തെരുവു നായകളും കാട്ടുപന്നികളും

പുലികളുടെയും കടുവകളുടെയും പ്രധാന ഭക്ഷണമാണു കാട്ടുപന്നികൾ.
Stray dogs and wild boars

തെരുവു നായകളും കാട്ടുപന്നികളും

Updated on

തെരുവുനായകളുടെ ആക്രമണങ്ങളും കാട്ടുപന്നികളുടെ ശല്യവും സംസ്ഥാനത്ത് അതിരൂക്ഷമായ സാഹചര്യത്തിൽ ജനരക്ഷയ്ക്കായി വിമോചന സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ആലുവ കേന്ദ്രമായ ജനസേവ തെരുവുനായ വിമുക്ത കേരള സംഘം. അതിനിടെയാണു നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ കേന്ദ്ര മന്ത്രിയും മൃഗസ്നേഹിയുമായ മേനക ഗാന്ധി തുറന്ന കത്തെഴുതിയത്. ഈ തീരുമാനം സംസ്ഥാനത്തിനു കാര്യമായി ദോഷം ചെയ്യുമെന്നാണു മേനക പറയുന്നത്.

പുലികളുടെയും കടുവകളുടെയും പ്രധാന ഭക്ഷണമാണു കാട്ടുപന്നികൾ. അവയെ കൂട്ടത്തോടെ വേട്ടയാടിയാൽ കൂടുതൽ വന്യമൃഗങ്ങൾ ഭക്ഷണത്തിനായി കാടിറങ്ങും. മഹാരാഷ്‌ട്രയിൽ സമാന സംഭവമുണ്ടായി. കാട്ടുപന്നികളെ കൊല്ലുന്നതു പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും. വളരെ മോശം പദ്ധതിയാണിത്. അഞ്ചു വർഷത്തിനകം ഇതു കേരളത്തിന് വലിയ നഷ്ടമുണ്ടാക്കും- മേനക പറയുന്നു.

അടിക്കാടുകളെ മൂടുകയും സൂര്യപ്രകാശം വനത്തിന്‍റെ അടിത്തട്ടിലേക്ക് എത്തുന്നതു തടയുകയും ചെയ്യുന്ന വേരുകളും ഇലകളും കഴിക്കുന്ന ലോകത്തിലെ ഒരേയൊരു മൃഗം കാട്ടുപന്നി മാത്രമാണ്. കാട്ടുപന്നികളെ ഇല്ലാതാക്കിയാൽ അഞ്ചു വർഷത്തിനുള്ളിൽ മുഴുവൻ വനവും നഷ്ടപ്പെടും. കാട് നഷ്ടപ്പെട്ടാൽ മഴ കേരളത്തെ മുക്കിക്കൊല്ലും. മരങ്ങൾ കുറയുന്തോറും കേരളം ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, വെള്ളപ്പൊക്കം എന്നിവയെ അതിജീവിക്കാൻ സാധ്യത കുറവാണ്.

കേരളത്തിലെ എല്ലാവരും കൊല്ലാൻ ഇഷ്ടപ്പെടുന്നരാണെന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിക്കുന്നു. ആനകൾ, നായ്ക്കൾ, കാട്ടുപന്നി, കാളകൾ, പശുക്കൾ എന്നിവയെയെല്ലാം കൊല്ലാൻ ഇഷ്ടപ്പെടുന്നു. എന്നാൽ ഓരോ ജീവിവർഗവും മനുഷ്യരാശിയുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും കർഷകരുടെ പേരിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതു തിരിച്ചടിയാകുമെന്നും എല്ലാ കാട്ടുപന്നികളും ചത്തുകഴിഞ്ഞാൽ കേരളത്തിനുണ്ടാകുന്ന വൻ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഏറെക്കാലമെടുക്കുമെന്നും മേനക കത്തിൽ മുന്നറിയിപ്പു നൽകുന്നു.

