

ഇത് ഗൗരവമുള്ള സുരക്ഷാ വീഴ്ച തന്നെ
രാഷ്ട്രപതിയെയും കൊണ്ട് ലാൻഡ് ചെയ്യുന്ന ഹെലികോപ്റ്ററിന്‍റെ ചക്രം ഇറങ്ങുന്ന പ്രതലത്തിൽ താഴ്ന്നുപോകുന്നത് ഒരു സുരക്ഷാ വീഴ്ചയേയല്ല എന്നു പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ചാൽ അത് ആരു വിശ്വസിക്കാനാണ്? അപകടമൊന്നും ഉണ്ടായില്ല എന്നതു തീർച്ചയായും ആശ്വസിക്കാവുന്ന കാര്യം. പക്ഷേ, അലംഭാവം ഉണ്ടായില്ലെന്നു പറഞ്ഞാൽ അംഗീകരിക്കാനാവില്ല. രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിന് എത്തിയപ്പോൾ ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തുണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ച തന്നെയാണ്. രാഷ്ട്രപതിയുടെ സന്ദർശനത്തിനുള്ള മുന്നൊരുക്കങ്ങൾ വേണ്ടവിധത്തിൽ നടത്തിയില്ല എന്നു സൂചന നൽകുന്നതു കൂടിയാണ് അത്. ഇനിയൊരിക്കലും എവിടെയും ഇത് ആവർത്തിക്കാതിരിക്കട്ടെ. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പോലുള്ള വിശിഷ്ട വ്യക്തികൾ കേരളത്തിൽ വരുന്ന ഒരവസരത്തിലും ഇത്തരത്തിലുള്ള പാളിച്ച ഇനി ഉണ്ടാവാതിരിക്കാൻ ഈ സംഭവം ഒരു പാഠമായി എടുക്കാവുന്നതാണ്.
നല്ല മഴയുള്ള സമയത്താണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. രാഷ്ട്രപതി വരുന്നുവെന്ന് നേരത്തേ തന്നെ അറിയിപ്പു കിട്ടിയതാണ്. മഴ മുന്നറിയിപ്പും ലഭിച്ചു. സ്വാഭാവികമായും രാഷ്ട്രപതിയുടെ യാത്രയ്ക്ക് മഴ സൃഷ്ടിച്ചേക്കാവുന്ന തടസങ്ങൾ പരിഗണിക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്നാണ് വ്യക്തമാവുന്നത്. നിലയ്ക്കലിലാണ് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കാൻ തീരുമാനിച്ചിരുന്നത്. കാലാവസ്ഥ മോശമായതിനാൽ അതിനു കഴിയില്ലെന്ന് തലേന്നു രാത്രി ബന്ധപ്പെട്ടവർ അറിയിക്കുകയായിരുന്നു. പകരം പത്തനംതിട്ട നഗരത്തിനു സമീപം പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തിടുക്കത്തിൽ തട്ടിക്കൂട്ടിയ ഹെലിപാഡിൽ രാഷ്ട്രപതി വന്നിറങ്ങി. അവിടുത്തെ ഹെലിപാഡിലെ കോൺക്രീറ്റ് തറ വേണ്ടത്ര ഉറച്ചിരുന്നില്ല. അതുകൊണ്ടാണ് ഹെലികോപ്റ്റർ താഴ്ന്നുപോയത്. രാഷ്ട്രപതി പമ്പയിലേക്കു പുറപ്പെട്ട ശേഷം പൊലീസും ഫയർ ഫോഴ്സും ചേർന്ന് 7,800 കിലോ ഭാരമുള്ള വ്യോമസേനയുടെ പടുകൂറ്റൻ എംഐ 17 വി5 കോപ്റ്റർ താഴ്ന്നിടത്തുനിന്ന് തള്ളി നീക്കിയത് ലോകം മുഴുവൻ കണ്ടുകഴിഞ്ഞു.
