

ശബരിമല സന്നിധാനം
ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളെക്കുറിച്ച് ആശങ്കകളുയരുന്നതിനിടെയാണ് ഏതാനും ദിവസം മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ മുഖ്യമന്ത്രി വി.ഡി. സതീശനെ ഓഫിസിലെത്തി കണ്ടു ചർച്ച നടത്തിയത്. ദേവസ്വം ബോർഡും സർക്കാരും തമ്മിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഈ കൂടിക്കാഴ്ചയെന്നു പ്രത്യേകം പറയേണ്ടതുണ്ട്. ശബരിമലയിലെ ഓണസദ്യ, അരവണ തുടങ്ങിയ വിവാദങ്ങളിൽ ദേവസ്വം ബോർഡിനെ മന്ത്രി കെ. മുരളീധരൻ രൂക്ഷമായി വിമർശിക്കുകയുണ്ടായി. കന്നിമാസ പൂജയ്ക്കു നട തുറന്നപ്പോൾ രൂക്ഷമായ അരവണ ക്ഷാമമാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. അരവണ പ്രസാദം ലഭിക്കാതെ നിരവധി ഭക്തർക്കു മലയിറങ്ങേണ്ടി വന്നു. ഇതു വലിയ തോതിൽ വിമർശനത്തിനിടയാക്കിയിരുന്നു.
മതിയായ കരുതൽ ശേഖരം ഒരുക്കാതെ അറ്റകുറ്റപ്പണി നടത്താൻ പ്രസാദ നിർമാണ പ്ലാന്‍റുകളുടെ ഉത്പാദനം പൂർണമായും നിർത്തിയതാണു പ്രതിസന്ധിക്കിടയാക്കിയത്. ഈ വിഷയത്തിൽ മന്ത്രി മുരളീധരൻ ദേവസ്വം ബോർഡിനെതിരേ രംഗത്തുവരുകയുണ്ടായി. മാസപൂജാ വേളയിൽ തന്നെ ആവശ്യത്തിന് അരവണ സൂക്ഷിക്കാൻ ദേവസ്വം ബോർഡിനു കഴിഞ്ഞില്ലെങ്കിൽ മണ്ഡല സീസണിൽ എന്താവും അവസ്ഥ എന്ന ചോദ്യം ഉയർന്നതു സ്വാഭാവികമാണ്. തീർഥാടന കാലത്തിനു മുൻപ് പ്ലാന്‍റ് പൂർണ സജ്ജമാക്കാനാണ് അരവണ നിർമാണം നിർത്തിവച്ചതെന്നും മണ്ഡലകാലത്ത് ഇതുപോലൊരു പ്രശ്നം ഉണ്ടാവില്ലെന്നും ദേവസ്വം ബോർഡ് അധികൃതർ അവകാശപ്പെടുന്നുണ്ട്. അരവണ പ്രശ്നം വലിയ ചർച്ചയാവുന്നതിനു മുൻപാണ് തിരുവോണ ദിവസം ഭക്തർക്കു പരമ്പരാഗത ഓണസദ്യയ്ക്കു പകരം പുലാവ് നൽകിയതിനെച്ചൊല്ലിയുള്ള വിവാദം ഉയർന്നത്. ഈ വിഷയത്തിലും മന്ത്രിയും ദേവസ്വം ബോർഡും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്തായാലും മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം സർക്കാരും ദേവസ്വം ബോർഡും ഒരുമിച്ചു പോകാനുള്ള ധാരണയുണ്ടായിട്ടുണ്ടെന്നാണു മനസിലാവുന്നത്.
