ആവർത്തിക്കുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി| മുഖപ്രസംഗം

99.69 ശതമാനമാണ് ഇത്തവണ എസ്എസ്എൽസി വിജയം. 71,831 വിദ്യാർഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്
ആവർത്തിക്കുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി| മുഖപ്രസംഗം

മലബാറിൽ, പ്രത്യേകിച്ചു മലപ്പുറം ജില്ലയിൽ പത്താം ക്ലാസ് പാസായ കുട്ടികൾക്കു തുടർ പഠനത്തിന് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ ഇല്ലെന്ന പരാതി ഈ വർഷവും ഉയർന്നിരിക്കുകയാണ്. പ്ലസ് വണ്ണിനു കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കൂടുതൽ ബാച്ചുകൾ അനുവദിക്കില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. വിവിധ വിദ്യാർഥി സംഘടനകൾ പ്രക്ഷോഭത്തിന് ഇറങ്ങിക്കഴിഞ്ഞു. വിഷയം ഹൈക്കോടതിയിലും എത്തിയിരിക്കുകയാണ്.

പ്ലസ് വൺ ബാച്ചുകളുടെ ആവശ്യകതയുണ്ടോ എന്നു പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനുള്ള നിർദേശം കോടതി നൽകിയിട്ടുണ്ട്. പ്രവേശനത്തിനുള്ള അലോട്ട്മെന്‍റ് നടപടികൾ നടന്നുവരുന്നതിനിടെയാണു നിരവധി കുട്ടികൾക്കു തുടർ പഠനത്തിന് അവസരമുണ്ടാവില്ല എന്ന ആശങ്ക നിലനിൽക്കുന്നത്. പഠിക്കാൻ സീറ്റില്ലാതെ വിദ്യാർഥികൾ വലയുന്ന അവസ്ഥ സംസ്ഥാനത്തുണ്ടാവരുത്. സീറ്റ് ക്ഷാമം പരിഹരിക്കാനുള്ള നടപടി ഒട്ടും വൈകാതെ സ്വീകരിക്കേണ്ടതുണ്ട്. പരിഹാരം നീളുന്നത് കുട്ടികളിലും മാതാപിതാക്കളിലും മാനസിക സമ്മർദം വർധിപ്പിക്കാനേ ഉപകരിക്കുകയുള്ളൂ.

99.69 ശതമാനമാണ് ഇത്തവണ എസ്എസ്എൽസി വിജയം. 71,831 വിദ്യാർഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. 4,25,563 പേർ ഉന്നത പഠനത്തിന് അർഹത നേടി. ഇത്രയും കുട്ടികളുടെ തുടർ പഠനം ഉറപ്പുവരുത്തേണ്ടതുണ്ട്. ഓരോ ജില്ലയിലും പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ എണ്ണവും നിലവിലുള്ള സീറ്റും തമ്മിലുള്ള വ്യത്യാസം പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. സീറ്റ് ക്ഷാമം രൂക്ഷമായി കാണുന്നത് വടക്കൻ കേരളത്തിലാണ്, പ്രത്യേകിച്ചു മലപ്പുറത്ത്. ഇത്തവണ പ്ലസ് വണ്ണിന് അപേക്ഷ നൽകിയിരിക്കുന്നത് 4.65 ലക്ഷത്തിലേറെ വിദ്യാർഥികളാണ്. ഇതിൽ 2.46 ലക്ഷം അപേക്ഷകരും മലബാറിൽ. സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തെക്കാൾ 6,600ൽ ഏറെ അപേക്ഷകർ ഇക്കുറി കൂടുതലാണ്. അതിൽ 5,500ൽ ഏറെയും മലബാറിലെ ജില്ലകളിൽ. മലബാർ മേഖലയിൽ ആകെയുള്ള സർക്കാർ, എയ്ഡഡ് സീറ്റുകൾ 1.90 ലക്ഷം. അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകൾ ചേർത്താലും മുഴുവൻ വിദ്യാർഥികൾക്കും അവസരം കിട്ടില്ലെന്നുറപ്പാണ്. ഉയർന്ന ഫീസ് നൽകി അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കാൻ പാവപ്പെട്ടവരും സാധാരണക്കാരുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കു കഴിയില്ലതാനും. അൺ എയ്ഡഡ് സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞു കിടന്നാലും അതിൽ പ്രവേശനം നേടാൻ കഴിയാത്ത സാമ്പത്തിക ശേഷി കുറഞ്ഞ വീടുകളിലെ കുട്ടികളോട് നിങ്ങൾ പഠിക്കേണ്ട എന്നു പറയാനാവില്ലല്ലോ.

