രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടട്ടെ

പണമോ രേഖകളോ ഇല്ലെന്നതിന്‍റെ പേരിൽ ഒരാശുപത്രിയും ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചതു വളരെ പ്രാധാന്യമുള്ളതാണ്
rights of patients be protected

രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടട്ടെ

Updated on

ഏതൊരു നാടിന്‍റെയും ആരോഗ്യം സംരക്ഷിക്കുന്നതിനു ചെറുതും വലുതുമായ ആശുപത്രികൾ വഹിക്കുന്ന പങ്ക് എല്ലാവർക്കും ബോധ്യമുള്ളതാണ്. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന ആശുപത്രികളുടെ മൊത്തത്തിലുള്ള പ്രവർത്തനമാണ് കേരളത്തിലെ ആരോഗ്യ രംഗത്തെ ഉയർന്ന നിലവാരത്തിൽ എത്തിച്ചതും അതു തുടർന്നു പോരുന്നതിനു സഹായിക്കുന്നതും. ചികിത്സയ്ക്കായി ഏറെ ആളുകൾ ആശ്രയിക്കുന്ന സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പലതിലും വാണിജ്യ താത്പര്യം കൂടിവരുന്നത് രോഗികളുടെ അവകാശങ്ങൾ ഹനിക്കാൻ കാരണമാവുന്നുണെന്ന ആരോപണം പക്ഷേ, ഗൗരവമുള്ളതാണ്. കോടികൾ മുടക്കിയാണു വൻകിട സ്വകാര്യ ആശുപത്രികൾ രോഗികൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നത്. അതു നല്ലകാര്യം തന്നെയാണ്. ആവശ്യമുള്ളവർക്ക് ആവശ്യമുള്ള സൗകര്യങ്ങൾ ലഭിക്കേണ്ടതുണ്ട്.

എന്നാൽ, അനാവശ്യമായി ഇത്തരം സൗകര്യങ്ങൾ രോഗികളിൽ അടിച്ചേൽപ്പിച്ച് അവരുടെ ചികിത്സാചെലവു വർധിപ്പിക്കുന്നത് സേവനത്തിന്‍റെ പേരിലുള്ള കൊള്ള മാത്രമാണ്. എല്ലാവരും അതു ചെയ്യുന്നുണ്ട് എന്നല്ല. ഇത്തരം കൊള്ളകളെക്കുറിച്ചു പലപ്പോഴും പരാതികൾ ഉയരാറുണ്ട്. രോഗികളിൽ നിന്നു വരുമാനമുണ്ടാക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ മാത്രമായി ആശുപത്രികൾ മാറിക്കൂടാ. ഒരു സേവന മേഖല എന്ന നിലയിൽ മനുഷ്യത്വപരമായ പരിഗണന രോഗികളോടു കാണിക്കേണ്ടത് അത്യാവശ്യമാണ്. അടുത്തകാലത്തായി ചില സ്വകാര്യ ആശുപത്രികളിൽ വൻ കമ്പനികൾ പേരിലും തലപ്പത്തും മാറ്റം വരുത്താതെ വലിയ തോതിൽ നിക്ഷേപം നടത്തുന്നതു സദുദ്ദേശ്യത്തോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. ആശുപത്രികളുടെ കച്ചവട താത്പര്യം പരിധി വിട്ടുപോയാൽ അതിന്‍റെ ദോഷം മുഴുവൻ അനുഭവിക്കേണ്ടിവരുന്നതു ‌സാധാരണക്കാരായ രോഗികളാണ്. അതുകൊണ്ടു തന്നെ ആശുപത്രികളുടെ ചൂഷണത്തിൽ നിന്ന് അവർക്കു സംരക്ഷണം നൽകേണ്ടതുണ്ട്. പണം കിട്ടിയാലേ മനുഷ്യത്വം കാണിക്കൂ എന്ന നിലപാട് ഒരാശുപത്രിയും സ്വീകരിക്കരുത്.

