

നാനാ പടേക്കർ
മഹാരാഷ്‌ട്രയ്ക്കു പുറത്തും അദ്ദേഹം ദുരിതബാധിതർക്കു സഹായങ്ങൾ എത്തിച്ചിട്ടുണ്ട്
വൈവിധ്യമാർന്ന വേഷങ്ങളിലൂടെയും ശക്തമായ അഭിനയ ശൈലിയിലൂടെയും രാജ്യത്തെ സിനിമാ പ്രേമികളുടെ ആദരവു പിടിച്ചുപറ്റിയ പ്രശസ്ത ബോളിവുഡ്- മറാത്തി നടൻ നാനാ പടേക്കർ ഈ ലോകത്തോടു വിടപറഞ്ഞിരിക്കുന്നു. അഞ്ചു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിനിടെ ജനപ്രീതിയാർജിച്ച നിരവധി കഥാപാത്രങ്ങളെ അദ്ദേഹം പ്രത്യേകമായ അഭിനയ ശൈലി കൊണ്ട് അനശ്വരമാക്കി. അഭിനയത്തിൽ മാത്രമല്ല സവിശേഷമായ സംഭാഷണ അവതരണത്തിലും അദ്ദേഹം വേറിട്ടുനിന്നു. പദ്മശ്രീയും ദേശീയ ചലച്ചിത്ര അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്.
""നമ്മളെല്ലാവരും ഒരുനാൾ പോകേണ്ടവരാണ്. നാളെ ഞാൻ ഇവിടെ ഉണ്ടാകുമോ എന്നറിയില്ല. എല്ലാവരുടെയും ജീവിതത്തിൽ ആ സമയം വരും. എന്നാൽ, അതിനു മുൻപ്, എനിക്കു ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടോ, അതിനായി ശ്രമിച്ചിട്ടുണ്ടോ എന്നു നമ്മൾ ചിന്തിക്കണം''-
നാനാ പടേക്കർ ഇതു പറഞ്ഞത് അദ്ദേഹത്തിന്‍റെ വിയോഗത്തിനു ഏതാനും ദിവസം മുൻപാണ്. ഗോവയിലെ പനാജിക്കു സമീപം ഡോണ പോളയിൽ ഒക്റ്റോബർ നാലിനു നടന്ന സമ്രാട്ട് ക്ലബ് ഇന്‍റർനാഷണലിന്‍റെ പരിപാടിയിലായിരുന്നു അത്. അറംപറ്റിയ വാക്കുകളായി ഇതു മാറിയെന്നാണ് ആരാധകർ ഇപ്പോൾ സങ്കടത്തോടെ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറയുന്നതുപോലെ തലമുറകളോളം ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങളെയാണു നാനാ പടേക്കർ പ്രേക്ഷകർക്കു സമ്മാനിച്ചിരിക്കുന്നത്. ഓരോ കഥാപാത്രത്തിലും അദ്ദേഹം അസാധാരണമായ വൈവിധ്യവും സർഗാത്മകതയും കൊണ്ടുവന്നു. നായകനായും വില്ലനായും ഒരുപോലെ തിളങ്ങാൻ കഴിഞ്ഞ അദ്ദേഹത്തിന് ഇന്ത്യൻ സിനിമയിലെ പരമ്പരാഗത നായക സങ്കൽപ്പങ്ങളെ തിരുത്തിക്കുറിക്കാനുമായി. പരിന്ദ, ക്രാന്തിവീർ, അഗ്നിസാക്ഷി, അങ്കുഷ്, അബ് തക് ഛപ്പൻ, നടസമ്രാട്ട്, വെൽക്കം, സലാം ബോംബെ, പ്രഹാർ: ദ ഫൈനൽ അറ്റാക്ക്, തിരംഗ, ശക്തി: ദ പവർ, അപഹരൺ, ഖാമോഷി: ദ മ്യൂസിക്കൽ തുടങ്ങി എത്രയെത്ര ശ്രദ്ധേയമായ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ അഭിനയമികവു വ്യക്തമാക്കുന്നതായുള്ളത്. 1978ൽ പുറത്തിറങ്ങിയ "ഗമൻ' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ സിനിമാ അരങ്ങേറ്റം. തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത പടേക്കർ,1980കളുടെ അവസാനത്തോടെയാണ് മികച്ച നടനായി അംഗീകരിക്കപ്പെടുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിനു നേടിക്കൊടുത്തത് "ക്രാന്തിവീർ' ആണ്. പരിന്ദയിലെയും അഗ്നിസാക്ഷിയിലെയും അഭിനയത്തിനു മികച്ച സഹനടനുള്ള ദേശീയ പുരസ്കാരങ്ങളും ലഭിച്ചു. രജനികാന്തിനൊപ്പം "കാല' എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ പകരക്കാരനില്ലാത്ത നടൻ എന്ന വിശേഷണം അദ്ദേഹത്തിനു ചേരുന്നതു തന്നെയാണ്.
