
റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ തുടർച്ചയായി സ്വീകരിച്ചുവരുന്നുണ്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. 2024നു മുൻപ് രാജ്യത്തെ റോഡപകടങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ പ്രഖ്യാപനം. എന്നാൽ, അതു ലക്ഷ്യത്തിലെത്തില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി തുറന്നു സമ്മതിച്ചത് ഏതാനും മാസം മുൻപാണ്. റോഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നത് അപകടങ്ങൾ കുറയ്ക്കാനുള്ള പരിശ്രമങ്ങളെ തളർത്തുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി. ബ്ലാക്ക് സ്പോട്ടുകൾ തിരിച്ചറിഞ്ഞുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
പ്രധാന റോഡുകൾ നന്നാക്കുന്നുണ്ട്. നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദേശിക്കുന്നുണ്ട്. റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി കേരളത്തിൽ എഐ ക്യാമറകൾ സ്ഥാപിച്ചതുപോലുള്ള നടപടികളുണ്ടാവുന്നുണ്ട്. ബോധവത്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പക്ഷേ, അപകടങ്ങൾ കുറയുകയല്ല, കൂടുകയാണ് എന്നതാണു യാഥാർഥ്യം. റോഡ് എൻജിനീയറിങ്ങിലെ പോരായ്മകളിൽ തുടങ്ങി നിരത്തിൽ അച്ചടക്കം പാലിക്കുന്നതിലുള്ള വീഴ്ച വരെ നിരവധി ഘടകങ്ങളുണ്ട് ഇപ്പോഴും പരിഹരിക്കപ്പെടാത്തതായി. റോഡിലെ സുരക്ഷ സംബന്ധിച്ച് കൂടുതൽ ഗൗരവമായ ആലോചനകൾ ആവശ്യമാണ് എന്നതാണ് ഇതു കാണിക്കുന്നത്.
കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ "ഇന്ത്യയിലെ റോഡപകടങ്ങൾ- 2022' എന്ന വാർഷിക റിപ്പോർട്ടിൽ കാണിക്കുന്ന കണക്കുകൾ ഇതു വ്യക്തമാക്കുന്നതാണ്. 2022 കലണ്ടർ വർഷത്തിൽ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത് 4,61,312 റോഡ് അപകടങ്ങളാണ്. അവയിൽ 1,68,491 പേര് മരിച്ചു. 4,43,366 പേര്‍ക്കു പരുക്കേറ്റു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപകടങ്ങളില്‍ 11.9% വർധനയാണുണ്ടായത്. 2005നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മരണസംഖ്യ 9.4% വർധിച്ചു. പരുക്കേറ്റവരിൽ 15.3% വര്‍ധനയും ഉണ്ടായിട്ടുണ്ട്. പത്തു ലക്ഷത്തിൽ 122 പേർ വീതം കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ രാജ്യത്തു കൊല്ലപ്പെട്ടിട്ടുണ്ടത്രേ. 1970നു ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊവിഡ് ലോക്ഡൗൺ കാലത്ത് റോഡ് അപകടങ്ങളിൽ കുറവുണ്ടായതാണ്. എന്നാൽ, വൈറസ് ഭീതിയകന്ന് റോഡുകളിൽ തിരക്കേറിയതോടെ അപകടങ്ങളുടെ എണ്ണവും കുത്തനെ ഉയരുകയായിരുന്നു.
