ഡോക്റ്റർമാരുടെ സുരക്ഷയിൽ വീഴ്ചയുണ്ടാവരുത് | മുഖപ്രസംഗം

safety of doctors should not be compromised editorial
ഡോക്റ്റർമാരുടെ സുരക്ഷയിൽ വീഴ്ചയുണ്ടാവരുത് | മുഖപ്രസംഗംfile
Updated on

സർക്കാർ ആശുപത്രികളിൽ ഡോക്റ്റർമാർ അടക്കം ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞ വിഷയമാണ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കർശനമായ നിയമവും സുരക്ഷാ സംവിധാനങ്ങളും ആവശ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചു സർക്കാർ ആശുപത്രികളിൽ ഡോക്റ്റർമാർക്കു സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയാത്ത അവസരങ്ങൾ പലപ്പോഴും ഉണ്ടാവുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു സുരക്ഷാ ഗാർഡുകളെ നിയോഗിക്കുക, കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങി പല നിർദേശങ്ങളും ഡോക്റ്റർമാർ മുന്നോട്ടുവയ്ക്കുന്നുണ്ട്. 75 ശതമാനം ഡോക്റ്റർമാരും ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തെ അഭിമുഖീകരിച്ചിട്ടുള്ളവരാണെന്ന് ഐഎംഎയുടെ ഒരു സർവെയിൽ കണ്ടെത്തുകയുണ്ടായി.

ഇപ്പോൾ ഇതേ വിഷയം വീണ്ടും ഡോക്റ്റർമാർക്കിടയിലെ ആശങ്കയായി ഉയർന്നുവന്നിരിക്കുകയാണ്. അതിനു കാരണമായിരിക്കുന്നത് പശ്ചിമ ബംഗാളിൽ ജൂണിയർ വനിതാ ഡോക്റ്റർ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവവും. കോൽക്കത്തയിലെ ആർജി കർ സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂണിയർ ഡോക്റ്ററെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവമുണ്ടായത്. കോൽക്കത്ത പൊലീസിൽ സിവിൽ വോളണ്ടിയറായ സൻജയ് റോയിയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്. നെഞ്ചുരോഗ വിഭാഗത്തിൽ പിജി ട്രെയ്‌നിയായ വനിതാ ഡോക്റ്ററുടെ മൃതദേഹം കോളെജിലെ സെമിനാർ ഹാളിലായിരുന്നു ശരീരം മുഴുവൻ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗിക പീഡനവും സ്ഥിരീകരിച്ചു. മുഖത്തും സ്വകാര്യ ഭാഗങ്ങളിലുമടക്കം ശരീരത്തിൽ പലയിടത്തും ആഴത്തിലുള്ള ക്ഷതമേറ്റിട്ടുണ്ട്. ഡോക്റ്ററുടെ തല ചുമരിൽ ഇടിക്കുകയും വായ പൊത്തിപ്പിടിക്കുകയും കഴുത്തു ഞെരിക്കുകയും ചെയ്തു. കഠിന ഹൃദയങ്ങളെപോലും നടുക്കുന്ന ക്രൂരതകളാണ് പ്രതി ഈ യുവതിയോടു കാണിച്ചിരിക്കുന്നത്.

സംഭവത്തെത്തുടർന്ന് ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ ഡോക്റ്റർമാർ പണിമുടക്ക് ആരംഭിച്ചതോടെ അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങൾ തടസപ്പെടുകയുണ്ടായി. രാജ്യത്തെ വിവിധ നഗരങ്ങളിലും ഡോക്റ്റർമാർ സമരം പ്രഖ്യാപിച്ചു. മെഡിക്കൽ കോളെജ് സൂപ്രണ്ടിനെ സ്ഥാനത്തു നിന്നു നീക്കുകയും പ്രിൻസിപ്പൽ രാജിവയ്ക്കുകയും ചെയ്തെങ്കിലും സമരം അവസാനിച്ചില്ല. കേസന്വേഷണം കോൽക്കത്ത ഹൈക്കോടതി ഇന്നലെ സിബിഐയ്ക്കു വിട്ടിരിക്കുകയാണ്. കേസ് കൈകാര്യം ചെയ്യുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതരമായ പാളിച്ചകളുണ്ടായെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി.

ആശുപത്രിയിലെ പൊലീസ് ഔട്ട്പോസ്റ്റിൽ ജോലി ചെയ്തിരുന്ന സഞ്ജയ് റോയി ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണെന്ന് മുൻ അനുഭവങ്ങളുണ്ടത്രേ. ആശുപത്രിയിലെത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതടക്കം കുറ്റങ്ങൾ ഇയാളുടെ പേരിൽ ആരോപിക്കപ്പെടുന്നുണ്ട്. കോൽക്കത്ത പൊലീസിലെ ഉദ്യോഗസ്ഥനാണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാളുടെ പ്രവർത്തനങ്ങൾ. ആശുപത്രിയിൽ വച്ചു തന്നെ സ്ത്രീകളോടു പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. ഏതാനും ആഴ്ചകൾ മുൻപ് ഒരു വനിതാ ഡോക്റ്ററോടും മോശമായി പെരുമാറി. ഒന്നിലധികം വിവാഹങ്ങൾ കഴിച്ചിരുന്നു ഇയാളെന്നും പൊലീസ് പറയുന്നു. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി അശ്ലീല വിഡിയോകൾ പൊലീസ് കണ്ടെത്തി. ഇത്തരം ക്രിമിനലുകൾ പൊലീസിന്‍റെ സഹായിയായി പൊതുജന സേവനത്തിനു നിയോഗിക്കപ്പെടുന്നത് എത്ര വിചിത്രമാണ്. ആശുപത്രിയിലെ എല്ലാ ഡിപ്പാർട്ട്മെന്‍റിലും കടന്നുകയറാൻ ഇയാൾക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നാണു പറയുന്നത്. ഇയാളെ ഇത്രനാൾ സംരക്ഷിച്ച പൊലീസും ആശുപത്രി അധികൃതരും അതിന്‍റെ പേരിൽ തന്നെ പ്രതിക്കൂട്ടിലാവേണ്ടതാണ്.

പശ്ചിമ ബംഗാളിൽ എന്നല്ല രാജ്യത്തെവിടെയായാലും ആശുപത്രികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ ഇടപെട്ട് സ്വീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം മേയിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് ആശുപത്രിയിൽ പരിശോധനയ്ക്കു കൊണ്ടുവന്ന അക്രമിയുടെ കുത്തേറ്റു മരിച്ച സംഭവം കേരളത്തിനു മറക്കാനാവുന്നതല്ല. ആരോഗ്യ പ്രവർത്തകർ നാടിനു ചെയ്യുന്ന സംഭാവനകൾ എത്ര വലുതാണെന്ന തിരിച്ചറിവിൽ നിന്നുവേണം അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടത്.

Trending

No stories found.

Latest News

No stories found.