
ലൈസൻസ് ഇല്ലാത്തയാൾ മദ‍്യ ലഹരിയിൽ വാഹനമോടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ അഞ്ചു പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തം ആരെയും നടുക്കുന്നതാണ്. മദ്യപിച്ചു വാഹനമോടിക്കരുതെന്ന് എത്രവട്ടം എത്രയാളുകൾ ഉപദേശിച്ചാലും അതു ചെവിക്കൊള്ളാത്ത ഒരു വിഭാഗം ഡ്രൈവർമാർ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. ചെറുതും വലുതുമായി അവരുണ്ടാക്കുന്ന അപകടങ്ങളും തുടർക്കഥയാണ്. അതിനൊപ്പം തന്നെയാണ് ആവശ്യമായ ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കുന്നതും. ഇവിടെ രണ്ടു ഗുരുതരമായ കുറ്റങ്ങൾ ഒന്നിച്ചു ചെയ്തിരിക്കുകയാണ്. ഇതുപോലെ മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുന്നവർക്ക് ക്ഷാമമില്ലാത്ത നാടായി കേരളം മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിന് എങ്ങനെയാണൊരു പരിഹാരം എന്നതു ബന്ധപ്പെട്ടവർ കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.
നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവർക്കു കനത്ത ശിക്ഷ തന്നെയാണു വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചാൽ 10,000 രൂപ വരെ പിഴയും ആറു മാസം തടവും ശിക്ഷയുണ്ട്. കുറ്റം ആവർത്തിച്ചാൽ പിഴ 15,000 രൂപയാകും. തടവ് രണ്ടു വർഷം വരെയാകാം. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 5000 രൂപയാണു പിഴ. ഇതൊന്നും പോരാ, ഇനിയും കടുപ്പിക്കണമെന്നാണോ ആവർത്തിച്ചുള്ള ഗതാഗത നിയമലംഘനങ്ങൾ കാണിക്കുന്നത്. എന്തായാലും റോഡിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. പ്രത്യേകിച്ചു രാത്രിയിൽ. അമിത വേഗത്തിൽ ചീറിപായുന്ന നിരവധി വലിയ വാഹനങ്ങൾ രാത്രികാലങ്ങളിൽ പ്രധാന റോഡുകളിൽ നിരീക്ഷണം നടത്തിയാൽ കാണാവുന്നതാണ്. ഇതുപോലുള്ള വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അതു വാർത്തയിൽ വരുന്നത്. വളരെ സൂക്ഷിച്ച് വണ്ടിയോടിച്ചാലും മറ്റുള്ളവരുടെ അപകടകരമായ ഡ്രൈവിങ് വരുത്തിവയ്ക്കുന്ന അപകടങ്ങളിൽ നിന്ന് ഭാഗ്യം കൊണ്ടു മാത്രം രക്ഷപെട്ട നിരവധിയാളുകൾ സംസ്ഥാനത്തുണ്ടാവും. നിരത്തുകളിലെ അച്ചടക്കമില്ലായ്മയെക്കുറിച്ച് ഇനിയും ധാരാളം സംസാരിക്കേണ്ടതുണ്ട്. വ്യാപകമായി എഐ ക്യാമറകൾ വച്ചിട്ടും നിയമലംഘനങ്ങൾക്കു കുറവൊന്നുമില്ലെന്നു തന്നെ കരുതേണ്ടിവരും.
കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെയാണ് നാട്ടിക ജെകെ തിയെറ്ററിനടുത്ത് 2 കുട്ടികൾ അടക്കം 5 പേരുടെ ജീവനെടുത്ത അപകടമുണ്ടാവുന്നത്. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്കു പോവുകയായിരുന്ന തടി കയറ്റിയ ലോറി ആളുകൾ ഉറങ്ങിക്കിടന്നിടത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ 7 പേർക്കു പരുക്കേറ്റിട്ടുണ്ട്. അടച്ചിട്ടിരുന്ന റോഡിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടി സംഘത്തിലുള്ളവരാണ് അപകടത്തിൽ പെട്ടത്. ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വണ്ടിയോടിച്ചിരുന്നത് ഹെവി വെഹിക്കിൾ ലൈസൻസ് ഇല്ലാത്ത ക്ലീനറായിരുന്നുവത്രേ! മാഹിയിൽ നിന്നു മദ്യം വാങ്ങിയ ഇവർ അവിടം മുതൽ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിനു ശേഷം അറസ്റ്റിലാവുമ്പോഴും ഇവർ മദ്യലഹരിയിലായിരുന്നുവത്രേ. പൊന്നാനിയിൽ വച്ചാണ് ക്ലീനർക്ക് ഡ്രൈവർ വണ്ടി കൈമാറിയത് എന്നും പറയുന്നുണ്ട്. എത്രയോ ദൂരം അപകടകരമായ വിധത്തിൽ അവർ വണ്ടിയോടിച്ചു വന്നു എന്നു കൂടി ഓർക്കണം. ഡിവൈഡറും ബാരിക്കേഡും ഒന്നും കാണാതെയാണ് ലോറി മുന്നോട്ടെടുത്ത് അടച്ചിട്ട റോഡിലേക്കു പാഞ്ഞത്. അപകടമുണ്ടായ ശേഷം രക്ഷപെടാനുള്ള അവരുടെ ശ്രമം വിഫലമാവുകയായിരുന്നു.
ലോറിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തുവെന്നും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ വ്യക്തമാക്കിയിട്ടുണ്ട്. റോഡിൽ രാത്രികാല പരിശോധന കർശനമാക്കുന്ന കാര്യവും മന്ത്രി അറിയിക്കുകയുണ്ടായി. ഇങ്ങനെയുള്ള പരിശോധനയ്ക്ക് തടസമായി നിൽക്കുന്നത് ആവശ്യത്തിനു വാഹനമില്ലാത്തതാണെന്ന് മന്ത്രി പറയുമ്പോൾ അടിയന്തരമായി ആ പോരായ്മ പരിഹരിക്കാൻ ധനവകുപ്പ് ഇടപെടേണ്ടതുണ്ട്. ഇതിനൊപ്പം റോഡരികിൽ ആളുകൾ കിടന്നുറങ്ങുന്നത് തടയാൻ പൊലീസും തയാറാവണം. സംസ്ഥാന സർക്കാരിന്‍റെ റോഡ് സുരക്ഷാ നടപടികൾ അപകടങ്ങൾ കുറയ്ക്കുന്നതിൽ വേണ്ടത്ര സഹായിക്കുന്നില്ലെന്നതാണ് അനുഭവം. റോഡ് അപകടങ്ങളിൽ രാജ്യത്തു മൂന്നാം സ്ഥാനത്താണ് കേരളമുള്ളത്. 2023ലെ അപകടങ്ങളുടെ കണക്കു വച്ച് തമിഴ്നാടും മധ്യപ്രദേശുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. 2022നെ അപേക്ഷിച്ച് കേരളത്തിൽ അപകടങ്ങൾ വർധിച്ചിട്ടുമുണ്ട്. 2022ൽ സംസ്ഥാനത്ത് 43910 അപകടങ്ങളുണ്ടായപ്പോൾ കഴിഞ്ഞ വർഷം അത് 48141 ആയി. കോടിക്കണക്കിനു രൂപ മുടക്കി റോഡിൽ ക്യാമറകൾ സ്ഥാപിച്ചിട്ടും അപകടങ്ങൾക്കു കുറവുണ്ടായില്ല എന്നത് എടുത്തുപറയേണ്ടതാണ്. റോഡുകളിൽ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച് ആളുകളിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.