
പരിഹാരമില്ലാതെ തെരുവുനായ ശല്യം
file image
ജനജീവിതത്തിനു ഭീഷണിയായി തെരുവുനായകൾ വിലസുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരമുണ്ടാക്കാൻ സർക്കാരിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ കഴിയാത്തത് ആശങ്കാജനകമായ സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ നഗരത്തിൽ തെരുവുനായകളുടെ പരാക്രമം സൃഷ്ടിച്ച ഭീതി ചെറുതൊന്നുമല്ല. തെരുവുനായകളെ ഭയന്ന് പുറത്തിറങ്ങിനടക്കാൻ കഴിയാത്ത അവസ്ഥയാണവിടെ. രണ്ടു ദിവസത്തിനിടെ മാത്രം എഴുപതിലേറെ പേരെയാണ് തെരുവുനായകൾ കടിച്ചുകീറിയത്. മുറ്റത്തു കളിക്കുകയായിരുന്ന ഒന്നര വയസുള്ള കുട്ടിയെ വരെ നായ കടിച്ചുകീറി. വയറിലും തലയിലും കടിയേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.
ഇതിനിടെ മേയ് 31ന് പയ്യാമ്പലം എസ്എൻ പാർക്കിനു സമീപം വച്ച് നായയുടെ കടിയേറ്റ അഞ്ചു വയസുകാരനു പേവിഷബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. റാബിസ് വാക്സിനെടുത്തിട്ടും കുട്ടിക്കു പേവിഷ ബാധയുണ്ടാവുകയായിരുന്നു. കുട്ടിയുടെ കണ്ണിനും കാലിനുമാണു നായയുടെ കടിയേറ്റത്. കണ്ണിലേറ്റ മുറിവ് പേവിഷ ബാധയ്ക്കു കാരണമായെന്നാണു പറയുന്നത്. അതീവ ഗുരുതരാവസ്ഥയിലായ കുട്ടി പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകനാണ് പേവിഷ ബാധയ്ക്കു ചികിത്സയിലുള്ളത്. ജില്ലാ ആശുപത്രിയിൽ മൂന്നു ഡോസ് വാക്സിൻ എടുത്ത ശേഷമാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണുന്നതെന്നു ബന്ധുക്കൾ പറയുന്നുണ്ട്. വാക്സിൻ എടുത്തിട്ടും പേവിഷബാധ കണ്ടെത്തിയത് ആശങ്കയുണ്ടാക്കുന്നതാണ്. മരുന്നു ഫലിച്ചു തുടങ്ങും മുൻപ് വൈറസ് തലച്ചോറിലെത്തുന്ന തരത്തിൽ മുഖത്തും മറ്റും കടിയേറ്റാൽ പേവിഷബാധയുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
വാക്സിൻ എടുത്ത ശേഷവും കുട്ടികൾക്കു പേവിഷ ബാധയുണ്ടാവുന്നത് സംസ്ഥാനത്തു തുടർക്കഥയായി മാറിയിരിക്കുകയാണ്. സമീപകാലത്ത് സംസ്ഥാനത്തു പേവിഷബാധയേറ്റു മൂന്നു കുട്ടികൾ മരിച്ചിട്ടുണ്ട്. ഏപ്രിൽ ഒമ്പതിന് പത്തനംതിട്ട പുല്ലാട് സ്വദേശിയും പതിമൂന്നുകാരിയുമായ ഭാഗ്യലക്ഷ്മി മരിച്ചു. ഡിസംബറിൽ നായയുടെ കടിയേറ്റ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിന്ന് കുത്തിവയ്പ്പെടുത്ത ഭാഗ്യലക്ഷ്മിയുടെ മരണം നാലു ഡോസ് വാക്സിനും പൂർത്തിയാക്കിയ ശേഷമായിരുന്നു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി ആറുവയസുള്ള സിയ ഫാരിസ് ഏപ്രിൽ 29ന് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വാക്സിന്‍റെ എല്ലാ ഡോസും പൂർത്തിയാക്കിയ ശേഷമാണ് സിയയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചത്. വീടിനടുത്ത കടയിൽ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികിൽ വച്ച് സിയയെ നായ കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി കടിയേറ്റിരുന്നു. മുറിവെല്ലാം ഉണങ്ങി സാധാരണ നിലയിലെത്തിയെന്നു കരുതിയിരിക്കുമ്പോഴാണു പനി വന്നതും പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചതും.