പണമോ രേഖകളോ ഇല്ലെന്നതിന്‍റെ പേരിൽ ഒരാശുപത്രിയും ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം നിർദേശിച്ചതു വളരെ പ്രാധാന്യമുള്ളതാണ്. ജീ​വ​ന്‍ ര​ക്ഷി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക ക​ര്‍ത്ത​വ്യം എ​ല്ലാ ആ​ശു​പ​ത്രി​ക​ള്‍ക്കും ഉ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി ഓ​ർമിപ്പിക്കുന്നു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ളെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും പ​രി​ശോ​ധി​ക്കു​ക​യും അ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഭ​ദ്ര​മെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. തു​ട​ര്‍ചി​കി​ത്സ ആ​വ​ശ്യ​മെ​ങ്കി​ല്‍ സു​ര​ക്ഷി​ത​മാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഏറ്റെടുക്കണം. അതായത് മെച്ചപ്പെട്ട സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റുമ്പോൾ രോഗിയെ ആദ്യം എത്തിച്ച ആശുപത്രി സുരക്ഷിതമായ മാറ്റം ഉറപ്പാക്കാനുള്ള നടപടികൾ എടുക്കണം. ഏറ്റവും വലുതു ജീവനാണ്. അതു തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങൾ തീർച്ചയായും ഏത് ആശുപത്രിയിൽ നിന്നും ഉണ്ടാവേണ്ടതുണ്ട്. രോഗികൾക്കു കൃത്യമായ രേഖകൾ നൽകണമെന്ന കോടതിയുടെ നിർദേശവും ഇതുമായി ബന്ധപ്പെട്ടു പ്രസക്തമായതാണ്. ഡിസ്ചാർജ് ചെയ്യുമ്പോൾ ഡിസ്ചാർജ് സമ്മറിക്കൊപ്പം സിടി സ്കാൻ, ഇസിജി, എക്സ്റേ തുടങ്ങിയ എല്ലാ റിപ്പോർട്ടുകളും കൈമാറേണ്ടതാണ്. അതു രോഗിയുടെ അവകാശം എന്ന നിലയിൽ തന്നെ കാണണം. എല്ലാ റിപ്പോർട്ടുകളും ആശുപത്രികൾ സ്വകാര്യമായി സൂക്ഷിക്കാതെ ചികിത്സ തേടിയ വ്യക്തിക്കു ലഭ്യമാക്കിയാൽ അതുകൊണ്ടു പല പ്രയോജനങ്ങളും വ്യക്തിക്കുണ്ടാവും. ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കാനും അത് ഉപകരിക്കും.

എല്ലാ ആശുപത്രികളിലും പരാതിപരിഹാര സംവിധാനം വേണമെന്ന നിർദേശവും സ്വാഗതാർഹമാണ്. ഏഴു ദിവസത്തിനകം പരാതി തീർപ്പാക്കാൻ ശ്രമിക്കണമെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ ജില്ലാ മെഡിക്കൽ ഓഫിസർക്കു കൈമാറണമെന്നുമാണു നിർദേശിച്ചിരിക്കുന്നത്. ആശുപത്രികളെക്കുറിച്ചുള്ള പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ നിർദേശം ഏറെ പ്രസക്തിയുള്ളതാണ്. പരാതി പരിഹാര ഡെസ്ക് കാര്യക്ഷമമായി പ്രവർത്തിച്ചാൽ പല സംഘർഷങ്ങളും ഒഴിവാക്കാനാവും. പരാതികളുണ്ടെങ്കിൽ നൽകേണ്ടയാളുടെ പേര്, ഫോൺ നമ്പർ, ഇ മെയ്‌ൽ ഐഡി, ഡിഎംഒയുടെ ഹെൽപ്പ് ലൈൻ നമ്പർ തുടങ്ങിയവ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്. ആ​ശു​പ​ത്രി റി​സ​പ്ഷ​നി​ലും വെ​ബ്സൈ​റ്റി​ലും മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ചി​കി​ത്സാ നി​ര​ക്കു​ക​ള്‍ വ്യ​ക്ത​മാ​യി പ്ര​ദ​ര്‍ശി​പ്പി​ക്ക​ണമെന്ന നിർദേശവും ജനതാത്പര്യം കണക്കിലെടുത്തുള്ളതാണ്. ഓ​രോ ചി​കി​ത്സ​യു​ടെ​യും കൃ​ത്യ​മാ​യ നി​ര​ക്കു​ക​ള്‍ രോ​ഗി​ക​ള്‍ക്കും ബ​ന്ധു​ക്ക​ള്‍ക്കും എ​ളു​പ്പ​ത്തി​ല്‍ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യ​ണം. സൗകര്യങ്ങൾ അടക്കം രോഗിയുടെ അവകാശങ്ങളെല്ലാം ആശുപത്രിയിൽ പ്രദർശിപ്പിക്കുന്നത് രോഗീസൗഹൃദ സമീപനത്തിന്‍റെ ഭാഗമാണ്.

ആരോഗ്യ പരിചരണ രംഗത്ത് പൊതുജന താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് 2018ൽ സംസ്ഥാന സർക്കാർ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ്സ് (രജിസ്ട്രേഷൻ ആൻഡ് റഗുലേഷൻ) നിയമം കൊണ്ടുവന്നത്. സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും പ്രവർത്തനം നിയന്ത്രിക്കാനായി ഏർപ്പെടുത്തിയ നിയമം നേരത്തേ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. അതിനെതിരേ നൽകിയ അപ്പീലുകൾ തള്ളിക്കൊണ്ടാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് നിയമത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. ‌ഈ നിയമവും കോടതി നിർദേശങ്ങളും ഫലപ്രദമായി നടപ്പാക്കി ആരോഗ്യ മേഖലയുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയേണ്ടതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com