കടിച്ചുകീറുന്ന തെരുവുനായകൾ

നമ്മുടെ പൊതുസ്ഥലങ്ങൾ പലതും തെരുവുനായ ശല്യത്തിന്‍റെ പിടിയിലായി കഴിഞ്ഞിരിക്കുന്നു
stray dogs

തെരുവുനായകൾ

Representative image
Updated on

യാതൊരു നിയന്ത്രണവുമില്ലാതെ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും തെരുവുനായകൾ വിലസുന്ന കേരളത്തിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കേണ്ടിവരുന്ന പ്രദേശങ്ങൾ ഏറെയുണ്ട്. കുട്ടികളും മുതിർന്ന പൗരന്മാരും അടക്കം നിരവധിയാളുകളെ തെരുവുനായകൾ കടിച്ചു കീറിയിട്ടും പരമോന്നത കോടതി ഇടപെട്ട് കർശന നടപടികൾക്കു നിർദേശിച്ചിട്ടും യാതൊരു മാറ്റവുമില്ലാതെ തുടരുകയാണു തെരുവുനായ ശല്യം. കേരളം മുഴുവൻ ഞെട്ടിയ ഏറ്റവും ദാരുണമായ സംഭവമാണ് കഴിഞ്ഞ ദിവസം തൃശൂർ വെള്ളറക്കാട് കൊല്ലംപടിയിലുണ്ടായത്. കിടപ്പുരോഗിയായ 84കാരിയെ വീട്ടിൽക‍യറി തെരുവുനായ കടിച്ചുകൊന്നു. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള 60കാരൻ മകനു നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ട കിഴക്കേപുരയ്ക്കല്‍ കാര്‍ത്ത്യായനിയും ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ദേവദാസും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണു തെരുവുനായ അകത്തുകയറി അതിക്രൂരമായി ആക്രമിച്ചത്. രണ്ടു വർഷം മുൻപ് വീണ് എല്ലുകളൊടിഞ്ഞു പൂർണമായും കിടപ്പിലായ കാർത്ത്യായനിയുടെ മുഖത്തു മാംസം അവശേഷിപ്പിക്കാത്ത രീതിയിലാണു തെരുവുനായയുടെ ആക്രമണമുണ്ടായത്. അതുകൂടാതെ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും നായ കടിച്ചുമുറിച്ചു.

ശാരീരിക പ്രശ്നങ്ങളുള്ള ദേവദാസും ഏതാണ്ടു കിടപ്പിലായിരുന്നു. ദേവദാസിന്‍റെ കാൽവിരലുകളാണു നായ കടിച്ചു മുറിച്ചെടുത്തത്. കാർത്ത്യായനിയുടെ കുറച്ചകലെ താമസിക്കുന്ന മറ്റൊരു മകൻ ഇവർക്കു ഭക്ഷണവുമായി എത്തിയപ്പോഴാണ് തെരുവുനായ ആക്രമണത്തിൽ വേദനകൊണ്ടു പിടയുന്ന സഹോദരനെ കണ്ടതും ദേവദാസിനെ രക്ഷിച്ചതും. തൊട്ടടുത്തു വീടുകളില്ലാത്തതിനാൽ നിലവിളിച്ചിട്ടും ആരും കേട്ടില്ല എന്നുവേണം കരുതാൻ. മറ്റു ചിലർക്കു കൂടി ഈ നായയുടെ കടിയേറ്റിട്ടുണ്ട്. നാട്ടുകാർ നടത്തിയ തെരച്ചിലിൽ നായയെ കണ്ടെത്തി തല്ലിക്കൊന്നു എന്നാണു റിപ്പോർട്ടുകൾ. ആക്രമണകാരികളായ ഇത്തരം നായകൾ കേരളത്തിന്‍റെ പലഭാഗത്തും വിലസുന്നുണ്ട് എന്നതു നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഓരോ ദിവസവും തെരുവുനായ ആക്ര‍മണങ്ങളുടെ വാർത്തകൾ വരുന്നുണ്ട്. ഒരു ചടങ്ങുപോലെ അതങ്ങനെ കേട്ടുപോകുന്നതല്ലാതെ തെരുവുകളിൽ നാശശല്യം ഇല്ലാതാക്കാനുള്ള നടപടിയൊന്നും ഉണ്ടാവുന്നില്ല.

