

ലോകത്ത് ഉപയോഗിക്കുന്ന ഏറ്റവും വലിയ ഹൈഡ്രജൻ ട്രെയ്നും ഇപ്പോൾ ഇന്ത്യയുടേതാണ്
ട്രെയ്‌ൻ ഗതാഗത രംഗത്ത് അഭിമാനകരമായ പുതിയൊരു നാഴികക്കല്ലു സൃഷ്ടിച്ചിരിക്കുകയാണു രാജ്യം. ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയ്‌ൻ ഹരിയാനയിലെ ജിന്ദ്, സോനിപത്ത് റെയ്‌ൽവേ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ആരംഭിച്ചിരിക്കുന്നു. 89 കിലോമീറ്റർ ദൂരത്തിലുള്ള ഈ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ഫ്ലാഗ് ഓഫ് ചെയ്തത്. ജർമനി, ജപ്പാൻ, ചൈന, അമെരിക്ക തുടങ്ങി ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയ്നുകളുള്ള അപൂർവം രാജ്യങ്ങൾക്കൊപ്പം ഇതോടെ ഇന്ത്യയും സ്ഥാനം പിടിച്ചു. പൂർണമായും തദ്ദേശീയമായാണ് ഈ സാങ്കേതിക വിദ്യ നാം വികസിപ്പിച്ചത് എന്നത് ഈ അവസരത്തിൽ എടുത്തുപറയേണ്ടതുണ്ട്. പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ "മെയ്ക്ക് ഇൻ ഇന്ത്യ' ക്യാംപെയ്നിന്‍റെ വിജയകരമായ ഉദാഹരണം.
ലോകത്ത് ഉപയോഗിക്കുന്ന ഏറ്റവും വലിയ ഹൈഡ്രജൻ ട്രെയ്നും ഇപ്പോൾ ഇന്ത്യയുടേതാണ്. മറ്റു രാജ്യങ്ങളിൽ രണ്ടു മുതൽ നാലു വരെ കോച്ചുകൾ മാത്രമാണു ഹൈഡ്രജൻ ട്രെയ്ന് ഉള്ളതെങ്കിൽ ഇന്ത്യയിൽ 10 ബോഗികളുണ്ട്; എട്ട് പാസഞ്ചർ ചെയർ കാറുകളും രണ്ട് ഡ്രൈവിങ് പവർ കാറുകളും. ഒരേസമയം 2600 യാത്രക്കാർക്കു വരെ സഞ്ചരിക്കാം. 110 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാൻ ഹൈഡ്രജൻ എൻജിനാവുമെങ്കിലും മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാവും നിലവിൽ ഓടുന്നത്. വളരെ ഉയർന്ന ജ്വലന ശേഷിയുള്ള വാതകമാണ് ഹൈഡ്രജൻ എന്നതിനാൽ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കാൻ ചോർച്ച, ചൂട്, തീ ജ്വാല, പുക എന്നിവ കണ്ടെത്താൻ കഴിയുന്ന നൂതന സുരക്ഷാ സംവിധാനങ്ങൾ ട്രെയ്‌നിൽ സജ്ജീകരിച്ചിട്ടുണ്ട്. അസ്വാഭാവികതയുണ്ടായാൽ ഹൈഡ്രജൻ സപ്ലൈ തനിയെ നിർത്തലാവുന്ന ഓട്ടോമേറ്റഡ് സംവിധാനമാണുള്ളത്. ജിന്ദിൽ രാജ്യത്തെ ഏറ്റവും വലിയ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കൽ സൗകര്യവും റെയ്‌ൽവേ സജ്ജമാക്കിയിരിക്കുന്നു. കൊച്ചി ആസ്ഥാനമായ ഫ്ലൂയിട്രോൺ എന്ന കമ്പനിയാണ് ഹൈഡ്രജൻ റീ ഫ്യൂവലിങ് സ്റ്റേഷൻ തയാറാക്കിയിരിക്കുന്നത്. ജിന്ദിലെ ഹൈഡ്രജൻ സംഭരണ കേന്ദ്രത്തിൽ ഏകദേശം 3,000 കിലോഗ്രാം ഹൈഡ്രജൻ സംഭരിക്കാൻ കഴിയും.
