
കൊച്ചിയെ ആകെ വിഷപ്പുകയിൽ മുക്കിക്കൊണ്ട് ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണങ്ങൾ സംസ്ഥാന സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഒരു മുന്നറിയിപ്പാണ്. മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണെന്ന് ഓർമപ്പെടുത്തിയ ഡിവിഷൻ ബെഞ്ച് മാലിന്യ സംസ്കരണത്തിനു കൃത്യമായ സംവിധാനം ഉണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും മാലിന്യമുക്തമാക്കുന്നത് അവിടുത്തെ മനുഷ്യരുടെ അവകാശമാണ് എന്ന നിലയിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണു നടക്കുന്നതെങ്കിൽ ബ്രഹ്മപുരം പ്ലാന്റിലുണ്ടായതുപോലുള്ള തീപിടിത്തങ്ങൾ ഒഴിവാകും. പ്ലാന്റിന്റെ പ്രവർത്തനം കൃത്യമായി നടക്കാതെ എല്ലാം കൂട്ടിയിട്ടതുകൊണ്ടാണ് തീപിടിത്തം ഇത്രയേറെ ഗൗരവമുള്ളതായി മാറിയത് എന്നാണല്ലോ ആരോപണം ഉയരുന്നത്.
കോർപ്പറേഷന്റെ വകയായിട്ടുള്ള മാലിന്യ പ്ലാന്റിൽ യഥാസമയം പ്രവർത്തനങ്ങൾ നടക്കാറുണ്ടെന്ന് ഉറപ്പു വരുത്തിയിരുന്നില്ലെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. മാലിന്യത്തിനു തീപിടിച്ചതല്ല മനപ്പൂർവം കത്തിച്ചതാണ് എന്ന ആരോപണവും പ്രതിപക്ഷം ഉയർത്തുകയുണ്ടായി. മാലിന്യങ്ങൾ നീക്കം ചെയ്യാൻ കരാറെടുത്ത കമ്പനി അതു ചെയ്യാതെ കൂട്ടിയിട്ടു കത്തിച്ച് ലാഭമുണ്ടാക്കാനാണു ശ്രമിച്ചതെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. അഗ്നിബാധ മനുഷ്യനിർമിതമാണോ എന്ന ചോദ്യം കോടതിയും ഉന്നയിച്ചു എന്നു മറക്കരുത്. എന്തായാലും ഇനിയും ഇത്തരം ദുരന്തങ്ങൾ സംസ്ഥാനത്ത് ഒരിടത്തും ഉണ്ടാവാതിരിക്കാനുള്ള നടപടികൾ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സ്വീകരിക്കേണ്ടതുണ്ട്. ജില്ലാ ഭരണകൂടങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും മാലിന്യ നീക്കത്തിൽ കൂടുതൽ ജാഗ്രത കാണിക്കുകയും വേണം.
കേരളം മുഴുവൻ ഒരു നഗരമായി കണക്കാക്കി ഇവിടെ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണു കോടതി അഭിപ്രായപ്പെട്ടത്. അതിനുള്ള ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുന്നതിനുള്ള സംവിധാനം സർക്കാർ ശക്തമാക്കേണ്ടതാണ്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. യുദ്ധകാലാടിസ്ഥാനത്തിലുളള നടപടികളാണ് ശാസ്ത്രീയ മാലിന്യ നിർമാർജനത്തിനു കോടതി ആവശ്യപ്പെടുന്നത്. ബ്രഹ്മപുരത്തെ തീയും പുകയും അടങ്ങുന്നതോടെ കെട്ടുപോകുന്ന വിഷയമായി മാലിന്യ നിർമാർജനം മാറാതിരിക്കണം. സൂത്രപ്പണികൾ കൊണ്ട് പരിഹരിക്കാവുന്നതല്ല ഈ വിഷയമെന്ന് എല്ലാവരും തിരിച്ചറിയുക എന്നതാണു പ്രധാനം.
ഇപ്പോൾ കൊച്ചിയിലെ ജനങ്ങൾ നേരിടുന്ന മാലിന്യ പ്രതിസന്ധി കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. ബ്രഹ്മപുരത്തേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ നഗരം ചീഞ്ഞു നാറുന്നു. യാതൊരു ബദൽ സംവിധാനവും ഈ മെട്രൊ നഗരത്തിനില്ല. കലൂരിലെ കോര്പ്പറേഷൻ അറവുശാലയിലെ മാലിന്യം അടക്കം പുഴു അരിച്ച് കെട്ടിക്കിടക്കുന്നുണ്ട്. പ്രദേശത്താകെ ദുർഗന്ധം വമിക്കുകയാണ്. നഗരത്തിലെ റോഡരികുകൾ മാലിന്യ കൂമ്പാരങ്ങൾകൊണ്ട് നിറഞ്ഞു. കവറുകൾ പൊട്ടി മാലിന്യം റോഡിലേക്ക് ഒഴുകുന്നുണ്ട്. ദുർഗന്ധം മൂലം വഴിയാത്രക്കാർക്കു നടക്കാൻ കഴിയാത്ത അവസ്ഥയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇനി ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേർത്ത അടിയന്തര ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. പകരം ഈ മാലിന്യങ്ങൾ എന്തു ചെയ്യാൻ പോകുന്നുവെന്നും വ്യക്തമാവേണ്ടതുണ്ട്. കൊച്ചി മാലിന്യക്കൂമ്പാരമാവുമ്പോഴും വിഷപ്പുക ഉയർന്നുപടരുമ്പോഴും അതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്നത് നഗരവാസികൾ മാത്രമല്ല. എത്രയോ ആളുകളാണ് ദിവസവും നഗരത്തിൽ വന്നുപോകുന്നത്. അവരുടെ ആരോഗ്യത്തെയും നഗരമാലിന്യം ബാധിക്കുന്നുണ്ട്.
സംസ്ഥാനത്തെ ചെറുതും വലതുമായ എല്ലാ നഗരങ്ങളും മാലിന്യമുക്തമാണെന്ന് ഉറപ്പാക്കാനുള്ള പരിശ്രമങ്ങളിൽ അമാന്തം ഉണ്ടാവരുത്. മാലിന്യ നിർമാർജനത്തിനുള്ള ശാസ്ത്രീയ സംവിധാനങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങളും പരിശോധനകളും ആവശ്യമാണ്. നഗരവത്കരണത്തിന് അനുസൃതമായി മാലിന്യനിർമാർജന സംവിധാനങ്ങൾ ഒരുക്കുന്നതിൽ കേരളം പുറകോട്ടുപോയിട്ടുണ്ട് എന്നതു വസ്തുതയാണ്. സാമൂഹിക ശുചിത്വത്തിൽ കാണിക്കുന്ന അനാസ്ഥ പലതരത്തിൽ നമുക്കു വിനയാവുന്നുണ്ട്. പകർച്ചവ്യാധികൾ വർധിക്കുന്നതും തെരുവു നായകളുടെ ശല്യം കൂടുന്നതുമൊക്കെ മാലിന്യനീക്കം ഫലപ്രദമാവാത്തതിന്റെ ഫലമാണ്. കണ്ടതൊക്കെ തെരുവിൽ വലിച്ചെറിയുകയും ജലാശയങ്ങളിൽ കൊണ്ടുതള്ളുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും തുടരുന്നുണ്ട് എന്നതും മറക്കാനാവില്ല. ഒരു മാലിന്യ സംസ്കരണ സംസ്കാരം തന്നെ കേരളത്തിന് ആവശ്യമായിരിക്കുന്നു.