കടൽ സുരക്ഷിതമെങ്കിൽ രാജ്യം സുരക്ഷിതം

തന്ത്രപരമായ കരുത്തും മേഖലയിലെ ശക്തി പ്രകടനവും ഉറപ്പാക്കുന്നതിൽ ഇന്ത്യൻ നാവിക സേനയുടെ പങ്ക് നിർണായകമാണ്.
Indian Navy

ഇന്ത്യൻ നാവികസേന

Updated on: 

"കടലുകൾ സുരക്ഷിതമാണെങ്കിൽ ഇന്ത്യ സുരക്ഷിതമായിരിക്കും; ഇന്ത്യ സുരക്ഷിതമാണെങ്കിൽ, വികസിത ഭാരതം എന്ന ലക്ഷ്യം കൂടുതൽ ശക്തമാകും'- ഇതാണ് നമ്മുടെ ലക്ഷ്യം

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ആദ്യ പ്രതികരണ ശക്തി, മുൻഗണനയുള്ള സുരക്ഷാ പങ്കാളി, വിശ്വാസ്യതയുടെയും സ്ഥിരതയുടെയും പ്രതീകം എന്നീ നിലകളിൽ ഇന്ത്യ നിലകൊള്ളുന്നു. മേഖലയിലെ നമ്മുടെ തന്ത്രപരമായ സ്ഥാനത്തിന്‍റെയും ഉത്തരവാദിത്വത്തിന്‍റെയും വളർച്ചയ്ക്കു ലോകം മുഴുവൻ സാക്ഷ്യം വഹിക്കുകയാണ്. തിരക്ക്, വഞ്ചനാ നീക്കങ്ങൾ, സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ നമ്മുടെ സമുദ്ര മേഖലയെ ഇന്ന് മുൻപെങ്ങുമില്ലാത്ത വിധം സങ്കീർണമാക്കിയിരിക്കുന്നു. അതിനാൽ, നമ്മുടെ നിരീക്ഷണ, പ്രതികരണ സംവിധാനങ്ങളെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തണം. 2026 സെപ്റ്റംബർ 29ന് ഡൽഹിയിലെ നൗസേന ഭവനിൽ നടന്ന നാവിക സേനാ കമാൻഡർമാരുടെ ദ്വൈവാർഷിക സമ്മേളനത്തിന്‍റെ രണ്ടാം പതിപ്പിനെ അഭിസംബോധന ചെയ്യവെ രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ദക്ഷിണ ചൈനാ കടൽ, മെഡിറ്ററേനിയൻ, അറ്റ്ലാന്‍റിക് സമുദ്രം എന്നിവടങ്ങളിലേക്ക് വ്യാപിപ്പിച്ചു, ഇത് നമ്മുടെ നാവിക സേനയുടെ ശേഷി തെളിയിക്കുന്നതാണ്. തന്ത്രപരമായ കരുത്തും മേഖലയിലെ ശക്തി പ്രകടനവും ഉറപ്പാക്കുന്നതിൽ ഇന്ത്യൻ നാവിക സേനയുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നാവിക സേനയുടെ നവീകരണത്തിനായുള്ള ഗവണ്മെന്‍റിന്‍റെ പ്രതിജ്ഞാബദ്ധത എടുത്തുകാണിച്ചു രാജ്‌നാഥ് സിങ് പറഞ്ഞത് "വികസിത് ഭാരത് 2047' എന്ന കാഴ്ചപ്പാടിനായി ഒരു തന്ത്രപരമായ അടിത്തറയായി ഇന്ത്യൻ നാവിക സേന പ്രവർത്തിക്കുന്നു, സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിനപ്പറം, നമ്മുടെ നാവിക സേന സാമ്പത്തിക സംരക്ഷണം, മേഖലയിലെ സ്ഥിരത, കരുത്ത് എന്നിവയെ ശക്തിപ്പെടുത്തുന്നു എന്നാണ്. നാവിക സേനയെ ഭാവിയ്ക്ക് അനുയോജ്യവും പോരാട്ടസജ്ജവും ആഗോളതലത്തിൽ ആദരിക്കപ്പെടുന്നതുമായ ഒരു സേനയായി മാറ്റി തടസമില്ലാതെ നിലനിർത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു.

പശ്ചിമേഷ്യയിലെ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ നാവികസേന വഹിച്ച പങ്കിനെ പ്രശംസിച്ച രാജ്‌നാഥ് "ഓപ്പറേഷൻ ഊർജ സുരക്ഷ'യ്ക്ക് കീഴിൽ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ പതാക വഹിച്ച ചരക്ക് കപ്പലുകളുടെ- പ്രത്യേകിച്ച് എൽപിജി ടാങ്കറുകളുടെ- സുരക്ഷിതമായ യാത്ര ഉറപ്പാക്കിയത് മികച്ചൊരു നേട്ടമാണെന്ന് എടുത്തുപറഞ്ഞു. ഇന്ത്യ ഉപയോഗിക്കുന്ന അസംസ്‌കൃത എണ്ണയുടെ 85-90 ശതമാനവും പ്രകൃതിവാതകത്തിന്‍റെ 50 ശതമാനത്തോളവും സമുദ്രപാതകൾ വഴിയാണ് ഇറക്കുമതി ചെയ്യുന്നത്; അതിനാൽ കടൽപ്പാതകളുടെ സുരക്ഷ രാജ്യത്തിന്‍റെ സാമ്പത്തികരംഗവുമായും ഊർജ വിതരണവുമായും പ്രതിരോധ തയാറെടുപ്പുകളുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പൽ നിർമാണ ആവാസവ്യവസ്ഥ ഇപ്പോൾ ആഗോള മാനദണ്ഡങ്ങൾ കൈവരിക്കുന്നുണ്ട്. അടുത്തിടെ കമ്മിഷൻ ചെയ്ത യുദ്ധക്കപ്പലുകളിൽ 75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളുണ്ട്. വരും നാളുകളിൽ, നമ്മുടെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, സൗഹൃദ വിദേശ രാജ്യങ്ങളിലേക്ക് യുദ്ധക്കപ്പലുകൾ കയറ്റുമതി ചെയ്യുകയും വേണം.