മണ്ഡലകാലത്ത് എല്ലാം ഭംഗിയായി നടത്തുന്നതിന് സർക്കാരിന്‍റെ എല്ലാ സഹായവും മുഖ്യമന്ത്രി ദേവസ്വം പ്രസിഡന്‍റിന് ഉറപ്പുനൽകിയിട്ടുണ്ടെന്നു പറയുന്നു. സർക്കാരുമായി സഹകരിച്ച് ശബരിമല തീർഥാടനം ഭംഗിയാക്കുമെന്ന് കെ. ജയകുമാർ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം മാധ്യമ പ്രവർത്തകരോടു പറയുകയുണ്ടായി. ശബരിമലയിൽ നടക്കുന്ന ഓരോ കാര്യങ്ങളിലുമുള്ള പുരോഗതി സർക്കാരിനെ അറിയിച്ച് പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകാനാണു ബോർഡിന്‍റെ തീരുമാനമത്രേ. സാധാരണ നടക്കുന്നതിൽ നിന്നു വ്യത്യസ്‌തമായി ചിട്ടയായ ശബരിമല തീർഥാടനം ഒരുക്കാൻ ബോർഡിനു സാധിക്കുമെന്നും ജയകുമാർ അവകാശപ്പെടുന്നുണ്ട്. എന്തായാലും ഇനിയുള്ള ദിവസങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും ഒന്നിച്ചു നീങ്ങേണ്ടത് മണ്ഡലകാല മുന്നൊരുക്കങ്ങളിൽ പ്രധാനമാണ്.
നിരവധി ജോലികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്തു തീർക്കാനുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണി അടക്കം അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകൾ നികത്തണം. കുടിവെള്ള വിതരണ സംവിധാനങ്ങൾ, ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികൾ, ശുചീകരണ- മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ എന്നിങ്ങനെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും കെഎസ്ആർടിസിയും ആരോഗ്യ വകുപ്പും എല്ലാം അവരുടേതായ തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ഇതിലൊന്നും കാലതാമസമില്ലാതെ നോക്കേണ്ടതാണ്. അരവണ, അപ്പം വിതരണം സുഗമമായി നടക്കണം. തിരക്കു നിയന്ത്രിക്കാൻ എഐ ക്യാമറ ഉപയോഗിച്ചുകൊണ്ടുള്ള സംവിധാനം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. നിലയ്ക്കലിൽ കൺട്രോൾ റൂം സ്ഥാപിച്ച് ഭക്തരുടെ വരവും വാഹനങ്ങളുടെ പാർക്കിങ്ങും ഏകോപിപ്പിക്കുമെന്നും പറയുന്നു. നവീകരണ പ്രവർത്തനങ്ങൾ ഒക്റ്റോബർ അവസാനത്തോടെ അവസാനിപ്പിക്കാനാണു പദ്ധതി. ഇതെല്ലാം കൃത്യമായി നടക്കണമെങ്കിൽ വ്യക്തമായ ആസൂത്രണത്തോടെയും ദൃഢനിശ്ചയത്തോടെയും പ്രവർത്തിക്കേണ്ടതുണ്ട്.
തീർഥാടനത്തിന്‍റെ ഭാഗമായുള്ള പ്രവൃത്തികൾക്ക് പൊതുമരാമത്തു വകുപ്പിന് 551.50 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. 2025-26ൽ 377.80 കോടിയും 2024-25ൽ 326.97 കോടിയുമാണ് ശബരിമല തീർഥാടന മുന്നൊരുക്കൾക്കു സർക്കാർ അനുവദിച്ചിരുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ സ്വാഗതാർഹമായ നീക്കമാണ് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണു ശബരിമലയിലേത്. അവർക്കെല്ലാം സുഖദർശനം ഉറപ്പാക്കുക എന്നതാണു സർക്കാരിനും ദേവസ്വം ബോർഡിനും അതുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങൾക്കും ചെയ്യാനുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന തീർഥാടക ലക്ഷങ്ങൾ സംതൃപ്തിയോടെ മടങ്ങുന്നുവെന്ന് ഉറപ്പിക്കാൻ വനമേഖലയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ നമുക്കു കഴിയണം. മുന്നൊരുക്കങ്ങളുടെ പുരോഗതി നിരന്തരം വിലയിരുത്തപ്പെടുകയും പോരായ്മകൾ ചൂണ്ടിക്കാണിക്കപ്പെടുകയും ആവശ്യമായ തിരുത്തലുകൾ ഒട്ടും വൈകാതെ നടത്തുകയും വേണം.