അനധികൃത സ്പാകൾ: കർശന നടപടി വേണം

ഔദ്യോഗികമായ ലൈസൻസോടെയും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുമൊക്കെ മികച്ച നിലയിൽ പ്രവർത്തിക്കുന്ന നിരവധി സ്പാകളുണ്ട്. അതിനിടയിലാണ് ചില അനധികൃത സ്ഥാപനങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നത്
Stringent action needed againstillegal spas

സ്പാകളുടെ മറവിലുള്ള ചൂഷണങ്ങൾ കർശനമായി തടയേണ്ടത് അനിവാര്യം.

Freepik.com

Updated on: 

സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം കളമശേരിയിൽ യുവതിയെ രാസലഹരി നൽകി കൂട്ടബലാത്സംഗം ചെയ്ത ഞെട്ടിക്കുന്ന സംഭവമുണ്ടായത് ഈ മാസം ആദ്യമാണ്. ഒരു സ്ത്രീ അടക്കം നാലുപേരെയാണ് ഈ കേസിൽ പൊലീസ് പിടികൂടിയത്. തന്നെ അതിക്രൂരമായി പീഡിപ്പിച്ചതിനു പ്രധാന പങ്കു വഹിച്ചതു പിടികൂടിയ സ്ത്രീയാണ് എന്നത്രേ അതിജീവിതയുടെ മൊഴി. കൊച്ചിയിലെ സ്പായിൽ മാനെജരായി ആളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ടാണ് യുവതി പ്രതികളെ ഫോണിൽ വിളിക്കുന്നത്. സ്പായിൽ അഭിമുഖത്തിന് നേരിട്ടെത്താൻ പ്രതികൾ ആവശ്യപ്പെടുകയായിരുന്നു. അതു കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ യുവതിയെ ലോഡ്ജിലേക്ക് വീണ്ടും വിളിച്ചുവരുത്തി ലഹരി മരുന്നു നിർബന്ധിച്ചു നൽകുകയായിരുന്നുവത്രേ. ഓടി രക്ഷപെടാനുള്ള ശ്രമം തടയുകയും ചെയ്തു. അബോധാവസ്ഥയിലായ യുവതിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണു കേസ്. പ്രതികളിൽ ഒരാൾ കൊച്ചിയിലെ മറ്റു ചില സ്പാകളുടെ നടത്തിപ്പുകാരനാണ് എന്നും റിപ്പോർട്ടുണ്ട്. യുവതിക്കു ക്രൂരമായ പീഡനം ഏൽക്കേണ്ടിവന്ന കേസിൽ ഉൾപ്പെട്ട സ്പാ ലൈസൻസ് പുതുക്കാതെയാണു പ്രവർത്തിച്ചിരുന്നതെന്നും പറയുന്നുണ്ട്. പീഡനം നടന്ന ലോഡ്ജ് അനാശാസ്യ പ്രവർത്തനങ്ങളും ലഹരി മരുന്നു കൈമാറ്റവും കൊണ്ട് കുപ്രസിദ്ധമായതാണ് എന്നും പറയുന്നു. എന്തായാലും ചിലർ സ്പായുടെ മറവിൽ നടത്തുന്ന അനാശാസ്യ പ്രവർത്തനങ്ങളെക്കുറിച്ചു കൂടുതൽ ആശങ്കകൾ ഉയർത്താൻ കളമശേരി സംഭവം വഴിതെളിച്ചു.

അതിനു പിന്നാലെയാണു തിരുവനന്തപുരം കോവളത്തും സ്പായുടെ മറവിൽ നടന്ന ലൈംഗിക ചൂഷണം പുറത്തുവന്നിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പൊലീസ് അന്വേഷണം നടന്നുവരുകയാണ്. സൈബർ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ടുപേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ സ്പാ ഒരു ഹെൽത്ത് ഇൻസ്പെക്റ്ററുടെ ബിനാമി സ്ഥാപനമാണെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ടത്രേ. ജൂലൈയിലാണ് ഈ പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേർന്ന് കോവളത്ത് എത്തിക്കുന്നത്. അമ്മയും അച്ഛനും മരിച്ചതിനാല്‍ കുട്ടിയുടെ സംരക്ഷണ ചുമതല ഇവര്‍ക്കായിരുന്നുവത്രേ. പെൺകുട്ടി പ്രായപൂർത്തിയായതായി വ്യാജ രേഖയുണ്ടാക്കിയാണ് ഇവർ കേരളത്തിലെത്തിച്ചത്. 20 വയസുണ്ടെന്നു തെളിയിക്കുന്ന ആധാർ കാർഡ് കുട്ടിയുടെ കൈവശമുണ്ടായിരുന്നു. എന്നാൽ, പരിശോധനയിൽ ഇതു വ്യാജമാണെന്നും കുട്ടിക്ക് 16 വയസ് മാത്രമേ‍യുള്ളൂവെന്നും കണ്ടെത്തി. ഈ പെൺകുട്ടി വിവിധ സ്പാകളിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണു ലൈംഗിക ചൂഷണത്തിന് ഇരയായത്. പത്തോളം സ്‌പാകൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണു പൊലീസിനു ലഭിച്ച വിവരം. സംഭവത്തിനു പിന്നിൽ സെക്സ് റാക്കറ്റാണോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

