
കടുത്ത വേനലിൽ ഉരുകുകയാണു കേരളം. താപനില ആശങ്കാജനകമായി ഉയരുന്നു. കത്തുന്ന ചൂടും പകർച്ച വ്യാധികളും പ്രത്യേക ജാഗ്രത അനിവാര്യമാക്കുന്ന നാളുകളാണിത്. രാജ്യത്തു പലയിടത്തും വ്യാപിക്കുന്ന എച്ച്3 എൻ2 വൈറസിനെയും കേരളം പ്രതിരോധിക്കേണ്ടതുണ്ട്. കേസുകൾ കുറവാണെങ്കിലും ഈ വൈറസ് സംസ്ഥാനത്തും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ എച്ച്1എന്‍1 കേസുകളും വർധിച്ചിട്ടുണ്ടെന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. വരൾച്ചയും ജലക്ഷാമവും പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുമെന്ന് നമുക്കൊക്കെ ബോധ്യമുള്ള കാര്യമാണ്. മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, കോളറ, ചെങ്കണ്ണ് തുടങ്ങി പല രോഗങ്ങളും ഈ കാലത്തു പടരാവുന്നതാണ്. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ നിർണായക പങ്കു വഹിക്കും. കോളറയും മഞ്ഞപ്പിത്തവുമൊക്കെ പടരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്. നിർലജീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം എന്നു പറയുമ്പോൾ തന്നെ കുടിവെള്ളത്തിന്റെ ശുചിത്വവും ഉറപ്പാക്കേണ്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നൽകുന്നുണ്ട്.
ചില ജില്ലകളിൽ ദുരന്ത നിവാരണ അഥോറിറ്റി സൂര്യാഘാത മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തൊഴിൽ വകുപ്പ് പകൽസമയത്തെ ജോലിസമയത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ദുരന്ത നിവാരണ അഥോറിറ്റി, ആരോഗ്യ- മൃഗസംരക്ഷണ, കൃഷി, വനം, അഗ്നിശമന രക്ഷാസേന, തദ്ദേശ സ്ഥാപനം തുടങ്ങിയ വകുപ്പുകൾ വിപുലമായ രീതിയിൽ വേനൽക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള ക്യാംപെയ്ൻ നടത്തണമെന്നു സർക്കാർ നിർദേശിച്ചിരിക്കുന്നു. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം "തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കാനും തീരുമാനമുണ്ട്. തീപിടിത്തങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഗ്നിശമന രക്ഷാസേന പൂർണ സജ്ജമായി നിൽക്കാനും നിർദേശമുണ്ട്. ജനവാസ മേഖലയിൽ കാടു പിടിച്ചു കിടക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി ഉണങ്ങിയ പുല്ല് നിയന്ത്രിതമായി വെട്ടി മാറ്റാന്‍ തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തകരെ വിനിയോഗിക്കാമെന്ന നിർദേശവും തീപിടിത്ത സാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്.
സർക്കാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ മന്ത്രാലയങ്ങളും വേനൽക്കാല പ്രശ്നങ്ങൾ നേരിടാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചാലും ജനങ്ങളുടെ സഹകരണവും വളരെ പ്രധാനമാണ്. ആഹാരവും വെള്ളവും തെരഞ്ഞെടുക്കുന്നതും രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതും ജനങ്ങളാണല്ലോ. ഇക്കാര്യത്തിൽ എല്ലാവർക്കും ശരിയായ ബോധവത്കരണം നൽകാൻ സർക്കാർ സംവിധാനങ്ങൾക്കു കഴിയും. എന്നാൽ, അത് ഉൾക്കൊള്ളേണ്ടത് നാം ഓരോരുത്തരുമാണ്. ഒപ്പം കുടിവെള്ള പ്രശ്നം പോലുള്ളവ പരിഹരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും വേണം. നല്ല വെള്ളം കിട്ടാതാവുമ്പോൾ കിട്ടിയ വെള്ളം ഉപയോഗിക്കേണ്ടിവരും. ശുദ്ധവായു പോലെ ശുദ്ധവെള്ളവും ഉറപ്പുവരുത്താൻ കഴിയേണ്ടതാണ്. ശുദ്ധജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ വേനൽ കടുക്കുമ്പോൾ രോഗഭീതിയും ഏറുകയാണ്.
കുടിവെള്ളക്ഷാമം സംബന്ധിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇക്കാര്യത്തിൽ ചെലുത്തുന്ന ശ്രദ്ധ ജനദുരിതം ലഘൂകരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കും. പൈപ്പുകൾ മുഖേന വെള്ളം എത്തിക്കുന്നതിനു പുറമേ ടാങ്കർ ലോറികളിലും കുടിവെള്ള വിതരണം നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. അതിലുള്ള പോരായ്മകൾ ചൂണ്ടിക്കാണിച്ചു തിരുത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങളിലെ അതതു പ്രദേശങ്ങളുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെ കൂടി ഉത്തരവാദിത്വമായി കാണേണ്ടതാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കുടിവെള്ള വിതരണത്തിനായി പ്ലാന്‍ ഫണ്ട്/ തനതു ഫണ്ട് വിനിയോഗിക്കാന്‍ തദ്ദേശ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ആഹാരത്തിന്റെ ഗുണനിലവാരത്തിൽ ഹോട്ടലുകൾ എത്ര ശ്രദ്ധിച്ചാലും അധികമാവില്ല.
എച്ച്3 എൻ2 വൈറസ് ബാധിച്ചുള്ള മരണം രാജ്യത്തു റിപ്പോർട്ട് ചെയ്തതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തു നിരവധി പേർക്കു രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നു. വായുവിലൂടെ പടരുന്ന അസുഖമായതിനാൽ കൊവിഡ് കാലത്ത് എടുത്ത സമാന പ്രതിരോധ മാർഗങ്ങൾ തുടരാനാണ് കേന്ദ്ര സർക്കാർ നിർദേശിക്കുന്നത്. വാക്സിൻ എടുക്കുക, മാസ്ക് ധരിക്കുക, കൈകൾ ശുചിയായി സൂക്ഷിക്കുക, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ച് വായയും മൂക്കും മൂടുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. രോഗവ്യാപന സാധ്യത സംസ്ഥാന ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. അങ്ങനെയാവുമ്പോഴേ രോഗവ്യാപന ഭീഷണി കാണുന്ന പ്രദേശങ്ങളിൽ വേഗത്തിൽ ഇടപെടാൻ കഴിയൂ.