
ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ അഴിമതിക്കഥ ഇപ്പോൾ സംസ്ഥാനമപ്പാടെ ചർച്ച ചെയ്യുകയാണ്. പാലക്കാട് പാലക്കയം വില്ലെജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ്കുമാറാണ് കഥയിലെ വില്ലനായ നായകൻ. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന് എതിർവശത്തുള്ള ഇയാളുടെ താമസസ്ഥലത്തു നടത്തിയ റെയ്ഡിൽ 35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകളും ഉൾപ്പെടെ 1.05 കോടിയുടെ പണവും രേഖകളുമാണ് കണ്ടെടുത്തത്. പലരിൽ നിന്നും ഇയാൾ 500 മുതൽ 10,000 രൂപ വരെ കൈക്കൂലിയായി വാങ്ങിയിരുന്നു. ഇപ്പോൾ വിജിലൻസ് കോടതി റിമാൻഡ് ചെയ്തിട്ടുള്ള ഇയാളെ സർവീസിൽ നിന്ന് സസ്പെന്ഡ് ചെയ്തിട്ടുമുണ്ട്. കവർ പൊട്ടിക്കാത്ത പുതിയ ഷർട്ടുകളും മുണ്ടുകളും കുടംപുളി ചാക്കിലാക്കിയതും 10 ലിറ്റർ തേനും പടക്കങ്ങളും കെട്ടുകണക്കിന് പേനകളുമൊക്കെ ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്നു കണ്ടെടുത്തു.
കൈക്കൂലിയായി എന്തു കിട്ടിയാലും അതൊക്കെ വാങ്ങിവയ്ക്കുന്ന ശീലക്കാരനാണ് സുരേഷ് കുമാർ എന്നാണു വിജിലൻസ് പറയുന്നത്. കൈയിൽ ഇത്രയേറെ രൂപയുണ്ടായിട്ടും 2,500 രൂപ മാസ വാടകയുള്ള മുറിയിൽ താമസിച്ചിരുന്ന ഇയാൾ ഉച്ചയ്ക്ക് ഓഫിസിനു സമീപത്തെ ചെറിയ കടയിൽ നിന്ന് സ്ഥിരമായി കഞ്ഞിയാണ് കഴിച്ചിരുന്നതത്രേ. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വയ്ക്കാനാണെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കൈക്കൂലി നൽകിയില്ലെങ്കിൽ മാസങ്ങളോളം ആളുകളെ വില്ലെജ് ഓഫിസിലേക്ക് നടത്തിക്കുന്നതായിരുന്നു ഇയാളുടെ പതിവ്.
സംസ്ഥാനത്ത് കൈക്കൂലിക്കേസിൽ വിജിലൻസ് കണ്ടെത്തുന്ന ഏറ്റവും വലിയ തുകയാണ് സുരേഷ് കുമാറിന്റെ വാടക മുറിയിൽ നിന്നു കണ്ടെടുത്തത് എന്നതാണ് ഈ സംഭവത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത്. കുടംപുളിയും തേനും വരെ കൈക്കൂലിയായി വാങ്ങിവയ്ക്കുന്നു എന്നതും ഇതിനൊപ്പം ശ്രദ്ധിക്കപ്പെട്ടു. ഇതുപോലെ ആർത്തിപിടിച്ച എത്രയെത്ര സുരേഷ് കുമാറുമാർ നമ്മുടെ സർക്കാർ സർവീസിലുണ്ടാകാം. ഇവരെയെല്ലാം പിടികൂടി സർക്കാർ ഉദ്യോഗത്തിന്റെ പടികടത്തി ജനസേവനത്തിനുള്ള കസേരകൾ ശുദ്ധമാക്കാൻ ഇനിയെത്ര നാൾ കാത്തിരുന്നാലാണു കഴിയുക. അഴിമതിമുക്തമായ സുന്ദര മനോഹര നാളുകളെക്കുറിച്ചുള്ള പ്രതീക്ഷകളൊക്കെ എന്നു യാഥാർഥ്യമാകാനാണ്. വിജിലൻസ് അന്വേഷണവും കേസുകളും സർക്കാരിന്റെ മുന്നറിയിപ്പുകളും ഒന്നും അഴിമതിക്കാരെ ലവലേശം ബാധിക്കുന്നില്ലെന്നതാണു വസ്തുത. പ്യൂൺ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെല്ലാം കൈക്കൂലി കേസുകളിൽ പിടിക്കപ്പെടുന്നുണ്ട്. അഴിമതിക്കെതിരേ വാതോരാതെ സംസാരിക്കുമ്പോഴും സംസ്ഥാനത്ത് വിജിലൻസ് കേസുകളിൽ കുറവുണ്ടാകുന്നുമില്ല. കൈയോടെ പിടിക്കപ്പെട്ട പല ഉദ്യോഗസ്ഥരും ശിക്ഷാ നടപടികൾക്കു വിധേയരായി. സസ്പെൻഷനും പിരിച്ചുവിടലും നേരിട്ടു. എന്നിട്ടും കൈക്കൂലി വാങ്ങുന്നവർക്ക് യാതൊരു ആശങ്കയുമില്ല.
