

ഉറപ്പാവട്ടെ, മരുന്നുകളുടെ ഗുണനിലവാരം
സർക്കാർ ആശുപത്രികളിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യമായി ഗുണമേന്മയുള്ള മരുന്നുകൾ വിതരണം ചെയ്യുക, ആശുപത്രികൾക്ക് ആവശ്യമായ ചികിത്സാ സാമഗ്രികളും ഉപകരണങ്ങളും ലഭ്യമാക്കുക, പൊതുജനാരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു സംസ്ഥാന സർക്കാരിന്‍റെ പൂർണ ഉടമസ്ഥതയിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ് സിഎൽ) രൂപീകരിച്ചത്. ജനകീയാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളെജുകൾ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആവശ്യമായി വരുന്ന മരുന്നുകൾ വാങ്ങുന്ന കോർപ്പറേഷൻ അതിന്‍റെ സംഭരണവും വിതരണവും നിർവഹിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങൾ സ്ഥാപിച്ചുകൊണ്ടാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നത്. മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കലും കോർപ്പറേഷന്‍റെ ജോലിയായാണു നടന്നുവന്നത്. അതിനായി ക്വാളിറ്റി കൺട്രോൾ വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നിന്‍റെ ഗുണനിലവാരം സംബന്ധിച്ചു പലപ്പോഴും പരാതികൾ ഉയരാറുണ്ട്.
മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലടക്കം മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അനാസ്ഥ കാണിച്ചിട്ടുണ്ടെന്നു നേരത്തേ സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഗുണനിലവാര പരിശോധന നടത്താതെ ചില വിതരണക്കാരിൽ നിന്ന് മരുന്നുകൾ സംഭരിച്ചിട്ടുണ്ടെന്നും ആ റിപ്പോർട്ടിലുണ്ടായിരുന്നു. രോഗികൾക്കു കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്ന അതീവ ഗുരുതരമായ കുറ്റപ്പെടുത്തലും നേരത്തേ സിഎജി നടത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ കോർപ്പറേഷൻ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത മരുന്നുകളിൽ വ്യാപകമായി ഗുണനിലവാരമില്ലെന്നു കണ്ടെത്തിയിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരനും കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിക്കുകയുണ്ടായി. കോടിക്കണക്കിനു രൂപയുടെ മരുന്നുകളാണ് ഇത്തരത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയത്. മാത്രമല്ല മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങുന്ന മരുന്നിന്‍റെ നിലവാരം അവരുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം പരിശോധിക്കുന്നത് അഴിമതിക്ക് ഇടയാക്കുന്നതായും പരാതികൾ ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കിയ യുഡിഎഫ് സർക്കാരിന്‍റെ തീരുമാനം ശ്രദ്ധേയമാവുന്നത്. കോർപ്പറേഷൻ വഴി വാങ്ങുന്ന മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഇനി ഡ്രഗ്സ് കൺട്രോൾ വകുപ്പിനായിരിക്കുമെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. പൊതുവേ സ്വാഗതം ചെയ്യപ്പെടുന്നതാണ് ഈ തീരുമാനം. മരുന്നുകളുടെ ഗുണനിലവാര പരിശോധന സുതാര്യമാക്കുന്നതിന് ഈ തീരുമാനം ഉപകരിക്കും. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് പ്രത്യേക ശ്രദ്ധ നൽകുമെന്നു കരുതാം. ഏറ്റവും നല്ല മരുന്നുകൾ തന്നെ രോഗികൾക്കു നൽകുക എന്നതാണു സർക്കാരും ആരോഗ്യ വകുപ്പും ചെയ്യേണ്ടത്. അതിൽ വീഴ്ചയുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സഹകരണവും അത്യാവശ്യമാണ്.
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ആവശ്യമായ നിയമപരമായ അധികാരവും സാങ്കേതിക വൈദഗ്ധ്യവും ഡ്രഗ്സ് കൺട്രോൾ വകുപ്പിനുണ്ട്. എന്നാൽ, ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഇപ്പോൾ ഇതിന് ആവശ്യമായ ജീവനക്കാരില്ല എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗുണനിലവാര പരിശോധനാ സംവിധാനം കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കാൻ ആവശ്യമുള്ള ജീവനക്കാരെ താത്കാലിക കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എത്രയും വേഗം ഈ തീരുമാനവും നടപ്പാവേണ്ടതാണ്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സംഭരിക്കുന്ന എല്ലാ മരുന്നുകളും വിതരണം ചെയ്യുന്നതിനു മുൻപ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് കൃത്യമായി പരിശോധിക്കട്ടെ. അങ്ങനെയാവുമ്പോൾ മെഡിക്കൽ സർവീസസ് കോർപ്പറേഷനും പരാതി കേൾക്കേണ്ടതായി വരില്ല.
ആരോഗ്യ വകുപ്പിൽ കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും പർച്ചേസുകളെക്കുറിച്ചു വിശദമായ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി നേരത്തേ ഉത്തരവിട്ടിരുന്നു. കോടിക്കണക്കിനു രൂപ വിലവരുന്ന അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ മെഡിക്കൽ കോളെജുകൾ അടക്കം സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കാതെ കെട്ടിക്കിടന്നു നശിക്കുന്നു എന്നു കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇത്. കോടിക്കണക്കിനു രൂപയുടെ മരുന്നുകൾ ഉപയോഗിക്കാതെ കാലാവധി തീർന്നു നശിച്ചുവെന്നും കണ്ടെത്തിയിരുന്നു.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ കോടികളുടെ അനാവശ്യച്ചെലവുണ്ടാക്കിയെന്ന ആരോപണവും അടുത്തിടെ ഉയർന്നിരുന്നു. സർക്കാർ ആശുപത്രികളിലേക്ക് മരുന്നുകളും ഉപകരണങ്ങളും ഒക്കെ വാങ്ങുന്നതിൽ സുതാര്യത ഉറപ്പാക്കാൻ എന്തൊക്കെ നടപടികളാണോ ആവശ്യമുള്ളത് അതെല്ലാം സ്വീകരിക്കേണ്ടത് പൊതുജനതാത്പര്യം കണക്കിലെടുത്താണ്.