മണ്ഡലകാല തീർഥാടനം സുഗമമാവട്ടെ

നാനാഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ വ്രതമെടുത്ത്, ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് എത്തുന്ന നാളുകളാണ് ഇനി
മണ്ഡലകാല തീർഥാടനം സുഗമമാവട്ടെ

ശബരിമല തീർഥാടന കാലം തുടങ്ങുന്നു.

file image

Updated on: 

ഇനി ശരണമന്ത്രങ്ങൾ ഉരുവിടുന്ന ദിനങ്ങളാണ്. ഭക്തിനിർഭരമായ മണ്ഡലകാലത്തിനു നാളെ തുടക്കമാവുന്നു. മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട ഇന്നു വൈകിട്ട് തുറക്കുകയാണ്. നാനാഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ വ്രതമെടുത്ത്, ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് എത്തുന്ന നാളുകളാണ് ഇനിയുള്ളത്. മണ്ഡല- മകരവിളക്കു മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ അവകാശപ്പെടുന്നത്. ഈ ഒരുക്കങ്ങൾ ഭക്തർക്കു തൃപ്തി നൽകുന്നതാണോയെന്നു വരുംദിവസങ്ങളിലാണു വ്യക്തമാവുക. അയ്യപ്പഭക്തരുടെ ദർശനത്തിനു വേണ്ട ഏർപ്പാടുകളിൽ ഒരു തരത്തിലുള്ള വീഴ്ചകളും സംഭവിച്ചിട്ടുണ്ടാവില്ല എന്നുതന്നെ നമുക്കു കരുതാം. സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇനി ബാക്കി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതു വരുന്ന മണിക്കൂറുകളിൽ തന്നെ ചെയ്തു തീർക്കേണ്ടതുമുണ്ട്.

നിലയ്ക്കലിൽ അയ്യായിരത്തോളം പേർക്ക് ഒരേസമയം വിശ്രമിക്കാൻ കഴിയുന്ന വലിയ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. ശബരിമല പാതകളിൽ വിശ്രമത്തിനായി സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം മലകയറുന്ന ഭക്തരെ സഹായിക്കും. ഈ തീർഥാടന കാലത്ത് 50 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരമാണു തയാറാക്കുന്നതത്രേ. കന്നിമാസ പൂജകൾക്കായി സെപ്റ്റംബറിൽ നട തുറന്നപ്പോൾ അരവണക്ഷാമം നേരിട്ടിരുന്നു. മണ്ഡലകാലത്തിനു മുന്നോടിയായി അരവണ പ്ലാന്‍റിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ഉത്പാദനം നിർത്തിവച്ചതാണു കാരണം. ആവശ്യത്തിനു പ്രസാദം ലഭിക്കാത്തതിനെത്തുടർന്നു തീർഥാടകർ നിരാശരാവുന്ന സാഹചര്യമുണ്ടായി. സർക്കാരും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കത്തിനും ഇതു കാരണമായി. ദേവസ്വം മന്ത്രി കെ. മുരളീധരൻ ദേവസ്വം ബോർഡിനെ പരസ്യമായി വിമർശിച്ചു. പ്രതിദിന ഉത്പാദന ശേഷി 2.5 ലക്ഷത്തിൽ നിന്ന് 3.5 ലക്ഷം ടിന്നുകളായി ഉയർത്താനാണു പ്ലാന്‍റ് നവീകരണം വഴി ലക്ഷ്യമിട്ടതെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞത്. നവീകരണത്തിനു ശേഷം പ്ലാന്‍റിൽ ഉത്പാദനം പൂർണതോതിൽ നടക്കുന്നുണ്ട്. ആവശ്യാനുസരണം അരവണ നൽകാനുള്ള സജ്ജീകരണങ്ങൾ ഉണ്ടാവുമെന്നു വരും ദിവസങ്ങളിലെല്ലാം ദേവസ്വം ബോർഡ് ഉറപ്പുവരുത്തട്ടെ. തീർഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക "സ്വാമി പ്രസാദം' ബുക്കിങ് കൗണ്ടറും പാഴ്സൽ ബുക്കിങ് സൗകര്യവും ഒരുക്കാൻ ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിൽ കരാറിൽ ഏർപ്പെട്ടിട്ടുള്ളതും നല്ല കാര്യമാണ്. ഈ പ്രത്യേക കൗണ്ടർ വഴി അയ്യപ്പഭക്തർക്ക് "സ്വാമി പ്രസാദവും' "അരവണ പായസവും' അപ്പവും സ്പ‌ീഡ് പോസ്റ്റ് പാർസലായി രാജ്യത്തെവിടെയും അയയ്ക്കാം.