സിനിമാ മേഖലയിൽ മാത്രമല്ല നാനാ പടേക്കർ ശ്രദ്ധേയനായിട്ടുള്ളത്. മഹാരാഷ്‌ട്രയിലെ കർഷകർക്കു വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വരൾച്ചയും കർഷക ആത്മഹത്യയും മഹാരാഷ്‌ട്രയെ വല്ലാതെ ബാധിച്ച കാലത്ത് ദുരിതബാധിതരായ കർഷക കുടുംബങ്ങൾക്കു താങ്ങും തണലുമായാണ് അദ്ദേഹം നാം ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്; 2015ൽ. കർഷകരുടെയും പാവപ്പെട്ടവരുടെയും ഉന്നമനം പ്രധാന ലക്ഷ്യമായി ഫൗണ്ടേഷൻ കണക്കിലെടുത്തു. ഇതിലൂടെയുള്ള അദ്ദേഹത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സുമനസുകൾക്കാകെ പ്രചോദനമാവുന്നതാണ്. വിദർഭയിലെയും മറാത്ത് വാഡയിലെയും വരൾച്ചബാധിത പ്രദേശങ്ങളിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്കു നേരിട്ടു സഹായം എത്തിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. വരൾച്ച പ്രതിരോധിക്കുന്നതിനായുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. സ്ത്രീകൾക്കു സ്വയം തൊഴിലിനായി തയ്യൽ യന്ത്രങ്ങൾ പോലുള്ളവ വിതരണം ചെയ്യുകയും തൊഴിൽ പരിശീലനം നൽകുകയും ചെയ്തു.
നാം ഫൗണ്ടേഷന്‍റെ കണക്കു പ്രകാരം ഇതുവരെ അവർ 77 ലക്ഷത്തിലേറെ കർഷകരെ സഹായിച്ചിട്ടുണ്ട്. അമ്പതിനായിരത്തിലേറെ കുടുംബങ്ങൾക്കു ദുരിതാശ്വാസം നൽകി. 102 സൈനികരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. 4957 വിധവകളെ സഹായിച്ചു. കുട്ടികൾക്കു വിദ്യാഭ്യാസ സഹായം നൽകുന്നതുപോലുള്ള പദ്ധതികളും സമൂഹ വിവാഹങ്ങളും ഫൗണ്ടേഷൻ നടത്തി. മഹാരാഷ്‌ട്രയ്ക്കു പുറത്തും അദ്ദേഹം ദുരിതബാധിതർക്കു സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. വിസ്മരിക്കാനാവാത്തതാണ് ഇത്തരത്തിലുള്ള അദ്ദേഹത്തിന്‍റെ സാമൂഹിക സേവനങ്ങൾ. 1999ലെ കാർഗിൽ യുദ്ധത്തിൽ നേരിട്ടു പങ്കെടുത്ത അദ്ദേഹം സൈനികർക്കൊപ്പം അതിർത്തിയിൽ സേവനമനുഷ്ഠിച്ചു. ടെറിറ്റോറിയൽ ആർമിയുടെ ഭാഗമായ തന്നെ കാർഗിലിലേക്ക് അയയ്ക്കണമെന്ന് അന്നത്തെ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിനോട് നേരിട്ട് ആവശ്യപ്പെട്ട് അനുമതി വാങ്ങുകയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും ജനങ്ങൾക്കൊപ്പം നിന്ന പ്രതിഭാധനനായ കലാകാരനായിരുന്നു നാനാ പടേക്കറെന്ന മുൻ കേന്ദ്രമന്ത്രി ശരദ് പവാറിന്‍റെ അനുസ്മരണം തികച്ചും അർഥവത്താണ്.