സംസ്ഥാനത്തു നിരവധി സ്പാകൾ നേരായ മാർഗത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഔദ്യോഗികമായ ലൈസൻസോടെയും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുമൊക്കെ മികച്ച നിലയിൽ പ്രവർത്തിക്കുന്ന നിരവധി സ്പാകളുണ്ട്. അതിനിടയിലാണ് ചില അനധികൃത സ്ഥാപനങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. അത്തരക്കാരെ കണ്ടെത്തി സ്പാകളുടെ മറവിലുള്ള ചൂഷണങ്ങൾ കർശനമായി തടയേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. സംസ്ഥാനത്തെ സ്പാകളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധന അതിന്‍റെ ഭാഗമായി കാണാവുന്നതാണ്. ഇത്തരം പരിശോധനകൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല. സംസ്ഥാന വ്യാപകമായി ഇതു തുടരേണ്ടതുണ്ട്. പരാതികൾ അതീവ ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതുണ്ട്. സ്ഥാപനങ്ങളിൽ കൃത്യമായി സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ അടങ്ങിയ രജിസ്റ്ററുകൾ സൂക്ഷിക്കുന്നുണ്ടോ എന്നും പൊലീസ് പരിശോധിക്കേണ്ടതാണ്. ജീവനക്കാരുടെ രേഖകളും അവരുടെ നിയമന രീതികളും കൃത്യമായിരിക്കണം. സ്പാകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളോ ലഹരിമരുന്ന് ഉപയോഗമോ നടക്കുന്നുണ്ടോ എന്ന പരിശോധനയും പ്രധാനമാണ്. മസാജ് ചെയ്യുന്ന തെറാപ്പിസ്റ്റുകൾക്ക് മതിയായ യോഗ്യതയും സ്പെഷ്യലൈസ്ഡ് ട്രെയ്നിങ് സർട്ടിഫിക്കറ്റുകളുമുണ്ടോ എന്ന പരിശോധനയും ആവശ്യം തന്നെ.

കഴിഞ്ഞ ദിവസം നടന്ന "ഓപ്പറേഷന്‍ സ്പാ' എന്ന പ്രത്യേക പരിശോധനയിൽ 14 സ്ഥാപനങ്ങള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണു പൊലീസ് പറയുന്നത്. ഏതാനും ചിലർ അറസ്റ്റിലായിട്ടുണ്ട്. 586 സ്പാകളിലാണു ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്‍റെ നിര്‍ദേശാനുസരണം പരിശോധന നടത്തിയത്. കോഴിക്കോട് സിറ്റിയിലാണ് പരിശോധനയില്‍ ഏറെയും നടപടി ഉണ്ടായത്. അവിടെയുള്ള 87 കേന്ദ്രങ്ങളില്‍ 70 എണ്ണത്തില്‍ റെയ്ഡ് നടത്തി. നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മലപ്പുറം ജില്ലയില്‍ 78 കേന്ദ്രങ്ങളില്‍ 71 റെയ്ഡുകള്‍ നടത്തി. തൃശൂര്‍ സിറ്റിയില്‍ 58 ല്‍ 56 എണ്ണത്തിലും പാലക്കാട് 71ല്‍ 55 എണ്ണത്തിലും പരിശോധന നടത്തി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി തുടരുമെന്ന് എഡിജിപി പറയുന്നുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന കേസുകളുടെ പശ്ചാത്തലത്തിൽ ഇനിയും അതീവ ജാഗ്രത ഈ മേഖലയിൽ ഉണ്ടാവട്ടെ. ലൈംഗികാതിക്രമങ്ങൾ തടയുന്നതിനു കുറ്റവാളികളുടെ മനസിൽ ശക്തമായ ഭയം സൃഷ്ടിക്കണമെന്നു ഡൽഹി പൊലീസിനു സുപ്രീം കോടതി നിർദേശം നൽകിയത് അടുത്തിടെയാണ്. കുറ്റകൃത്യങ്ങൾ തടയുന്നതിൽ പൊലീസിന്‍റെ മിടുക്കു കാണേണ്ടതുണ്ടെന്നും കോടതി പറയുകയുണ്ടായി. ലൈംഗികാതിക്രമങ്ങൾ തടയുന്നതിൽ കേരളത്തിലെ പൊലീസിനും ഇതു ബാധകമാണ്.

logo
Metro Vaartha
www.metrovaartha.com