
രാജ്യത്തു സമാധാനവും ഐക്യവും തകർക്കാൻ ശ്രമിക്കുകയും അക്രമത്തിന് ആഹ്വാനവും പ്രചോദനവും നൽകുകയും ചെയ്യുന്നവരെ സമൂഹത്തിൽ തുറന്നുവിടുന്നത് ഏതു നിലയ്ക്കും അപകടകരമാണ്. അത്തരക്കാരെ നിയമത്തിനു മുന്നിലെത്തിക്കുകയും തക്കതായ ശിക്ഷ നേടിക്കൊടുക്കുകയും ചെയ്യേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. പഞ്ചാബിലെ ഖാലിസ്ഥാൻ തീവ്രവാദി അമൃത് പാൽ സിങ് ജയിലിൽ അടയ്ക്കപ്പെട്ടപ്പോൾ അതുകൊണ്ടു തന്നെ പൊലീസിന്റെ 35 ദിവസം നീണ്ട പരിശ്രമമാണ് വിജയത്തിലെത്തിയത്. രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണി ഉയർത്താവുന്ന തീവ്രവാദി നേതാവാണ് ഇപ്പോൾ അസമിലെ ദിബ്രുഗഡ് ജയിലിലായിട്ടുള്ളത്. ഇന്റലിജൻസ് ബ്യൂറോയും റോയും പോലുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അമൃത് പാലിനെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഇയാളെയും കൂട്ടാളികളെയും കുറിച്ചുള്ള കൂടുതൽ വസ്തുതകൾ പുറത്തുകൊണ്ടുവരും. പഞ്ചാബിൽ വീണ്ടും വിഘടനവാദവും ഭീകരപ്രവർത്തനവും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ എന്തുമാത്രമുണ്ടായി എന്ന് അതിലൂടെ വ്യക്തമാവും. ദേശവിരുദ്ധ ശക്തികളുടെ നീക്കങ്ങൾ തടയാനും കഴിയും. അമൃത്പാലിന്റെ ഒമ്പത് അനുയായികളെ നേരത്തേ ഈ ജയിലിലേക്കു മാറ്റിയിരുന്നു. ഇനിയും ഇയാളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവർ ഉണ്ടാകാം. അങ്ങനെയുണ്ടെങ്കിൽ അവരും എത്രയും വേഗം അറസ്റ്റിലാവേണ്ടതുണ്ട്. സമാധാനവും സൗഹാർദവും ഇല്ലാതാക്കുന്നവർ നിയമവാഴ്ചയെ നേരിടുക തന്നെ വേണം.
ഭിന്ദ്രൻവാല രണ്ടാമൻ എന്ന് അവകാശപ്പെടുന്ന അമൃത് പാൽ കഴിഞ്ഞ മാസം 18നാണ് ഒളിവിൽപ്പോയത്. "വാരിസ് പഞ്ചാബ് ദേ' (പഞ്ചാബിന്റെ അവകാശികൾ) എന്നു പേരുള്ള സംഘടനയെ നിയന്ത്രിക്കുന്ന അമൃത്പാൽ സംഘടനയിലെ അനുയായിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമൃത്സറിലെ അജ്നാല പൊലീസ് സ്റ്റേഷൻ ആയുധങ്ങളുമായി വളയുകയും സേനയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇയാൾ മുങ്ങിയത്. പിന്നീട് പൊലീസിനെ കബളിപ്പിച്ചു നടക്കുകയായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ കീഴടങ്ങി. ഇയാളുടെ ഭാര്യ കിരൺദീപ് കൗറിനെ അടുത്തിടെ ലണ്ടനിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ അമൃത്സർ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു.
പഞ്ചാബിൽ വിഘടനവാദവും ഭീകരപ്രവർത്തനവും ഉയർത്തിയ ഭീഷണികൾക്ക് അന്ത്യം കുറിച്ചത് ഏതാണ്ടു നാലു പതിറ്റാണ്ടു മുൻപാണ്. സംസ്ഥാനത്തു വീണ്ടും അതേ ഭീകരപ്രവർത്തനത്തിനു വിത്തുപാകാൻ ശ്രമിക്കുന്നു എന്നത് അതീവ ഗൗരവത്തിൽ കണ്ടേ തീരൂ. മുൻപ് സിക്കുകാർക്ക് സ്വതന്ത്ര രാജ്യം ആവശ്യപ്പെട്ട് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ ഖാലിസ്ഥാൻ ഭീകരർ ഉയർത്തിയ ഭീഷണി അവസാനിപ്പിക്കാൻ സുവർണ ക്ഷേത്രത്തിൽ സൈനിക നീക്കം വരെ വേണ്ടിവന്നു. 1984ൽ ദേശസുരക്ഷ അപകടത്തിലെന്നു വന്നപ്പോഴാണ് ഇന്ത്യൻ സേനയുടെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ ഉണ്ടായത്. സായുധകലാപത്തിന് ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാനുള്ള ഭീകരവാദികളുടെ നീക്കം ഭിന്ദ്രൻവാല അടക്കമുള്ള ഭീകരരെ കൊലപ്പെടുത്തിയാണ് സൈന്യം തടഞ്ഞത്. ബ്ലൂസ്റ്റാർ ഓപ്പറേഷനു ശേഷമാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചത് എന്നും ഓർക്കണം.
പ്രധാനമന്ത്രിയുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് ഡൽഹിയിലുണ്ടായ കലാപങ്ങളിൽ നിരവധിയാളുകളുടെ ജീവനും നഷ്ടമായി. ഇന്ത്യ വിഭജനത്തിനു ശേഷം രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വംശീയ കലാപമായി അതു മാറി. ഖാലിസ്ഥാൻ തീവ്രവാദത്തിനു വീണ്ടും ജീവനേകാൻ അമൃത് പാലിനെപ്പോലുള്ളവർ ശ്രമിക്കുമ്പോൾ അതുകൊണ്ടൊക്കെ തന്നെ ജനങ്ങൾ വലിയ ആശങ്കയോടെയാണ് അതിനെ നോക്കിക്കാണുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്ദിര ഗാന്ധിയുടെ ഗതി വരുമെന്ന് അമൃത്പാൽ ഭീഷണി മുഴുക്കിയിരുന്നു. പിടികിട്ടാപ്പുള്ളിയായി പഞ്ചാബ് പൊലീസ് പ്രഖ്യാപിച്ച ശേഷം ഇയാളുടെ പല രൂപങ്ങളിലുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഭിന്ദ്രൻവാലയുടെ ചിത്രത്തിനു മുന്നിൽ അമൃത്പാൽ ഇരിക്കുന്ന ചിത്രവും ഇതിൽ ഉൾപ്പെടുന്നുണ്ട്. പഞ്ചാബിൽ എന്നല്ല രാജ്യത്ത് എവിടെയായാലും തീവ്രവാദികളെ അതിശക്തമായി നേരിടാൻ സർക്കാരും പൊലീസും സുരക്ഷാ ഏജൻസികളും എല്ലാം ചേർന്നു തയാറാവേണ്ടതുണ്ട്. ദേശസുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്നവർക്ക് സമൂഹത്തിൽ സ്ഥാനമുണ്ടാവരുത്. അവർക്ക് ആരുടെയും പിന്തുണയും ലഭിക്കരുത്.