രാജ്യം മറക്കില്ല, 'മൻമോഹ'നോമിക്‌സ് | മുഖപ്രസംഗം

remembering manmohan singh condolences read editorial
രാജ്യം മറക്കില്ല, 'മൻമോഹ'നോമിക്‌സ് | മുഖപ്രസംഗം
Updated on

ലോകം അത്യാദരവോടെ നോക്കിക്കണ്ട സാമ്പത്തിക ശാസ്ത്രജ്ഞനായ ഭരണാധികാരി, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ചരിത്രത്താളുകളിൽ എന്നും നിറഞ്ഞുനിൽക്കുക രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിക്ക് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളുടെ പേരിലായിരിക്കും. സാമ്പത്തിക പരിഷ്കാരങ്ങളുടെ ശിൽപ്പി എന്ന വിശേഷണം നൂറു ശതമാനവും അർഹിക്കുന്ന നേതാവായിരുന്നു അദ്ദേഹം. തൊണ്ണൂറുകളുടെ തുടക്കത്തിൽ ആഗോളവത്കരണത്തിനും ഉദാരവത്കരണത്തിനും തുടക്കം കുറിച്ചുകൊണ്ട് മൻമോഹൻ സിങ് എന്ന ധനമന്ത്രി ഇന്ത്യൻ സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച വിപ്ലവത്തിനു തുല്യമായി മറ്റൊരു പരിഷ്കാരം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. ലോക രാജ്യങ്ങൾക്കിടയിൽ ഒരു സാമ്പത്തിക ശക്തിയായി ഇന്ത്യ ഇന്നു തലയുയർത്തി നിൽക്കുന്നുണ്ടെങ്കിൽ അതിനു വഴി തുറന്നത് നരസിംഹ റാവു സർക്കാരിലെ ധനമന്ത്രിയായിരുന്ന മൻമോഹൻ തന്നെയാണ്.

കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ട്രിപ്പോസും ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ഡോക്റ്ററേറ്റും നേടി ഐക്യരാഷ്ട്ര സഭയിൽ സേവനമനുഷ്ഠിച്ചിരുന്ന മൻമോഹൻ വ്യവസായ- വാണിജ്യ മന്ത്രാലയത്തിന്‍റെ ഉപദേശകനായാണ് ഇന്ത്യൻ ബ്യൂറോക്രസിയിൽ എത്തുന്നത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, റിസർവ് ബാങ്ക് ഗവർണർ, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ തുടങ്ങി പല പദവികളിലും എഴുപതുകളിലും എൺപതുകളിലുമായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 1991ൽ അധികാരത്തിലെത്തിയ നരസിംഹ റാവു തകർന്നടിഞ്ഞ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കരകയറ്റാനുള്ള വഴികൾ അന്വേഷിച്ചപ്പോൾ എത്തിച്ചേർന്നത് മൻമോഹനിലായിരുന്നു. അതിശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് റാവുവും മൻമോഹനും സാമ്പത്തിക പരിഷ്കാരങ്ങളുടെ കെട്ടഴിച്ചത്. അതുവരെ പിന്തുടർന്ന സോഷ്യലിസ്റ്റ് നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഇഷ്ടപ്പെടാതെ പോയവരിൽ കോൺഗ്രസുകാരും ധാരാളമുണ്ടായിരുന്നു. പിന്നീട് എന്‍ഡിഎ ഭരണത്തിനു ശേഷം പത്തുവർഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലിരിക്കാൻ മൻമോഹനു സാധ്യത തെളിഞ്ഞത് ഈ പരിഷ്കാരങ്ങളുടെ പേരിലാണ്. ലൈസൻസ് രാജ് അവസാനിപ്പിക്കാനും വിദേശ നിക്ഷേപത്തിനുള്ള മാനദണ്ഡങ്ങളിൽ ഇളവു വരുത്താനും നഷ്ടത്തിലോടുന്ന പൊതുമേഖലാ കമ്പനികൾ സ്വകാര്യവത്കരിക്കാനും എല്ലാം പുതിയ സാമ്പത്തിക നയം കാരണമായി.

