ലജ്ജാകരം, ഈ മാലിന്യം തള്ളൽ

തമിഴ്നാട്ടിൽ എന്നല്ല കേരളത്തിലെ തന്നെ പൊതുസ്ഥലങ്ങളിലാണ് ഇത്തരത്തിൽ മാലിന്യം തള്ളുന്നതെങ്കിലും അത് അനുവദിക്കാനാവില്ല.
shameful, this garbage dump.
ലജ്ജാകരം, ഈ മാലിന്യം തള്ളൽ
Updated on

കേരളത്തിലെ ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിൽ കൊണ്ടുപോയി തള്ളുന്നുവെന്ന പരാതി ചർച്ചാവിഷയമായിരിക്കുകയാണിപ്പോൾ. കേരളത്തെ സംബന്ധിച്ചിടത്തോളം ലജ്ജാകരമാണിത്. മാലിന്യ സംസ്കരണത്തിന് കൃത്യവും വ്യക്തവുമായ സംവിധാനങ്ങൾ ഒരുക്കാതെ ആശുപത്രികൾ അടക്കം സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്നത് ഗൗരവമുള്ള വിഷയമാണ്.

തമിഴ്നാട്ടിൽ എന്നല്ല കേരളത്തിലെ തന്നെ പൊതുസ്ഥലങ്ങളിലാണ് ഇത്തരത്തിൽ മാലിന്യം തള്ളുന്നതെങ്കിലും അത് അനുവദിക്കാനാവില്ല. അതിശക്തമായി ഇതിനെ നേരിടണം. കുറ്റക്കാരായവർക്കെതിരേ നടപടിയെടുക്കണം. മാലിന്യ സംസ്കരണത്തിന് എല്ലായിടത്തും സൗകര്യം വേണമെന്നു നിർദേശിക്കണം. അനുസരിക്കുന്നില്ലെങ്കിൽ അവ പ്രവർത്തിക്കേണ്ടതില്ല എന്നും തീരുമാനിക്കണം. അങ്ങനെ വന്നാൽ പ്രശസ്തമായ സ്ഥാപനങ്ങൾ പോലും പൂട്ടിപ്പോകുമെന്നതാണു ദൗർഭാഗ്യകരമായിട്ടുള്ളത്.

തിരുവനന്തപുരം നഗരത്തിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലിയിലെ ഗ്രാമങ്ങളിൽ കൊണ്ടുപോയി തള്ളുന്നുവെന്ന പരാതി അവിടുത്തെ നാട്ടുകാർ തന്നെയാണ് ഉയർത്തിയത്. മാലിന്യക്കൂമ്പാരം പരിശോധിച്ചപ്പോൾ ആർസിസിയിലെ ചികിത്സാ രേഖകൾ അടക്കം കിട്ടിയെന്നാണു പറയുന്നത്.

പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലങ്ങളും ഗ്രാമത്തിലെ ജലാശയങ്ങളുമൊക്കെ മലിനമാവുന്നുവെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. ആശുപത്രി മാലിന്യം കൂടാതെ പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങളും വലിയ തോതിലുണ്ട്. ഉപയോഗിച്ച സിറിഞ്ചുകളും പിപിഇ കിറ്റുകളും ഒക്കെ മാലിന്യത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതേത്തുടർന്ന് അതിർത്തിയിലെ ചെക് പോസ്റ്റുകളിൽ തമിഴ്നാട് പൊലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. മാലിന്യവുമായെത്തിയ നിരവധി വാഹനങ്ങൾ തിരിച്ചയച്ചതായി അവർ അവകാശപ്പെടുന്നു. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണവും നടത്തുന്നു. കേരളത്തിൽ നിന്നു വരുന്ന ലോറികൾ പണം വാങ്ങി മാലിന്യം കൊണ്ടുവന്ന് തമിഴ്നാട്ടിൽ തള്ളുന്നുണ്ട്.

അത് കേരളത്തിലുള്ള സ്ഥാപനങ്ങൾ ഒരു സൗകര്യമായി എടുക്കുകയാണ് എന്നു കരുതണം. ബയോ മെഡിക്കൽ മാലിന്യം കൊണ്ടുപോകുന്ന ഏജൻസിക്കാണ് ഉത്തരവാദിത്വമെന്ന വിശദീകരണമാണ് ആർസിസി നൽകിയിരിക്കുന്നത്. പ്രാദേശിക ഏജൻസികൾ വിവിധ ആശുപത്രികളിൽ നിന്നു ശേഖരിക്കുന്ന മാലിന്യം തമിഴ്നാട്ടിൽ കൊണ്ടുപോയി തള്ളുന്നുവെന്നാണ് മറ്റു ചിലർ നൽകുന്ന വിശദീകരണം. എന്തായാലും നമ്മുടെ മാലിന്യം അയൽക്കാരന്‍റെ പറമ്പിൽ നിക്ഷേപിക്കുന്ന സംസ്കാരം നമുക്കു യോജിച്ചതല്ല.

