ഈ മരണപ്പാച്ചിലിന് അറുതി വേണ്ടേ?

ടിപ്പറുകളെ നിയന്ത്രിക്കാൻ പല നീക്കങ്ങളും പലപ്പോഴായി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. എന്നിട്ടും കാര്യമൊന്നുമില്ല
ഈ മരണപ്പാച്ചിലിന് അറുതി വേണ്ടേ?

സംസ്ഥാനത്തു വാഹനാപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളൊന്നും ഫലം കാണുന്നില്ലെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന അപകട വാർത്തകൾ കാണിക്കുന്നത്. ഈ അപകടങ്ങളിൽ തന്നെ നല്ലൊരു പങ്കും വരുത്തിവയ്ക്കുന്നതു ടിപ്പർ ലോറികളാണ്. അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നത് അധികവും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് എന്നതും എടുത്തുപറയേണ്ടതുണ്ട്. ടിപ്പറുകളെ നിയന്ത്രിക്കാൻ പല നീക്കങ്ങളും പലപ്പോഴായി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. എന്നിട്ടും കാര്യമൊന്നുമില്ല. അമിത ലോഡും അമിത വേഗവും അടക്കം നിയമ ലംഘനങ്ങളിലൂടെ പായുന്ന ടിപ്പറുകൾ മനുഷ്യ ജീവനുകൾ കവരുന്നതു തുടർക്കഥയാണ്.

ബുധനാഴ്ച തന്നെ രണ്ട് ടിപ്പർ അപകടങ്ങളിലായി മൂന്നു പേരാണു സംസ്ഥാനത്തു മരിച്ചത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ അച്ഛനും മകളും സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് രണ്ടു പേരും മരണമടഞ്ഞതാണ് ആദ്യത്തേത്. കോതമംഗലം സ്വദേശിയായ എൽദോസ്, കോയമ്പത്തൂരിൽ നഴ്സിങ് വിദ്യാർഥിയായ മകൾ ബ്ലെസിയെ അങ്കമാലി റെയ്ൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് രാവിലെ അപകടമുണ്ടായത്. അപകടത്തിൽ കുരുങ്ങിയ ബൈക്കുമായി പത്തുമീറ്ററോളം ടിപ്പർ മുന്നോട്ടു നീങ്ങി. അമിത വേഗത്തിലാണു ടിപ്പർ വന്നതെന്നു നാട്ടുകാർ പറയുന്നുണ്ട്. ഉച്ചകഴിഞ്ഞ് കണ്ണൂർ പയ്യന്നൂരിൽ ബൈക്കിൽ ടിപ്പറിടിച്ച് കാട്ടാമ്പള്ളി സ്വദേശി താജുദീനും മരിച്ചു. എറണാകുളത്ത് ഇടപ്പള്ളി- അരൂർ ദേശീയ പാതയിൽ രാവിലെ നടക്കാനിറങ്ങിയ കണ്ണൂർ സ്വദേശി അബ്ദുൾ സത്താർ ടിപ്പറിടിച്ചു കൊല്ലപ്പെട്ടത് ഏതാനും ദിവസം മുൻപാണ്. വൃക്ക സംബന്ധമായ അസുഖത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ.

