

ഡോണൾഡ് ട്രംപ്
ലോക വ്യാപാര രംഗത്ത് വലിയ തോതിലുള്ള അനിശ്ചിതത്വം സൃഷ്ടിച്ചുകൊണ്ടാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അമെരിക്കയിലേക്കുള്ള ഇറക്കുമതിക്ക് കനത്ത തോതിൽ തീരുവ ചുമത്തിയത്. പല രാജ്യങ്ങൾക്കും പല നിരക്കിലുള്ള തീരുവ ഏർപ്പെടുത്തിയ ട്രംപ് അമെരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇത് ആവശ്യമാണെന്ന നിലപാടാണു സ്വീകരിച്ചത്. പ്രസിഡന്‍റിന്‍റെ ഏകപക്ഷീയമായ നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരം അമെരിക്കയ്ക്ക് അനുകൂലമാക്കുക എന്നതാണു തന്‍റെ ലക്ഷ്യം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാദം. യാതൊരു നീതിയുമില്ലാത്ത വിധം 50 ശതമാനം തീരുവയാണ് ട്രംപ് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയത്. അതിൽ 25 ശതമാനം റഷ്യൻ എണ്ണ വാങ്ങുന്നതു കൊണ്ടായിരുന്നു. 25 ശതമാനം പകരം തീരുവയും. ഇത്ര കനത്ത തീരുവ നൽകി യുഎസ് വിപണിയിൽ പിടിച്ചുനിൽക്കുക ഇന്ത്യൻ കയറ്റുമതിക്കാർക്ക് എളുപ്പമായിരുന്നില്ല. അടുത്തിടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ചു ധാരണയായതിനെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്കു ചുമത്തുന്ന തീരുവ 18 ശതമാനമായി ട്രംപ് കുറച്ചിരുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ട്രംപിനു കനത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രസിഡന്‍റ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ അപ്പാടെ യുഎസ് സുപ്രീം കോടതി റദ്ദാക്കിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഇത്തരത്തിൽ തീരുവ ഏർപ്പെടുത്താൻ പ്രസിഡന്‍റിന് അധികാരമില്ലെന്നാണു കോടതി വിധി. ഒമ്പതംഗ ബെഞ്ചിലെ ആറു ജഡ്ജിമാരാണ് ട്രംപിനെതിരേ നിലപാടെടുത്തത്.
ട്രംപിന്‍റെ നടപടി ഫെഡറൽ നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം അധികാര പരിധി ലംഘിച്ചെന്നും കോടതി പറഞ്ഞു. ദേശീയ അടിയന്തരാവസ്ഥാ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട നിയമം ട്രംപ് ദുരുപയോഗം ചെയ്തു എന്നാണു കോടതിയുടെ നിരീക്ഷണം. യുഎസ് ഭരണഘടന അനുസരിച്ച് തീരുവ ചുമത്താനുള്ള അധികാരം അമെരിക്കൻ പാർലമെന്‍റായ കോൺഗ്രസിനാണ്. കോൺഗ്രസിന്‍റെ അനുമതി തേടാൻ ട്രംപ് തയാറായില്ല. പ്രസിഡന്‍റ് പദവിയുടെ പ്രാധാന്യവും ഭരണഘടനാ ഉത്തരവാദിത്വവും ട്രംപ് മറന്നുവെന്നാണു കോടതിയുടെ കണ്ടെത്തൽ. തീരുവയെന്ന ആയുധം വച്ച് ലോക രാജ്യങ്ങളെ തനിക്കു കീഴിൽ നിർത്താമെന്ന ട്രംപിന്‍റെ മോഹമാണ് യുഎസ് കോടതി തടഞ്ഞിരിക്കുന്നത്. യുഎസിലെ തന്നെ ചില കമ്പനികളും വ്യാപാര സംഘടനകളുമൊക്കെയാണ് ട്രംപിന്‍റെ തീരുവക്കെതിരേ രംഗത്തുവന്നിരുന്നത് എന്നു കൂടി ഓർക്കേണ്ടതുണ്ട്.
