
തെരുവുനായകളെ ഷെൽറ്ററിലാക്കണം
file image
ഡൽഹിയിൽ അലഞ്ഞു തിരിയുന്ന തെരുവുനായകൾ മൂലമുള്ള ശല്യം ഇല്ലാതാക്കുന്നതിനു വ്യക്തവും കർശനവുമായ നടപടി സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്. കോടതി നിർദേശം നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞാൽ രാജ്യതലസ്ഥാനത്തെ തെരുവുകൾ നായശല്യത്തിൽ നിന്ന് മുക്തമാവും. ഡൽഹി നിവാസികൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് അതോടെ പരിഹാരവുമാകും. ഡൽഹിയിൽ നിർദേശിച്ചിരിക്കുന്ന അതേ നടപടികൾ സ്വീകരിച്ചാൽ കേരളത്തിനും തെരുവുനായ ശല്യത്തിൽ നിന്നു രക്ഷപെടാം. ഡൽഹിക്കു വേണ്ടി കോടതി പറഞ്ഞത് കേരളത്തിനും ബാധകമാക്കാനാവുമോയെന്ന് പരിശോധിക്കേണ്ടതാണ്. കാരണം അത്രയ്ക്കുണ്ട് തെരുവുനായകൾ മൂലം നാം നേരിടുന്ന പ്രശ്നങ്ങൾ. മനുഷ്യ ജീവനാണ് നമുക്ക് ഏറ്റവും പ്രധാനമായിട്ടുള്ളത്. പേവിഷബാധയേറ്റ് ആളുകൾ മരിക്കുന്നത് ഇനിയും കണ്ടുകൊണ്ടിരിക്കാനാവില്ല.
തെരുവുനായകൾ യഥേഷ്ടം അലഞ്ഞുതിരിയാൻ അനുവദിച്ചാൽ എന്താണു സംഭവിക്കുകയെന്നു കേരളത്തിൽ നാം നിത്യവും കാണുന്നതാണ്. നായശല്യം നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് ആവർത്തിച്ചു പറയാറുണ്ടെങ്കിലും ഇവിടെ ഒന്നും നടപ്പാവാറില്ല. നൂറുകണക്കിനാളുകൾക്ക് തെരുവുനായകളുടെ കടിയേറ്റ് ചികിത്സ തേടേണ്ടിവരുന്നുണ്ട്. കുത്തിവയ്പ്പ് എടുത്ത ശേഷവും പേവിഷബാധയുണ്ടായി ആളുകൾ മരിച്ച സംഭവങ്ങളുമുണ്ട്. ചില പ്രദേശങ്ങളിൽ ആളുകളെ കൂട്ടത്തോടെ തെരുവുനായകൾ കടിച്ചുകീറാറുണ്ട്. അതു വലിയ ചർച്ചയായി മാറാറുണ്ട്. പക്ഷേ, സംസ്ഥാനത്തിന്‍റെ തെക്കു മുതൽ വടക്കേയറ്റം വരെ തെരുവുനായ ശല്യം ഒരു കുറവുമില്ലാതെ തുടരുകയാണ്. അതുകൊണ്ടു തന്നെ ഡൽഹിയിൽ പരമോന്നത കോടതി എന്താണോ വിധിച്ചത് അതു കേരളവും ശ്രദ്ധിക്കേണ്ടതുണ്ട്.
ഡൽഹി- എൻസിആർ പ്രദേശങ്ങളിലെ എല്ലാ തെരുവുനായകളെയും പിടികൂടി ഷെൽറ്ററുകളിലേക്കു മാറ്റാനാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. ഇങ്ങനെ സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റുന്ന നായകളെ പിന്നീട് തെരുവിലേക്കു തിരിച്ചുപോകാൻ അനുവദിക്കരുതെന്നും കോടതി ഊന്നിപ്പറയുന്നുണ്ട്. ഷെൽറ്ററുകളിലെത്തുന്നവ തിരിച്ചുപോകുന്ന അവസ്ഥയുണ്ടായാൽ ചെയ്തതെല്ലാം പാഴാകും. നായകൾക്ക് ഷെൽറ്ററുകളുണ്ടാക്കുന്നത് ഉടൻ തുടങ്ങണം. ആറു മുതൽ എട്ടു വരെ ആഴ്ചകൾക്കുള്ളിൽ അയ്യായിരത്തോളം തെരുവുനായകളെ ഷെൽറ്ററിലേക്കു മാറ്റിയിരിക്കണമെന്നും കോടതി പറയുന്നുണ്ട്. ഓരോ ദിവസവും പിടികൂടി ഷെൽറ്ററുകളിലാക്കുന്ന നായകളുടെ കണക്കുണ്ടാവണം. ഷെൽറ്ററുകൾ നിർമിക്കുന്നതിന് ഡൽഹി സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ ഏജൻസികളും ഏകോപനത്തിലൂടെ പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്.
