
സമീപകാലത്തായി ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സൈബർ സുരക്ഷയും സൈബർ ആക്രമണങ്ങളും. വിവര സാങ്കേതിക വിദ്യയുടെ അതിവേഗത്തിലുള്ള വികസനം സൃഷ്ടിച്ച വിശാലമായ സൈബർ ഇടത്തിൽ അക്രമികളുടെ വിളയാട്ടം സൃഷ്ടിക്കുന്ന ഭീഷണി വളരെ വലുതാണ്. അതു നേരിടാൻ ആഗോളവ്യാപകമായി ഉത്തരവാദപ്പെട്ടവർ പരിശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും സൈബർ കുറ്റകൃത്യങ്ങൾക്കു കുറവൊന്നുമില്ല. ഇന്ത്യയിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സൈബർ സുരക്ഷ ഉറപ്പുവരുത്താനായി പലവിധ മാർഗങ്ങൾ സ്വീകരിച്ചുവരുന്നുണ്ട്. സംസ്ഥാനത്തും സമൂഹത്തിനു മൊത്തത്തിലും വ്യക്തിപരമായുമുള്ള ആക്രമണങ്ങൾ തടയുകയെന്നതു വലിയ ദൗത്യമായി തീർന്നിരിക്കുകയാണ്.
കുറ്റവാളികൾക്കു കർശന ശിക്ഷ നൽകുക എന്നതാണ് ഇതിൽ പ്രധാനമായുള്ളത്. തങ്ങളുടെ പ്രവൃത്തികൾ കൊണ്ട് ഇരകളെ സൃഷ്ടിക്കുന്നവർ രക്ഷപെടുന്ന അവസ്ഥയുണ്ടായാൽ കുറ്റവാളികൾ പെരുകാനാണു കാരണമാവുക. അതുകൊണ്ടു തന്നെ സൈബർ ആക്രമണത്തെത്തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ ഇരുപത്താറുകാരി ആതിര ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരനെതിരേ ശക്തമായ നിയമ നടപടികൾ പൊലീസ് സ്വീകരിക്കണം. സൈബർ തെളിവുകൾ ശേഖരിക്കാനും അതു ശിക്ഷ ഉറപ്പാക്കാൻ കഴിയുംവിധം കോടതിയെ ബോധ്യപ്പെടുത്താനും കഴിയേണ്ടതുണ്ട്. സോഷ്യൽ മീഡിയ കമ്പനികളിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്നതടക്കം നടപടികൾ വേണ്ടതുണ്ടെങ്കിൽ അതിനും മടി കാണിക്കരുത്. ഇത്തരക്കാർക്കെതിരേ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞാൽ മാത്രമേ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പീഡനങ്ങൾ സഹിക്കാൻ വയ്യാതെയുള്ള ആത്മഹത്യകൾ ഭാവിയിൽ തടയാനാവൂ. ഇത്തരം ദുരന്തങ്ങൾ ഇനിയും സൃഷ്ടിക്കാൻ പാകത്തിന് ക്രിമിനൽ മനസുള്ള നിരവധിയാളുകൾ സൈബർ ലോകത്തുണ്ടെന്നത് ബന്ധപ്പെട്ടവർ മനസിലാക്കണം. മറ്റൊരു പെൺകുട്ടിക്കു കൂടി ആതിരയുടെ ഗതിയുണ്ടാവാതിരിക്കുകയും വേണം.
സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളിട്ടും മറ്റും മുൻ ആൺസുഹൃത്ത് അധിക്ഷേപിച്ചതിനെത്തുടർന്നാണ് ആതിര ജീവനൊടുക്കിയത് എന്നാണു പറയുന്നത്. ഇവർ തമ്മിലുണ്ടായിരുന്ന സൗഹൃദം നേരത്തേ അവസാനിപ്പിച്ചതാണ്. ആൺ സുഹൃത്തിന്റെ സ്വഭാവം മോശമാണെന്ന് അറിഞ്ഞതിനെത്തുടർന്നാണ് ഈ ബന്ധം അവസാനിപ്പിച്ചതെന്ന് ആതിരയുടെ വീട്ടുകാർ പറയുന്നു. ആതിരയ്ക്ക് പിന്നീട് വിവാഹാലോചനങ്ങൾ തുടങ്ങിയപ്പോൾ ഇയാൾ പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു ഇയാൾ. സൈബർ ബുള്ളിയിങ്ങിനും ഓൺലൈൻ പീഡനത്തിനും വിധേയയായാണ് ആതിര ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബം പൊലീസിൽ പരാതി നൽകിയ ശേഷവും ഇയാൾ സൈബർ ആക്രമണം കൂടുതൽ ശക്തമായി തുടരുകയായിരുന്നത്രേ.
പകയും പ്രതികാരവും തീർക്കാൻ ഏറ്റവും പറ്റിയ ആയുധമായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നതാണ് സമീപകാലത്തു കണ്ടുവരുന്നത്. അതുമൂലം ഇരകളാകേണ്ടിവരുന്നവർ ജീവിതം വീണ്ടെടുക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ധാരാളം പേർ സമൂഹ മാധ്യമങ്ങളെ പോസിറ്റീവായി ഉപയോഗിക്കുന്നുണ്ട്. പലർക്കും പ്രചോദനം പകരുന്നുണ്ട്. എന്നാൽ, കുറച്ചുപേരെങ്കിലും അതിനെ വലിയ തോതിൽ ദുരുപയോഗിക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും മറ്റു പല വിധത്തിലുള്ള വ്യക്തിപരമായ നേട്ടങ്ങൾക്കും വേണ്ടി വളച്ചൊടിച്ചും കൃത്രിമം കാണിച്ചും തെറ്റിദ്ധരിപ്പിച്ചും വിവരങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതടക്കം നിരുത്സാഹപ്പെടുത്തേണ്ട എത്രയോ സംഭവവികാസങ്ങളാണ് ഇന്നു സോഷ്യൽ മീഡിയയിൽ കാണുന്നത്.
മാന്യതയുടെ ചെറിയ അംശം പോലും ശേഷിക്കാതെയുള്ള ദ്രോഹപ്രവൃത്തികൾ എത്ര വേണമെങ്കിലും കാണാനാവും സോഷ്യൽ മീഡിയയിൽ എന്നാണു വരുന്നത്. അതിന്റെ അങ്ങേതലയ്ക്കലാണ് ആളുകളുടെ ജീവിതം തന്നെ തകർക്കുന്ന തരത്തിലുള്ള ദുരുപയോഗം. ക്രിമിനൽ മനസുള്ള വ്യക്തികളുടെ കൈവശം ലഭിക്കുന്ന വിവരങ്ങൾ വളരെ വേഗത്തിൽ അപകടകരമായ വിധത്തിൽ കൈമാറ്റം ചെയ്യപ്പെടാൻ സോഷ്യൽ മീഡിയ നിമിത്തമാവുകയാണ്. സ്ത്രീകളും കുട്ടികളുമാണ് ഇതിന് ഏറ്റവുമധികം വിധേയമാവുന്നതും. ഇതേക്കുറിച്ചുള്ള അവബോധം എല്ലാവരിലും സൃഷ്ടിക്കപ്പെടണം എന്നതും പ്രധാനമാണ്.