കാർബൺ ബഹിർഗമനം പൂർണമായി ഒഴിവാക്കി നീരാവി മാത്രം പുറന്തള്ളുന്ന "ഫ്യുവൽ സെൽ' സാങ്കേതിക വിദ്യയാണ് ഹൈഡ്രജൻ ട്രെയ്‌നിൽ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പരിസ്ഥിതി സൗഹൃദമായ യാത്ര ഈ ട്രെയ്‌ൻ ഉറപ്പാക്കുന്നു. മലിനീകരണത്തിനു കാരണമാവുന്നില്ല എന്നതുകൊണ്ടു തന്നെ സുസ്ഥിരമായ ഗതാഗതമാർഗമായി ഇതിനെ കാണുന്നവരുണ്ട്. മലിനീകരണം പരമാവധി കുറയ്ക്കുക എന്നതാണല്ലോ നമ്മുടെ ലക്ഷ്യം. 2070-ഓടെ കാർബൺ പുറന്തള്ളൽ പൂർണമായി ഒഴിവാക്കി "നെറ്റ് സീറോ' ലക്ഷ്യം കൈവരിക്കുക എന്ന ഇന്ത്യയുടെ പദ്ധതിക്ക് അനുഗുണമാണ് ഹൈഡ്രജൻ ട്രെയ്നുകൾ. ഊർജ സുരക്ഷയിലും ഹൈഡ്രജൻ ഇന്ധനത്തിനു പ്രധാന പങ്കുവഹിക്കാനാവും. ഇന്ത്യൻ റെയ്‌ൽവേ ശൃംഖലയുടെ ഭൂരിഭാഗവും ഇപ്പോൾ വൈദ്യുതീകരിച്ചിട്ടുണ്ട്. ഇതോടെ ട്രെയ്ൻ എൻജിനുകൾ ഇറക്കുമതി ചെയ്യുന്ന ഡീസലിനെ ആശ്രയിക്കുന്നതു ഗണ്യമായി കുറയുകയും ചെയ്തിരിക്കുന്നു. ബ്രോഡ്ഗേജ് റൂട്ടുകളിൽ 99 ശതമാനവും വൈദ്യുതീകരിച്ചതാണ്. ഇനിയുള്ള റൂട്ടുകളിൽ കൂടി ഡീസൽ ഉപയോഗം ഒഴിവാക്കുന്നത് ക്രൂഡ് ഓയിൽ ഇറക്കുമതിക്കുള്ള വിദേശനാണ്യ ശേഖരം ലാഭിക്കാൻ ഉപകരിക്കും. ഹൈഡ്രജൻ ഉപയോഗിച്ച് ട്രെയ്ൻ ഓടിക്കുന്നതിന്‍റെ സാങ്കേതിക വിദ്യ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട് എന്നതു വാസ്തവമാണ്. കൂടുതൽ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യയിൽ മുന്നിലുള്ള മറ്റു രാജ്യങ്ങളുമായി അതിലൊക്കെ മത്സരിക്കാൻ ഇന്ത്യയ്ക്കു കഴിയും. രാജ്യത്തെ കൂടുതൽ റൂട്ടുകളിൽ ഹൈഡ്രജൻ ട്രെയ്ൻ എത്തുന്ന കാലവും വിദൂരമാവില്ല. വിവിധ പൈതൃക പാതകളിലായി 35 ഹൈഡ്രജൻ ട്രെയ്‌നുകൾ വരുമെന്ന് നേരത്തേ റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. മേട്ടുപ്പാളയം- ഊട്ടി സർവീസും ഈ റൂട്ടുകളിൽ ഉൾപ്പെടുന്നുണ്ട്. ഇത്തരം ട്രെയ്‌നുകൾ ടൂറിസം രംഗത്തിനും വലിയ ആവേശം പകരുമെന്നാണു കരുതേണ്ടത്.
വ്യാവസായിക ആവശ്യങ്ങൾക്കെന്നതുപോലെ ഗതാഗത മേഖലയിലും ഹൈഡ്രജന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ നയമാണ്. രണ്ടായിരത്തി മുപ്പതോടെ പ്രതിവർഷം 50 ലക്ഷം മെട്രിക് ടൺ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുകയാണു സർക്കാർ പദ്ധതി. ഇതിനായാണ് ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ (എൻജിഎച്ച്എം) ആരംഭിച്ചിരിക്കുന്നതും. രാജ്യത്തിന്‍റെ ഊർജ സുരക്ഷയും സ്വയം പര്യാപ്തതയും വർധിപ്പിക്കുന്നതിനും ആഗോള ഹരിത ഹൈഡ്രജൻ വിപണിയിൽ പ്രധാന ശക്തിയായി മാറുന്നതിനും ഹരിത ഹൈഡ്രജൻ മിഷൻ സഹായിക്കുമെന്നാണു കണക്കാക്കുന്നത്. ഹരിത ഹൈഡ്രജന്‍റെ സാങ്കേതിക വിദ്യകളിലും വിപണി നേതൃത്വത്തിലും ഇന്ത്യയ്ക്കു മുൻതൂക്കമുണ്ടാകുന്നതും വരുംകാലത്തു ഗുണകരമാവും. ആഗോള ഹൈഡ്രജൻ ഹബ്ബ് എന്ന നിലയിൽ രാജ്യത്തെ വളർത്തിയെടുക്കുന്നതിനുള്ള പരിശ്രമങ്ങളിൽ ഒരു പ്രധാന ചുവട് എന്ന നിലയിൽ ഹൈഡ്രജൻ ട്രെയ്‌നുകളെയും കാണാവുന്നതാണ്.