

ശബരിമല: പാളിച്ചകൾ ഒഴിവാകട്ടെ
ശബരിമലയിൽ തീർഥാടന കാലത്തിന്‍റെ തുടക്കത്തിൽ തന്നെ അഭൂതപൂർവമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുകയാണ്. ആദ്യ രണ്ടു ദിവസത്തിനകം രണ്ടുലക്ഷം പേർ ദർശനത്തിനെത്തിയെന്നാണു കണക്ക്. പ്രതീക്ഷിച്ചതിൽ കൂടുതൽ ആളുകൾ എത്തിയതോടെയാവണം കഴിഞ്ഞ ദിവസം പൊലീസ് നിയന്ത്രണം പാളിയത്. ഇതോടെ പതിനെട്ടാം പടിക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ മറികടന്ന് തീർഥാടകർ മുന്നിലേക്കു പോകുന്ന സ്ഥിതിയുണ്ടായി. ദർശനസമയം നീട്ടി കൂടുതൽ ആളുകൾക്ക് ദർശനസൗകര്യം ഒരുക്കിയെന്നതു നല്ല കാര്യമാണ്. അതേസമയം, തിരക്കു കൂടിയതോടെ പലരും അയ്യപ്പനെ ദർശിക്കാതെ മടങ്ങിപ്പോയെന്നു പറയുന്നതു നിരാശാജനകവുമാണ്. സേലം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നെത്തിയ ചിലർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി, മാലയൂരി നാട്ടിലേക്കു തിരിച്ചതായാണു പറയുന്നത്. മണിക്കൂറുകൾ പമ്പയിൽ ക്യൂനിന്ന ശേഷമാണ് ഇവർ മടങ്ങിയതത്രേ.
2023ൽ തീർഥാടനകാലത്തിനിടെയുണ്ടായ പ്രശ്നങ്ങൾ ഇത്തവണ തുടക്കത്തിൽ തന്നെ കാണുന്നത് ആശങ്കപ്പെടുത്തുന്നതാണ്. അന്ന് അയ്യപ്പ ഭക്തർ പതിനാലും പതിനഞ്ചുമൊക്കെ മണിക്കൂറുകൾ ക്യൂനിന്നു വലഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സന്നിധാനത്തെ തിരക്കു നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ തീർഥാടകരെ ഏറെ സമയം വഴിയിൽ തടയേണ്ടിവന്നതും ഏറെ വിമർശനങ്ങൾക്കു വഴിയൊരുക്കി. സന്നിധാനത്തെത്താൻ കഴിയാതെ പലയിടത്തായി കാത്തിരുന്നു മടുത്തവരിൽ കുറച്ചുപേർ തീർഥാടനം പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ചിലർ സമീപത്തെ അയ്യപ്പ ക്ഷേത്രങ്ങളിലെത്തി മാലയൂരി മടങ്ങിയെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇങ്ങനെ മാലയൂരി മടങ്ങിയവർ കപടഭക്തരെന്ന് അന്നത്തെ ദേവസ്വം മന്ത്രി പറഞ്ഞതിനെച്ചൊല്ലിയും വിവാദമുണ്ടായി. പരിചയ സമ്പന്നരായ പൊലീസുകാരുടെ കുറവാണു ക്രമീകരണങ്ങളെ ദോഷകരമായി ബാധിച്ചതെന്നു പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. സുരക്ഷാ ക്രമീകരണങ്ങൾക്കായി ഇക്കുറി നിയോഗിച്ചിട്ടുള്ള പൊലീസുകാരുടെ എണ്ണത്തിൽ കുറവുള്ളതായി റിപ്പോർട്ടുണ്ട്. ആവശ്യത്തിനു പൊലീസ് സേനയുണ്ടെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും അതു മതിയോ എന്ന് ഒന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. തിരക്കു നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന പ്രചാരണമുണ്ടായാൽ അതു ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ സുഗമമായ ദർശനം ഉറപ്പാക്കേണ്ടതുണ്ട്. ഏതു വിധത്തിലൊക്കെയാണ് അതു നടപ്പാക്കാനാവുകയെന്ന് ഉത്തരവാദപ്പെട്ടവർ ഗൗരവമായി ആലോചിക്കട്ടെ.
ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള ഭക്തജനത്തിരക്കാണ് ഇന്നലെ ശബരിമലയിൽ അനുഭവപ്പെട്ടതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ പറയുകയുണ്ടായി. തിരക്കു നിയന്ത്രണാതീതമാകുന്നതു ഭയാനകമായ സ്ഥിതിവിശേഷം തന്നെയാണ്. മുന്നൊരുക്കങ്ങളുടെ അപര്യാപ്തത ശബരിമലയിലുണ്ടെന്നു ദേവസ്വം ബോർഡ് പ്രസിഡന്‍റ് സമ്മതിക്കുന്നുണ്ട്. തീർഥാടകരെ സ്വീകരിക്കാൻ എല്ലാം സജ്ജമാണ് എന്ന അവകാശവാദം നിലനിൽക്കുമ്പോഴാണു മുന്നൊരുക്കങ്ങളിൽ പാളിച്ചയുണ്ടായി എന്നു കാണുന്നത്. എത്രയും വേഗം പാളിച്ചകൾ പരിഹരിക്കുക എന്നതാണ് ഇനി ചെയ്യാനുള്ളത്.
ഓൺലൈനായി 70,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 20,000 പേർക്കും ദർശനം നൽകുമെന്നാണു നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, 37,000 പേർക്ക് സ്പോട്ട് ബുക്കിങ് കൊടുക്കേണ്ടിവന്നത് തിരക്കു വർധിക്കാൻ കാരണമായി എന്നുവേണം കരുതാൻ. നേരത്തേ ഓൺലൈൻ ബുക്കിങ് എടുത്തവർ അതതു ദിവസം വരാതെ തോന്നുന്ന ദിവസം വരുന്നതും നിയന്ത്രണങ്ങൾ പാളുന്നതിനു കാരണമാവുമെന്ന് അധികൃതർ പറയുന്നുണ്ട്. എന്തായാലും തീർഥാടനത്തിനു വരുന്നവരെ തിരിച്ചുവിടുന്ന സാഹചര്യം ഉണ്ടാവരുത്. അതേസമയം, തിരക്കു നിയന്ത്രിക്കാനും പൊലീസിന്‍റെ നിയന്ത്രണത്തിൽ കാര്യങ്ങൾ നിർത്താനും കഴിയുകയും വേണം.
കഴിഞ്ഞ തവണ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടും കാര്യമായ പരാതികളില്ലാതെ ശബരിമല തീർഥാടനം പൂർത്തിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും കഴിഞ്ഞിരുന്നു. സർക്കാരിന്‍റെ വിവിധ വകുപ്പുകൾ ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഇതിനു സഹായിച്ചിട്ടുണ്ട്. ഇത്തവണയും അത്തരത്തിലുള്ള ഏകോപനം ഉണ്ടാവണം. കൂടുതൽ തീർഥാടകർ എത്തുമെന്ന കണക്കുകൂട്ടലിൽ ഇനിയെന്തൊക്കെ ചെയ്യേണ്ടതുണ്ടെന്നു ബന്ധപ്പെട്ട എല്ലാവരും ആലോചിക്കട്ടെ. നിലയ്ക്കലിൽ നിന്ന് സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ തീർഥാടകരുടെ തിക്കും തിരക്കുമാണ്. മുൻവർഷത്തേതു പോലെ ബാരിക്കേഡ് വച്ചുള്ള നിയന്ത്രണ സംവിധാനം നിലയ്ക്കലിൽ ഏർപ്പെടുത്താത്തത് തിരക്കു കൂടാൻ കാരണമായിട്ടുണ്ടെന്നു പറയുന്നു. തീർഥാടകരുടെ ബസ് യാത്ര ദുരിതപൂർണമായി മാറുന്ന സ്ഥിതിയുണ്ടെങ്കിൽ എത്രയും വേഗം അതിനു പരിഹാരം കാണേണ്ടതുണ്ട്.
ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയത് ഏതാനും ദിവസം മുൻപാണ്. 53 ലക്ഷം ഭക്തർ വരുന്നിടത്ത് 1000 ശുചിമുറികൾ കൊണ്ട് എന്തു കാര്യമെന്നു കോടതി ചോദിക്കുകയുണ്ടായി. പ്രതിദിനം ഒരുലക്ഷം പേർ ദർശനത്തിനായി എത്തുന്ന സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ കൂടുതൽ ശ്രദ്ധയുണ്ടാവേണ്ടതുണ്ടെന്ന കാര്യത്തിൽ ഭക്തജനങ്ങൾക്ക് ഒരു സംശയവും ഉണ്ടാവാനിടയില്ല.