

സുരക്ഷ ഉറപ്പാക്കണം, ദേശീയപാതയിൽ
സംസ്ഥാനത്ത് ദേശീയപാതാ നിർമാണത്തിലുണ്ടാകുന്ന അപാകതകൾ അടുത്തകാലത്തു പലവട്ടം ചർച്ച ചെയ്തതാണ്. ദേശീയപാത 66ന്‍റെ വികസന പ്രവർത്തനങ്ങൾക്കിടെ പലയിടത്തും വിള്ളലുകളുണ്ടാവുന്നതും ഇടിഞ്ഞു വീഴുന്നതും ശ്രദ്ധേയമായ വാർത്തകളായിട്ടുണ്ട്. കേരളത്തിലെ മണ്ണിന്‍റെ സ്വഭാവം പരിഗണിക്കാതെയും കാലാവസ്ഥ മനസിലാക്കാതെയും അശാസ്ത്രീയമായ രീതിയിലുള്ള ഹൈവേ നിർമാണമാണു പ്രശ്നങ്ങളുണ്ടാക്കുന്നതെന്നു പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സുരക്ഷാ ആശങ്കകളുണ്ടായ സ്ഥലങ്ങളിൽ ഈ രീതിയിലുള്ള നിർമാണമല്ല നടത്തേണ്ടതെന്ന് അവിടെയുള്ള നാട്ടുകാർ തന്നെ പറഞ്ഞിട്ടുണ്ട്. മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടുള്ള നിർമാണം അപകടം വരുത്തിവച്ച അവസാന സംഭവമാണ് കൊല്ലം മൈലക്കാടിനടുത്ത് ദേശീയപാതയിൽ ഉണ്ടായത്. നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് സ്കൂൾ ബസ് ഉൾപ്പെടെ വാഹനങ്ങൾ അപകടത്തിൽപ്പെടുകയുണ്ടായി. വലിയൊരു ദുരന്തം ഒഴിവായതു ഭാഗ്യം കൊണ്ടു മാത്രമാണ്.
30 അടിയോളം ഉയരത്തിൽ മണ്ണിട്ടു പൊക്കി നിർമാണം നടന്നുവരുന്ന പാതയിൽ വലിയ ഗർത്തം രൂപപ്പെടുകയും പാർശ്വഭിത്തി ഇടിഞ്ഞു താഴുകയുമായിരുന്നു. ഇതേത്തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. ആ സമയം സർവീസ് റോഡിലൂടെ കടന്നുപോയിരുന്ന സ്കൂൾ ബസും മൂന്നു കാറുകളും വിള്ളലിൽ കുടുങ്ങി. ബസിലുണ്ടായിരുന്ന കുട്ടികളെയും മറ്റു വാഹനങ്ങളിലുണ്ടായിരുന്നവരെയും പരുക്കില്ലാതെ രക്ഷപെടുത്താനായി എന്നതു വലിയ ആശ്വാസം തന്നെയാണ്. എന്നാൽ, ഉയരപ്പാതയിലെ മണ്ണിടിച്ചിൽ ജനങ്ങളിൽ വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.
വിശാലമായ വയലും തോടുമുള്ള ഭാഗത്ത് മണ്ണിന്‍റെ ഘടന കണക്കിലെടുക്കാതെ മണ്ണിട്ടുയർത്തി പാത നിർമാണം നടത്തിയതാണ് മണ്ണിടിച്ചിലിനു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടെ ഇത്തരത്തിൽ പാത നിർമിക്കുന്നതു സുരക്ഷിതമല്ലെന്ന പരാതി നേരത്തേ തന്നെ ഉയർന്നതാണ്. മുൻപ് ദേശീയപാതയിൽ മലപ്പുറം കൂരിയാട്ടു സംഭവിച്ചതും ഇതു തന്നെയാണ്. അവിടെയും റോഡ് ഇടിഞ്ഞു താഴ്ന്നതു വലിയ ദുരന്തമായി മാറാതിരുന്നതു ഭാഗ്യം കൊണ്ടു മാത്രമായിരുന്നു.
ദേശീയപാത വയലിലൂടെ കടന്നുപോകുന്ന ഭാഗത്ത് ഇന്‍റർലോക്ക് കട്ടകൾ വച്ച് മണ്ണിട്ടു കെട്ടിപ്പൊക്കിയ റോഡ് ഇടിഞ്ഞു താഴുകയായിരുന്നു. സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്കാണ് ഇന്‍റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണത്. കുട്ടികൾ അടക്കം എട്ടു പേർക്കു പരുക്കേറ്റു. അശാസ്ത്രീയമായ വിധത്തിലാണ് ഇവിടുത്തെ റോഡ് നിർമാണമെന്ന് മുൻപു തന്നെ നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നു. അതൊന്നും ആരും വേണ്ടവിധത്തിൽ ഗൗനിച്ചില്ല.
