ശ്രീചിത്രയുടെ അഭിമാന നേട്ടം

ഇന്ത്യയിൽ ഒരു രോഗത്തിന് ഏറ്റവും കൂടുതൽ തുക ബജറ്റിലൂടെ ചെലവഴിക്കുന്നത് 800 കോടി രൂപ നീക്കിവച്ചിട്ടുള്ള ക്ഷയത്തിനാണെന്നതും ഓർക്കണം
ശ്രീചിത്രയുടെ അഭിമാന നേട്ടം
Updated on

കൊവിഡ് രോഗനിർണയത്തിന് രാജ്യമാകെ വാങ്ങുകയും ഇപ്പോൾ ഉപയോഗശൂന്യമാവുകയും ചെയ്ത പിസിആർ മെഷീനുകൾ ഉപയോഗിച്ച് ചെലവു കുറഞ്ഞ രീതിയിൽ ക്ഷയരോഗ നിർണയത്തിന് തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ കണ്ടുപിടിത്തം വളരെ പ്രതീക്ഷ നൽകുന്നതാണ്. ഗവേഷണത്തിലും ചികിത്സയിലും രാജ്യത്തിന്‍റെ തന്നെ അഭിമാനമാണ് “ശ്രീചിത്ര’ എന്നറിയപ്പെടുന്ന ഈ സ്ഥാപനം .സാധാരണക്കാർക്ക് താങ്ങാവുന്ന വിധത്തിൽ ഹൃദയ വാൽവ് ഉൾപ്പെടെ ലഭ്യമാക്കിയ പ്രതിബദ്ധത ഇപ്പോഴും തുടരുന്നു എന്നതും സന്തോഷകരം. വിവിധ രോഗനിർണയത്തിന് കോടിക്കണക്കിന് രൂപ ചെലവഴിച്ച് വിദേശത്തുനിന്ന് യന്ത്രസംവിധാനങ്ങൾ ഇറക്കുമതി ചെയ്യുന്ന രീതി ഇപ്പോഴും തുടരുമ്പോൾ നമ്മുടെ രാജ്യത്തു തന്നെ ചെലവു കുറഞ്ഞ രീതിയിൽ രോഗനിർണയം സാധ്യമാവുന്ന കണ്ടുപിടിത്തങ്ങൾ ഉണ്ടാവുന്നത് അഭിമാനകരമാണെന്നു മാത്രമല്ല, ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും കാരണമാവും.

സർക്കാർ ആശുപത്രികളിൽ ട്യൂബർക്യുലോസിസ് (ടിബി) രോഗനിർണയം നിലവിൽ സൗജന്യമാണെങ്കിലും അതിന് ഒരാളിന് വേണ്ടിവരുന്ന ചെലവ് 1,500 രൂപയാണ്. എന്നാൽ, 500 രൂപയിൽ താഴെയാണ് ശ്രീചിത്രയുടെ പുതിയ കണ്ടുപിടിത്തത്തിന്‍റെ ചെലവ്. ഇന്ത്യയിൽ ഒരു രോഗത്തിന് ഏറ്റവും കൂടുതൽ തുക ബജറ്റിലൂടെ ചെലവഴിക്കുന്നത് 800 കോടി രൂപ നീക്കിവച്ചിട്ടുള്ള ക്ഷയത്തിനാണെന്നതും ഓർക്കണം.

പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്റ്റീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ടിബി എന്ന ക്ഷയം.ഈ രോഗം ശരീരത്തിന്‍റെ എല്ലാ ഭാഗത്തെയും ബാധിക്കുമെങ്കിലും 90 ശതമാനം കേസുകളിലും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ശരീരഭാരം കുറയുന്നത്, വിട്ടുമാറാത്ത ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശ്വാസകോശ ക്ഷയം ഉള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും സംസാരിയ്ക്കുമ്പോഴും രോഗാണു അടങ്ങിയ കണങ്ങൾ അന്തരീക്ഷത്തിൽ വ്യാപിയ്ക്കുന്നു. ഒറ്റ തുമ്മലിലൂടെ ഇത്തരത്തിലുള്ള 40,000ത്തോളം കണങ്ങൾ പുറത്തുവരും. ക്ഷയരോഗാണുവിന് അതിജീവന ശേഷി കൂടുതലായതിനാൽ ഇത്തരത്തിലുള്ള ഒരു കണം കൊണ്ടു തന്നെ രോഗം പകരാം.

ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്നതാണ് ക്ഷയരോഗത്തിന്‍റെ പ്രത്യേകത. ഇന്ത്യയൊട്ടാകെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിൽ സൗജന്യമായി ടിബി പരിശോധന മാത്രമല്ല, മരുന്നും ലഭിക്കും. മരുന്ന് ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം കൃത്യമായി നിശ്ചിത കാലയളവിൽ കഴിക്കുക എന്നതാണ് പ്രധാനം. എന്നാൽ, പലരും രോഗലക്ഷണം പിന്നിടുമ്പോൾ സൗജന്യമായി കിട്ടുന്നതാണെങ്കിൽ കൂടി മരുന്ന് കഴിക്കുന്നത് നിർത്തും. ആന്‍റിബയോട്ടിക് പ്രതിരോധമുള്ള ക്ഷയരോഗം ഈ രോഗികളിൽ 10 ശതമാനത്തിന് കണ്ടുവരുന്നു എന്നത് അതീവ ഗുരുതരമാണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

