കശ്മീർ: സമാധാനം തകർക്കാൻ ഭീകരരെ അനുവദിക്കരുത്| മുഖപ്രസംഗം

കഠുവയിൽ അടക്കം 48 മണിക്കൂറിനിടെ നാലു തവണയാണ് ജമ്മു കശ്മീരിൽ ഭീകരർ സൈന്യവുമായി ഏറ്റുമുട്ടിയത്
terrorist attack at kashmir editorial
കശ്മീരിൽ ഭീകരാക്രമണം

ജമ്മു കശ്മീരിൽ സമാധാനാന്തരീക്ഷം തകർക്കാൻ പാക്കിസ്ഥാനും അവർ പിന്തുണയ്ക്കുന്ന ഭീകരരും വീണ്ടും ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണങ്ങൾ അതിനു തെളിവായി കാണാനാവും. തിങ്കളാഴ്ച കഠുവ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചു ധീര സൈനികരെയാണ് ഇന്ത്യയ്ക്കു നഷ്ടപ്പെട്ടത്. ഏതാനും സൈനികർക്കു പരുക്കേറ്റിട്ടുമുണ്ട്. പട്രോളിങ് നടത്തുകയായിരുന്ന സേനാ വാഹനങ്ങൾക്കു നേരേ ഭീകരർ നിറയൊഴിക്കുകയായിരുന്നു. സൈന്യം അതിശക്തമായ തിരിച്ചടി നൽകിയിട്ടുണ്ട്. കൂടുതൽ സൈനികരെ സ്ഥലത്തെത്തിച്ച് പ്രദേശത്തു സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നു റിപ്പോർട്ടുകളിൽ കാണുന്നു.

ഹിസ്ബുൾ മുജാഹിദീൻ "കമാൻഡർ' ബുർഹാൻ വാനി സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന്‍റെ വാർഷിക ദിനത്തിലായിരുന്നു ഈ ഭീകരാക്രമണം. 2016 ജൂലൈ എട്ടിനാണ് ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ബുർഹാൻ വാനി കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് നാലു മാസത്തോളം കശ്മീർ താഴ്വരയിൽ ഭീകരർ സ്വസ്ഥത കെടുത്തുന്ന ആക്രമണങ്ങൾ നടത്തിയിരുന്നു. അക്കാലത്തുണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളിൽ 85 പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്കു പരുക്കേൽക്കുകയും ചെയ്തു. പക്ഷേ, കശ്മീരിനെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കാനുള്ള ഭീകരരുടെ ശ്രമങ്ങൾ ചെറുത്തുതോൽപ്പിക്കപ്പെട്ടു. സമാധാനത്തിലേക്കു കശ്മീർ മടങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ വീണ്ടും അവർ ആക്രമണങ്ങൾക്കു തുനിയുമ്പോൾ തക്കതായ മറുപടി തന്നെ അതിനു നൽകേണ്ടതുണ്ട്. സുരക്ഷാസേനയ്ക്ക് അതിനുള്ള കരുത്തുണ്ടെന്ന് ഒരിക്കൽക്കൂടി ഭീകരരും അവരെ പിന്തുണയ്ക്കുന്നവരും മനസിലാക്കട്ടെ.

