കണ്ണൂർ ജയിലിലെ സുരക്ഷാ വീഴ്ച

സർക്കാരും പൊലീസും ഇപ്പോൾ ആശ്വസിക്കുന്നുണ്ട് എങ്കിലും വീഴ്ചകൾ അന്വേഷിക്കാതെയും പരിശോധിക്കാതെയും പോകരുത്.
Security lapses in Kannur jail

കണ്ണൂർ ജയിലിലെ സുരക്ഷാ വീഴ്ച

Updated on

"സിസ്റ്റ'ത്തിന്‍റെ പരാജയം വിവിധ വകുപ്പുകളിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് അടുത്തകാലത്തായി ചർച്ച നടക്കുന്നത്. സർക്കാർ സംവിധാനങ്ങളപ്പാടെ തകർന്നുകഴിഞ്ഞെന്നു പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഉപകരണങ്ങളില്ലാതായതു ഗുരുതര പ്രതിസന്ധിയായി മാറിയത് സിസ്റ്റത്തിന്‍റെ പ്രശ്നമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് തന്നെ പറയുകയുണ്ടായി. എന്തായാലും ഈ "സിസ്റ്റം തകരാർ' ജയിലുകളെയും ബാധിച്ചിട്ടുണ്ടെന്നു വേണം ധരിക്കാൻ. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിലെ അതിലേറെ സുരക്ഷയുണ്ടെന്നു പറയുന്ന സെല്ലിന്‍റെ ഇരുമ്പു കമ്പികൾ മുറിച്ച്, ഏഴര മീറ്റർ ഉയരമുള്ള മതിലിൽ തുണികെട്ടി അതിലൂടെ ഊർന്നിറങ്ങി, ഒറ്റക്കൈയനായ കൊടുംക്രിമിനൽ ഗോവിന്ദച്ചാമി ജയിൽ ചാടിയത് മറ്റാരുടെയും സഹായമില്ലാതെയാണെന്നു വന്നാൽ തന്നെയും സംവിധാനത്തിൽ ഉണ്ടായിരിക്കുന്ന വളരെ വലിയ പാളിച്ചകൾ അയാളെ സഹായിച്ചിട്ടുണ്ട്. ജയിലിനു പുറത്തെത്തിയ ഗോവിന്ദച്ചാമിയെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പിടികൂടാനായി എന്നത് ആശ്വാസകരമാണ്. അയാൾ രക്ഷപെട്ടിരുന്നുവെങ്കിൽ ഇനിയും ദുരന്തങ്ങൾക്കു കാരണമാവുമായിരുന്നു. ജയിലിൽ നിന്ന് ഏതാണ്ട് മൂന്നോ നാലോ കിലോമീറ്റർ അകലെ വരെ മാത്രമേ അയാൾ എത്തിയുള്ളൂ. എവിടെയെങ്കിലും മോഷണം നടത്തി ആ പണവുമായി നാടുകടക്കുക എന്നതായിരുന്നോ അയാളുടെ ലക്ഷ്യമെന്നു സംശയിക്കുന്നുണ്ട്.

എന്തായാലും നാട്ടുകാർ അയാളെ തിരിച്ചറിഞ്ഞു എന്നതുകൊണ്ട് പൊലീസിന് എളുപ്പത്തിൽ പിടികൂടാനായി. സർക്കാരും പൊലീസും ഇപ്പോൾ ആശ്വസിക്കുന്നുണ്ട് എങ്കിലും വീഴ്ചകൾ അന്വേഷിക്കാതെയും പരിശോധിക്കാതെയും പോകരുത്. കൊടും ക്രിമിനലുകൾക്ക് ജയിൽ ചാടാനുള്ള സാധ്യത സംവിധാനത്തിൽ നിലനിൽക്കുന്നുവെങ്കിൽ എത്ര മോശമാണ് ജയിലുകളിലെ അവസ്ഥ എന്നു ചിന്തിച്ചു നോക്കുക. ആരും പുറത്തുകടക്കാതെ നോക്കേണ്ട ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥർ എന്താണ് അവിടെ ചെയ്യുന്നത്. ഇത് കണ്ണൂർ ജയിലിലെ മാത്രം പ്രശ്നമാണ് എന്ന മുൻവിധി ആർക്കും വേണ്ട. കേരളത്തിലെ മുഴുവൻ ജയിലുകളിലെയും സുരക്ഷ പരിശോധിക്കേണ്ടതുണ്ട്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത് എന്നാണു പറയുന്നത്. സെല്ലിന്‍റെ ഇരുമ്പു കമ്പികൾ മുറിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഉദ്യോഗസ്ഥരുടെ മുഴുവൻ കണ്ണു വെട്ടിച്ച് അതു ചെയ്തു എന്നതാണ് അതിശയമായിട്ടുള്ളത്. മറ്റു തടവുകാർ ഒന്നും കണ്ടില്ല, അറിഞ്ഞില്ല എന്നു വിശ്വസിക്കാനും പ്രയാസം. കമ്പികൾ മുറിക്കണമെങ്കിൽ അതിന് ആയുധം വേണം. അത് എവിടെ നിന്നു കിട്ടി എന്നതും വിഷയം. ജയിലിലുള്ള മറ്റാരെങ്കിലും സംഘടിപ്പിച്ചു കൊടുത്തതാണെങ്കിൽ അവർ അറിഞ്ഞില്ലെന്നു പറയാനാവുമോ.

