താക്കീതാകട്ടെ, ഈ വിധി | മുഖപ്രസംഗം

ഈ വിധി വഴി കോടതി നൽകുന്ന സന്ദേശം വ്യക്തമാണ്
താക്കീതാകട്ടെ, ഈ വിധി | മുഖപ്രസംഗം

ബിജെപി ഒബിസി മോർച്ച നേതാവും അഭിഭാഷകനുമായിരുന്ന രൺജിത് ശ്രീനിവാസനെ കുടുംബാംഗങ്ങളുടെ കൺമുന്നിൽ വച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പതിനഞ്ചു പേർക്കും വധശിക്ഷ വിധിച്ചിരിക്കുകയാണ് മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി. ഒരൊറ്റ കേസിൽ ഇത്രയും പേർക്കു വധശിക്ഷ വിധിക്കുന്നത് കേരളത്തിൽ ഇതാദ്യമാണ്. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച്, പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഗൂഢാലോചനയിൽ പങ്കാളികളായവർ അടക്കം പ്രതികൾക്കു കോടതി തൂക്കുകയർ വിധിച്ചിരിക്കുന്നത്. ഇതുവഴി കോടതി നൽകുന്ന സന്ദേശം വ്യക്തമാണ്. ഇരയാക്കാനുള്ളവരുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി വച്ചിരുന്നയാളെ വീട്ടിൽക്കയറി അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽവച്ച് പൈശാചികമായി വെട്ടിനുറുക്കുന്ന ക്രിമിനലുകളോട് ഒരു തരത്തിലും ദയ കാണിക്കാനാവില്ല എന്നു തന്നെയാണ് ആ സന്ദേശം. ഇത്തരക്കാർ സാമൂഹിക ജീവിതത്തിന് ഉയർത്തുന്ന വെല്ലുവിളി ആവർത്തിക്കാതിരിക്കണം. പ്രതികൾക്കു പരമാവധി ശിക്ഷ നൽകുന്നത് നീതിന്യായ സംവിധാനം ഇവിടെ ജാഗ്രതയോടെയുണ്ടെന്ന് ഓർമപ്പെടുത്തുകയാണ്.

തീർച്ചയായും കേസ് അന്വേഷിച്ച പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും വിജയം കൂടിയാണിത്. തെളിവുകൾ കൃത്യമായി ഹാജരാക്കുന്നതിലടക്കം ഒരു വീഴ്ചയും സംഭവിക്കാതെ നോക്കാൻ അവർക്കായി. 156 സാക്ഷികളെയാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. നൂറിലേറെ തൊണ്ടിമുതലുകളും ആയിരത്തോളം രേഖകളും ഹാജരാക്കി. പ്രതികൾ കൊലപാതകത്തിനു പരിശീലനം ലഭിച്ചിട്ടുള്ളവരാണെന്നു പ്രോസിക്യൂഷൻ വാദിച്ചു. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ല. പ്രതികൾക്കു പരമാവധി ശിക്ഷ നൽകിയില്ലെങ്കിൽ അതു സമൂഹത്തിനു ‌തെറ്റായ സന്ദേശമാവും നൽകുകയെന്നും കൊലപാതകത്തിനു സാക്ഷിയായ അമ്മയ്ക്കും ഭാര്യയ്ക്കുമുണ്ടായ മാനസികാഘാതം കൊലപാതകത്തോളം ഭയാനകമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സാധാരണ രാഷ്‌ട്രീയ കൊലപാതകമാണിത് എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും എല്ലാം പരിഗണിച്ച് ശിക്ഷയിൽ ഇളവു വേണമെന്നും പ്രതിഭാഗം അഭ്യർഥിച്ചിരുന്നു. എന്നാൽ, പ്രോസിക്യൂഷന്‍റെ വാദങ്ങളാണു കോടതി അംഗീകരിച്ചത്.

2021 ഡിസംബര്‍ 19നാണ് രൺജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ വെട്ടിക്കൊന്നത്. ഡിസംബര്‍ 18ന് രാത്രി എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു രൺജിത്തിന്‍റെ കൊലപാതകം. 15 പ്രതികളിൽ എട്ടു പേരാണ് രണ്‍ജിത്തിനെ വീട്ടില്‍ കയറി വെട്ടിയതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഒമ്പതു മുതൽ 12 വരെ പ്രതികൾ വീടിനു പുറത്തു മാരകായുധങ്ങളുമായി കാവൽ നിൽക്കുകയായിരുന്നു. 13 മുതൽ 15 വരെ പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായി. ആലപ്പുഴയിൽ തന്നെ വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ ആർ. നന്ദുകൃഷ്ണ 2021 ഫെബ്രുവരിയിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയുണ്ടായാൽ കൊലപ്പെടുത്തേണ്ടവരുടെ ലിസ്റ്റ് പ്രതികൾ ഗൂഢാലോചന നടത്തി തയാറാക്കിയിരുന്നു എന്നാണു പ്രോസിക്യൂഷൻ പറയുന്നത്. ഷാൻ കൊല്ലപ്പെട്ടപ്പോൾ പ്രതികൾ ലിസ്റ്റ് വച്ച് രൺജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണു പ്രോസിക്യൂഷൻ ബോധിപ്പിച്ചത്.

ഉയർന്ന സാക്ഷരതയും രാഷ്‌ട്രീയ പ്രബുദ്ധതയുമുള്ള നാടാണു കേരളമെന്നു നാം അഭിമാനിക്കുമ്പോഴും ആവർത്തിക്കുന്ന രാഷ്‌ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്തിനുണ്ടാക്കുന്ന ദുഷ്പേര് വലുതാണ്. രാഷ്‌ട്രീയ ക്രിമിനലുകളുടെ പൊറുക്കാനാവാത്ത ക്രൂരത എത്രയെത്ര ജീവനുകളാണു കവർന്നിട്ടുള്ളത്. അതുമൂലം എത്രയെത്ര കുടുംബങ്ങളാണ് തീരാകണ്ണീരിലും നിസഹായാവസ്ഥയിലുമായിട്ടുള്ളത്. ഇത്തരം കേസുകളിൽ പ്രതികളാവുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നത് മഴുവും വാളും മറ്റു മാരകായുധങ്ങളുമായി വെട്ടിനുറുക്കാൻ ഇറങ്ങുന്നവരെ നേരിടാൻ അനിവാര്യമാണ്. മാവേലിക്കര അഡീഷനൽ സെഷൻസ് കോടതിയുടെ ഈ ശിക്ഷാവിധി കണ്ണിൽച്ചോരയില്ലാത്ത, അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും നുറുങ്ങുന്ന ഹൃദയങ്ങളുടെ വേദന അറിയാത്ത, മുഴുവൻ ക്രിമിനൽ- കൊലപാതക സംഘങ്ങൾക്കുമുള്ള മുന്നറിയിപ്പായി മാറട്ടെ. ഏതെങ്കിലും ഒരാദർശത്തിൽ വിശ്വസിക്കുന്നു എന്നത് അക്രമിക്കൂട്ടങ്ങൾക്കു വെട്ടിനുറുക്കാനുള്ള കാരണമായി മാറിക്കൂടായെന്ന് നാം ആവർത്തിച്ച് ഉറപ്പിക്കേണ്ടിയിരിക്കുന്നു.

Trending

No stories found.

Latest News

No stories found.