പരിഹാരമില്ലാതെ തെരുവുനായ ശല്യം

ഭര‍ണാധികാരികൾ നിസഹായാവസ്ഥ പറഞ്ഞുകൊണ്ടിരുന്നാൽ ഇതിനൊരു പരിഹാരം തെളിയുകയേയില്ല.
Street dog nuisance without solution

പരിഹാരമില്ലാതെ തെരുവുനായ ശല്യം

file

Updated on

പുറത്തിറങ്ങിയാൽ തെരുവുനായകളെ ഭയപ്പെടേണ്ട അവസ്ഥയാണു കേരളത്തിൽ പലയിടത്തുമുള്ളത്. നായശല്യം അവസാനിപ്പിക്കുന്നതിനു കാര്യമായ യാതൊരു ശ്രമവും ഇവിടെയുണ്ടാവുന്നില്ല എന്നതു പലവട്ടം പറഞ്ഞുകഴിഞ്ഞതാണ്. സംസ്ഥാന സർക്കാർ കേന്ദ്രത്തെ പഴി ചാരുകയും പ്രതിപക്ഷം സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അതിനപ്പുറം കാര്യങ്ങളൊന്നും മുന്നോട്ടുപോകുന്നില്ല. തെരുവുനായ ശല്യത്തിനു നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കഴിയുന്നില്ല. അലഞ്ഞു തിരിയുന്ന നായകളുടെ കടിയേൽക്കേണ്ടിവരുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ വരെ നായകൾ ആക്രമിക്കുന്നു. ഭര‍ണാധികാരികൾ നിസഹായാവസ്ഥ പറഞ്ഞുകൊണ്ടിരുന്നാൽ ഇതിനൊരു പരിഹാരം തെളിയുകയേയില്ല.

കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കനുസരിച്ച് നാലു മാസത്തിനിടെ സംസ്ഥാനത്തു തെരുവുനായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്കാണ്! ജനുവരി മുതൽ മേയ് വരെ 16 പേർക്ക് തെരുവുനായ ആക്രമണത്തിൽ ജീവൻ നഷ്ടമാവുകയും ചെയ്തുവെന്നാണ് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. ഇങ്ങനെ മരിച്ചവരിൽ അഞ്ചുപേർ കുത്തിവയ്പ്പ് എടുത്തവരാണ് എന്നും പറയുന്നു. കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധയുണ്ടാവുന്നതു സമീപകാലത്തു കേരളം ഏറെ ചർച്ച ചെയ്തതാണ്. 2021-24 കാലയളവിൽ തെരുവുനായകളുടെ കടിയേറ്റ് 89 പേരാണു മരിച്ചിട്ടുള്ളത്.

ഇതിൽ 18 പേർ പ്രതിരോധ വാക്സിൻ എടുത്തവരാണെന്നും ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിലുണ്ട്. 2016ൽ അഞ്ച്, 2017ൽ എട്ട്, 2018ൽ ഒമ്പത്, 2019ൽ എട്ട്, 2020ൽ അഞ്ച് എന്നിങ്ങനെയാണു തെരുവുനായ ആക്രമണത്തിലെ മരണസംഖ്യ. അത് 2022ൽ 27, 2023ൽ 25, 2024ൽ 26 എന്നിങ്ങനെ വർധിച്ചിരിക്കുന്നു. മരണസംഖ്യയിലുള്ള ഈ വർധന അവഗണിക്കാൻ കഴിയുന്നതല്ല. തെരുവുനായകൾ ആളുകളെ കടിച്ചുകീറുന്ന വാർത്തകൾ നിത്യേനയെന്നോണം വരുന്നുണ്ട്. മലപ്പുറം മങ്കടയിൽ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ച ദുരന്തമുണ്ടായതു കഴിഞ്ഞ ദിവസമാണ്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർക്കു പരുക്കേൽക്കുകയും ചെയ്തു.

