കലോത്സവം കലാപോത്സവമായപ്പോൾ...! | മുഖപ്രസംഗം

രക്ഷകർത്താക്കളുടെയും പരിശീലകരുടെയും മത്സരമല്ല കലോത്സവ വേദികളിൽ കാണേണ്ടത് എന്നതാണല്ലോ നാം ഇപ്പോൾ പറഞ്ഞു പഠിക്കുന്നത്
കലോത്സവം കലാപോത്സവമായപ്പോൾ...! | മുഖപ്രസംഗം

സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ അനാരോഗ്യകരമായ പ്രവണതകളെക്കുറിച്ച് ഇതിനു മുൻപ് പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വിധി കർത്താക്കളെ സ്വാധീനിക്കാൻ കോഴ നൽകുന്നതടക്കം പിന്നാമ്പുറക്കളികൾ കലയുടെ അന്തസ്സിനു ചേരാത്തതാണെന്ന് അറിയാത്തവരില്ല. പക്ഷേ, ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ എന്ന ധാരണയിൽ വേദിക്കു പുറകിലുള്ള നാടകങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടുന്നവർ കലോത്സവത്തിന്‍റെ മാറ്റു കെടുത്തുകയാണു ചെയ്യുക. മത്സരമല്ല ഉത്സവമാണു പ്രധാനം എന്നു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് അഭികാമ്യമല്ലാത്ത പ്രവണതകളിൽ നിന്നു കുട്ടികളെ അകറ്റി നിർത്തുക. രക്ഷകർത്താക്കളുടെയും പരിശീലകരുടെയും മത്സരമല്ല കലോത്സവ വേദികളിൽ കാണേണ്ടത് എന്നതാണല്ലോ നാം ഇപ്പോൾ പറഞ്ഞു പഠിക്കുന്നത്.

അതിനിടയിൽ ഇതാ കോളെജ് തലത്തിലുള്ള മുതിർന്ന കുട്ടികളുടെ കലോത്സവം തന്നെ കലാപോത്സവമായി മാറിയ ലജ്ജാകരമായ സ്ഥിതിവിശേഷം കേരളം കണ്ടിരിക്കുന്നു. തിരുവനന്തപുരത്ത് കേരള സർവകലാശാലാ കലോത്സവം രാഷ്ട്രീയക്കളികളും കോഴ വിവാദവും അടിയും ഇടിയും സംഘർഷവും മൂലം നിർത്തിവയ്ക്കേണ്ടിവന്നത് വളരെയേറെ ദൗർഭാഗ്യകരമാണ്. ഇനിയൊരിക്കലും വിദ്യാർഥികളുടെ ഒരു കലോത്സവവും ഇങ്ങനെ അധഃപതിക്കാതിരിക്കണം. വേദികൾ അലങ്കോലമായതിനു പിന്നാലെ ഇനി മത്സരങ്ങൾ നടത്തേണ്ടെന്ന് വൈസ് ചാൻസലർ നിർദേശിക്കുകയായിരുന്നു. പൂർത്തിയായ ചില മത്സരങ്ങളുടെ ഫലപ്രഖ്യാപനവും ഉണ്ടായില്ല. എത്രയോ നാളുകളെടുത്ത് കഠിന പരിശീലനം നടത്തി തങ്ങളുടെ കലാപ്രതിഭ പ്രകടിപ്പിക്കാൻ എത്തിയ വിദ്യാർഥികളാണ് നിരാശരായി മടങ്ങിയത്. ഈ കുട്ടികളെ വേദിയിലെത്തിക്കാൻ രക്ഷകർത്താക്കൾ ചെലവിട്ട പണവും പരിശീലകരുടെ അധ്വാനവും എല്ലാം ഫലം കാണാതെ പോകുകയാണ്. വേദികളിൽ രാഷ്ട്രീയത്തിന്‍റെ പേരിൽ കലാപം സൃഷ്ടിച്ചവരും കോഴ കൊടുത്തു വിജയം നേടാൻ ശ്രമിച്ചവരും ഒക്കെ അറിയാതെ പോകുന്നത് യഥാർഥ കലാപരിശീലനത്തിന്‍റെ വിലയാണ്.