കഠുവയിൽ അടക്കം 48 മണിക്കൂറിനിടെ നാലു തവണയാണ് ജമ്മു കശ്മീരിൽ ഭീകരർ സൈന്യവുമായി ഏറ്റുമുട്ടിയത്. ദക്ഷിണ കശ്മീരിൽ ജൂലൈ ആറിനും ഏഴിനും രക്ഷാസേനയുമായി ഭീകരർ ഏറ്റുമുട്ടിയപ്പോൾ രണ്ടു സൈനികരും ആറു ഭീകരരും കൊല്ലപ്പെട്ടു. രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനു പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു നാളുകളായി തുടർച്ചയായ ഭീകരാക്രമണങ്ങൾക്ക് ജമ്മു കശ്മീർ സാക്ഷ്യം വഹിക്കുകയാണ്. ജൂൺ 11, 12 തീയതികളിലുണ്ടായ ഏറ്റുമുട്ടലുകളിൽ രണ്ടു ഭീകരരും ഒരു സിആർപിഎഫ് ജവാനും മരിച്ചിരുന്നു. ആറു രക്ഷാ സൈനികർക്ക് അതിൽ പരുക്കേൽക്കുകയും ചെയ്തു. ജൂൺ 27ന് ദോഡയിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ജൂൺ ഒമ്പതിന് റിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസിനു നേരേ ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒമ്പതു പേർ കൊല്ലപ്പെട്ടിരുന്നു. കശ്മീർ സമാധാനത്തിലേക്കു മടങ്ങുന്നു എന്ന വിശ്വാസം തകർക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ ഭീകരർ കൂടുതൽ ആ‍ക്രമണങ്ങൾക്കു തുനിയുന്നത് എന്നു വേണം കരുതാൻ. ഇത്തരം ആക്രമണങ്ങൾക്കു തുനിയുന്നവർ ഏറെയും പാക് പിന്തുണയോടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നവരാണെന്നും കരുതേണ്ടതുണ്ട്.

കഠുവയിലുണ്ടായ ആക്രമണം ആസൂത്രണം ചെയ്തതു പാക്കിസ്ഥാനാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചാണു സൈനികരെ ആക്രമിച്ചത്. പാക്കിസ്ഥാനിൽ നിന്നാണ് ഈ ആയുധങ്ങൾ അവർക്കു കിട്ടിയത് എന്നുവേണം ധരിക്കാൻ. കശ്മീരിൽ ഭീകരപ്രവർത്തനം വീണ്ടും ഊർജിതമാക്കാനുള്ള പാക്കിസ്ഥാന്‍റെ ശ്രമം ഇതിനു പിന്നിലുണ്ടാവാം. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നര പതിറ്റാണ്ടിനിടയിലെ റെക്കോഡ് പോളിങ്ങാണ് ജമ്മു കശ്മീരിലുണ്ടായത്. 58 ശതമാനത്തിലേറെ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. അനന്തനാഗ്- രജൗരിയിലും ബരാമുള്ളയിലും ശ്രീനഗറിലും എല്ലാം പോളിങ് വലിയ തോതിൽ ഉയർന്നു. തീർച്ചയായും ഇതു പാക്കിസ്ഥാനെയും അവർ പ്രോത്സാഹിപ്പിക്കുന്ന ഭീകരരെയും നിരാശരാക്കിയിട്ടുണ്ടാവും. ഏതു വിധേനയും കശ്മീരിൽ പ്രശ്നങ്ങളുണ്ടാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം.

എത്രയും വേഗം ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പു നടത്തുകയെന്നതാണു കേന്ദ്ര സർക്കാർ പദ്ധതി. ഈ വർഷം സെപ്റ്റംബർ 30നു മുൻപ് അവിടെ നിയമസഭാ തെരഞ്ഞെടുപ്പു നടത്താൻ നേരത്തേ സുപ്രീം കോടതി തെരഞ്ഞെടുപ്പു കമ്മിഷനോടു നിർദേശിച്ചിട്ടുള്ളതുമാണ്. ബിജെപിയും നാഷണൽ കോൺഫറൻസും പിഡിപിയും അടക്കം രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ഭീകരരുടെ ഭാഗത്തുനിന്നുണ്ടാവാം എന്നതിനാൽ സർക്കാർ സംവിധാനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്. നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നതിൽ രക്ഷാസേനയ്ക്ക് മുഴുവൻ പിന്തുണയും ലഭ്യമാക്കേണ്ടതുമുണ്ട്.

Trending

No stories found.

Latest News

No stories found.