രണ്ടാഴ്ച മുൻപാണ് ആലപ്പുഴ ഹരിപ്പാട് മൂന്നു വയസുകാരനു നേരേ തെരുവുനായ ആക്രമണമുണ്ടായത്. വീടിന്‍റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ ചെറുവിരൽ നായ കടിച്ചെടുത്തു. കണ്ണൂർ പാനൂരിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ഏഴാം ക്ലാസ് വിദ്യാർഥിക്കു തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റതും അടുത്തിടെയാണ്. വയനാട് മാനന്തവാടിയിൽ ഏഴു വയസുകാരി ഉൾപ്പെടെ 6 പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റതും സമീപദിവസങ്ങളിലാണ്. അവിടെ ഗൃഹനാഥനെ വീട്ടിൽകയറി തെരുവുനായ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീട്ടിലും മുറ്റത്തുമൊക്കെ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ തെരുവുനായകൾ കടിച്ചുകീറുന്ന എത്രയോ സംഭവങ്ങളാണു തുടർച്ചയായി ഉണ്ടാവുന്നത്. തെരുവുനായ നിയന്ത്രണത്തിനു നടപടികൾ എടുത്തേ തീരൂ എന്നു നാടൊന്നാകെ പറയുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവർക്കു മാത്രം അതു കാര്യമായി തോന്നുന്നില്ല. ഫാർമേഴ്സ് അവയർനസ് റിവൈവൽ മൂവ്മെന്‍റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസിന് അടുത്തിടെ ലഭിച്ച വിവരാവകാശ മറുപടി പ്രകാരം കഴിഞ്ഞ പത്തു വർഷത്തിനിടെ 118 പേർ കേരളത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചിട്ടുണ്ട്. കാര്‍ത്ത്യായനിയടക്കം119 പേരായി. ഒന്നേകാൽ വയസുള്ള പിഞ്ചുകുഞ്ഞ് മുതൽ 90കാരി വരെ തെരുവുനായയുടെ കടിയേറ്റു മരിച്ചു. ഇതിന്‍റെ എത്രയോ മടങ്ങാണു പരുക്കേറ്റവരും പേവിഷബാധക്കെതിരേ വാക്സിൻ എടുത്ത് ജീവിതത്തിലേക്കു തിരിച്ചുവന്നവരും.

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുട്ടികൾക്കോ വയോധികർക്കോ പരുക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ ഉത്തരവാദപ്പെട്ട സംസ്ഥാന സർക്കാരുകൾ ഭീമമായ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നു സുപ്രീം കോടതി മുന്നറിയിപ്പു നൽകിയതു സമീപകാലത്താണ്. പൊതുസ്ഥലങ്ങളിൽ നായ്ക്കൾ അലഞ്ഞുതിരിയുന്നതും ആളുകളെ കടിക്കുന്നതും അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ പരാജയപ്പെട്ടതായും കോടതി നിരീക്ഷിക്കുകയുണ്ടായി. എബിസി ചട്ടങ്ങൾ നടപ്പാക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ എബിസി കേന്ദ്രങ്ങൾ ഫലപ്രദമല്ലെന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിക്കുകയുണ്ടായി. പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള സംവിധാനമില്ല എന്നതടക്കം വിഷയങ്ങളുണ്ട്. സംസ്ഥാനത്ത് തെരുവുനായ്ക്കൾ പെരുകുന്നതിൽ നേരത്തേ കേരള ഹൈക്കോടതിയും അതീവ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിഷയം സർക്കാർ ഗൗരവത്തോടെ കാണണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നതാണ്. പക്ഷേ, ഫലപ്രദമായ നടപടികൾ ഒന്നും ഉണ്ടാവുന്നില്ല.

നമ്മുടെ പൊതുസ്ഥലങ്ങൾ പലതും തെരുവുനായ ശല്യത്തിന്‍റെ പിടിയിലായി കഴിഞ്ഞിരിക്കുന്നു എന്ന യാഥാർഥ്യം അവഗണിച്ച് ഉത്തരവാദപ്പെട്ടവർ ഇനിയും മുന്നോട്ടുപോകരുത്. പല നഗരങ്ങളിലെയും പ്രധാന റോഡുകളിൽ രാത്രിയാത്ര നായകളെ കരുതി വേണം എന്നായിട്ടുണ്ട്. മനുഷ്യജീവനു ഭീഷണി ഉയർത്തുന്ന തരത്തിൽ തെരുവു നായകൾ പെരുകുന്നതു നിയന്ത്രിക്കപ്പെടുക തന്നെ വേണം. പേരിനു മാത്രമായി നടത്തുന്ന വന്ധ്യംകരണ പദ്ധതി പോലുള്ള മാർഗങ്ങൾ കൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെടില്ലെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. അലഞ്ഞു തിരിയുന്ന നായകൾ ഏതു സമയവും ആക്രമിക്കാം എന്ന ഭീതി ഉയരാത്ത കേരളമാണ് നമുക്കു വേണ്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com