ആളുകൾക്ക് തെരുവുനായകളുടെ കടിയേൽക്കേണ്ടിവരുന്നതിനെ അതിക്രൂരമെന്നാണു കോടതി വിശേഷിപ്പിച്ചത്. നായകളെ ഷെൽറ്ററിലേക്കു മാറ്റുന്നതിന് വ്യക്തികളോ സംഘടനകളോ തടസം നിന്നാൽ അവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പു നൽകുന്നു എന്നതാണു പ്രത്യേകം ശ്രദ്ധിക്കേണ്ടത്. പേവിഷ ബാധയ്ക്ക് ഇരകളാവുന്ന കുട്ടികളെ തിരിച്ചുകൊണ്ടുവരാൻ മൃഗസ്നേഹികൾക്കും നായ സ്നേഹികൾക്കുമൊക്കെ കഴിയുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. പൊതുജന നന്മയ്ക്കു വേണ്ടി ഇത്തരത്തിലൊരു കർശന നിലപാട് സ്വീകരിച്ചേ തീരൂ എന്നു കോടതി ഓർമിപ്പിക്കുന്നു. ഏതാനും ചിലർ മൃഗസ്നേഹികളാണ് എന്നതുകൊണ്ട് നമ്മുടെ കുട്ടികളെ നമുക്കു നഷ്ടപ്പെടുത്താനാവില്ല എന്നാണു കോടതി വ്യക്തമാക്കുന്നത്.
ഷെൽറ്ററുകളിൽ നായകളുടെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും നായകളെ നോക്കുന്നതിനും വേണ്ടത്ര ജീവനക്കാരെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഒരൊറ്റ നായയും പുറത്തുപോകുന്നില്ലെന്നും ഒന്നിനെയും പുറത്തേക്കു കൊണ്ടുപോകുന്നില്ലെന്നും ഉറപ്പുവരുത്താൻ സിസിടിവി നിരീക്ഷണവും ആവശ്യമാണ്. തുടർ പ്രക്രിയ എന്ന നിലയിൽ ഭാവിയിൽ കൂടുതൽ ഷെൽറ്ററുകൾ നിർമിക്കുകയും വേണം. തെരുവുനായയുടെ കടിയേൽക്കുന്ന സംഭവങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യുന്നതിന് ഒരാഴ്ചയ്ക്കുള്ളിൽ ഹെൽപ്പ് ലൈൻ തുടങ്ങാനും നിർദേശമുണ്ട്. പരാതി കിട്ടിയാൽ നായയെ പിടികൂടാൻ നാലു മണിക്കൂറിനുള്ളിൽ നടപടിയെടുത്തിരിക്കണം. രാജ്യതലസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണവും പേവിഷ ബാധയും വർധിച്ച സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസിലാണു സുപ്രീം കോടതിയുടെ ഈ നിർദേശങ്ങൾ.
നഗരവും പ്രാന്തപ്രദേശങ്ങളും തെരുവുനായ മുക്തമാവുക എന്നതാണു പ്രധാനമെന്ന് കോടതി ആവർത്തിച്ച് ഓർമിപ്പിക്കുന്നു. ഷെൽറ്ററുകൾ നിർമിച്ച് തെരുവുനായകളെ മാറ്റുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ബെഞ്ച് വ്യക്തമാക്കുന്നു. റോഡിലിറങ്ങുന്ന കുട്ടികളും യുവാക്കളും അടക്കം മുഴുവൻ യാത്രക്കാരുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് ഈ നടപടി ഉപകരിക്കും. നായ കടിക്കുമെന്ന പേടിയില്ലാതെ എല്ലാവർക്കും ഇറങ്ങിനടക്കാനാവണം. തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമുണ്ട്. അത് അവർ പാലിക്കാതെ വരുമ്പോഴാണ് കോടതിക്കു നടപടികൾ നിർദേശിക്കേണ്ടിവരുന്നത്.