ബോംബ് രാഷ്‌ട്രീയം തടഞ്ഞേ തീരൂ| മുഖപ്രസംഗം

ആളൊഴിഞ്ഞ വീടുകളും പറമ്പുകളും ബോംബ് നിർമാണത്തിന്‍റെ ഹബ്ബുകളായി മാറുന്നത് ഇതുവരെ പൊലീസ് അറിഞ്ഞിട്ടില്ലെങ്കിൽ പിന്നെ എന്തു പറഞ്ഞിട്ടെന്തുകാര്യം
ബോംബ് രാഷ്‌ട്രീയം തടഞ്ഞേ തീരൂ| മുഖപ്രസംഗം
Updated on

ബോംബ് രാഷ്‌ട്രീയത്തിന്‍റെ ഇരകളായി ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവർ തോരാക്കണ്ണീരുമായി കഴിയുന്ന നിരവധി കുടുംബങ്ങൾ സംസ്ഥാനത്തുണ്ട്. പ്രത്യേകിച്ചു കണ്ണൂരിൽ ബോംബ് നിർമാണം രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായി പോലും ചിലർ കാണുന്നു എന്ന അങ്ങേയറ്റം അപലപനീയമായ യാഥാർഥ്യം നാം തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. പരസ്യമായി ബോംബ് രാഷ്‌ട്രീയത്തെ തള്ളിപ്പറയുമ്പോഴും രഹസ്യമായി അതിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം നേതാക്കളെങ്കിലും ഉള്ളിടത്തോളം കാലം ഇരകളും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നു ഭയക്കണം. എതിരാളികളെ മറികടക്കാൻ ബോംബും വടിവാളുമാണ് ആയുധം എന്നു ധരിക്കുന്നവരെ ഒപ്പം കൊണ്ടുനടക്കില്ലെന്നു ദൃഢനിശ്ചയമെടുക്കാൻ വിവിധ രാഷ്‌ട്രീയ കക്ഷികൾ ഏറെ വൈകിയിരിക്കുകയാണ്.

ബോംബ് നിർമാണം നടത്തുന്നവർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ വ്യക്തമാക്കുകയുണ്ടായി. സമീപകാലത്ത് പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പരിശോധന, പട്രോളിങ്, അറസ്റ്റ് തുടങ്ങിയ നടപടികളിലൂടെ ബോംബ് നിർമാണത്തിൽ ഏർപ്പെടുന്നവരെ നേരിടാൻ പൊലീസ് ശ്രമിക്കുന്നുണ്ട് എന്നാണു സർക്കാർ അവകാശപ്പെടുന്നത്. അതേസമയം‌ തന്നെയാണ് ആവർത്തിച്ച് ബോംബ് സ്ഫോടനങ്ങളുണ്ടാവുന്നതും ജീവഹാനി വരെ സംഭവിക്കുന്നതും. ബോംബ് നിർമിക്കുന്ന ക്രിമിനലുകൾക്ക് പുറത്തുനിന്നു സഹായവും പിന്തുണയും കിട്ടുന്നില്ലെങ്കിൽ പൊലീസ് "ശക്തമായ നടപടി' സ്വീകരിച്ചിട്ടും അവർക്കൊന്നും ഒരു ഭയവുമില്ലാതെ ഇങ്ങനെ സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യാനാവില്ല. അപ്പോൾ ആരൊക്കെയാണ് ഇവരെ സഹായിക്കുന്നതെന്നു കണ്ടെത്തേണ്ടതു പ്രധാനമാണ്.

അടുത്ത കാലത്താണു പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏതാനും പേർക്കു പരുക്കേൽക്കുകയും ചെയ്തത്. നിർമാണത്തിലിരിക്കുന്ന വീടിന്‍റെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെ പുലർച്ചെ ഒരു മണിയോടെ സ്ഫോടനമുണ്ടാവുകയായിരുന്നു. ഈ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി അറസ്റ്റ് ഉൾപ്പെടെ നടപടികൾ സ്വീകരിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലുണ്ടായിരുന്ന ഏഴു സ്റ്റീൽ ബോംബുകൾ കൂടി കണ്ടെടുത്തു. കണ്ണൂർ ജില്ലയിൽ ബോംബ് നിർമാണത്തിനു സാധ്യതയുള്ള സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നതടക്കം നടപടികളുണ്ടായി. പക്ഷേ, അതൊന്നും ബോംബ് നിർമാണത്തിൽ ഏർപ്പെടുന്നവരെ തടസപ്പെടുത്തുന്നില്ലെന്നാണ് ഒരു നിരപരാധിയുടെ കൂടി ജീവൻ നഷ്ടപ്പെടുത്തിയ സ്ഫോടനം കാണിക്കുന്നത്.

