
പലവിധ ദുരിതങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കാനാണ് ദുരിതാശ്വാസ നിധികളുള്ളത്. അതിൽ തട്ടിപ്പു നടത്തിയും തെറ്റിദ്ധരിപ്പിച്ചും പണം സ്വന്തമാക്കുന്നതിനെ സാമർഥ്യം എന്നല്ല പറയേണ്ടത്. അർഹതപ്പെട്ടവന്റെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം "അതിബുദ്ധിമാൻമാർ' സമൂഹത്തിന്റെ നീതിബോധത്തെയാണു പരിഹസിക്കുന്നത്. ഒരർഥത്തിൽ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ അവരറിയാതെ കൈയിട്ടുവാരുന്നു. ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരോട് ഒരുവിധത്തിലും കരുണ കാണിക്കേണ്ടതില്ല. അവർക്കെതിരേ അതിശക്തമായ നടപടികൾ എടുക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു വ്യാപകമായി പണം തട്ടിയെടുക്കുന്നുവെന്ന വിജിലൻസിന്റെ കണ്ടെത്തൽ ബന്ധപ്പെട്ടവർ അർഹിക്കുന്ന ഗൗരവത്തിൽ എടുക്കുമെന്നു പ്രതീക്ഷിക്കാം.
ഗുരുതര രോഗം ബാധിച്ച് അവശത അനുഭവിക്കുന്നവർക്കും അപകട മരണത്താൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും പ്രകൃതി ദുരന്തം ബാധിച്ചവർക്കുമൊക്കെ അടിയന്തരമായി സാമ്പത്തിക സഹായം നൽകാനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുള്ളത്. സർക്കാർ ഉദ്യോഗസ്ഥരുടെയും ഡോക്റ്റർമാരുടെയും ഏജന്റുമാരുടെയും സംഘടിത ശൃംഖലകൾ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളും മറ്റു തരത്തിലുള്ള വ്യാജ രേഖകളുമൊക്കെ ഹാജരാക്കി ദുരിതാശ്വാസ നിധിയുടെ ഫണ്ടിൽ നിന്നു തട്ടിപ്പു നടത്തുന്നതിനു പിന്നിലുണ്ടെന്നാണ് വിജിലൻസ് സംശയിക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ടുകളും ചില പരാതികളും പരിഗണിച്ച് സംസ്ഥാന വ്യാപകമായി കലക്റ്ററേറ്റുകളിൽ നടത്തിയ പരിശോധനയിലാണു പലയിടത്തും തട്ടിപ്പു കണ്ടെത്തിയിരിക്കുന്നത്. ക്രമക്കേടുകളിൽ കലക്റ്ററേറ്റുകളിലെ ചില സർക്കാർ ഉദ്യോഗസ്ഥരുടെയും സർക്കാർ ആശുപത്രികളിലെ ചില ഡോക്റ്റർമാരുടെയും പങ്കു സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾക്കു ശേഷമേ കൃത്യമായ വിവരം പുറത്തുവരൂ. വരുംദിവസങ്ങളിൽ ഇക്കാര്യത്തിൽ അന്വേഷണമുണ്ടാകുമെന്നു കരുതാം. ദുരിതാശ്വാസ സഹായത്തിന് അപേക്ഷിച്ചവരെ നേരിൽ കണ്ട് അവരുടെ മൊഴിയെടുത്താൽ ആരാണു പിന്നിൽ പ്രവർത്തിച്ചതെന്നും സഹായിച്ചതെന്നുമൊക്കെ കണ്ടെത്താനാവും.
