അവഗണിക്കപ്പെടേണ്ടതല്ല, സപ്ലൈകോ..| മുഖപ്രസംഗം

ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള വകുപ്പുകൾക്ക് വേണ്ടത്ര സഹായം അനുവദിക്കാനായിട്ടില്ലെന്നതു വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുമാണ്.
supplyco
supplyco

സംസ്ഥാന ബജറ്റിൽ വേണ്ടത്ര വിഹിതം അനുവദിക്കാതെ അവഗണിച്ചുവെന്ന ആരോപണം സിപിഐയുടെ മന്ത്രിമാർക്കുണ്ട്. അർഹിക്കുന്ന ബജറ്റ് വിഹിതം കിട്ടാത്തതിൽ മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണിയും ഭക്ഷ്യമന്ത്രി ജി.ആർ. അനിലും അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. പരാതിയുമായി ധനമന്ത്രിയെ സമീപിക്കുമെന്നാണ് ചിഞ്ചുറാണിയും അനിലും സൂചിപ്പിക്കുന്നത്. റവന്യൂ മന്ത്രി കെ. രാജനും സിപിഐ മന്ത്രിമാർക്കുള്ള വിഹിതം കുറഞ്ഞതിൽ അതൃപ്തിയുണ്ടെന്നാണു റിപ്പോർട്ടുകൾ. സർക്കാരിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധികാലത്ത് എങ്ങനെയെങ്കിലും കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന് എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ല എന്നതു പച്ചയായ യാഥാർഥ്യമാണ്. അപ്പോഴും ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള വകുപ്പുകൾക്ക് വേണ്ടത്ര സഹായം അനുവദിക്കാനായിട്ടില്ലെന്നതു വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുമാണ്.

പ്രത്യേകിച്ച് ഭക്ഷ്യവകുപ്പ് വലിയ പ്രതിസന്ധിയാണു നേരിടുന്നതെന്ന് അനിൽ വിശദീകരിക്കുന്നുണ്ട്. സാമ്പത്തിക ഞെരുക്കത്തിന്‍റെ പേരിൽ ഭക്ഷ്യവകുപ്പിലുണ്ടാവുന്ന താളപ്പിഴകൾ വളരെ പെട്ടെന്നു തന്നെ ജനങ്ങളെ ബാധിക്കുന്നതാണ്. പൊതുവിപണിയിലെ ഇടപെടലിനു മതിയായ തുകയില്ലെങ്കിൽ അതു ബാധിക്കുക വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളെയാണ്. ഇപ്പോൾ തന്നെ സപ്ലൈകോയുടെ തകർച്ച പാവപ്പെട്ടവരും സാധാരണക്കാരുമായ ലക്ഷക്കണക്കിനാളുകളെയാണു ബാധിച്ചിരിക്കുന്നത്. സർക്കാർ സബ്സിഡിയോടെ അവശ്യ സാധനങ്ങൾ ജനങ്ങൾക്കു വിലകുറച്ചു നൽകുന്ന ഈ സംവിധാനം മാസങ്ങൾക്കു മുൻപേ താളം തെറ്റിയതാണ്. പിടിച്ചുനിൽക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് 1600ൽ ഏറെ സപ്ലൈകോ ഔട്ട് ലെറ്റുകൾ. സബ്സിഡി നൽകുന്ന അവശ്യസാധനങ്ങൾ ഏറെയും ഇവിടെ കിട്ടാനില്ല. അങ്ങനെ വരുമ്പോൾ ഈ ഔട്ട് ലെറ്റുകളിൽ പോയതുകൊണ്ട് സാധാരണക്കാർക്കു ഗുണവുമില്ല. ആളുകൾ അങ്ങോട്ടുപോകുന്നതും കുറച്ചിരിക്കുന്നു.