തെരുവുനായ്ക്കൾ വാഹന യാത്രക്കാർക്ക് അപകടം വരുത്തിവയ്ക്കാനുള്ള സാധ്യത സംസ്ഥാനത്തു പല ഭാഗങ്ങളിലുമുണ്ട്. ബസ് സ്റ്റാൻഡുകളിലും റെയ്‌ൽവേ സ്റ്റേഷനുകളിലും എല്ലാം ഇവയുടെ ശല്യം യാത്രക്കാർക്കു നേരിടേണ്ടിവരുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളിലെ യാത്ര വളരെ അപകടകരമായ അവസ്ഥയായിട്ടുണ്ട്. കണ്ണൂർ നഗരത്തിൽ അടുത്തിടെ രണ്ടു ദിവസത്തിനിടെ തന്നെ എഴുപതിലേറെ പേരെയാണ് തെരുവുനായകൾ കടിച്ചുകീറിയത്. കോഴിക്കോടും പാലക്കാടും തിരുവനന്തപുരത്തുമെല്ലാം സമീപനാളുകളിൽ നിരവധിയാളുകളെ തെരുവുനായകൾ കടിച്ചുകീറിയിട്ടുണ്ട്. സംസ്ഥാനത്താകെ മൂന്നു ലക്ഷത്തിലേറെ തെരുവു നായകളുണ്ടെന്നാണു കണക്ക്. കർശനമായ നിയന്ത്രണ നടപടികളുണ്ടായില്ലെങ്കിൽ ഇവയുടെ എണ്ണം ഇനിയും കൂടി വരികയേയുള്ളൂ.

തെരുവുനായ നിയന്ത്രണത്തിനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാരിന്‍റെ ചട്ടങ്ങളാണു പ്രധാന തടസമെന്നു സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്‍റെ അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങളിൽ ഇളവു വേണമെന്ന‌ാണു സംസ്ഥാനം ആവശ്യപ്പെടുന്നത്. തദ്ദേശ സ്ഥാപനങ്ങൾ പണം നീക്കിവച്ചിട്ടും എബിസി കേന്ദ്രങ്ങൾ ആരംഭിക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്നു സർക്കാർ പറയുന്നു. കേന്ദ്ര ചട്ടത്തിലെ പല വ്യവസ്ഥകളും അങ്ങേയറ്റം കർശനവും വിചിത്രവും അപ്രായോഗികവുമാണത്രേ. വന്ധ്യംകരണം നടത്തേണ്ട ഡോക്റ്റർക്ക് ആവശ്യമായ പരിചയം, എയർ കണ്ടീഷൻ ചെയ്ത ഓപ്പറേഷൻ തീയെറ്റർ അടക്കമുള്ള വ്യവസ്ഥകൾ തടസം സൃഷ്ടിക്കുന്നുണ്ടത്രേ. അങ്ങനെയെങ്കിൽ ഇത്തരം വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനു കൂട്ടായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നതിന് രാഷ്‌ട്രീയം മാറ്റിവച്ച് രാഷ്‌ട്രീയ കക്ഷികൾ ഒന്നിച്ചു നിൽക്കേണ്ടതുണ്ട്.

ഇതിനൊപ്പം സംസ്ഥാനത്തു ചെയ്യാവുന്ന മറ്റു കാര്യങ്ങളിൽ വീഴ്ചയില്ലാതെ നോക്കുകയും വേണം. തെരുവുനായകളെ പിടികൂടി പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോമുകൾ ഒരുക്കുന്നതുപോലുള്ള നടപടികൾ ഇതിന്‍റെ ഭാഗമാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നത് അത്യാവശ്യമാണ്. മാലിന്യം കുന്നുകൂടുന്ന സ്ഥലങ്ങളിൽ തെരുവുനായകൾ കേന്ദ്രീകരിക്കുന്നതു സ്വാഭാവികമാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ അവയുടെ സുഖജീവിതം ഉറപ്പിക്കുകയാണല്ലോ. നായക്കൂട്ടങ്ങൾ ഉയർത്തുന്ന ഭീഷണി സംബന്ധിച്ച് അറിയിച്ചാലും തദ്ദേശ സ്ഥാപനങ്ങൾ അതു വേണ്ടത്ര ഗൗരവത്തിൽ എടുക്കുന്നില്ലെന്ന പരാതി ആവർത്തിക്കപ്പെടരുത്. തെരുവുനായ്ക്കളുടെ നിയന്ത്രണം പാളുന്നതിനെച്ചൊല്ലി കണ്ണൂരിൽ അടുത്തിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രാഷ്‌ട്രീയ പാർട്ടികളും പരസ്പരം പോരടിക്കുന്നതു കാണുകയുണ്ടായി. അധികാര സ്ഥാനങ്ങൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി പരസ്പരം പഴിചാരുന്നതു കൊണ്ട് ജനങ്ങൾക്കു യാതൊരു പ്രയോജനവുമുണ്ടാകുന്നില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com