നിലവിലുള്ള സംവിധാനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഇന്ത്യയുടെ സമുദ്ര നിരീക്ഷണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തണം. സമുദ്ര ഗതാഗതത്തിന്‍റെ വർദ്ധിച്ചുവരുന്ന വ്യാപ്തിക്കും സങ്കീർണതയ്ക്കും കൂടുതൽ മെച്ചപ്പെട്ട വിശകലന ശേഷി ആവശ്യമാണ്.

18 യുദ്ധക്കപ്പലുകൾ ഉൾപ്പെടുത്താനോ കമ്മിഷൻ ചെയ്യാനോ പദ്ധതിയിട്ടിരിക്കുന്ന 2026 നാവിക സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശേഷി വർധനയ്ക്ക് സാക്ഷ്യം വഹിക്കുന്ന ചരിത്രപരമായ വർഷമാണ്. ഈ മുന്നേറ്റങ്ങൾ ഇന്ത്യയുടെ തദ്ദേശീയ നാവിക കപ്പൽനിർമ്മാണ ആവാസവ്യവസ്ഥയുടെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നു, ഒപ്പം കൂടുതൽ ശേഷി വികസനം അനിവാര്യമായി തുടരുന്നു..

എല്ലാ റാങ്കുകളും, എല്ലാ ചുമതലകളും എന്ന സമീപനത്തിന് കീഴിൽ വനിതാ ശാക്തീകരണം, റിക്രൂട്ട്‌മെന്‍റ്, നവീകരണം എന്നിവയ്ക്കായി നാവിക സേന നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കേണ്ടതുണ്ട്. മുൻനിര യുദ്ധക്കപ്പലുകളിലും വിമാനങ്ങളിലും വനിതാ ഓഫീസർമാരെ വിന്യസിച്ചു. നാവിക സാഗർ പരിക്രമ സമുദ്രയാത്ര ഉൾപ്പെടെയുള്ള നാവിക പര്യവേക്ഷണങ്ങളിൽ വനിതകൾക്കു വലിയ പങ്കാളിത്തമുണ്ട്.

സംയുക്ത നാവിക സേനയ്ക്ക് കീഴിലുള്ള കംബൈൻഡ് ടാസ്‌ക് ഫോഴ്‌സ്154-ന്‍റെ ചുമതല ഇന്ത്യൻ നാവിക സേന ഏറ്റെടുത്തു. സഹകരണ അധിഷ്ഠിത പ്രാദേശിക സുരക്ഷയ്ക്കുള്ള പ്രധാന സംഭാവനയാണിത്. സിടിഎഫ് 154-ന്‍റെ ഇന്ത്യയുടെ നേതൃത്വ കാലയളവിൽ കൊച്ചിയിൽ ആവിഷ്കരിച്ച "ഓപ്പറേഷൻ സതേൺ റെഡിനസി'ൽ 27 രാജ്യങ്ങളിൽ നിന്നായി 276 ഉദ്യോഗസ്ഥരും 76 ഫെസിലിറ്റേറ്റർമാരും നിർദിഷ്ട വിഷയ വിദഗ്ധരും 4 അന്താരാഷ്‌ട്ര സംഘടനകളും പങ്കെടുത്തു.

ലോകായാൻ-26 ദൗത്യത്തിനായി ഐഎൻഎസ് സുദർശിനിയെ വിന്യസിച്ചു. ഇത് അറ്റ്ലാന്‍റിക്, മെഡിറ്ററേനിയൻ മേഖലകളിലെ ഇന്ത്യൻ പ്രവാസികളുമായുള്ള ബന്ധവും ഇന്ത്യയുടെ സമുദ്ര നയതന്ത്രവും ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ സമുദ്ര പൈതൃകം പ്രദർശിപ്പിക്കുകയും ചെയ്തു.

ഉയർന്ന പോരാട്ടക്ഷമത നിലനിർത്തുന്നതിനും ഉയർന്നുവരുന്ന വെല്ലുവിളികൾക്കിടയിലും മേഖലയിലുടനീളമുള്ള പ്രതിജ്ഞാബദ്ധതകൾ നിറവേറ്റുന്നതിനും ഇന്ത്യൻ നാവികസേന പ്രശംസനനീയമായി പ്രവർത്തിക്കുന്നു. ഇന്ത്യയുടെ സമുദ്രശക്തി കടലിൽ ദേശീയ പതാക പ്രദർശിപ്പിക്കാൻ മാത്രമല്ല, ത്രിവർണ പതാക കാണുന്നിടത്തെല്ലാം സുരക്ഷയും വിശ്വാസവും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. "കടലുകൾ സുരക്ഷിതമാണെങ്കിൽ ഇന്ത്യ സുരക്ഷിതമായിരിക്കും; ഇന്ത്യ സുരക്ഷിതമാണെങ്കിൽ, വികസിത ഭാരതം എന്ന ലക്ഷ്യം കൂടുതൽ ശക്തമാകും'- ഇതാണ് നമ്മുടെ ലക്ഷ്യം.

logo
Metro Vaartha
www.metrovaartha.com