എല്ലാം തെളിയട്ടെ, പൊലീസ് അന്വേഷണത്തിൽ

കേരളത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്‍റെ ആത്മഹത്യ.
Deepak committed suicide after a video of himself being humiliated was shared on social media by a woman named Shimjita Mustafa.

ഷിംജിത മുസ്തഫയെന്ന യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് അപമാനഭാരത്താൽ ദീപക് ജീവനൊടുക്കിയത് 

social media

Updated on

കേരളത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്‍റെ ആത്മഹത്യ. സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ബസിലുണ്ടായിരുന്ന ഷിംജിത മുസ്തഫയെന്ന യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് അപമാനഭാരത്താൽ ദീപക് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഈ ദുരന്തം വേദനയോടെ ചർച്ച ചെയ്യുകയായിരുന്നു. ദീപക് മോശമായി പെരുമാറുന്നു എന്നാരോപിച്ചുകൊണ്ട് ബസിൽ വിഡിയോ ചിത്രീകരിച്ച ഷിംജിത അതു പ്രചരിപ്പിച്ചത് "റീച്ച്' കിട്ടാൻ വേണ്ടിയാണെന്നാണ് ആരോപണമുയർന്നത്. ‌

തങ്ങളുടെ മകൻ നിരപരാധിയായിരുന്നുവെന്ന് ദീപക്കിന്‍റെ മാതാപിതാക്കൾ പറയുന്നു. അവരുടെ പരാതിയിൽ ഷിംജിതക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുകയും കേസെടുക്കുകയും ചെയ്തു. ഇതനുസരിച്ച് ഷിംജിതയെ കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റു ചെയ്തിട്ടുമുണ്ട്. യുവതിയെ പൊലീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അറസ്റ്റ് വൈകുകയാണെന്നും നേരത്തേ ആക്ഷേപം ഉയർന്നിരുന്നു.

എഡിറ്റ് ചെയ്ത വിഡിയോ ആണ് ഷിംജിത സമൂഹമാധ്യമത്തിൽ പങ്കുവച്ചതെന്നു കണ്ടെത്തിയെന്നാണു പൊലീസ് അവകാശപ്പെടുന്നത്. പയ്യന്നൂർ റെയ്‌ൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എല്ലാം പൊലീസ് പരിശോധിക്കട്ടെ. കേസ് അന്വേഷണം അതിന്‍റെ രീതിയിൽ നടക്കട്ടെ. സത്യം കണ്ടെത്തട്ടെ. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ചിന്തകൾ പ്രസക്തമാണ്. അതു സമൂഹത്തിൽ മാറ്റങ്ങൾക്ക് ഉപകാരപ്പെടുന്നെങ്കിൽ അത്രയുമായി.

ഷിംജിതക്കെതിരേ ഇപ്പോൾ നിശിതമായ വിമർശനം ഉയരുന്നത് ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കി എന്നതുകൊണ്ടാണ്. നല്ല "റീച്ച്' കിട്ടുന്ന റീലുകൾ എടുക്കാൻ വേണ്ടി അതിസാഹസികമായതടക്കം പലവിധത്തിലുള്ള ശ്രമങ്ങൾ ഇന്നു സമൂഹത്തിൽ നടക്കുന്നുണ്ട് എന്നതു യാഥാർഥ്യമാണ്. കുറച്ച് "ലൈക്കി'നും "കമന്‍റി'നും വേണ്ടി എന്തു സാഹസികതയ്ക്കും തയാറാവുന്നവർ അവർക്കു തന്നെയും സമൂഹത്തിനു പൊതുവിലും ദോഷം ചെയ്യുന്ന അവസരങ്ങളുണ്ടാവും എന്നതും തള്ളിക്കളയാനാവില്ല.

