ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം

പൊട്ടിത്തെറിയുണ്ടായ വെടിക്കെട്ടു നിർമാണ ശാലയുടെ ലൈസൻസിയും വെടിക്കെട്ടിന്‍റെ കരാറുകാരനുമായ മുണ്ടത്തിക്കോട് സതീശന് ഈ രംഗത്തു നിരവധി വർഷങ്ങളുടെ പരിചയമുണ്ട്
repeated fire cracker tragedys

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം

Updated on

തൃശൂർ പൂരം 26ന് ​കെങ്കേമമാക്കാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് സംസ്ഥാനത്തെയാകെ ഞെട്ടിച്ച വലിയൊരു വെടിക്കെട്ടു പുര ദുരന്തമുണ്ടായിരിക്കുന്നത്. തൃശൂര്‍ പൂരത്തിനു തിരുവമ്പാടി വിഭാഗത്തിന്‍റെ വെടിക്കെട്ടു സാമഗ്രികള്‍ തയാറാക്കിക്കൊണ്ടിരുന്ന മുണ്ടത്തിക്കോടം എ​ന്ന ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ പാ​ട​ത്തു​ള്ള പടക്ക നിര്‍മാണ കേന്ദ്രത്തി​ലുണ്ടായ അതിശക്തമായ സ്‌ഫോടനത്തിൽ മരിച്ച പലരുടെയും മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. ചിന്നിച്ചിതറിയ മനുഷ്യശരീരങ്ങൾ കാണിക്കുന്നത് എത്ര വലിയ സ്ഫോടനമാണ് അവിടെ നടന്നത് എന്നാണ്. ജീവിക്കാൻ വേണ്ടി അത്യന്തം അപകടകരമായ ജോലി ചെയ്തിരുന്ന പാവപ്പെട്ട കുറെ മനുഷ്യരാണ് അവരുടെ കുടുംബങ്ങളെ തീരാദുഃഖത്തിലാഴ്ത്തി വെടിമരുന്നു സൃഷ്ടിച്ച തീഗോളങ്ങളിൽ കത്തിയെരിഞ്ഞത്.

നിരവധി വെടിക്കെട്ടു ദുരന്തങ്ങൾ ഇതിനു മുൻപും കേരളത്തിലുണ്ടായിട്ടുണ്ട്. അവയിൽ ഉറ്റവരെ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളും നമ്മുടെ സംസ്ഥാനത്തുണ്ട്. വെടിക്കെട്ട് എത്ര അപകടം പിടിച്ചതാണെന്ന് നമുക്കൊക്കെ അറിയാം. തീയിൽ വെന്തെരിയേണ്ടിവരുന്ന അവസ്ഥ എത്ര ഭീകരമാണ് എന്നോർത്താൽ നടുങ്ങാത്തവരുണ്ടാവില്ല. അപ്പോഴും വെടിക്കെട്ട് ഒ​രു ഹരമായി കൊണ്ടുനടക്കുകയാണു നല്ലൊരു വിഭാഗം ആളുകൾ. ചി​ല ഉത്സവങ്ങളിലെ പ്രധാന ഘടകമാണു വലിയ ശബ്ദത്തോടെയുള്ള വെടിക്കെട്ട്. അതുകൊണ്ടു തന്നെ വെടിക്കെട്ടു നിരോധിക്കണം എന്നു പറയുന്നതു പ്രായോഗികമാണ് എന്നു തോന്നുന്നില്ല. പക്ഷേ, നിർമാണത്തിലും സംഭരണത്തിലും കരിമരുന്നു പ്രയോഗത്തിലും എല്ലാം കർശനമായ നിബന്ധനകൾ ഏർപ്പെടുത്തി ഒരു പരിധി വരെ അപകട സാധ്യത കുറയ്ക്കാം. വെടിക്കെട്ട് നിയന്ത്രിക്കാനുള്ള വ്യവസ്ഥകൾ നമുക്ക് ഇല്ലാതില്ല. എന്നാൽ, അതൊക്കെ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു വിശദമായൊരു പരിശോധന ആവശ്യമായിരിക്കുന്നു. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും അതു പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതും മുണ്ടത്തിക്കോട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ആലോചിക്കേണ്ടതാണ്. ഈ ​അ​പാ​യ​ക​ര​മാ​യ വെ​ടി​ക്കെ​ട്ട് വേ​ണോ എ​ന്ന​തും ച​ർ​ച്ച ചെ​യ്യേ​ണ്ട​താ​ണ്.

