സ്വവർഗ വിവാഹം: ചർച്ചകൾ തുടരട്ടെ | മുഖപ്രസംഗം

നിയമത്തിൽ ഇടപെടുന്നില്ലെങ്കിലും സ്വവർഗ പങ്കാളികളുടെ അവകാശങ്ങൾ ഹനിക്കരുതെന്നും അവർക്കു സംരക്ഷണം നൽകണമെന്നും കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്
same sex marriage supreme court verdict
same sex marriage supreme court verdict

രാജ്യത്ത് സ്വവർഗ വിവാഹത്തിനു തത്കാലം നിയമസാധുത ലഭിക്കില്ലെന്നാണ് ഇന്നലത്തെ സുപ്രീം കോടതി വിധിയിലൂടെ വ്യക്തമാവുന്നത്. "നിയമ നിർമാണത്തിന് അധികാരമുള്ളതു പാർലമെന്‍റിനാണ്. നിയമമുണ്ടാക്കുകയല്ല, വ്യാഖ്യാനിക്കുകയാണ് കോടതി ചെയ്യുന്നത്. സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകണമെങ്കിൽ പാർലമെന്‍റ് നിയമമുണ്ടാക്കണം''- പരമോന്നത കോടതിയുടെ ഭരണഘടനാ ബെഞ്ച് കൃത്യമായി പറയുന്നു. സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം രാജ്യത്ത് സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിനു മാത്രമാണു നിയമസാധുതയുള്ളത്. ഈ നിയമത്തിൽ മാറ്റം വരുത്തിയാലേ സ്വവർഗ വിവാഹങ്ങളും നിയമവിധേയമാവുകയുള്ളൂ. നിയമത്തിൽ ഇടപെടുന്നില്ലെങ്കിലും സ്വവർഗ പങ്കാളികളുടെ അവകാശങ്ങൾ ഹനിക്കരുതെന്നും അവർക്കു സംരക്ഷണം നൽകണമെന്നും കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്.

സ്വവർഗ വിവാഹത്തെ എതിർക്കുന്നതായിരുന്നു കോടതിയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട്. വിവാഹമെന്ന സങ്കൽപ്പങ്ങൾക്ക് എതിരാണ് സ്വവർഗ വിവാഹങ്ങളെന്നു കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ഭർത്താവും ഭാര്യയും കുട്ടികളും അടങ്ങുന്നതാണു കുടുംബം. നിലവിലുള്ള വ്യക്തിനിയമങ്ങൾക്കും സ്വവർഗ വിവാഹം എതിരാവും. ഗാർഹിക പീഡനത്തിനെതിരായ നിയമങ്ങളിലെ വിവിധ വകുപ്പുകൾ നടപ്പാക്കുന്നതിനടക്കം തടസങ്ങളുണ്ടാവും. പൊതുജനഹിതം സ്വവർഗ വിവാഹത്തിന് അനുകൂലമല്ല. വിവിധ മതവിഭാഗങ്ങൾ, അവരുടെയെല്ലാം വ്യക്തിനിയമങ്ങൾ, ആചാരങ്ങൾ എല്ലാം സർക്കാരിനു കണക്കിലെടുക്കേണ്ടതുണ്ട്- കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. അതിനർഥം സ്വവർഗ വിവാഹത്തിന് അനുകൂലമായി പാർലമെന്‍റ് ഉടനൊരു നിയമ നിർമാണത്തിനു സന്നദ്ധമാവില്ല എന്നു തന്നെയാണ്.

എന്നാൽ, ഇതു സംബന്ധിച്ച ചർച്ചകൾ ഇവിടെ അവസാനിക്കുന്നില്ല. വിവാഹം എന്ന ആശയം കാലത്തിന് അനുസൃതമായി പരിഷ്കരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ തുടർന്നും സ്വവർഗ പങ്കാളികൾക്കു വേണ്ടി രംഗത്തുണ്ടാവും. വരുംനാളുകളിൽ നിയമനിർമാണത്തിനു കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താനും ശ്രമങ്ങളുണ്ടാവും. സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകേണ്ടതാണെന്ന ഹർജിക്കാരുടെ വാദത്തോട് യോജിച്ചുകൊണ്ടുള്ള ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നിലപാട് ഇതുമായി ബന്ധപ്പെട്ട് വളരെ ശ്രദ്ധേയമായതാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിനു മാത്രമാണു നിയമസാധുത എന്നു പറയുന്നതിനോട് അദ്ദേഹത്തിനു യോജിപ്പില്ല. ‌സ്വവർഗ വിവാഹത്തിനു നിയമസാധുത തുല്യതയുടെ കാര്യമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാൻ അവകാശമില്ലെന്ന ഭൂരിപക്ഷ വിധിയോട് ചീഫ് ജസ്റ്റിസും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും വിയോജിക്കുന്നുണ്ട്. സ്വവർഗ പങ്കാളികൾക്ക് കുട്ടികളെ ദത്തെടുക്കാൻ അവകാശമുണ്ടെന്ന ചീഫ് ജസ്റ്റിസിന്‍റെ നിലപാട് തുടർന്നും ചർച്ചയാവും.

സ്വവർഗ വിവാഹം നഗരങ്ങളിലെ വരേണ്യ വർഗത്തിന്‍റെ മാത്രം താത്പര്യമാണെന്ന കേന്ദ്ര സർക്കാർ നിലപാടിന് കോടതി എതിരാണെന്നതും ശ്രദ്ധേയമാണ്. നഗരങ്ങളെയോ വരേണ്യരെയോ മാത്രം ബാധിക്കുന്ന വിഷയമല്ല ഇതെന്നു കോടതി പറയുന്നു. സ്വവർഗ വിവാഹത്തിന് അനുകൂലമായവർ ഈ നിലപാടും പ്രതീക്ഷയോടെ കാണുന്നുണ്ടാവും.

എന്തായാലും വിഷയത്തിൽ തുറന്ന ചർച്ചകൾ നടന്നു എന്നുള്ളതു സ്വാഗതാർഹമാണ്. വളരുന്ന സമൂഹം അതിനനുസരിച്ചുള്ള മാറ്റങ്ങളും ചർച്ച ചെയ്യുന്നതു സ്വാഭാവികം. ഏതാണ് ഉചിതമെന്ന് കാലാകാലങ്ങളിൽ തീരുമാനിക്കുന്നതും ചർച്ചകളിലൂടെയാണ്.

പ്രായപൂർത്തിയായവർക്കിടയിൽ സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയുണ്ടായത് 2018ലാണ്. ലിംഗവ്യത്യാസമില്ലാതെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഈ വിധിയിലൂടെ ലഭ്യമായി. ആരെയും ഭയപ്പെടാതെ സ്വവർഗ പങ്കാളികൾക്കു ജീവിക്കാമെന്നായി. സ്വവർഗ പങ്കാളികൾക്കെതിരേ ഒരു തരത്തിലുള്ള വിവേചനവും പാടില്ലെന്ന് ഇന്നലെയും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുന്നോട്ടു പോകുന്ന സമൂഹം ഇനിയും ഈ വിഷയം ചർച്ച ചെയ്തു കൊണ്ടിരിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com