തലശേരി എരഞ്ഞോളിയിൽ ആൾ താമസമില്ലാത്ത വീട്ടിൽ തേങ്ങ പെറുക്കാൻ പോയ എൺപത്തഞ്ചുകാരൻ വേലായുധൻ പറമ്പിൽ നിന്നു കിട്ടിയ സ്റ്റീൽ പാത്രം തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റാരെയോ ലക്ഷ്യമിട്ട് നിർമിച്ച ബോംബ് പൊട്ടിത്തെറിച്ച് നിരപരാധി മരിക്കുന്നത് കണ്ണൂരിൽ ഇതാദ്യമല്ല. മട്ടന്നൂരിൽ ആക്രി പെറുക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അസം സ്വദേശികളായ അച്ഛനും മകനും മരിച്ച സംഭവം മറക്കാറായിട്ടില്ല. ‌തലശേരി പാട്യത്ത് ആക്രി സാധനങ്ങൾക്കിടയിലുണ്ടായിരുന്ന സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അസം സ്വദേശിക്കും മക്കൾക്കും പരുക്കേൽക്കുകയുണ്ടായി. ഇതുപോലുള്ള സംഭവങ്ങളിൽ കുട്ടികളടക്കം പലർക്കും മുൻപും പരുക്കേറ്റിട്ടുണ്ട്.

ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് എരഞ്ഞോളിയിൽ ബോംബ് നിർമാണം നടക്കുന്നുണ്ടെന്നു നാട്ടുകാർ തന്നെ വെളിപ്പെടുത്തുന്നു. നേരത്തേയും ഇവിടെ നിന്ന് ബോംബുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അക്കാര്യം പൊലീസിനെ അറിയിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. "പാർട്ടിക്കാർ' തന്നെ അവ കൊണ്ടുപോയെന്നും ഒരു വീട്ടമ്മ വെളിപ്പെടുത്തുന്നു. പേടിച്ചാണ് ഇവിടെ ആളുകൾ കഴിയുന്നതെന്നും അറിയാവുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞാൽ അവരുടെ വീടുകൾക്കു നേരേ ബോംബെറിയുമെന്നും പിന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നുമൊക്കെ അവർ പറയുമ്പോൾ എത്ര ഭീകരമാണ് അവസ്ഥ എന്നോർക്കണം.

ആളൊഴിഞ്ഞ വീടുകളും പറമ്പുകളും ബോംബ് നിർമാണത്തിന്‍റെ ഹബ്ബുകളായി മാറുന്നത് ഇതുവരെ പൊലീസ് അറിഞ്ഞിട്ടില്ലെങ്കിൽ പിന്നെ എന്തു പറഞ്ഞിട്ടെന്തുകാര്യം! ഏതെങ്കിലും നേതാക്കളുടെ ഒത്താശയോടെയാണ് ഇത്തരത്തിലുള്ള ബോംബ് നിർമാണമെങ്കിൽ അതടക്കം പുറത്തുവരണം. ജനങ്ങളുടെ സമാധാന ജീവിതത്തിനു വെല്ലുവിളി ഉയർത്തുന്നവർ ആരായാലും അവരെ സ്വതന്ത്രമായി തുറന്നുവിടാനാവില്ല. ബോംബ് നിർമാണത്തിൽ ഏർപ്പെടുന്നവരും അത് ഉപയോഗിക്കുന്നവരും ഏതു രാഷ്‌ട്രീയ കക്ഷിയിൽ പെട്ടവരായാലും ക്രിമിനലുകളാണ് എന്നല്ല ക്രിമിനലുകൾ മാത്രമാണ്. അവർ ജനാധിപത്യത്തിന്‍റെ ശത്രുക്കളാണ്.

Trending

No stories found.

Latest News

No stories found.