ലോകത്തേറ്റവും കൂടുതൽ ടിബി രോഗികളുള്ള രാജ്യം ഇന്ത്യയാണ്. പട്ടിണിയും പോഷകാഹാരക്കുറവുമാണ് ഈ രോഗത്തിന്‍റെ കാരണങ്ങളിൽ പ്രധാനം. അസുഖമുള്ളവരെ മുഴുവൻ കണ്ടെത്താനോ പരിശോധിക്കാനോ സാധിക്കാത്ത സ്ഥിതി നിലവിലുണ്ട്.അതുകൊണ്ടുതന്നെ ശ്രീചിത്രയുടെ ഈ കണ്ടുപിടിത്തം നിർണായകമാണ്. രാജ്യത്ത് ഒരു ലക്ഷം പേരിൽ ശരാശരി മുന്നൂറോളം പേർക്ക് ടിബിയുണ്ടെന്നാണ് വിവിധ പഠനങ്ങളിലെ കണ്ടെത്തൽ. അതേസമയം, ഇന്ത്യയിൽ ടിബി രോഗികളുടെ എണ്ണം കുറവ് കേരളത്തിലാണ് - ലക്ഷത്തിൽ 67 മാത്രം. ടിബി ലക്ഷത്തിൽ 50 പേരിൽ താഴെയായി കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം.

ഇന്ത്യ ക്ഷയരോഗമുക്തമാകാൻ ലക്ഷ്യമിട്ടത് 2025ലാണ്. എന്നാൽ, കൊവിഡ് കാലയളവിൽ ടിബി പരിശോധന നിർത്തിവച്ചത് തിരിച്ചടിയായി.കൊവിഡ് കാലത്തെ സാമൂഹികാവസ്ഥ രോഗനിരക്കു വർധിപ്പിച്ചു. ക്ഷയരോഗം ഉള്ളവർക്കു അന്ന് വേണ്ടത്ര ചികിത്സ ലഭിച്ചില്ല. എല്ലാവരും വീടിനുള്ളിൽ കഴിഞ്ഞതിനാൽ രോഗപ്പകർച്ചയ്ക്കും വേഗം കൂടി. ഒരാളിൽ നിന്ന് 20 പേരിലേക്കുവരെ രോഗം പകരാമെന്ന അവസ്ഥ നിസാരമായി തള്ളരുത്.

ആറുവർഷം മുമ്പാണ് ശ്രീചിത്ര ക്ഷയരോഗ നിർണയത്തിന് കിറ്റ് എന്ന ഗവേഷണത്തിലേക്കു കടന്നത്. മോളിക്യുലർ മെഡിസിൻ സീനിയർ സയന്‍റിസ്റ്റ് ഡോ. അനൂപ് തെക്കുവീട്ടിലിന്‍റെ നേതൃത്വത്തിലായിരുന്നു ഇതുസംബന്ധിച്ച ഗവേഷണം. പ്രതിസന്ധികളെ അവസരമാക്കുക എന്ന ആലോചനയിൽനിന്നാണ് ആർടിപിസിആർ മെഷീനുകൾ കൊവിഡിനു ശേഷം ഉപയോഗശൂന്യമായി കിടക്കുന്നത് ഈ ഗവേഷക സംഘത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഈ യന്ത്രം മാത്രമല്ല, പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരുടെ സേവനവും കിട്ടുന്നു. വിദേശങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത നിലവിലുള്ള അത്യാധുനിക ടിബി പരിശോധന ഒരേ സമയം പരമാവധി 16 പേർക്കേ സാധിക്കൂ. അതിന് 3 മണിക്കൂർ വേണം. എന്നാൽ, ശ്രീചിത്ര കിറ്റുപയോഗിച്ച് 98 പേരെ ഒരേസമയം പരിശോധിക്കാം. ഒരു മണിക്കൂറിനുള്ളിൽ ഫലം കിട്ടും.

ലോകാരോഗ്യ സംഘടന 2030ൽ ടിബി രഹിത ലോകമാവുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവർ ശ്രീചിത്രയുടെ കണ്ടുപിടിത്തത്തെ ആശാവഹമായാണ് വീക്ഷിക്കുന്നത്.കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി അധികൃതരും ശ്രീചിത്ര മെഡിക്കൽ സെന്‍ററുമായി ഈ കിറ്റ് സംബന്ധിച്ച ചർച്ച നടന്നുവരികയാണ്. ഇതിനകം രണ്ട് യോഗങ്ങൾ കഴിഞ്ഞു. അതിൽ ഒരു തീരുമാനം ഉണ്ടായാൽ ഈ പരിശോധന സൗജന്യമായി ചെയ്യാൻ കഴിയും. അത് ടിബി പരിശോധനാ രംഗത്ത് ഉണ്ടാക്കുന്നത് വലിയ മാറ്റങ്ങളായിരിക്കും.

“മുത്തപ്പന്‍റെ വഞ്ചി, മൂന്നുപുത്തൻ കൂലി, എത്തുമ്പോഴെത്തും...’ എന്ന രീതിയിലുള്ള സർക്കാരിന്‍റെ പതിവ് കാലതാമസം ഇക്കാര്യത്തിലെങ്കിലും ഉണ്ടാകരുതെന്നേ അഭ്യർഥിക്കാനുള്ളൂ. ഒപ്പം, മലയാളി ശാസ്ത്രജ്ഞന്‍റെ നേതൃത്വത്തിലുള്ള ഇരുപതോളം ഗവേഷകരുടെ നേട്ടത്തിന് അവരെല്ലാവരെയും അഭിനന്ദിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com