

എം.ജി.എസ്. നാരായണൻ
File photo
രാജ്യം ഏറ്റവും ആദരവോടെ കാണുന്ന ചരിത്രകാരന്മാരിൽ ഒരാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച പ്രൊഫ. ഡോ. എം.ജി.എസ്. നാരായണൻ. ചരിത്രത്തെ സൂക്ഷ്മമായി പഠിക്കാനും വിലയിരുത്താനും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കാതെ തെളിവുകളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്താനും വൈദഗ്ധ്യം കാണിച്ച പ്രമുഖ ചരിത്ര പണ്ഡിതനും ഗവേഷകനും എഴുത്തുകാരനും എന്ന നിലയിൽ എം.ജി.എസ്. നാരായണന്‍റെ വേർപാട് നാടിനു വലിയ നഷ്ടം തന്നെയാണ്. ചരിത്രപഠനത്തിലും രചനയിലും തന്‍റേതായ പാത വെട്ടിത്തുറന്ന പ്രതിഭയായിരുന്നു എംജിഎസ്. രാജ്യത്തെ ഏറ്റവും മികച്ച ഗവേഷകരിൽ ഒരാൾ. രാഷ്‌ട്രീയ താത്പര്യങ്ങൾക്കു വഴങ്ങാതെ സത്യസന്ധമായി ചരിത്രത്തെ രേഖപ്പെടുത്തണമെന്നു ദൃഢനിശ്ചയം ചെയ്ത അദ്ദേഹം വ്യാജനിർമിതികളോടു യോജിച്ചുപോയില്ല. കെട്ടുകഥകളുടെ അടിസ്ഥാനത്തിലുള്ള ചരിത്രത്തെ അദ്ദേഹം ചോദ്യം ചെയ്തു. രാജ്യത്തെ ഏറ്റവും തലയെടുപ്പുള്ള ചരിത്ര ഗവേഷകരിൽ ഒരാളെയാണ് എംജിഎസിന്‍റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ചരിത്രരചനയിൽ സങ്കുചിത താത്പര്യങ്ങൾക്കല്ല പ്രസക്തിയെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനനുസരിച്ചു പ്രവർത്തിച്ചു.
മദ്രാസ് ക്രിസ്ത്യൻ കോളെജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം കോഴിക്കോട് ഗുരുവായൂരപ്പൻ കോളെജിൽ അധ്യാപകനായി ജോലി ചെയ്തു. തുടർന്ന് കേരള സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. കേരള സർവകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം കാലിക്കറ്റ് സർവകലാശാല രൂപവത്കരിച്ചപ്പോൾ അവിടെ ചരിത്രവിഭാഗം അധ്യാപകനായി. വകുപ്പുതലവനായും പ്രവർത്തിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര വിഭാഗത്തെ ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കേരളത്തിൽ ചരിത്രം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പുതിയൊരു പാത അദ്ദേഹം ഇക്കാലത്ത് തുറന്നു. രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന ചുരുക്കം തെന്നിന്ത്യൻ ചരിത്രകാരന്മാരിൽ ഒരാളായി എം.ജി.എസ് വളർന്നു. പുരാതന ഇന്ത്യൻ ചരിത്രത്തിൽ വിദഗ്ധനായിരുന്ന അദ്ദേഹം കേരള ചരിത്രത്തിലെ പണ്ഡിതനുമാണ്. ഇതിനൊപ്പം തന്നെ തമിഴകത്തിന്‍റെ ചരിത്രത്തിലും ചരിത്ര രചനയുടെ രീതിശാസ്ത്രത്തിലും അദ്ദേഹം തന്‍റെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ പുരാതന ചരിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പഠനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇന്ത്യൻ ചരിത്ര രചനയിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ പ്രഥമ ഗവേഷണ പ്രബന്ധമായ "പെരുമാൾസ് ഓഫ് കേരള' കേരള ചരിത്ര രചനയിലെ നാഴികക്കല്ലായി മാറി. ഒമ്പതാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കേരളത്തിന്‍റെ സാമൂഹിക- രാഷ്‌ട്രീയ ചരിത്രമാണ് അതു പരിശോധിച്ചത്.
പുരാതന ഇന്ത്യൻ ലിപികൾ പഠിക്കുകയും തമിഴ്, ക്ലാസിക്കൽ സംസ്കൃതം എന്നിവയിൽ വൈദഗ്ധ്യം നേടുകയും ചെയ്തു. പൗരാണിക ലിപികളായ ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥ എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്തി. കേരളത്തിലെ ചേര പെരുമാൾമാരെ പരാമർശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങൾ അദ്ദേഹം കണ്ടെത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2001-2003 കാലയളവിൽ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്‍റെ (ഐസിഎച്ച്ആർ) ചെയർമാനായിരുന്ന അദ്ദേഹം ഇന്ത്യൻ ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഒഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്‍റെ മെംബർ സെക്രട്ടറി- ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഐസിഎച്ച്ആറുമായി ചേർന്നുള്ള ചരിത്ര ഗവേഷണ പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകി. 1976 മുതൽ ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ സജീവമായിരുന്നു. കോമൺവെൽത്ത് അക്കാഡമിക് സ്റ്റാഫ് ഫെലോ, മോസ്കോ, ലെനിൻഗ്രാഡ് സർവകലാശാലകളിൽ വിസിറ്റിങ് ഫെലോ, ടോക്കിയോ യൂണിവേഴ്സിറ്റി ഒഫ് ഫോറിൻ സ്റ്റഡീസിൽ വിസിറ്റിങ് റിസർച്ച് പ്രൊഫസർ തുടങ്ങിയ തസ്തികകളിലും അദ്ദേഹം പ്രവർത്തിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. എന്‍സിഇആർടി പാഠപുസ്തക സമിതി, യുജിസി ഹിസ്റ്ററി ആൻഡ് ആർക്കിയോളജി പാനൽ, യുപിഎഎസ് സി പരിശോധനാ സമിതി എന്നിവയിൽ അംഗമായിട്ടുണ്ട്.
രാഷ്‌ട്രീയ ചരിത്രത്തിനൊപ്പം പ്രധാനമാണ് സാമ്പത്തികവും സാമൂഹികവുമായ ചരിത്രവുമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. ആറു പതിറ്റാണ്ടിലേറെയായി കേരളത്തിന്‍റെ സാംസ്കാരിക മേഖലയിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു എംജിഎസ്. ചരിത്ര, രാഷ്‌ട്രീയ, സാമൂഹിക വിഷയങ്ങളിൽ തന്‍റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ അദ്ദേഹം മടികാണിച്ചില്ല. അദ്ദേഹത്തിന്‍റെ ചില തുറന്നുപറച്ചിലുകൾ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. തനിക്കെതിരേ ഉയർന്ന വിമർശനങ്ങളെ വളരെ സൗമ്യമായി അദ്ദേഹം നേരിട്ടു. നൂറു കണക്കിനു വിദ്യാർഥികൾക്കു മാർഗദർശിയായ എംജിഎസ് ശ്രദ്ധേയമായ നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. കവി, സാഹിത്യ വിമർശകൻ, രാഷ്‌ട്രീയ നിരീക്ഷകൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങിയ നിലകളിലുള്ള എംജിഎസിന്‍റെ പ്രവർത്തനങ്ങളും മറക്കാവുന്നതല്ല. ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുക തന്നെ ചെയ്യും.