

തെരുവുനായ വിമുക്തമാവട്ടെ, പൊതു സ്ഥലങ്ങൾ.
രാജ്യത്ത് തെരുവുനായ ശല്യത്തിനു പരിഹാരം കാണുന്നതിനു നിർണായക ഉത്തരവു പുറപ്പെടുവിച്ചിരിക്കുകയാണു സുപ്രീം കോടതി. വളരെയേറെ പ്രാധാന്യമുള്ള നിർദേശങ്ങൾ കോടതി മുന്നോട്ടുവച്ചിരിക്കുന്നു. അത് ഏറ്റവും ഫലപ്രദമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയാറാവുക എന്നതാണ് ഇനി ആവശ്യമായിട്ടുള്ളത്. ഡൽഹിയിലെ തെരുവുനായ ശല്യം മുൻനിർത്തി ജൂലൈയിൽ സ്വമേധയാ എടുത്ത കേസ് പിന്നീട് രാജ്യവ്യാപകമായ പ്രശ്നം എന്ന നിലയിൽ കോടതി പരിഗണിക്കുകയായിരുന്നു. എല്ലാ സംസ്ഥാനങ്ങളെയും കക്ഷി ചേർത്ത കോടതി അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ എത്ര കാര്യക്ഷമമായാണു നടപ്പാക്കിയതെന്നതു സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ മുഴുവൻ സംസ്ഥാനങ്ങളോടും നിർദേശിച്ചിരുന്നു. ഇതിൽ വീഴ്ച വരുത്തിയ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരെ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് കോടതിയിൽ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു കേസിൽ ഇന്നലെ കോടതിയുടെ കൃത്യമായ മാർഗനിർദേശം.
പൊതുഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസുമാരായ സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവർ കൂടി അടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയ്‌ൽവേ സ്റ്റേഷനുകൾ, സ്പോർട്സ് കോംപ്ലക്സുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ നിന്നെല്ലാം തെരുവുനായകളെ പിടിച്ച് ഷെൽറ്ററുകളിലാക്കണം. പിടികൂടുന്ന നായകളെ വന്ധീകരണത്തിനു ശേഷം ഷെൽറ്ററുകളിൽ നിന്ന് തുറന്നുവിടരുതെന്നു കോടതി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിൽ നായ്ക്കൾ കയറാതിരിക്കാനുള്ള സംവിധാനമുണ്ടാക്കേണ്ടതുണ്ട്. സംസ്ഥാന- ദേശീയ ഹൈവേകളിൽ നിന്നും എക്സ്പ്രസ് വേകളിൽ നിന്നും അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും കന്നുകാലികളെയും നീക്കണമെന്ന നിർദേശവും കോടതി നാഷണൽ ഹൈവേസ് അഥോറിറ്റി ഒഫ് ഇന്ത്യ അടക്കം അധികൃതർക്കു നൽകുന്നുണ്ട്. പ്രധാന റോഡുകളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങൾ യാത്രക്കാർക്കു തടസങ്ങൾ സൃഷ്ടിക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണിത്.
തെരുവുനായ ശല്യമുള്ള പൊതുസ്ഥാപനങ്ങൾ ഏതൊക്കെയെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖാന്തരം രണ്ടാഴ്ചയ്ക്കുള്ളിൽ കണ്ടെത്തണമെന്നാണു കോടതി സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുള്ളത്. ഇത്തരം സ്ഥാപനങ്ങൾക്ക് നായ കടക്കാതിരിക്കാൻ തക്കവണ്ണമുള്ള വേലി, മതിൽക്കെട്ട്, ഗേറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടെന്ന് സ്ഥാപനങ്ങളുടെ ഭരണച്ചുമതലയുള്ളവർ ഉറപ്പുവരുത്തേണ്ടതുണ്ട്. എട്ടാഴ്ചക്കുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കണമെന്നാണു കോടതി ആവശ്യപ്പെടുന്നത്. തെരുവുനായ്ക്കൾ കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നോഡൽ ഓഫിസർ ഉണ്ടാവണം. ഈ ഓഫിസറുടെ വിവരങ്ങൾ സ്ഥാപനത്തിന്‍റെ കവാടത്തിൽ സ്ഥിരമായി പ്രദർശിപ്പിക്കണം. പൊതുസ്ഥാപനങ്ങളിൽ തെരുവുനായ ശല്യമില്ലെന്ന് ഉറപ്പാക്കാൻ കോർപ്പറേഷൻ, മുനിസിപ്പൽ, പഞ്ചായത്ത് അധികൃതർ നിരന്തരം പരിശോധനകൾ നടത്തണം. ചുരുങ്ങിയതു മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും പൊതുസ്ഥാപന പരിസരങ്ങളിൽ പരിശോധനയുണ്ടാവണം. ഈ ഉത്തരവിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം വളരെ കൃത്യമായി കോടതി എടുത്തുപറയുകയാണ്.