ടിപ്പർ അപകടങ്ങളുടെ തുടർച്ചയായ റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നു വന്നത്. വിഴിഞ്ഞം തുറമുഖത്തേക്ക് അമിത ലോഡുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് സ്കൂട്ടർ യാത്രികനായ ബിഡിഎസ് വിദ്യാർഥി മരിച്ചത് അത്യപൂർവ ദുരന്തമായി. രാവിലെ കോളെജിലേക്കു പോകുമ്പോഴാണ് അതിവേഗത്തിൽ പാഞ്ഞിരുന്ന ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ച് വിദ്യാർഥിയുടെ തലയിൽ വീണത്. സിഗ്നൽ തെറ്റിച്ച് അമിത വേഗത്തിൽ വന്ന ടിപ്പറിടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചതും കഴിഞ്ഞ ദിവസമായിരുന്നു. അമിത വേഗത്തിൽ പാഞ്ഞെത്തിയ ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരന്‍റെ കൈ അറ്റു തൂങ്ങിയ സംഭവവും ഉണ്ടായി. പാലക്കാട് ഉറങ്ങിക്കിടന്നയാൾ ടിപ്പർ ലോറി കയറി മരിച്ച സംഭവവും അടുത്തിടെയുണ്ടായി. കോഴിക്കോട്ട് മേൽപ്പാല നിർമാണത്തിന് മണ്ണുമായി വന്ന ടിപ്പർ ലോറി ഉറങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ശരീരത്തിലൂടെ കയറി തൊഴിലാളി മരിച്ച സംഭവം ഉണ്ടായതും ഏതാനും ദിവസം മുൻപ്. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിത വേഗത്തിൽ വന്ന ടിപ്പർ ഇടിച്ച് ബൈക്ക് യാത്രിക താഹിറ മരിച്ചതും അടുത്തിടെ. പത്തനംതിട്ടയിൽ അമിത വേഗത്തിൽ വന്ന ടിപ്പർ ലോറിയിടിച്ച് തെറിച്ചുവീണ സ്കൂട്ടർ യാത്രിക അതേ ലോറി ദേഹത്തു കയറി മരിച്ചത് കഴിഞ്ഞ ജനുവരിയിലായിരുന്നു. ഇങ്ങനെ എത്രയെത്ര ദുരന്തങ്ങളാണ് ടിപ്പറുകളുടെ അശ്രദ്ധ മൂലം ‍ഉണ്ടാവുന്നത്.

നഗര, ഗ്രാമ വ്യത്യാസമില്ലാതെ റോഡുകളിൽ ടിപ്പറുകളുടെ മരണപ്പാച്ചിൽ പൊതുനിരത്തുകളിൽ ഇറങ്ങുന്നവർക്കു ഭീഷണി ഉയർത്തുന്നുണ്ട്. അമിത ലോഡ്, അമിത വേഗം, ഓടിക്കുന്നവരുടെ അശ്രദ്ധ എല്ലാം ചേർന്നാണ് ഇവ അപകടങ്ങളുണ്ടാക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പലരും വീഴ്ച വരുത്തുന്നു. ഇതിനെതിരേ കർശന നടപടിയെടുക്കാൻ അധികൃതരും മടിക്കുന്നു. ആവശ്യമായ പരിശോധനാ സംവിധാനങ്ങൾ ഉണ്ടാക്കുകയും കുറ്റക്കാർക്കു കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു. ഒരു നിയമവും തങ്ങൾക്കു ബാധകമല്ല എന്ന മട്ടിൽ വാഹനം ഓടിക്കുന്നത് ആരായാലും അവരെ നിയമം പാലിക്കാൻ നിർബന്ധിതരാക്കേണ്ടത് അനിവാര്യമാണ്. നിയമലംഘനങ്ങൾ തുടരാനും അശ്രദ്ധമായി വാഹനമോടിക്കാനും അനുവദിച്ചാൽ അതിന്‍റെ ഫലം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതാണ്.

ടിപ്പർ ലോറി ഉടമകളും ഡ്രൈവർമാരും മര്യാദ കാണിക്കണമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ താക്കീതു നൽകിയത് നിരന്തരം പരാതികളുയരുന്ന സാഹചര്യത്തിലാണ്. വിലപേശാൻ പറ്റുന്ന സമയമല്ല ഇതെന്നും നിയമലംഘനങ്ങൾക്കെതിരേ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ ഈ വാക്കുകൾ യാഥാർഥ്യമാക്കാൻ ഉദ്യോഗസ്ഥർക്കു കഴിയട്ടെ. യാതൊരു സുരക്ഷയും നോക്കാതെ പുറത്തേക്കു തള്ളിനിൽക്കുന്ന രീതിയിൽ ടിപ്പർ ലോറിയുടെ മുകളിലേക്കു സാധനങ്ങൾ വാരിവലിച്ചിട്ട് കൊണ്ടുപോകുമ്പോൾ അതു മറ്റുള്ളവരുടെ ജീവനാണു ഭീഷണി ഉയർത്തുന്നതെന്ന് ഡ്രൈവർമാർ മനസിലാക്കണം. അമിത ലോഡും അമിത വേഗവും ആപത്താണെന്ന് ടിപ്പർ ഉടമകൾക്കും ബോധ്യമുണ്ടാവണം. ചെറിയ ലാഭത്തിനു ശ്രമിക്കുമ്പോൾ വലിയ നഷ്ടങ്ങളാണു കാത്തിരിക്കുന്നതെന്ന് മറക്കാതിരിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com