എന്തായാലും സംസ്ഥാനത്ത് ഏതെങ്കിലുമൊരു പ്രദേശത്തു മാത്രം നടന്ന തട്ടിപ്പല്ല ഇതെന്നു വ്യക്തമായിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് സംഘടിത തട്ടിപ്പാണെന്ന സംശയവും ഉയർന്നിരിക്കുന്നത്. ഒരു ജില്ലയിൽ ദുരിതാശ്വാസ സഹായത്തിനുള്ള നിരവധി അപേക്ഷകളിൽ ഒരു ഏജന്റിന്റെ മൊബൈൽ ഫോൺ നമ്പരാണുള്ളതത്രേ. ഡോക്റ്റർമാരുടെയും ഉദ്യോഗസ്ഥരുടെയും സഹായം കൂടിയില്ലാതെ ഇങ്ങനെ ഏജന്റുമാർക്ക് തട്ടിപ്പു നടത്താനാവില്ലെന്നാണു കരുതുന്നതും. ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം കിട്ടുന്നതിനായി ഒരു ഡോക്റ്റർ 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകിയതും കണ്ടെത്തിയിട്ടുണ്ട്. വേണ്ടത്ര രേഖകളില്ലാതെ സമർപ്പിച്ച അപേക്ഷകളിൽ സഹായം നൽകിയതും ബോധ്യമായിരിക്കുന്നു. രണ്ടു ജില്ലകളിൽ നിന്ന് വെവ്വേറെ അസുഖം കാണിച്ച് പണം തട്ടിയെടുത്തവരുമുണ്ട്! ചികിത്സയ്ക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷയിൽ പണം അനുവദിച്ച കേസുമുണ്ട്. സമ്പന്നനായ വിദേശ മലയാളി മൂന്നു ലക്ഷം രൂപ കൈപ്പറ്റിയതും കണ്ടെത്തിയിരിക്കുന്നു.
കഴിഞ്ഞ രണ്ടുവർഷക്കാലത്തെ രേഖകൾ പരിശോധിച്ച് സമീപകാല തട്ടിപ്പുകളെല്ലാം പുറത്തുകൊണ്ടുവരാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നാണു വിജിലൻസ് പറയുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ വലിയ ക്രമക്കേടുകൾ ബോധ്യപ്പെട്ട സ്ഥിതിക്ക് ഇനിയുള്ള അന്വേഷണം കൂടുതൽ ഗൗരവത്തിലും ജാഗ്രതയിലും നടക്കണം. ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താവുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ എന്തൊക്കെയുണ്ടായിട്ടുണ്ടോ അതു മുഴുവനും കണ്ടെത്തേണ്ടതുണ്ട്. നിധിയിലേക്കു സഹായങ്ങൾ നൽകുന്നവരോടു കാണിക്കേണ്ട നീതി കൂടിയാണത്. സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ഈ നിധിയിലേക്കുള്ള സംഭാവനകളെയും അതു ബാധിക്കും.
ബന്ധപ്പെട്ട ഓഫിസുകളിലൊന്നും കൃത്യമായ പരിശോധനകൾ നടത്താതെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു പണം അനുവദിച്ചതെന്ന ആരോപണം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്. വിഷയത്തിൽ സർക്കാരിനെയും ഭരണപക്ഷ രാഷ്ട്രീയത്തെയും പ്രതിക്കൂട്ടിലാക്കാനും പ്രതിപക്ഷം ശ്രമിക്കുന്നു. എന്നാൽ, പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിനു നിർദേശം നൽകിയതു സർക്കാരാണെന്ന് ഭരണപക്ഷവും ചൂണ്ടിക്കാട്ടുന്നു. പക്ഷം ചേർന്നും രാഷ്ട്രീയമായി കണ്ടും ആരോപണ പ്രത്യാരോപണങ്ങളിൽ മുക്കിക്കളയേണ്ട വിഷയമല്ല ഇത്. ചില ദുഷിച്ച കൂട്ടുകെട്ടുകൾ സമൂഹത്തിന്റെ മൊത്തം താത്പര്യങ്ങൾക്കെതിരേ പ്രവർത്തിക്കുന്നതു പലപ്പോഴും കാണാറുള്ളതാണ്. പലവിധ മാഫിയകളെ വേണ്ടപോലെ സഹായിക്കാൻ ഇവിടെ സദാസന്നദ്ധരായ ആളുകളുണ്ടല്ലോ. ഇത്തരക്കാർക്കെതിരായ പോരാട്ടത്തിൽ രാഷ്ട്രീയം നോക്കാതെയുള്ള നടപടികളാണ് ആവശ്യം.