വിഷയത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെട്ടിട്ടുണ്ട്. തിരുനെൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ മൂന്നു ദിവസത്തിനകം കേരളം നീക്കണമെന്നാണ് ട്രൈബ്യൂണലിന്‍റെ ദക്ഷിണ മേഖലാ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. മാലിന്യം നീക്കാനുള്ള ചെലവ് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡ് വഹിക്കണം. മാലിന്യം തള്ളിയതിന്‍റെ ഉത്തരവാദിത്വം കേരളത്തിനാണെന്ന് ബെഞ്ച് വ്യക്തമാക്കുന്നു.

പലപ്പോഴായി ഇത്തരത്തിൽ മാലിന്യം തള്ളുന്നതു തുടരുന്നുവെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാണിക്കുകയാണ്. മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനു പ്രവർത്തനാനുമതി നൽകുന്നുവെന്നും‌ ട്രൈബ്യൂണൽ കേരളത്തോട് ആരായുന്നുണ്ട്. സമാനമായ സംഭവങ്ങളിൽ നേരത്തേയും ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാനത്തിനെതിരേ കേസെടുത്തിരുന്നു. എന്നാൽ, അതൊന്നും മാലിന്യം തള്ളുന്നവർക്ക് ഒരു വിഷയമായി തോന്നിയിട്ടില്ല.

അവർ കുറ്റവാളികളാക്കുന്നത് കേരളത്തെയപ്പാടെയാണ്. ഇത് ഇനിയും അനുവദിച്ചുകൊടുക്കാനാവില്ല. സംസ്ഥാനത്ത് ബയോ-മെഡിക്കൽ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് മുൻപും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. ദിവസവുമുണ്ടാകുന്ന ബയോ-മെഡിക്കൽ മാലിന്യങ്ങളിൽ നാലിലൊന്നു സംസ്കരിക്കാനുള്ള സംവിധാനങ്ങളേ കേരളത്തിലുള്ളൂ എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇത്തരം മാലിന്യം സംസ്കരിക്കുന്നതിനു കൂടുതൽ പ്ലാന്‍റുകൾ സ്ഥാപിക്കാൻ ആരോഗ്യ വകുപ്പ് പദ്ധതി തയാറാക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മാലിന്യ സംസ്കരണത്തിനു പ്രത്യേക സംവിധാനമൊരുക്കണമെന്ന നിർദേശം ദേശീയ ഹരിത ട്രൈബ്യൂണൽ നേരത്തേ തന്നെ കേരളത്തിനു നൽകിയിട്ടുള്ളതാണ്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും ഇതേ നിർദേശം സർക്കാരിനു നൽകിയിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഊർജിത നടപടികൾ ഉണ്ടാവുന്നില്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാലിന്യമുക്ത നവകേരളം എന്ന വലിയ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിലാണു സംസ്ഥാന സർക്കാർ ഇപ്പോഴുള്ളത്.

കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച മാലിന്യമുക്ത നവ കേരളം ജനകീയ ക്യാംപെയ്‌ൻ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 വരെയാണ്. മാര്‍ച്ച് 30ന് സമ്പൂര്‍ണ ശുചിത്വ കേരള പ്രഖ്യാപനം നടത്താനാണു തീരുമാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടു നിർദേശിച്ചത് അടുത്തിടെയാണ്.

നമ്മുടെ നാട് ശുചിയാക്കണം, ഹരിതാഭമാക്കണം എന്നതൊക്കെ നല്ല ലക്ഷ്യങ്ങളാണ്. അതു നടപ്പാക്കി മാതൃക കാണിക്കാൻ ഓരോരുത്തരും ഓരോ സ്ഥാപനങ്ങളും തയാറാവണം. നമ്മുടെ പരിസരത്തെ മാലിന്യങ്ങൾ അയൽക്കാരന്‍റെ പറമ്പിൽ തള്ളിയല്ല പക്ഷേ, മാന്യത ചമയേണ്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com