
മിനി സ്ക്രീനിലും വെള്ളിത്തിരയിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളി മനസുകളിൽ ഇടംപിടിച്ച സുബി സുരേഷിന്റെ അകാലത്തിലുള്ള അന്ത്യം കേരളത്തെയാകെ ദുഃഖത്തിലാക്കിയിരിക്കുകയാണ്. ആരെയും ആകർഷിക്കുന്ന വിധത്തിൽ പരിപാടികൾ അവതരിപ്പിച്ചിരുന്ന ടെലിവിഷൻ അവതാരക എന്ന നിലയിൽ തനതായൊരു പാതയും നാൽപ്പത്തിരണ്ടു വയസിനിടെ അവർ വെട്ടിത്തുറന്നിരുന്നു. സ്വതസിദ്ധമായ നർമം ട്രേഡ് മാർക്കായി കാത്തുസൂക്ഷിച്ച സുബിക്ക് ഇനിയും എത്രയോ വേഷങ്ങൾ ബാക്കിയുണ്ടായിരുന്നു. ഇനിയൊരിക്കലും പിറക്കാതെ പോകുന്ന ആ വേഷങ്ങളുടെ നഷ്ടം എത്ര വലുതാണെന്ന് നമുക്കെല്ലാവർക്കുമറിയാം. ഇരുപതോളം സിനിമകളിലാണ് അവർ അഭിനയിച്ചത്. അത്രകൊണ്ടുതന്നെ പ്രേക്ഷക മനസുകളിൽ മായാത്ത ചിത്രമായി അവർ മാറിയിട്ടുണ്ട്.
പഠന കാലത്തേ നർത്തകിയായി പേരെടുക്കുകയും വേദികളിൽ മിമിക്രിയും മോണോആക്റ്റും അവതരിപ്പിക്കുകയും ചെയ്ത അവർ കൊച്ചിൻ കലാഭവനിലെത്തുകയും "സിനിമാല' എന്ന ഹാസ്യ പരിപാടിയിലൂടെ ടെലിവിഷനിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. "കുട്ടിപ്പട്ടാളം' എന്ന ടിവി ഷോയുടെ അവതരണത്തിലും തിളക്കമാർന്ന പ്രകടനമായിരുന്നു കണ്ടത്. സ്റ്റേജ് ഷോകളിൽ സദസിനെ മനം നിറഞ്ഞു ചിരിപ്പിക്കാൻ കഴിയുന്ന പ്രതിഭാവിലാസവും അവർക്കുണ്ടായിരുന്നു. കനക സിംഹാസനം എന്ന രാജസേനൻ ചിത്രത്തിലൂടെ 2006ലാണു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
എണ്ണമറ്റ സീരിയലുകളോ സിനിമകളോ വിഖ്യാത കഥാപാത്രങ്ങളോ അതിപ്രശസ്ത പുരസ്കാരങ്ങളോ ഒന്നുമല്ല സുബിയെ ഇത്രയേറെ ജനപ്രിയയാക്കിയത്. തന്റേതായ കലാമേഖലകളിൽ സ്വന്തമായി അടയാളപ്പെടുത്തിയെടുത്ത ഒരിടം അവർക്കുണ്ടായിരുന്നു. ഒറ്റയ്ക്കു നിന്നു പോരാടിയെടുത്ത ഒരു ജീവിതത്തിന്റെ ഉടമയായിരുന്നു അവർ എന്നു കൂടി അറിയുമ്പോഴാണ് അതിന്റെ വലുപ്പം മനസിലാവുക. കൈപിടിച്ചുയർത്താനും അനുഗ്രഹം ചൊരിഞ്ഞുകൊണ്ടിരിക്കാനും ചുറ്റും ആളുകളുണ്ടായിരുന്നില്ല. ജീവിതത്തെ ഒരു പോരാട്ടമായി കണ്ട് മുന്നേറുമ്പോൾ തന്നെയാണു ഹാസ്യം കൈവിടാതെ സൂക്ഷിക്കാനും സുബിക്കു കഴിഞ്ഞത്. സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചതു പോലെ ""ഇനിയും നമ്മുടെ ഓർമകളിൽ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേയിരിക്കട്ടെ''.