ബലമില്ലാത്ത അടിത്തറയിൽ വളരെ ഉയരത്തിൽ റോഡുകൾ നിർമിക്കുമ്പോഴാണ് ദുരന്തങ്ങൾക്കു കാരണമാവുന്നത്. കായലുകളിൽ നിന്നുള്ള മണ്ണ് ദേശീയപാതാ നിർമാണത്തിന് ഉപയോഗിക്കുന്നതു സുരക്ഷിതമാണോ എന്ന ആശങ്ക ചിലർ പങ്കുവയ്ക്കുന്നുണ്ട്. ചതുപ്പു പ്രദേശങ്ങളിൽ മണ്ണിട്ടുപൊക്കി റോഡ് നിർമിക്കുന്നതിനു പകരം കോൺക്രീറ്റ് എലിവേറ്റഡ് ഹൈവേയാണ് നിർമിക്കേണ്ടതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മൈലക്കാടും കൂരിയാടും മാത്രമല്ല കാഞ്ഞങ്ങാട് മുതൽ ഇങ്ങോട്ട് പലയിടത്തും ദേശീയപാതയിലും സർവീസ് റോഡിലും വിള്ളലുകളുണ്ടായിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ തന്നെ തലപ്പാറയിലും എടരിക്കോട് മമ്മാലിപ്പടിയിലും ഹൈവേയിൽ വിള്ളലുകളുണ്ടായി. തലപ്പാറയിൽ മണ്ണിട്ട് ഉയർത്തിയ ഭാഗത്ത് നിർമാണം പൂർത്തിയായി ഏതാനും ദിവസങ്ങൾക്കുള്ളിലാണു വിള്ളൽ കണ്ടെത്തിയത്. കൂരിയാടിനു സമീപമുള്ള മമ്മാലിപ്പടിയിൽ പാലത്തിൽ വിള്ളൽ കണ്ടെത്തുകയായിരുന്നു. തൃശൂർ ജില്ലയിലെ ചാവക്കാട് മണത്തല പ്രദേശത്തെ മേൽപ്പാലത്തിനു മുകളിലും റോഡ് വിണ്ടുകീറുകയുണ്ടായി.
ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ദേശീയപാതാ അധികൃതർ വിള്ളൽ ടാറിട്ടു മൂടി പ്രശ്നത്തിന്‍റെ ഗൗരവം കുറയ്ക്കാനുള്ള ശ്രമം നടത്തിയതു മാധ്യമ വാർത്തകളിലൂടെ പുറത്തുവന്നതാണ്. കോഴിക്കോട് മലാപ്പറമ്പിൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത സർവീസ് റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവവും ഉണ്ടായി. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതാ നിർമാണത്തിനിടെ മണ്ണിടിഞ്ഞു. മഴയിൽ മണ്ണും ചെളിവെള്ളവും സമീപപ്രദേശത്തുള്ള വീടുകളിലേക്ക് ഒഴുകിയെത്തി.
അവിടെ നാട്ടുകാർ വലിയ പ്രതിഷേധവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മാവുങ്കാലിനു സമീപം ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞുതാഴ്ന്നു. ഹൈവേയിൽ വലിയ വിള്ളലും ഉണ്ടായി. ഇതൊക്കെ സമീപകാലത്തു സംഭവിച്ചതാണ്. ഓരോ ദിവസവും നൂറുകണക്കിനു യാത്രക്കാർ സഞ്ചരിക്കേണ്ടതാണു ദേശീയപാതകൾ. അതിന്‍റെ നിർമാണത്തിന് എളുപ്പപ്പണി നോക്കിയതുകൊണ്ട് കാര്യമില്ല.
യാത്രക്കാരുടെ സുരക്ഷയാണു മുഖ്യം. ദേശീയപാതയിൽ എവിടെയൊക്കെയാണ് ഇത്തരത്തിൽ ബലമില്ലാത്ത അടിത്തറയുള്ളതെന്നു വിശദമായി പരിശോധിക്കേണ്ടതുണ്ട്. അപകടമുണ്ടായ ശേഷം അശാസ്ത്രീയമായ നിർമാണത്തെ കുറ്റപ്പെടുത്തിയതുകൊണ്ടായില്ല. കരാറുകാർക്കെതിരേ ഒരു മാസത്തെ വിലക്കു പോലുള്ള നടപടികളെടുത്തിട്ടും ഒരു കാര്യവുമില്ല. ദേശീയപാതാ അഥോറിറ്റിക്ക് എത്രയോ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താനാവും.
എന്നിട്ടും എന്തുകൊണ്ടാണു കേരളത്തിൽ ഈ വിധത്തിലുള്ള പാളിച്ചകൾ ഉണ്ടാകുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം പരിശോധിക്കട്ടെ. ദേശീയപാതാ അഥോറിറ്റിയുടെയും നിര്‍മാണ കമ്പനിയുടെയും അനാസ്ഥയ്ക്കു വലിയ വില നൽകേണ്ടിവരാമെന്ന് ഓർക്കുക. ദേശീയപാതയുടെ ഡിസൈൻ മുതലുള്ള എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത് ദേശീയപാതാ അഥോറിറ്റിയാണെന്നു സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, കേന്ദ്ര ഗതാഗത മന്ത്രാലയത്തെ കാര്യങ്ങൾ ധരിപ്പിച്ച് പരിഹാര നടപടികൾ സ്വീകരിക്കാനുള്ള സമ്മർദം ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാരിനു കഴിയും.