ചികിത്സയ്ക്കും മരുന്നിനും ന്യായമായ നിരക്ക് | മുഖപ്രസംഗം

മരുന്നിന്‍റെ വില ഉൾപ്പെടെയുള്ള ചികിത്സാ ചെലവ് സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാവുന്നില്ല.
SC ordered states to set guidelines hospitals to not exploit patients

ചികിത്സയ്ക്കും മരുന്നിനും ന്യായമായ നിരക്ക് | മുഖപ്രസംഗം

Updated on

ആശുപത്രികൾ, പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികൾ, രോഗികളെയും അവരുടെ കുടുംബങ്ങളെയും ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ, രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളോട് മാർഗനിർദേശങ്ങളും നയങ്ങളും രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചത് സ്വാഗതാർഹമാണ്. സ്വകാര്യ ആശുപത്രികളുടെ വളർച്ച കണക്കിലെടുത്ത് സുപ്രീം കോടതി ഇക്കാര്യത്തിൽ നിർബന്ധിത നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് ഉചിതമല്ലെന്നും സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ നയപരമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഒരു കുടുംബാംഗം കാൻസർ ചികിത്സയ്ക്ക് വിധേയനായെന്നും മരുന്നുകൾക്ക് അമിതമായ വില നൽകേണ്ടി വന്നത് ഹർജിക്കാരിൽ ഒരാൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരം നടപടികൾ സാമ്പത്തിക ചൂഷണത്തിന് തുല്യമാണെന്നും ഭരണഘടനയുടെ 21ാം അനുച്ഛേദം പ്രകാരമുള്ള ആരോഗ്യത്തിനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു. സ്വകാര്യ ആശുപത്രികളും നഴ്സിങ് ഹോമുകളും അതിനോടനുബന്ധ ഫാർമസികളിൽ നിന്നുതന്നെ മരുന്നുകളും മെഡിക്കൽ സാധനങ്ങളും വാങ്ങുന്നത് നിർബന്ധമാക്കുന്നതിലൂടെ രോഗികളിൽ നിന്ന് ആസൂത്രിതമായി അമിത നിരക്ക് ഈടാക്കുകയാണ്. നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം സ്വകാര്യ ആശുപത്രികൾക്ക് അന്യായമായ നിരക്കുകൾ ചുമത്താൻ ഇടയാക്കിയിട്ടുണ്ടെന്നും അത്തരം നിർബന്ധിത നടപടികൾ തടയാൻ ജുഡീഷ്യൽ ഇടപെടൽ വേണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.

ആരോഗ്യരംഗത്ത് രാജ്യത്തുതന്നെ ഉയർന്ന സ്ഥാനമുള്ള കേരളത്തിൽ പോലും ഇടത്തരക്കാരിലെ ഒരാളിന് കാൻസർപോലുള്ള ഒരു രോഗം വന്നാൽ അവരുടെ അതുവരെയുള്ള സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. മരുന്നിന്‍റെ വില ഉൾപ്പെടെയുള്ള ചികിത്സാ ചെലവ് സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാവുന്നില്ല.

കാൻസർ മരുന്നുകൾ കേന്ദ്രസർക്കാർ വിലനിർണയത്തിന്‍റെ പരിധിയിൽ കൊണ്ടുവന്നിരുന്നെങ്കിൽ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും അത് വലിയ ആശ്വാസമാകുമായിരുന്നു. മരുന്നുകളുടെ വില നിശ്ചയിക്കുന്ന മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് കാൻസർ രോഗികൾക്ക് വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വിതരണം ചെയ്യാനായി കാരുണ്യ ഫാർമസികളെ "സീറോ പ്രോഫിറ്റ് ആന്‍റി കാന്‍സര്‍ ഡ്രഗ്‌സ് സെന്‍ററു'കളാക്കി മാറ്റിയത് നല്ല കാര്യം. ഈ പദ്ധതി വഴി കേവലം 5 മാസങ്ങള്‍ കൊണ്ട് രണ്ടരക്കോടി രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തതിൽ രോഗികൾക്ക് ഗുണം ലഭിച്ചു എന്നതും വാസ്തവം. അതിനെക്കാൾ ലാഭത്തിന് സംസ്ഥാനത്തൊട്ടാകെ മരുന്നുവിൽക്കാൻ സാധിക്കുമെങ്കിൽ അതിന് മുന്നിട്ടിറങ്ങേണ്ടേ?