പ്രതിദിനം 80,000 പേർക്കുള്ള ദർശനത്തിനാണ് അനുമതി നൽകിയിട്ടുള്ളത്. ഇതിൽ 66,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴി ദർശനം നടത്താം. തീർഥാടകർ വെർച്വൽ ക്യു സംവിധാനം പരമാവധി പ്രയോജനപ്പെടുത്തിയാൽ തിരക്കു നിയന്ത്രിക്കുന്നതിന് അതു സഹായകമാവും. ഇതുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണത്തിന് തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ പൊലീസ് മേധാവികളോട് കേരള ഡിജിപി നേരിട്ട് അഭ്യർഥിച്ചിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുകയുണ്ടായി. ഡ്യൂട്ടിയിലുള്ള പൊലീസുകാർ തീർഥാടകരോടു സൗഹൃദപരവും സഹാനുഭൂതിയോടെയുമുള്ള സമീപനം സ്വീകരിക്കണമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചിട്ടുള്ളത്. ശബരിമലയിൽ പൊലീസുകാരുടെ ആത്മാർഥമായ സേവനം എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു പ്രത്യേകം പറയേണ്ടതില്ല. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്‍റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്‍റെയും സേവനം ഉറപ്പുവരുത്തേണ്ടതുണ്ട്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും സുരക്ഷാ സംവിധാനങ്ങളും പൊലീസ് സേവനങ്ങളും ഏകോപിപ്പിക്കുന്നതും പ്രധാന കാര്യമാണ്. പാർക്കിങ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതും അതീവ പ്രാധാന്യമർഹിക്കുന്ന വിഷയം തന്നെ.

ആവശ്യമായി വരുന്നപക്ഷം തീർഥാടകർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിലും വീഴ്ചയുണ്ടാവരുത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ, വിദഗ്ധ ഡോക്റ്റർമാരുടെ സേവനം, മരുന്നുകളുടെ ലഭ്യത തുടങ്ങിവയെല്ലാം ഉറപ്പുവരുത്തണം. അതുപോലെ തന്നെയാണ് യാത്രാസൗകര്യങ്ങളുടെ കാര്യവും. ആദ്യഘട്ടത്തിൽ വിവിധ ഡിപ്പോകളിൽ നിന്ന് 461 ബസുകൾ സർവീസ് നടത്തുമെന്നാണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത്. തീർഥാടനകാലം പുരോഗമിക്കുമ്പോൾ യാത്രക്കാർ എത്രമാത്രമെന്നതിൽ കൂടുതൽ വ്യക്തതയുണ്ടാവും. അതിനനുസരിച്ച് ബസുകളുടെ എണ്ണം തിട്ടപ്പെടുത്തി ശബരിമല യാത്ര സുഗമമാക്കുന്നതിനു പ്രത്യേക ശ്രദ്ധയുണ്ടാവേണ്ടതാണ്. ഇടത്താവളങ്ങളിൽ വേണ്ടത്ര സൗകര്യങ്ങളൊരുക്കുക എന്നതും ജാഗ്രത ആവശ്യമായ വിഷയമാണ്. ദേവസ്വം ബോർഡുകൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുക തന്നെ വേണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ദേവസ്വം ബോർഡിന്‍റെയും ഏകോപിച്ചുള്ള പ്രവർത്തനമാണു തീർഥാടന സീസൺ വിജയിപ്പിക്കുന്നതിന് ആവശ്യമായിട്ടുള്ളത്.