വിദ്യാർഥി യൂണിയന്‍റെ രാഷ്ട്രീയക്കളികൾക്കുള്ള വേദിയല്ല കലോത്സവ അരങ്ങുകളെന്ന് ഇനിയെങ്കിലും അവരെ പഠിപ്പിക്കേണ്ടതുണ്ട്. എസ്എഫ്ഐ- കെഎസ് യു സംഘർഷങ്ങൾ അക്ഷരാർഥത്തിൽ കലോത്സവ വേദിയെ നാണം കെടുത്തി. എസ്എഫ്ഐ പ്രവർത്തകർ കെഎസ് യു പ്രവർത്തകരെ വളഞ്ഞുവച്ച് മർദിച്ചുവെന്നാണ് ആരോപണമുയർന്നത്. ഇതേത്തുടർന്ന് കലോത്സവ വേദിയിൽ കെഎസ് യു പ്രവർത്തരുടെ പ്രതിഷേധവും അരങ്ങേറി. കെഎസ് യു യൂണിയൻ ഭരിക്കുന്ന കോളെജുകളിലെ പ്രവർത്തകരെ തുടക്കം മുതൽ തെരഞ്ഞു പിടിച്ചു മർദിച്ചു എന്നാണു പരാതി ഉയർന്നത്. കോളെജ് ക്യാംപസുകളുടെ ശാപമായി മാറിയിരിക്കുന്ന അക്രമ രാഷ്ട്രീയം അതേപടി കലോത്സവ വേദിയിലേക്കും പകർത്തപ്പെടുകയാണ്. സൗഹൃദത്തിന്‍റെയും സമഭാവനയുടെയും വേദികളാകേണ്ട ക്യാംപസുകളെ അസഹിഷ്ണുതയുടെ വിളനിലമായി മാറ്റുന്നത് അവസാനിപ്പിച്ചാലേ പഠനാന്തരീക്ഷം, അതു കലയുടേതായാലും, മികച്ചതാവൂ.

കലോത്സവത്തിന് "ഇൻതിഫാദ' എന്നു പേരിട്ടതിനെച്ചൊല്ലിയുള്ള വിവാദത്തിൽ തുടങ്ങിയതാണ് അസ്വസ്ഥതകൾ. ഹമാസ് പോലുള്ള തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ടുള്ള പേരാണ് "ഇൻതിഫാദ' എന്നാണ് അതിനെ എതിർത്തവർ ചൂണ്ടിക്കാണിച്ചത്. പല മത്സരങ്ങളുടെയും വിധി നിർണയത്തെച്ചൊല്ലി വ്യാപകമായ പരാതിയാണുയർന്നത്. കോഴ വാങ്ങിയെന്നാരോപിച്ച് മൂന്നു വിധികർത്താക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. വിദ്യാർഥികളും വിധികർത്താക്കളും തമ്മിലുള്ള സംഘർഷം രാഷ്ട്രീയ സംഘർഷത്തിനു പുറമേയായിരുന്നു. കലോത്സവത്തിന്‍റെ ആകത്തുക കൂട്ടത്തല്ലായി മാറുമെന്നു വന്നപ്പോഴാണു ശേഷിക്കുന്ന മത്സരങ്ങൾ നടത്തേണ്ടതില്ലെന്നു തീരുമാനമായത്. സന്തോഷത്തിന്‍റെയും സൗഹാർദ്ദത്തിന്‍റെയും പുതിയ വാതായനങ്ങൾ തുറക്കുകയാണ് ഓരോ കലോത്സവ വേദിയും ‍ചെയ്യേണ്ടത്. അല്ലാതെ വെറുപ്പും പകയും വളർത്തുകയല്ല. ഒരു കലോത്സവം എങ്ങനെ നടത്തരുത് എന്നതിന് ഉദാഹരണമാണ് സംസ്ഥാന തലസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടത്. ഇനിയൊരു സർവകലാശാലാ കലോത്സവവും അതു മാതൃകയാക്കാതിരിക്കട്ട

Trending

No stories found.

Latest News

No stories found.