മലപ്പുറത്തെ മാത്രം കണക്കെടുത്താൽ 82,434 പേരാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ 1,500ൽ ഏറെ അപേക്ഷകർ കൂടുതൽ. മലപ്പുറത്തുള്ള സർക്കാർ, എയ്ഡഡ് സീറ്റുകൾ 52,600. അൺ എയ്ഡഡ് സീറ്റുകൾ ചേർത്താലും അപേക്ഷകരും ആകെയുള്ള സീറ്റും തമ്മിൽ വലിയ വ്യത്യാസം തന്നെയാണുള്ളത്. സംസ്ഥാനത്ത് എസ്എസ്എൽസിക്ക് ഏറ്റവും അധികം കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ലയാണു മലപ്പുറം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികൾ ഏറ്റവും കൂടുതലുള്ളതും ഇവിടെയാണ്. എന്നാൽ, തുടർ വിദ്യാഭ്യാസത്തിനു വേണ്ട സൗകര്യങ്ങൾ ഇവിടെ വേണ്ടത്രയില്ലെന്ന പരാതി പരിഹരിക്കപ്പെടുന്നതേയില്ല. മികച്ച വിജയം നേടിയവർക്കു പോലും ആഗ്രഹിച്ച സ്കൂളിൽ പ്രവേശനം ലഭിക്കാതെ വരുന്നതു സർക്കാർ കാണണം.

പ്ലസ് വൺ സീറ്റുകളിലെ വർധന ഇക്കുറിയും തുടരാൻ അടുത്തിടെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ താത്കാലികമായി അനുവദിച്ച ബാച്ചുകൾ തുടരാനും തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 30% മാർജിനൽ സീറ്റ് വർധനയാണു നിർദേശിച്ചിരിക്കുന്നത്. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം. ഇതിനു പുറമേ ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10% വർധന കൂടി അനുവദിക്കുന്നുണ്ട്. കൊല്ലം, എറണാകുളം, തൃശുർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20% മാർജിനൽ സീറ്റ് വർധനയാണുള്ളത്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലും ഈ വിധത്തിൽ വർധനയുണ്ടാവും. ഈ വർധനയ്ക്കു ശേഷവും മലബാറിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നാണു പ്രതിപക്ഷ കക്ഷി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.

നിലവിലുള്ള ബാച്ചുകളിൽ സീറ്റുകളുടെ എണ്ണം കൂട്ടുകയല്ല, കൂടുതൽ ബാച്ചുകൾ അനുവദിക്കുകയാണു വേണ്ടതെന്നു പ്രതിപക്ഷ നേതാക്കൾ പറയുന്നുണ്ട്. കൂടുതൽ ബാച്ചുകൾ അനുവദിക്കാതെ സീറ്റ് കൂട്ടുമ്പോൾ ഓരോ ക്ലാസിലുമുള്ള വിദ്യാർഥികളുടെ എണ്ണം കൂടുകയാണ്. നിരവധി കുട്ടികളുള്ള ക്ലാസുകളിൽ പഠിക്കേണ്ടിവരുന്നത് വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും അപകടകരമായ നിലവാരത്തിലേക്ക് പൊതുവിദ്യാഭ്യാസ രംഗം പോവുകയാണെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നുണ്ട്. ബാച്ച്, സീറ്റ് തുടങ്ങിയ കാര്യങ്ങളിലൊക്കെയുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും രമ്യമായി പരിഹരിക്കാനാവണം. വിദ്യാർഥികളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യമാണിത്. അതുകൊണ്ടു തന്നെ ഇതൊരു രാഷ്ട്രീയ വിഷയമെന്ന രീതിയിൽ ചേരി തിരിഞ്ഞു പോരടിക്കേണ്ട പ്രശ്നമല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com