അമിത വേഗം, അശ്രദ്ധമായി വാഹനമോടിക്കുന്നത്, മദ്യപിച്ചു വാഹനമോടിക്കുന്നത്, ട്രാഫിക് നിയമ ലംഘനങ്ങൾ തുടങ്ങി അപകട കാരണങ്ങൾ സ്ഥിരമായി ചൂണ്ടിക്കാണിക്കുന്നതു തന്നെയാണ്. അതിൽ തന്നെ അമിത വേഗത്തിനു കൂടുതൽ പ്രസക്തിയുണ്ട്. 72 ശതമാനം അപകടങ്ങളും അമിത വേഗം കൊണ്ട് സംഭവിക്കുന്നതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണത്തിൽ 71 ശതമാനവും അമിത വേഗത്തിന്റെ ഫലമാണത്രേ. അതിനാൽ അമിത വേഗം നിയന്ത്രിക്കുക എന്നതു തന്നെയാണ് അപകടങ്ങൾ കുറയ്ക്കുന്നതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത്. അഞ്ചു വർഷം മുൻപ്, 2018ൽ റോഡ് അപകടങ്ങളിലുണ്ടായ മരണത്തിൽ 64 ശതമാനമായിരുന്നു അമിത വേഗം മൂലമുണ്ടായത്. അതിപ്പോൾ ഏഴു ശതമാനം വർധിച്ചിരിക്കുന്നു. ഗുണനിലവാരമുള്ള മികച്ച റോഡുകൾ നിർമിച്ചാൽ പോരാ, അവയിൽ അമിത വേഗം നിയന്ത്രിക്കുന്നതിൽ കർശന നടപടികളും ആവശ്യമാണ് എന്നതാണ് ഇതു വ്യക്തമാക്കുന്നത്. ദേശീയ പാതകളിലുണ്ടാകുന്ന അപകട മരണത്തിൽ 78 ശതമാനവും അമിത വേഗം മൂലമാണ് എന്നാണു കണക്കുകൾ. മൊത്തം അപകട മരണത്തിന്റെ 60 ശതമാനവും ദേശീയ, സംസ്ഥാന പാതകളിലായാണ് എന്നതും ഓർക്കേണ്ടതാണ്. രാജ്യത്തിന്റെ മൊത്തം റോഡ് ശൃംഖലയിൽ അഞ്ചു ശതമാനം മാത്രം വരുന്നതാണ് ദേശീയ, സംസ്ഥാന പാതകൾ എന്നു കൂടി ഓർക്കണം.
റോഡിലെ അപകട മരണങ്ങൾക്കു മറ്റൊരു പ്രധാന കാരണം ഹെൽമറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കാത്തതാണെന്നും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. അമ്പതിനായിരത്തിലേറെ ഇരുചക്ര വാഹന യാത്രക്കാരാണ് ഹെൽമറ്റ് ഉപയോഗിക്കാതിരുന്നതിനാൽ മരിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. മരിച്ച 16,000ൽ ഏറെ പേർ സീറ്റ് ബെൽറ്റ് ഉപയോഗിച്ചിരുന്നില്ലത്രേ. ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഹെൽമറ്റിന് ജിഎസ്ടി ഒഴിവാക്കണമെന്ന അന്താരാഷ്ട്ര റോഡ് ഫെഡറേഷന്റെ (ഐആർഎഫ്) നിർദേശം പരിഗണിക്കപ്പെടേണ്ടതാണ്. കുറഞ്ഞ വരുമാനമുള്ള ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് വാങ്ങാൻ മടിക്കുകയോ ഗുണനിലവാരം കുറഞ്ഞവ വാങ്ങുകയോ ചെയ്യുന്നുവെന്നാണ് ഐആർഎഫ് ചൂണ്ടിക്കാണിക്കുന്നത്.
സിഗ്നലുകൾ അവഗണിച്ചുള്ള യാത്ര മൂലമുണ്ടായ അപകട മരണം ഇരട്ടിയിലേറെയായിട്ടുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. റോഡിലെ കുഴികളിൽ പെട്ടുണ്ടായ അപകട മരണങ്ങളിൽ 25 ശതമാനമാണു വർധനയത്രേ. ലോകത്ത് ഏറ്റവുമധികം റോഡ് അപകട മരണമുണ്ടാകുന്നത് ഇന്ത്യയിലാണ്. ആഗോളതലത്തിൽ മൊത്തമുണ്ടാകുന്ന റോഡ് അപകട മരണത്തിൽ പതിനൊന്നു ശതമാനത്തോളം ഇവിടെയാണ്. ഈ നിരക്കിൽ കുറവു വരുത്തണമെങ്കിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ മുറുകെ പിടിക്കുക തന്നെ വേണം.