ധനമന്ത്രിയായിരുന്നപ്പോൾ താൻ വെട്ടിത്തെളിച്ച പാതയിൽ പ്രധാനമന്ത്രിയായിരിക്കുമ്പോഴും മൻമോഹൻ തുടർന്നു. പിന്നീടുവന്ന സർക്കാരിനും ആ പാതയിൽ നിന്ന് മാറി സഞ്ചരിക്കാനാവുമായിരുന്നില്ല എന്നതാണു യാഥാർഥ്യം. ഗ്രാമീണ ആരോഗ്യ പദ്ധതി, തൊഴിലുറപ്പു പദ്ധതി, ഭക്ഷ്യസുരക്ഷാ നിയമം, വിവരാവകാശ നിയമം, അമെരിക്കയുമായി ആണവക്കരാർ തുടങ്ങിയവയൊക്കെ മൻമോഹന്‍റെ ഭരണകാലത്തു രൂപം കൊണ്ടതാണ്. മൻമോഹൻ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) മുൻപെങ്ങുമില്ലാത്ത വിധത്തിൽ കുതിച്ചുയർന്നത്. ജിഡിപി വളർച്ചാനിരക്ക് ഒമ്പതു ശതമാനം വരെയെത്തി. ദേ‍ശീയ തൊഴിലുറപ്പു നിയമം എത്രയോ ആളുകളുടെ പട്ടിണിയാണ് അകറ്റിയത്. കോടിക്കണക്കായ ഗ്രാമീണ ജനങ്ങൾ എന്നും മൻമോഹനെ ഓർക്കുന്നത് ഈ പദ്ധതിയിലൂടെയാവും.

മൻമോഹൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് 27 കോടി ജനങ്ങളെയാണ് രാജ്യം ദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കിയത് എന്നാണു കണക്ക്. വലിയ തോതിലുള്ള പോഷകാഹാരക്കുറവ് രാജ്യത്തിനു നാണക്കേടാണ് എന്ന അഭിപ്രായക്കാരനായിരുന്നു മൻമോഹൻ. വളർന്നുവരുന്ന കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാതെ നാളത്തെ ഇന്ത്യയെ കരുത്തുറ്റതാക്കാൻ കഴിയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ശാസ്ത്രജ്ഞരും കർഷകരും അധ്യാപകരും ഡാറ്റ ഓപ്പറേറ്റർമാരും കരകൗശല വിദഗ്ധരും സേവനദാതാക്കളുമാകേണ്ട കുട്ടികൾ പോഷകാഹാരക്കുറവിൽ വലയുന്നതിനു പരിഹാരം കാണേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. സാമ്പത്തിക വ്യവസ്ഥയുടെയും സമൂഹത്തിന്‍റെയും ആരോഗ്യം വളർന്നുവരുന്ന തലമുറയുടെ ആരോഗ്യത്തിലാണെന്ന് അദ്ദേഹം വിശദീകരിച്ചു. പോഷകാഹാരക്കുറവിനു പരിഹാരം കാണുന്നത് സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമാണെന്ന നിലപാട് ഉയർത്തിപ്പിടിച്ചു. വിശപ്പും പോഷകാഹാരക്കുറവും മറികടക്കാനുള്ള ഉപാധിയായിരുന്നു ദേശീയ ഭക്ഷ്യസുരക്ഷാ നിയമം. അതിന് എന്തുമാത്രം പ്രാധാന്യമാണ് ഇന്നുള്ളതെന്ന് ഓർക്കാവുന്നതാണ്. ഭക്ഷ്യസുരക്ഷ മൗലികാവകാശമായി മൻമോഹൻ സർക്കാർ കണക്കാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുൻപു ചൂണ്ടിക്കാണിച്ചതുപോലെ വലിയ വ്യവസായികൾക്കും യുവാക്കളായ സംരംഭകർക്കും ചെറിയ ബിസിനസുകാർക്കും ശമ്പള വിഭാഗക്കാർക്കും പാവപ്പെട്ടവർക്കും ഗുണകരമാവുന്ന വിധത്തിൽ സാമ്പത്തിക നയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കാൻ കഴിഞ്ഞ നേതാവാണു മൻമോഹൻ. രാജ്യത്തിന്‍റെ പുരോഗതിയിൽ പാവപ്പെട്ടവർക്കും പങ്കാളികളാവാമെന്നു തെളിയിച്ചത് അദ്ദേഹത്തിന്‍റെ നയങ്ങളാണ്. സർക്കാർ ധനസഹായം നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കുന്നതിനു തുടക്കം കുറിച്ചതും ആധാർ കാർഡ് ആവിഷ്കരിച്ചതും അദ്ദേഹത്തിന്‍റെ കാലത്താണ്. ഒരിക്കലും ലോക്സഭാംഗമായിട്ടില്ലാത്ത അദ്ദേഹം മൂന്നു പതിറ്റാണ്ടിലേറെക്കാലം രാജ്യസഭയിൽ അംഗമായിരുന്നു. സുദീർഘമായ ഈ പാർലമെന്‍ററി ജീവിതം അവസാനിപ്പിച്ചത് ഈ വർഷം ഏപ്രിൽ ആദ്യമാണ്. രാ​ജ്യ​നി​ർ​മാ​ണ​ത്തി​നു ന​ൽ​കി​യ അ​തു​ല്യ സം​ഭാ​വ​ന​ക​ളു​ടെ പേ​രി​ൽ എ​ന്നും സ്മ​രി​ക്ക​പ്പെ​ടും ഈ ​മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന​തി​ൽ ആ​ർ​ക്കും സം​ശ​യ​മു​ണ്ടാ​വി​ല്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com