പൊട്ടിത്തെറിയുണ്ടായ വെടിക്കെട്ടു നിർമാണ ശാലയുടെ ലൈസൻസിയും വെടിക്കെട്ടിന്‍റെ കരാറുകാരനുമായ മുണ്ടത്തിക്കോട് സതീശന് ഈ രംഗത്തു നിരവധി വർഷങ്ങളുടെ പരിചയമുണ്ട്. പിതാവിന്‍റെ പാത പിന്തുടർന്ന് വെടിക്കെട്ടു നടത്തിപ്പിലേക്ക് എത്തിയതാണ് അദ്ദേഹം. പല പ്രധാന ഉത്സവങ്ങൾക്കും വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട് സതീശൻ. വ​ര്‍ഷ​ങ്ങ​ളാ​യി ഈ ​തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​രാ​ണ് അവിടെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരിൽ ഏറെയും. എന്തൊക്കെ സുരക്ഷാസംവിധാനങ്ങളാണ് ആവശ്യമുള്ളതെന്നു വ്യക്തമായി അറിവുള്ളവരാണ് ഈ പടക്ക നിർമാണ ശാല നടത്തിയിരുന്നത് എന്നർഥം. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെയൊരു ദുരന്തമുണ്ടായി എന്നു വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ദുരന്തത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കപ്പെടണം. സുരക്ഷാ‌ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്നതടക്കം ബന്ധപ്പെട്ടവർ പരിശോധിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അത് അത്യാവശ്യം തന്നെയാണ്.

ദുരന്തത്തിനു കാരണം കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) വിലയിരുത്തുന്നുണ്ട്. ചൂടുമൂലം സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാൻ സാധ്യത കുറവാണത്രേ. ഷോട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടോയെന്ന് അറിയാനുള്ള ഇലക്‌ട്രിക്കൽ ഇൻസ്പെക്റ്ററേറ്റ് പരിശോധന പൂർത്തിയായിട്ടുണ്ട്. അവരുടെ റിപ്പോർട്ട് അപകട കാരണമറിയുന്നതിൽ നിർണായകമാണ്.

മുണ്ടത്തിക്കോട് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പാറമേക്കാവ് ദേവസ്വത്തിന്‍റെ പാ​ല​ക്കാ​ട്ടെ വെടിക്കെട്ട് നിർമാണത്തിനു സ്റ്റോപ് മെമ്മോ നൽകിയിരിക്കുന്നത്. ആ ​നിർമാണശാലയിൽ നടത്തിയ പരിശോധനയിൽ അളവിൽ കൂടുതൽ വെടിമരുന്ന് അവിടെ കണ്ടെത്തിയ സാഹചര്യത്തിൽ ലൈസൻസിക്കെതിരേ കേസെടുക്കാനും നിർദേശമുണ്ടത്രേ. ദുരന്തങ്ങൾ പലതു കണ്ടിട്ടും അമിത അളവിൽ വെടിമരുന്ന് സൂക്ഷിക്കുന്നതൊക്കെ തുടരുന്നതു ലാഘവത്തോടെ കാര്യങ്ങളെ കാണുന്നതുകൊണ്ടാവണം. അധികൃതർ കണ്ണടയ്ക്കുന്നതും സുരക്ഷാകാര്യങ്ങളിലെ വിട്ടുവീഴ്ചകൾക്കു കാരണമാവുന്നുണ്ടാവാം.

എന്തായാലും മുണ്ടത്തിക്കോട് ദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചതു സ്വാഗതാർഹമാണ്. ഏകാംഗ ജുഡീഷ്യല്‍ കമ്മിഷന്‍റെ അന്വേഷണം കാര്യക്ഷമമായ വിധത്തിൽ നടക്കട്ടെ. അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാനുള്ള തീരുമാനവും ഉചിതം തന്നെ. സ്ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നു നാലു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു 10 ലക്ഷം രൂപയും ഉള്‍പ്പെടെ 14 ലക്ഷം രൂപ അടിയന്തര ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിക്കുകയുണ്ടായി. പരിക്കേറ്റവര്‍ക്കു ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടുലക്ഷം രൂപ അടിയന്തിര ധനസഹായവും അനുവദിക്കുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് ആറു മാസത്തേക്കുള്ള ആശുപത്രികളിലെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു.

ദുരന്തബാധിതർക്ക് കേന്ദ്ര സർക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കു ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതമാണു നൽകുന്നത്. പരുക്കേറ്റവർക്ക് 50,000 രൂപ വീത​വും നൽകുമെന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ വ്യക്തമാക്കി​യിരിക്കുന്നു. ദുരന്തബാധിതർക്ക് ഏതു വിധത്തിലൊക്കെ സഹായം നൽകാനാവുമോ അതെല്ലാം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാലതാമസമില്ലാതെ അവർക്കു ലഭ്യമാക്കേണ്ടതുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com