പ്രൊസ്ട്രേറ്റ് കാൻസറിനുള്ള അബിറാട്ടോൺ 60 ഗുളികയ്ക്ക് വിപണി വില 39,500 രൂപയാണ്. തിരുവനന്തപുരം മെഡിക്കൽ കോളെജിലെ എസ്എടി ഹെൽത്ത് എജ്യുക്കേഷൻ സൊസൈറ്റിയുടെ ഇൻഹൗസ് ഡ്രഗ് ബാങ്കിന്‍റെ (ഐഎച്ച്ഡിബി) മരുന്നുവില അവരുടെ ആപ്പിൽ കിട്ടും. അവിടെ ഇത് കിട്ടുന്നത് 4,983 രൂപയ്ക്ക്. റ്റെമസോളമൈഡ് എന്ന കാൻസർ മരുന്നിന്‍റെ വിപണി വില 2,471 രൂപയാണെങ്കിൽ ഐഎച്ച്ഡിബി വില 471 രൂപ. പാക്സിടാക്സൽ എന്ന കാൻസർ മരുന്നിന് 4,028 ആണ് വിപണി വില. ഇവിടെ കിട്ടുന്നത് 340 രൂപ. കാൻസർ രോഗികളും ഗർഭിണികളടക്കമുള്ളവരും വലിയ തോതിൽ ഉപയോഗിക്കുന്ന അയെൺ കുത്തിവയ്പായ ലെൻസിറോണിന് 3,826 രൂപ. ഇത് ഐഎച്ച്ഡിബിയിൽ കിട്ടുന്നത് 400 രൂപ. 321 രൂപ വിപണിവിലയുള്ള അയെൺ കുത്തിവയ്പിന് ഇവിടത്തെ വില 15 കേവലം രൂപയാണ്. ഈ മരുന്നൊക്കെ വിപണി വിലയ്ക്ക് വാങ്ങേണ്ടി വരുന്ന കാൻസർരോഗികൾ എത്ര വലിയ കൊള്ളയ്ക്കാണ് വിധേയരാവുന്നത്?

ഇത്രയും കുറഞ്ഞ വിലയ്ക്ക് മരുന്ന് വിറ്റാലും ലാഭമുണ്ടാകുമെന്ന് ഐഎച്ച്ഡിബി തെളിയിച്ചു കഴിഞ്ഞു. അങ്ങനെയെങ്കിൽ അത് സംസ്ഥാന വ്യാപകമാക്കാൻ സർക്കാർ തയാറാവുകയാണ് വേണ്ടത്. ഒരു രൂപ പോലും ചെലവില്ലാതെ സർക്കാരിന് അത് ചെയ്യാവുന്നതേയുള്ളൂ. ഐഎച്ച്ഡിബിയുടെ മേൽനോട്ടത്തിൽ ഇവിടെ വിൽക്കുന്ന വിലയ്ക്കോ അതിൽ കുറഞ്ഞ വിലയ്ക്കോ മരുന്നു വിൽക്കണമെന്ന വ്യവസ്ഥ വച്ചാൽ സംസ്ഥാന വ്യാപകമായി വലിയ വിലക്കുറവിൽ രോഗികൾക്ക് മരുന്നു ലഭിക്കാൻ അവസരമൊരുങ്ങും.

സുപ്രീംകോടതി നിർദേശിച്ചതുപോലെ സ്വകാര്യ ആശുപത്രികൾ രോഗികളെ ചൂഷണം ചെയ്യാൻ പാടില്ല. അതിനായി സംസ്ഥാനത്ത് നിലവിലുള്ള കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ്സിന് പല്ലും നഖവും നൽകണം. ഇപ്പോൾ സ്വകാര്യ ആശുപത്രികളിൽ ഇൻഷ്വറൻസ് കാർഡുള്ളവർക്കും പണം നേരിട്ടു കൊടുക്കുന്നവർക്കും രണ്ടുതരം ബില്ലാണെന്ന് യാഥാർഥ്യമാണ്. എല്ലാ ചികിത്സയ്ക്കും മരുന്നിനും പരിശോധനകൾക്കും വ്യവസ്ഥകളും മാനദണ്ഡങ്ങളും ന്യായമായ നിരക്കും നിശ്ചിയിക്കാൻ സാധിക്കണം.

"രോഗം ഒരു കുറ്റമാണോ' എന്ന ചോദ്യം കേരളീയ സമൂഹത്തിന്‍റെ മുന്നിൽ ആദ്യമുയർത്തിയത് യശഃശരീരനായ തോപ്പിൽ ഭാസി "അശ്വമേധം' നാടകത്തിലൂടെയാണ്. എന്നാൽ, ഇപ്പോഴും രോഗം ഒരു കുറ്റമായി മാറുന്ന സാഹചര്യമാണുള്ളത്. അതിന് മാറ്റം വരണമെങ്കിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രതിബദ്ധതയോടെ ഇടപെടുകയാണ് വേണ്ടത്. രോഗികൾക്ക് ചികിത്സയും മരുന്നും ന്യായവിലയ്ക്ക് ലഭിക്കുന്ന സംവിധാനം നാട്ടിലാകെ പടരണം. അപ്പോഴേ, ഭരണഘടന ഉറപ്പുനൽകുന്ന ആരോഗ്യം അവകാശമായി മാറുകയുള്ളൂ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com