സുപ്രീം കോടതി ഉത്തരവിനെതിരേ നിശിത വിമർശനം ഉയർത്തിക്കൊണ്ട് ട്രംപ് രംഗത്തുവന്നിട്ടുണ്ട്. ഉത്തരവ് ഏറെ നിരാശാജനകമെന്നും താൻ ലജ്ജിക്കുന്നുവെന്നും ഒക്കെ അദ്ദേഹം പറയുന്നുണ്ട്. കോടതി ഉത്തരവു മൂലം ഇല്ലാതാവുന്ന തീരുവയ്ക്കു പകരം 15 ശതമാനം വ്യാപാര തീരുവയും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഈ മാസം 24നു നിലവിൽ വരും. 1974ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 122 പ്രകാരമാണ് 10 ശതമാനം തീരുവ പ്രഖ്യാപിച്ചിട്ടുള്ളത്. 150 ദിവസത്തേക്കാണ് ഇങ്ങനെ താത്കാലിക തീരുവ ചുമത്താനുള്ള അധികാരം. അതു കഴിയുമ്പോൾ വീണ്ടും ഈ തീരുവ പ്രഖ്യാപിക്കാൻ ട്രംപ് ശ്രമിച്ചേക്കാം. വ്യാപാരത്തിൽ ആധിപത്യം നേടാൻ അതു കൂടാതെ മറ്റെന്തൊക്കെ അദ്ദേഹം ചെയ്യുമെന്നു കാത്തിരുന്നു കാണേണ്ടതാണ്. വ്യാപാര നയത്തിൽ മാറ്റം വരുത്തില്ലെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നുണ്ട്. ട്രംപിന്‍റെ പ്രവചനാതീതമായ സ്വഭാവം വച്ച് തീരുവ ഉയർത്താനുള്ള നീക്കങ്ങൾ വീണ്ടും അദ്ദേഹം നടത്തിയേക്കാം.
എന്തായാലും ഇന്ത്യൻ കയറ്റുമതിക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് യുഎസ് സുപ്രീം കോടതിയിൽ നിന്നു ലഭിച്ചിരിക്കുന്നത്. ഇനി 15 ശതമാനം തീരുവ മാത്രമേ യുഎസിലേക്കുള്ള കയറ്റുമതിക്കു നൽകേണ്ടതുള്ളൂ. അതും താത്കാലികമായി ചുമത്തിയിരിക്കുന്ന ആഗോള തീരുവയാണ്. മറ്റു രാജ്യങ്ങൾക്കും ബാധകമായത്. അതുകൊണ്ടു തന്നെ യുഎസ് വിപണിയിൽ മറ്റു രാജ്യങ്ങളോടു മത്സരിക്കുമ്പോൾ തീരുവ ഒരു തടസമായി വരുന്നില്ല. വ്യാപാര കരാറിന്‍റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച 18 ശതമാനം തീരുവയിൽ നിന്ന് മൂന്നു ശതമാനത്തിന്‍റെ കുറവു ലഭിക്കുന്നു എന്നത് യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകളിൽ ഇന്ത്യയ്ക്ക് അനുകൂലമായ ഘടകമായി യുഎസ് സുപ്രീം കോടതിയുടെ വിധിയും ഉണ്ടാവും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ഇനി ട്രംപിനു ഭീഷണിപ്പെടുത്താനാവില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യുഎസ് സുപ്രീം കോടതിയുടെ വിധിയും അതേത്തുടർന്നുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നടപടികളും നിരീക്ഷിച്ചു വരികയാണെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. സകലരെയും ഭീഷണിപ്പെടുത്തുന്ന ട്രംപ് നയം അമെരിക്കയിൽ തന്നെ ചോദ്യം ചെയ്യപ്പെടുന്നതു പൊതുവേ സ്വാഗതം ചെയ്യപ്പെടുകയാണ്. തനിക്ക് അസാധാരണമായ അധികാരങ്ങളുണ്ടെന്ന ട്രംപിന്‍റെ ഭാവത്തിനാണ് യുഎസ് സുപ്രീം കോടതി തടയിട്ടിരിക്കുന്നത്.