് നിരവധി വിദ്യാർഥികൾക്ക് ഉയർന്ന മാർക്ക് നൽകി എന്നും അവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, നീറ്റ് പോലൊരു പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് നൽകേണ്ടിവരുകയോ എന്നതാണു ക്രമക്കേടുകൾ സംശയിക്കുന്നവർ ചോദിക്കുന്നത്. 44 പേർക്ക് ഗ്രേസ് മാർക്ക് കിട്ടിയതുകൊണ്ടാണ് മുഴുവൻ മാർക്കും നേടാനായത്. എന്തായാലും വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയത് പുനഃപരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നാലംഗ പാനലിനെ നിയമിച്ചിരിക്കുകയാണ്. എത്രയും വേഗം ഈ സമിതി ഉചിതമായ പരിഹാരം നിർദേശിക്കട്ടെ. വീണ്ടും പരീക്ഷ നടത്തുകയെന്നതാണ് ഒരു വിഭാഗം വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. എന്നാൽ, അതു നീതിയുക്തമാവില്ലെന്നു ചൂണ്ടിക്കാണിക്കുന്നവർ ഏറെയാണ്. വീണ്ടും പരീക്ഷ നടത്തേണ്ടതില്ലെന്ന് എൻടിഎ തറപ്പിച്ചു പറയുന്നുണ്ട്.

വിവാദം കോടതിയിൽ എത്തിയിട്ടുണ്ടെന്നതിനാൽ ഉചിതമായ നടപടികൾ കോടതിയുടെ ഭാഗത്തുനിന്നുമുണ്ടാവും. പരീക്ഷാ ഫലത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചുള്ള റിട്ട് ഹർജിയിൽ എൻടിഎയുടെ മറുപടി തേടിയിരിക്കുകയാണ് കോൽക്കത്ത ഹൈക്കോടതി. ഗ്രേസ് മാർക്ക് നൽകുന്നതിലെ മാനദണ്ഡങ്ങളിൽ പിഴവുണ്ടെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കണമെന്നും കൗൺസിലിങ് നടപടികൾ ഹർജിയുടെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഗ്രേസ് മാർക്ക് നൽകിയതിനെതിരേ ഡൽഹി ഹൈക്കോടതിയിലും ഹർജിയുണ്ട്. ഒരു സംഘം വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ചോദ്യപേപ്പർ ചോർച്ച അടക്കം ആരോപണങ്ങൾ നേരത്തേ ഉയർന്നതും ഇതിനൊപ്പം ഓർക്കാവുന്നതാണ്. മുഴുവൻ വിദ്യാർഥികളുടെയും ആശങ്കയൊഴിഞ്ഞ് സുതാര്യമായ വിധത്തിൽ പ്രവേശന നടപടികൾ പൂർത്തിയാവുന്നതു കാണുകയാണ് രാജ്യത്തിനാവശ്യം.

Trending

No stories found.

Latest News

No stories found.