ബസിലുണ്ടായി എന്നു യുവതി ആരോപിക്കുന്ന സാഹചര്യം യഥാർഥത്തിലുള്ളതായിരുന്നോ, ദീപക് നിരപരാധിയായിരുന്നോ തുടങ്ങിയ കാര്യങ്ങളൊക്കെ പൊലീസ് അന്വേഷണത്തിലാണു വ്യക്തമാവേണ്ടത്. അതുകൊണ്ടു തന്നെ അന്വേഷണത്തിൽ ഒരു പാളിച്ചയും ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. ദീപക്കിന്‍റെ മാതാപിതാക്കൾ അനുഭവിക്കേണ്ടിവരുന്ന തീരാവേദന നമ്മെയെല്ലാം വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം നേരിടേണ്ടി വന്നുവെങ്കിൽ നിയമത്തിന്‍റെ വഴി തേടുകയായിരുന്നു യുവതി ചെയ്യേണ്ടിയിരുന്നത് എന്നു പറയുന്നവരാണ് ഏറെയും.

തെളിവിനായി ദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയതാണെങ്കിൽ അതു പൊലീസിനു കൈമാറുകയായിരുന്നില്ലേ വേണ്ടത് എന്ന ചോദ്യവും ഉയരുന്നുണ്ട്. മൊബൈൽ ഫോണുകൾ ഒരേസമയം നല്ലതും ചീത്തയുമായി മാറുന്നത് ഏതൊക്കെ വിധത്തിലാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ചത് ഉപയോഗിച്ച് കുറ്റവാളികളെ പിടികൂടിയ പല സംഭവങ്ങളും മുൻപ് ഉണ്ടായിട്ടുണ്ട്. മൊബൈലിൽ പിടിക്കും എന്ന സാധ്യത അതിക്രമങ്ങൾക്കു തുനിയുന്നവരെ ചിന്തിപ്പിക്കുകയും ചെയ്യും.

എന്നാൽ, മൊബൈൽ ഫോൺ ദൃശ്യങ്ങളുടെ പിന്നിലുള്ള ലക്ഷ്യം സത്യസന്ധമല്ലെങ്കിൽ അതു വലിയ ദുരന്തമായും മാറും. തെറ്റായ വിധത്തിൽ ചിത്രീകരിക്കുന്നതു മൂലമുണ്ടാവുന്ന അപമാനം സഹിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. മറ്റുള്ളവരുടെ റീൽസ് എടുത്ത് പ്രചരിപ്പിക്കുന്നതു നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ദീപക്കിന്‍റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്നുണ്ട്. ലക്ഷക്കണക്കിനാളുകളിലേക്ക് ഇത്തരം ചിത്രീകരണങ്ങൾ എത്തുമ്പോഴുണ്ടാകുന്ന പ്രത്യാഘാതം നിസാരമായി കാണരുത് എന്നതാണ് എല്ലാവരും ഓർക്കേണ്ടത്.

മറ്റൊരാളിൽ നിന്ന് അസ്വസ്ഥതപ്പെടുത്തുന്ന സംഭവങ്ങളുണ്ടായാൽ തെളിവിനു വേണ്ടി വിഡിയോ എടുക്കുന്നതോ അതു പൊലീസിനു കൈമാറുന്നതോ പോലെയല്ല അതു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. റീൽസ് എടുക്കുന്നവർക്കു പ്രവേശനമില്ലെന്ന് ചില സ്വകാര്യ ബസുകൾ ബോർഡ് വയ്ക്കുകയും സ്റ്റിക്കർ ഒട്ടിക്കുകയും ചെയ്യുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. പബ്ലിസിറ്റിക്കു വേണ്ടി ഒരാളുടെ മാനാഭിമാനത്തെ കെടുത്തുന്ന ചിത്രീകരണങ്ങൾ കെഎസ്ആർടിസി ബസുകളിൽ വേണ്ടെന്നു മന്ത്രി ഗണേഷ് കുമാർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മനുഷ്യ ജീവന് മറ്റെന്തിനെക്കാൾ വില കൽപ്പിക്കുക എന്നതാണ് സമൂഹത്തിന്‍റെ നിലനിൽപ്പിന് ആവശ്യമായുള്ളത്. നിയമവ്യവസ്ഥയിൽ അടിയുറച്ച സമൂഹത്തിലേ സുരക്ഷിതത്വവും സമാധാനവുമുണ്ടാകൂ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com