ഉദ്യോഗസ്ഥർ കൃത്യമായി കാര്യങ്ങൾ നോക്കുന്നുണ്ടായിരുന്നെങ്കിൽ ഇതു സംഭവിക്കുമായിരുന്നോ. സെല്ലിനകത്ത് പ്രതികളുണ്ടോയെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, ആ പരിശോധന നടന്നിട്ടില്ല എന്നാണു കരുതേണ്ടത്. രാത്രി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥർ ജോലി കൃത്യമായി ചെയ്തിട്ടില്ലെന്നു സംശയിച്ചാൽ തെറ്റു പറയാനാവില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. എന്നാൽ, ഇതുകൊണ്ട് തീരുന്നില്ല. ഗോവിന്ദച്ചാമിയുടെ ഏറെ ദിവസങ്ങളെടുത്തുള്ള ആസൂത്രണം ഉദ്യോഗസ്ഥരാരും അറിയാതെ പോയി എന്നതിൽ വിശദമായ അന്വേഷണം തന്നെ നടക്കണം. പുതിയ വിഷയങ്ങൾ വന്ന് ഈ സംഭവത്തിന്‍റെ ചൂടാറുമ്പോൾ അന്വേഷണവും നടപടിയുമൊക്കെ പ്രഹസനമായി മാറുന്ന അവസ്ഥയുണ്ടാവരുത്. ഏതെങ്കിലും സ്വാധീനങ്ങളുടെ പേരിൽ അന്വേഷണം അട്ടിമറിക്കപ്പെടുകയുമരുത്. ഗോവിന്ദച്ചാമി രക്ഷപെട്ടിരുന്നെങ്കിൽ അത് എത്ര വലിയ വിഷയമാവുമായിരുന്നുവെന്ന് ആലോചിച്ചാൽ മാത്രം മതി, കർശന നടപടികൾ സ്വീകരിക്കാൻ.

അയാൾ താടി വളർത്തിയതും കറുത്ത വസ്ത്രം സംഘടിപ്പിച്ചതുമെല്ലാം ജയിൽ ചാടാനുള്ള ആസൂത്രണത്തിന്‍റെ ഭാഗമായിട്ടായിരുന്നു എന്നുറപ്പാണ്. ജയിലിൽ താടിയും മുടിയും വളർത്താൻ ഗോവിന്ദച്ചാമിക്ക് അനുമതി കിട്ടിയെന്നതു ശ്രദ്ധേയം. ഷേവിങ് അലർജിയാണെന്നു പറഞ്ഞാണത്രേ താടി വളർത്താൻ പ്രത്യേക അനുമതി വാങ്ങിയത്. തടവുപുള്ളികൾ പറയുന്നത് അതുപോലെ വിശ്വസിക്കുകയാണോ ഉദ്യോഗസ്ഥർ എന്നതടക്കം സംശയങ്ങൾ ഇതിലുണ്ട്. പുറത്തിറങ്ങിയാൽ തിരിച്ചറിയാതിരിക്കാൻ താടിയും മുടിയും ഉപകരിക്കുമെന്ന് അയാൾ കണക്കുകൂട്ടിയിരുന്നു. പക്ഷേ, അതിലൊന്നും ഒരു സംശയവും ഉദ്യോഗസ്ഥർക്കു തോന്നിയില്ല. ശരീരഭാരം കുറയ്ക്കാനായി അരി ഭക്ഷണം ഉപേക്ഷിച്ചുവെന്നും പറയുന്നുണ്ട്. മതിൽ ചാടിക്കടക്കാനുള്ള തുണിയും കയറും നേരത്തേ സംഘടിപ്പിച്ചു വച്ചതും ആരും അറിഞ്ഞില്ല. ചാടിക്കടക്കാതിരിക്കാൻ ജയിലിലെ മതിലിനു മുകളിൽ വൈദ്യുതി ഫെൻസിങ് ഉണ്ട്. പക്ഷേ, അതിൽ വൈദ്യുതി ഉണ്ടായിരുന്നില്ല! ഗോവിന്ദച്ചാമിക്ക് ജയിൽചാടാൻ അനുകൂലമായി വന്ന എല്ലാ ഘടകങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവനക്കാരുടെ വലിയ കുറവുണ്ടെന്നും അതു ജയിലിന്‍റെ സുരക്ഷയെ ബാധിക്കുന്നുവെന്നും ആരോപണമുണ്ട്. ഇതു പറഞ്ഞ് ഉദ്യോഗസ്ഥരുടെ വീഴ്ചയെ ന്യായീകരിക്കാനാവില്ല. എങ്കിലും ജയിലുകളിൽ ആവശ്യത്തിനു ജീവനക്കാരെ ഉറപ്പു വരുത്തിയേ മതിയാവൂ. കണ്ണൂർ ജയിലിനെക്കുറിച്ച് നേരത്തേയും നിരവധി പരാതികൾ ഉയർന്നിട്ടുള്ളതാണ് എന്നതും മറക്കാനാവില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com