ഏഴു വയസുകാരിയായ പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്മിൻ മൻസിലിലെ നിയാ ഫൈസൽ പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് മാസത്തിൽ മരണമടഞ്ഞത് മൂന്നു ഡോസ് വാക്സിൻ എടുത്ത ശേഷമാണ്. വീട്ടുമുറ്റത്തു വച്ചാണ് കുട്ടിയെ തെരുവുനായ കടിച്ചത്. ഉടൻ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്തു. പിന്നീട് രണ്ടും മൂന്നും ഡോസ് എടുത്ത ശേഷം അവസാന ഡോസ് എടുക്കാനിരിക്കെയാണ് പനി ബാധിക്കുന്നതും പേവിഷബാധ സ്ഥിരീകരിക്കുന്നതും. തുടർച്ചയായ ഇത്തരം സംഭവങ്ങൾ എത്ര മോശമാണ് സാഹചര്യം എന്നു വ്യക്തമാക്കുന്നതാണ്. അഞ്ചുവർഷത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്തു നൂറിലേറെ പേർ മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. അതിൽ തന്നെ ഇരുപതിലേറെ പേർ മരിച്ചതു വാക്സിൻ എടുത്ത ശേഷമാണ്. തെരുവു നായകളുടെ വിളയാട്ടം ഒട്ടും ലാഘവത്തിലെടുക്കാനാവില്ല എന്നതാണ് ഇതിനർഥം.
തെരുവു നായ ശല്യം ഏറ്റവുമധികമുള്ള ജില്ലകളിലൊന്നാണു കണ്ണൂർ. ഭിന്നശേഷിക്കാരനായ പതിനൊന്നുകാരനെ തെരുവു നായ കടിച്ചുകൊന്ന അതിദാരുണമായ സംഭവം വരെ ഇവിടെയുണ്ടായിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും തെരുവു നായകളുടെ ഭീഷണി ഒഴിവാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നാണ് ആരോപണമുയരുന്നത്. കോർപ്പറേഷനും ജില്ലാ പഞ്ചായത്തുമൊക്കെ പരസ്പരം പഴി ചാരുകയാണ്. കണ്ണൂരിൽ മാത്രമല്ല സംസ്ഥാനത്തു പലയിടത്തും തെരുവുനായകൾ ജനജീവിതത്തിനു ഭീഷണി ഉയർത്തുന്നുണ്ട്. മൂന്നാർ ദേവികുളത്ത് സ്കൂൾ വിദ്യാർഥികൾക്ക് തെരുവു നായയുടെ കടിയേറ്റതു കഴിഞ്ഞ ദിവസങ്ങളിലാണ്. കോഴിക്കോട് ഒളവണ്ണയിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരനെ തെരുവുനായ ആക്രമിച്ച സംഭവവുമുണ്ടായി. പാലക്കാട് ജില്ലയിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പൊതുസ്ഥലങ്ങൾ പലതും തെരുവുനായ ശല്യത്തിന്‍റെ പിടിയിലായി കഴിഞ്ഞിരിക്കുകയാണ്. പല നഗരങ്ങളിലെയും പ്രധാന റോഡുകളിൽ നായകളെ ഭയന്നു വേണം യാത്ര ചെയ്യാൻ എന്നായിട്ടുണ്ട്. മനുഷ്യജീവനു ഭീഷണി ഉയർത്തുന്ന തരത്തിൽ തെരുവു നായകൾ പെരുകുന്നതു നിയന്ത്രിക്കപ്പെടുക തന്നെ വേണം. പേരിനു മാത്രമായി നടത്തുന്ന വന്ധ്യംകരണ പദ്ധതി പോലുള്ള മാർഗങ്ങൾ കൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെടില്ല.