

ടൂറിസം കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കണം|മുഖപ്രസംഗം
ടൂറിസം രംഗത്ത് കേരളത്തിന്‍റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. ദൈവത്തിന്‍റെ സ്വന്തം നാട് നൽകുന്ന അവസരം വളരെ വലുതാണ്. അതിന്‍റെ പൂർണ പ്രയോജനം എങ്ങനെ നേടിയെടുക്കാമെന്നതിനെക്കുറിച്ചു ഗൗരവമായ ചർച്ചകൾ ഇനിയും ആവശ്യമായിരിക്കുന്നു. പരിസ്ഥിതിക്കു കേടുപാടുകൾ വരുത്താതെയും ആവാസ വ്യവസ്ഥയെ ശല്യപ്പെടുത്താതെയും നടത്തുന്ന വിനോദ സഞ്ചാരമായ ഇക്കോ ടൂറിസത്തിൽ കേരളം പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. പക്ഷേ, ഈ മേഖലയുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്നങ്ങളും പരാതികളും കൂടി പരിഗണിക്കേണ്ടതാണ്. അവയ്ക്കെല്ലാം പരിഹാരം കണ്ടുകൊണ്ടേ മുന്നോട്ടുപോകാനാവൂ. കോന്നി ആനത്താവളത്തിൽ കോൺക്രീറ്റ് തൂണ് ഇളകിവീണ് നാലു വയസുകാരൻ മരിച്ച സംഭവം ഏറെ ദൗർഭാഗ്യകരമായി. ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട ദുരന്തമാണ് ഇവിടെയുണ്ടായിരിക്കുന്നത്. അതിനു പിന്നാലെ അതേക്കുറിച്ചു വിവാദവും ഉയർന്നിട്ടുണ്ട്.
കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷൻ ഇതുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആരോപണങ്ങൾ നിസാരമായി കണ്ട് അവഗണിക്കാനാവില്ല. കേരളത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ എവിടെയും സുരക്ഷാ ഓഡിറ്റ് നടക്കുന്നില്ലെന്നാണ് അവർ ആരോപിക്കുന്നത്. പ്രശ്നങ്ങളുണ്ടാകുമ്പോൾ താഴേത്തട്ടിലുള്ള ജീവനക്കാരെ ബലിയാടാക്കുകയാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലടക്കം 2017നു ശേഷം സുരക്ഷാ ഓഡിറ്റ് നടത്തിയിട്ടില്ലത്രേ. ഇവിടെ സന്ദർശകർക്ക് ദിവസവാടകയ്ക്കു നൽകുന്ന ട്രീ ഹട്ട് കടുത്ത സുരക്ഷാ ഭീഷണിയിലാണെന്നും അസോസിയേഷൻ പറയുന്നുണ്ട്. അപകടവുമായി ബന്ധപ്പെട്ട് താഴേത്തട്ടിലുള്ള അഞ്ചു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരേ രംഗത്തെത്തിയ അസോസിയേഷൻ സർക്കാർ ഭാഗത്തുനിന്നുള്ള വളരെ ഗൗരവമേറിയ പോരായ്മയാണു ചൂണ്ടിക്കാണിക്കുന്നത്. അസോസിയേഷൻ പറയുന്നതു സത്യമാണെങ്കിൽ എത്രയും വേഗം തിരുത്തലുകൾ ഉണ്ടാവണം. ടൂറിസം കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതു നിർബന്ധമാണ്.
കോന്നി ആനത്താവളത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലെന്ന് അവർ ഊന്നിപ്പറയുന്നുണ്ട്. സന്ദർശകരെ ആനകളിൽ നിന്ന് നിശ്ചിത അകലത്തിൽ നിർത്താൻ സംവിധാനങ്ങളില്ലത്രേ. അടുത്തിടെ, ആനക്കൂട്ടിൽ നിന്ന് പുറത്തേക്കോടാൻ ഒരു കുട്ടിയാന ശ്രമിച്ചിരുന്നു. അതിസാഹിസകമായി ആനയ്ക്കു മുൻപേ ഓടി ഗേറ്റടച്ച് വലിയ അപകടം ഒഴിവാക്കിയ വനപാലകൻ അടക്കം ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നാണു പറയുന്നത്. ദിവസം ഒന്നര ലക്ഷം രൂപ വരെ വരുമാനം കിട്ടാറുള്ളതാണ് അടവി ഇക്കോ ടൂറിസം കേന്ദ്രം. അവിടെ സന്ദർശകർക്ക് അടിസ്ഥാന സുരക്ഷയൊരുക്കാൻ പോലും ഫണ്ട് അനുവദിക്കുന്നില്ലെന്നാണു പരാതി. ആറു വർഷം മുൻപ് മരക്കൊമ്പ് ഒടിഞ്ഞു വീണ് ഇവിടെ ഒരാൾ മരിച്ചിരുന്നു. മണ്ണൊലിച്ചു പോയി, കടപുഴകാൻ പാകത്തിൽ നിൽക്കുന്ന വൻമരങ്ങൾ ഇപ്പോഴും ഇവിടെയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വേലിക്കു പകരം മതിൽ കെട്ടണമെന്ന ആവശ്യം അംഗീകരിക്കപ്പെടാതെ കിടക്കുകയാണെന്നും പറയുന്നു.