പണം കിട്ടിയാൽ മാത്രമേ ഫയലിലേക്ക് എത്തിനോക്കൂവെന്ന് ശപഥമെടുത്തിരിക്കുന്ന പലരുണ്ട് സർക്കാർ സർവീസിൽ. എല്ലാവരും അത്തരക്കാരാണ് എന്നല്ല. നിരവധി സർക്കാർ ജീവനക്കാർ കൈക്കൂലിക്കും ക്രമക്കേടുകൾക്കും വഴിവിട്ട സ്വാധീനങ്ങൾക്കും വഴങ്ങാത്തവരായുണ്ട്. എന്നാൽ, അവർക്കൊന്നും ശുദ്ധമാക്കാൻ കഴിയാത്ത തരത്തിലാണ് കൈക്കൂലിക്കാരുടെ വിളയാട്ടം. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടത് ഏതാനും നാളുകൾ മുൻപാണ്. അഴിമതിയില്ലാത്ത സംസ്ഥാനമാവുകയാണു കേരളത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. കൈകാര്യം ചെയ്യുന്ന ഓരോ ഫയലും ഒരാളുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടതാണ് എന്ന ഓർമയിൽ വേണം പ്രവർത്തിക്കാനെന്ന് മുഖ്യമന്ത്രി സർക്കാർ ഉദ്യോഗസ്ഥരെ ആവർത്തിച്ച് ഓർമിപ്പിക്കാറുമുണ്ട്. സർക്കാർ ഓഫിസുകളിൽ അഴിമതി കാട്ടുന്നവരോട് ഒരു ദയയും ദാക്ഷിണ്യവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ, ഇതൊന്നും ലവലേശം ബാധിക്കാത്ത ഒരു കൂട്ടർ സർക്കാർ സർവീസിലുണ്ട് എന്നതാണ് വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെപ്പോലുള്ളവർ കാണിച്ചു തരുന്നത്.
ജനങ്ങൾ സർക്കാർ ഓഫിസുകളിൽ എത്തുന്നത് അവർക്ക് അവകാശപ്പെട്ട കാര്യങ്ങൾ നടത്തിക്കിട്ടാനാണ്. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നടത്തിക്കൊടുക്കുന്നതിനാണ് ജനങ്ങളുടെ തന്നെ നികുതിപ്പണം ഉപയോഗിച്ച് സർക്കാർ ഓഫിസുകൾ സ്ഥാപിച്ചിട്ടുള്ളതും അവിടെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളതും. അതായത് ജനങ്ങളുടേതാണ് ഈ ഓഫിസുകൾ. അല്ലാതെ അവിടെ കസേരകളിൽ നിരന്നിരിക്കുന്ന ഉദ്യോഗസ്ഥരുടേതല്ല. ജനങ്ങൾക്കു നൽകുന്ന സേവനം ഉദ്യോഗസ്ഥരുടെ ഔദാര്യമോ കാരുണ്യമോ അല്ല. അങ്ങനെയൊരു മനോഭാവമുള്ള ഉദ്യോഗസ്ഥരെ തിരുത്തിക്കുക തന്നെ വേണം, അവർക്കു മുകളിലുള്ള അധികാരികൾ. സർക്കാർ സേവനങ്ങളുടെ മേഖലയിൽ അനിവാര്യമായ മാറ്റം ഉണ്ടാവണമെങ്കിൽ ഇത്തരത്തിലുള്ള തിരുത്തൽ നടപടികൾ മുകൾത്തട്ടിൽ നിന്ന് ആരംഭിക്കണം. അതിന് മുകൾത്തട്ടിലെ അഴിമതി പൂർണമായും തുടച്ചുനീക്കുകയാണ് ആദ്യം വേണ്ടത്. മുകളിലുള്ള ഉദ്യോഗസ്ഥർ തന്നെ പണക്കവറുകൾക്ക് കൈനീട്ടുന്നവരാണെങ്കിൽ താഴെത്തട്ടിലെ കാര്യം പറയാനില്ലല്ലോ.