കാട്ടുപന്നികൾ ഇല്ലാതായാൽ കടുവകളും പുലികളും കാട്ടിൽ നിന്നു പുറത്തു വന്ന് ആടുകളെയും പശുക്കളെയും ആക്രമിക്കും, അതിനിടെ മനുഷ്യരെയും ആക്രമിക്കും. അതോടെ അവയെയും കൊല്ലേണ്ടിവരും. മഹാരാഷ്‌ട്രയിലെ ചന്ദ്രപുരിൽ 200 കാട്ടുപന്നികളെ കൊന്നു. ഒരാഴ്ചയ്ക്കകം കാട്ടിലെ 64 കടുവകൾ പുറത്തുവന്നു. ഒടുവിൽ സർക്കാരിന് കടുവകൾക്കായി ഇരയെ കൊണ്ടുവരേണ്ടിവന്നു. കേരളത്തിൽ സംഭവിക്കാൻ പോകുന്നതും ഇതാണെന്നാണു മേനകയുടെ വാദം.

പല പഞ്ചായത്തുകളും പുറത്തുനിന്നുള്ള ഷൂട്ടർമാരെ കൊണ്ടുവന്നിട്ടുണ്ട്. ഈ ഷൂട്ടർമാരിൽ പലരും പ്രൊഫഷണൽ വന്യജീവി വേട്ടക്കാരാണ്. പക്ഷികൾ, ഈനാംപേച്ചികൾ, ചെറിയ കാട്ടുപൂച്ചകൾ എന്നിവയെയൊക്കെ വെടിവയ്ക്കുന്നതിൽ നിന്നും അവരെ തടയാനാകില്ല, മേൽനോട്ടം ഉണ്ടാകില്ല. ഒരു വർഷത്തിനുള്ളിൽ എല്ലാ വന്യജീവികളും നഷ്ടപ്പെടും- മേനക പറയുന്നു.

മേനക ഡൽഹിയിലെ പാർലമെന്‍റിനു തൊട്ടുത്താണു താമസം. അവിടെ ബംഗ്ലാവിൽ നിരവധി നായകളെ അവർ വളർത്തുന്നു. തെരുവു നായകൾക്കും സംരക്ഷണം നൽകുന്നു. ഭക്ഷണം കൊടുക്കുന്നു. എന്നാൽ, രാജ്യത്തെ മറ്റിടങ്ങളിലെ അവസ്ഥ അതല്ല. കേരളത്തിൽ തെരുവു നായകൾ പച്ച ഇറച്ചിയുടെയും പച്ച മത്സ്യത്തിന്‍റെയും അവശിഷ്ടങ്ങൾ തിന്നു കൊഴുത്ത് മദംപൊട്ടി ആരെയും ആക്രമിക്കാൻ തയാറായി നടക്കുകയാണ്. പ്രതിരോധിക്കാൻ കഴിയാത്ത കുട്ടികളെയും വൃദ്ധരെയുമൊക്കെ അവ ഓടിച്ചിട്ട് കടിക്കുന്നു.

കാട്ടുപന്നികൾ കൂട്ടത്തോടെ നാട്ടിലെമ്പാടും ഇറങ്ങി വലിയ നാശമാണുണ്ടാക്കുന്നത്. പല സ്ഥലങ്ങളിലും കൃഷി അമ്പാടെ നിലച്ചുപോയിരിക്കുന്നു. മൃഗസ്നേഹികൾക്ക് ഇതൊന്നും വലിയ കാര്യമല്ലായിരിക്കാം. എന്നാൽ ജനങ്ങൾ പൊറുതിമുട്ടി കഴിയുകയാണ്. തെരുവുനായ ആക്രമണത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രശ്നപരിഹാരത്തിന് നിയമനിർമാണം നടത്തണമെന്നും മുൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്‍റെ യോഗത്തിൽ ആവശ്യപ്പെട്ടത് ബന്ധപ്പെട്ടവർ ഗൗരവത്തോടെ തന്നെ കാണണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com