ഈ നില തുടർന്നാൽ ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയുണ്ടാവുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഔട്ട് ലെറ്റുകളിൽ ജോലിയെടുക്കുന്ന നൂറുകണക്കിനാളുകളുടെ തൊഴിലവസരം ഇല്ലാതാവുമോ എന്നതും ആശങ്കയാണ്. ജനങ്ങൾക്കു വിലകുറച്ചു കിട്ടുന്ന സംവിധാനം ഇല്ലാതാവുന്നതോടെ പൊതുവിപണിയിൽ വില വർധനയ്ക്കു കളമൊരുങ്ങുകയാണ്. അരി അടക്കം അവശ്യവസ്തുക്കളുടെ തീവില ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നു. അരി വില ഇനിയും വർധിക്കുമെന്നതാണ് സാഹചര്യമെന്നു ഭക്ഷ്യ മന്ത്രി തന്നെ പറയുന്നുണ്ട്. അവശ്യ വസ്തുക്കൾ വിലകുറച്ചു വിറ്റ വകയിൽ രണ്ടായിരം കോടിയിലേറെ രൂപയാണ് സർക്കാർ സപ്ലൈകോയ്ക്കു നൽകാനുള്ളത്. സാധനങ്ങൾ എത്തിച്ച വിതരണക്കാർക്ക് എഴുനൂറിലേറെ കോടി രൂപ നൽകാനുണ്ട്. ഇതു നൽകാത്തതിനാൽ വിതരണക്കാർ സപ്ലൈകോയ്ക്ക് സാധനങ്ങൾ എത്തിക്കാൻ മടിക്കുകയാണ്. കടം വന്നു മുടിഞ്ഞു കിടക്കുന്ന അവസ്ഥയാണ് ജനങ്ങളെ നേരിട്ടു സഹായിക്കാൻ രൂപം കൊടുത്ത ഈ സംവിധാനത്തിനുള്ളത്.

സപ്ലൈകോ വില കുറച്ചു വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വിലയിൽ വർധന വരുത്താൻ നേരത്തേ തീരുമാനമായിരുന്നു. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന സാഹചര്യത്തിൽ അതും നടപ്പായിട്ടില്ല. അരിയും പയർ-പരിപ്പ് വർഗങ്ങളും പഞ്ചസാരയും വെളിച്ചെണ്ണയും അടക്കം സാധനങ്ങളുടെ സബ്സിഡി കുറയ്ക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്നു വ്യക്തമായ സാഹചര്യത്തിലാണ് 25 ശതമാനം വരെ വില കൂട്ടാനുള്ള തീരുമാനമുണ്ടായത്. എന്നാൽ, സാധാരണക്കാരുടെ ആശ്രയമായ ഈ ഔട്ട് ലെറ്റുകളെ വില വർധനയിൽ നിന്നു മാറ്റിനിർത്തണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതെന്തായാലും അടിയന്തര സർക്കാർ ഇടപെടൽ സപ്ലൈകോയിൽ ഉണ്ടാവേണ്ടതാണ്. സാധാരണക്കാർക്ക് ആശ്വാസം പകരുകയാണ് മുഖ്യ വിഷയം.

പാവപ്പെട്ട പാലുത്പാദകരെ സഹായിക്കാനുള്ള പദ്ധതികളാണു ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നതെന്നു ചിഞ്ചുറാണി ചൂണ്ടിക്കാണിക്കുന്നുണ്ട്. വകുപ്പിനുള്ള വിഹിതം കുറയുന്നത് സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണു ബാധിക്കുക. പാലുത്പാദനത്തിലും കുറവുവരും. പാലുത്പാദനത്തിൽ ഒരു വർഷത്തിനകം സ്വയംപര്യാപ്തയിലേക്കു കടക്കാൻ തയാറായിരിക്കുകയാണ് വകുപ്പെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. 10 ശതമാനത്തിന്‍റെ കുറവു മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ അനുവദിച്ച തുകയെങ്കിലും ഇക്കുറിയും വേണം എന്നതാണ് മന്ത്രിയുടെ ആവശ്യം. ക്ഷീരകർഷകരെ സഹായിക്കാനുള്ള പദ്ധതികളിൽ ഒരു വീഴ്ചയും സംഭവിക്കാതിരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും ധനമന്ത്രിയുമായുള്ള ചർച്ച ഫലം ചെയ്യുമെന്നു പ്രതീക്ഷിക്കാം.

Trending

No stories found.

Latest News

No stories found.