ശാസ്ത്രീയ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ പ്രവർത്തിക്കുന്ന എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. എന്നാൽ, അടച്ചുപൂട്ടൽ ഒന്നിനും പരിഹാരമല്ല. എന്നു മാത്രമല്ല ഈ രംഗത്ത് പുറകോട്ടല്ല നമുക്കു പോകേണ്ടതും. സുരക്ഷ ഉറപ്പാക്കാനും സുരക്ഷാപരിശോധന നടത്താനുമൊക്കെ സർക്കാരിനു കഴിയുന്നതേയുള്ളൂ. ടൂറിസം രംഗത്ത് നമ്മുടെ കേമത്തം ആവർത്തിച്ചു പറയുന്നവർ സുരക്ഷാപാളിച്ചകളുണ്ടെങ്കിൽ അതു തിരുത്താനും ഉടൻ നടപടികൾ എടുക്കണം. രാഷ്ട്രീയ- ഉദ്യോഗസ്ഥ ചേരിപ്പോര് പ്രശ്നങ്ങൾ വഷളാക്കുകയേയുള്ളൂ. അപകട സാധ്യതയുണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്താതെ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാവുക തന്നെ വേണം. അതല്ല സർക്കാർ ഭാഗത്തുനിന്നാണു പിഴവെങ്കിൽ അതും തിരുത്തണം. ഒരു കാര്യം തറപ്പിച്ചു പറയാം. വരുമാന മാർഗം മാത്രമായി പരിസ്ഥിതിയെ കാണുന്ന സമീപനം ഇക്കോ ടൂറിസത്തിനു യോജിച്ചതല്ല. സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ പ്രധാനമാണ്.
ഏതാനും ദിവസം മുൻപാണ് കൊല്ലം ചടയമംഗലത്തുനിന്ന് കെഎസ്ആർടിസി ടൂർ പാക്കെജിൽ ഗവിക്കു പോയ 38 അംഗ സംഘം ബസ് കേടായതിനെ തുടർന്ന് മണിക്കൂറുകളോളം വനത്തിൽ കുടുങ്ങിയത്. രാവിലെ 11ന് വനത്തിൽ കുടുങ്ങിയ സംഘത്തെ വൈകിട്ട് അഞ്ചരയോടെയാണ് ജനവാസമേഖലയിൽ എത്തിച്ചത്. കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിച്ച ശേഷം ഗവിയിലേക്കുളള യാത്രയിലായിരുന്നു ഇവർ. ബ്രേക്ക് ഡൗണായ ബസിനു പകരം ബസ് എത്തിക്കുന്നതിൽ അധികൃതർക്കു വീഴ്ചപറ്റിയെന്നു യാത്രക്കാർ പരാതി പറയുകയുണ്ടായി. പത്തനംതിട്ടയിൽ നിന്ന് പകരം എത്തിച്ച ബസും തകരാറിലായിരുന്നുവത്രേ. തുടർന്ന് വൈകിട്ട് അഞ്ചരയോടെ കുമളിയിൽ നിന്നു പത്തനംതിട്ടയ്ക്കു വന്ന കെഎസ്ആർടിസി ബസിലാണ് യാത്രക്കാരെ ജനവാസമേഖലയിൽ എത്തിച്ചത്. വളരെ നല്ല തോതിൽ നടക്കുന്നതാണ് കെഎസ്ആർടിസി ടൂർ പാക്കെജുകൾ. അതിലും സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ അതിവേഗം പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്.