റോഡുകളിൽ നിന്നു തെരുവുനായ്ക്കളെയും മറ്റു മൃഗങ്ങളെയും നീക്കം ചെയ്യാൻ രാജസ്ഥാൻ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ നഗരസഭകൾക്കു നിർദേശം നൽകിയിരുന്നു. ഇങ്ങനെ മൃഗങ്ങളെ നീക്കം ചെയ്യുന്നതിനു തടസം നിൽക്കുന്നവർക്കെതിരേ കേസെടുക്കുന്നതടക്കം നടപടികൾ സ്വീകരിക്കാനും ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയിൽ നിർദേശിച്ചതാണ്. റോഡുകളിൽ നിന്നും കോളനികളിൽ നിന്നും പൊതുവഴികളിൽ നിന്നും തെരുവു മൃഗങ്ങളെ നീക്കം ചെയ്യുന്നത് പ്രത്യേക യജ്ഞമായി മുനിസിപ്പൽ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടതാണെന്നായിരുന്നു കോടതിയുടെ നിർദേശം. ഈ ഉത്തരവ് ഇന്നലത്തെ ഉത്തരവിൽ സുപ്രീം കോടതി പരാമർശിക്കുന്നുണ്ട്. അലഞ്ഞു തിരിയുന്ന നായ്ക്കളെയും മറ്റു മൃഗങ്ങളെയും പൊതുസ്ഥാപനങ്ങളിൽ നിന്നും റോഡുകളിൽ നിന്നും ഒഴിവാക്കി അവയെ സംരക്ഷണ കേന്ദ്രങ്ങളിലാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ ഉത്തരവാദികളാവുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരാവുമെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നടപടികൾ കോടതിയെ അറിയിക്കേണ്ട ചുമതല ചീഫ് സെക്രട്ടറിമാർക്കാണ്. ഹൈവേകളിൽ നിരീക്ഷണത്തിനു പട്രോൾ സംഘങ്ങളെ നിയോഗിക്കേണ്ടതുണ്ട്. യാത്രക്കാർക്കു വേണ്ടി ഹൈവേകളിൽ ഹെൽപ്പ് ലൈൻ നമ്പരുകൾ പ്രദർശിപ്പിക്കാനും കോടതി നിർദേശിക്കുന്നു.
തെരുവുനായ ശല്യം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണു കേരളം. ആ നിലയ്ക്ക് പരമോന്നത കോടതിയുടെ ഉത്തരവ് മലയാളികൾ സന്തോഷത്തോടെ സ്വാഗതം ചെയ്യും. തെരുവുനായകൾ ജനങ്ങൾക്കു ഭീഷണി ഉയർത്തുന്ന കാഴ്ചയാണു കേരളത്തിലെ പൊതുസ്ഥലങ്ങളിൽ പൊതുവേയുള്ളത്. സുപ്രീം കോടതിയുടെ ഉത്തരവുണ്ടായ ഇന്നലെ തന്നെയാണ് മാവേലിക്കരയിലെ കെഎസ്ഇബി ഓഫിസിൽ തെരുവുനായ ആക്രമണമുണ്ടായത്. ജീവനക്കാരനു കടിയേറ്റിട്ടുണ്ട്. ഓടി രക്ഷപെടുന്നതിനിടെ ജീവനക്കാരിക്കു വീണു പരുക്കേൽക്കുകയും ചെയ്തു. കൊല്ലം അഞ്ചലിൽ ഏഴു പേർക്ക് പേവിഷബാധയുണ്ടെന്നു സംശയിക്കുന്ന തെരുവുനായയുടെ കടിയേറ്റതും ഇന്നലെ തന്നെയാണ്. സംസ്ഥാനത്ത് തെരുവുനായ്ക്കൾ പെരുകുന്നതിൽ നേരത്തേ കേരള ഹൈക്കോടതിയും അതീവ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിഷയം സർക്കാർ ഗൗരവത്തോടെ കാണണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നതാണ്. സുപ്രീം കോടതിയുടെ ഉത്തരവിനു പിന്നാലെയെങ്കിലും ഉചിതമായ നടപടികൾ ഉണ്ടായാൽ ജനങ്ങൾക്ക് ആശ്വാസമാവും.