ഈ ഹെലിപാഡ് രാഷ്ട്രപതിക്ക് ഇറങ്ങാൻ മാത്രം ഉറപ്പുള്ളതായിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കഴിയാതിരുന്നത് മുൻകൂട്ടി ഹെലിപാഡ് തയാറാക്കാതിരുന്നതുകൊണ്ടാണ്. രാത്രി വൈകി കോണ്‍ക്രീറ്റ് ചെയ്തു തുടങ്ങുകയും പുലർച്ചെ അതു പൂർത്തിയാവുകയും ചെയ്ത പ്രതലത്തിലാണു രാവിലെ രാഷ്ട്രപതിയുടെ കോപ്റ്റർ ഇറങ്ങിയത്. കോൺക്രീറ്റ് ഉറയ്ക്കാനുള്ള സമയം കിട്ടിയില്ല എന്നതാണ് ഇതിനർഥം. പത്തനംതിട്ടയിൽ നിന്ന് 70 കിലോമീറ്റർ റോഡ് മാർഗം പോകേണ്ടതിനാൽ നിശ്ചയിച്ചതിലും നേരത്തേ രാവിലെ ഏഴരയോടെ രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പുറപ്പെട്ട രാഷ്ട്രപതി രാവിലെ 8.33നാണ് പ്രമാടത്തെ ഹെലിപാഡിലെത്തിയത്. നിലയ്ക്കലിൽ ഇറങ്ങാൻ കഴിയാതെ വരുന്ന സാഹചര്യം മുൻകൂട്ടി കണ്ട് പകരം ഹെലിപാഡുകൾ തയാറാക്കുന്നത് "പ്ലാൻ ബി'യുടെ ഭാഗമാവേണ്ടതായിരുന്നു. നിലയ്ക്കലിൽ എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു എന്നു ബന്ധപ്പെട്ടവർ അവകാശപ്പെടുന്നുണ്ട്. മരങ്ങൾ വെട്ടിമാറ്റുന്നതടക്കം സുരക്ഷാ നടപടികൾ എല്ലാം നിലയ്ക്കലിൽ സ്വീകരിച്ചു. പക്ഷേ, മഴയാണ്, കാലാവസ്ഥ മോശമാവാം എന്നൊന്നും മുൻകൂട്ടി കണ്ടില്ല.
കോൺക്രീറ്റ് താഴ്ന്നാൽ എന്താ പ്രശ്നം, ഹെലികോപ്റ്റർ മുകളിലോട്ടല്ലേ ഉയരുന്നത് എന്നൊക്കെയുള്ള ന്യായീകരണങ്ങൾ ഉത്തരവാദപ്പെട്ടവരിൽ നിന്നു തന്നെ ഉയരുന്നത് വീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവൂ. രാഷ്ട്രപതിയുടെ സുരക്ഷയ്ക്ക് ഒരു പ്രശ്നവും ഉണ്ടായില്ല എന്നത് ഉറയ്ക്കാത്ത പ്രതലത്തിൽ കോപ്റ്റർ ഇറക്കേണ്ടിവന്നതിനു ന്യായീകരണമല്ല. ഹെലിപാഡ് നിർമാണത്തിൽ വ്യോമസേന അപാകതകൾ ഉന്നയിച്ചിട്ടില്ലെന്നു സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖര്‍ പറഞ്ഞിട്ടുണ്ട്. ഇതു പകരം ഹെലിപാഡ് നേരത്തേ തയാറാക്കാതിരുന്നതിനുള്ള ന്യായീകരണവുമാവുന്നില്ല. നിശ്ചയിച്ചതില്‍ നിന്നും അഞ്ചടി മാറിയാണ് കോപ്റ്റര്‍ ലാന്‍ഡ് ചെയ്തതെന്നും ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന സ്ഥലത്തേക്കു പിന്നീട് തള്ളി മാറ്റുകയാണു ചെയ്തതെന്നുമുള്ള വിശദീകരണവും ഉറയ്ക്കാത്ത തറയ്ക്കു ന്യായീകരണമാവില്ലല്ലോ.
രണ്ടു വർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്‍റലിജൻസ് എഡിജിപി തയാറാക്കിയ സുരക്ഷാ പദ്ധതി ചോർന്നതിനെച്ചൊല്ലി സംസ്ഥാനത്തു വിവാദമുയർന്നതാണ്. യാത്രാവിവരങ്ങളും ഉദ്യോഗസ്ഥരുടെ വിന്യാസവും എല്ലാം ചോർന്നതിൽ കേന്ദ്ര ഏജൻസികൾ അതൃപ്തി അറിയിക്കുന്ന സാഹചര്യമുണ്ടായി. 2006ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കു കൊണ്ടുപോകുമ്പോൾ പൈലറ്റ് വാഹനമോടിച്ച ഡ്രൈവർക്കു വഴിതെറ്റിയതും വിവിഐപി സുരക്ഷയിൽ സംസ്ഥാനത്തു സംഭവിച്ച ഗുരുതരമായ വീഴ്ചയായിരുന്നു. വിവിഐപി സുരക്ഷാ കാര്യങ്ങളിൽ പാകപ്പിഴകൾ സംഭവിക്കാതിരിക്കാൻ അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.