കേന്ദ്രാവഗണന: ഗൗരവമുള്ള വിഷയം | മുഖപ്രസംഗം

കർണാടകയ്ക്ക് അർഹതപ്പെട്ട നികുതിപ്പണം കേന്ദ്ര സർക്കാർ തടഞ്ഞുവയ്ക്കുന്നു എന്നാണ് അവരുടെ ആരോപണം.
നരേന്ദ്ര മോദി, പിണറായി വിജയൻ.
നരേന്ദ്ര മോദി, പിണറായി വിജയൻ.

രാഷ്‌ട്രീയമായി എതിർ ചേരിയിലുള്ള കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അർഹിക്കുന്ന വിഹിതം നൽകാതെ കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആരോപണം കൂടുതൽ ശക്തമായിട്ടുണ്ട്. കർണാടക സർക്കാർ ഇന്നലെ ഡൽഹിയിൽ കേന്ദ്രത്തിനെതിരേ നടത്തിയ പ്രതിഷേധ സമരം ഇതുമായി ബന്ധപ്പെട്ടായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ നടന്ന സമരത്തിൽ ഉപമുഖ്യന്ത്രി ഡി.കെ. ശിവകുമാർ അടക്കം സംസ്ഥാന മന്ത്രിമാരും കോൺഗ്രസ് എംഎൽഎമാരും എംഎൽസിമാരും എംപിമാരും പങ്കെടുത്തിരുന്നു. കർണാടകയ്ക്ക് അർഹതപ്പെട്ട നികുതിപ്പണം കേന്ദ്ര സർക്കാർ തടഞ്ഞുവയ്ക്കുന്നു എന്നാണ് അവരുടെ ആരോപണം.

പതിനഞ്ചാം ധനകാര്യ കമ്മിഷനു കീഴിലെ അഞ്ചുവർഷത്തിനിടെ 1,87,000 കോടി രൂപയുടെ നഷ്ടം കർണാടകയ്ക്കുണ്ടായെന്ന് സിദ്ധരാമയ്യ ആരോപിക്കുന്നുണ്ട്. പതിനാലാം ധനകാര്യ കമ്മിഷന്‍റെ കാലത്ത് കേന്ദ്ര നികുതിയിൽ കർണാടകയ്ക്കുള്ള വിഹിതം 4.71 ശതമാനമായിരുന്നത് ഇപ്പോൾ 3.64 ശതമാനമായിട്ടുണ്ടത്രേ. ഇതിലെ കുറവു തന്നെ 62,000 കോടിയിലേറെ രൂപ വരും. ഇതിനു പുറമേ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്ത പ്രത്യേക ഗ്രാന്‍റ് സംസ്ഥാനത്തിനു നൽകിയില്ല. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് അവസാനിപ്പിച്ചതും ബാധിച്ചു. കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച അപ്പർ ഭദ്ര പദ്ധതിക്കുള്ള 5,300 കോടി രൂപ അടക്കം സംസ്ഥാനത്തിനു നൽകിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്.

കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ പരാതി തന്നെയാണു കേരളവും തമിഴ്നാടും തെലങ്കാനയും ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ കേരള സർക്കാർ ഇന്നു ഡൽഹിയിൽ പ്രതിഷേധ സമരം നടത്തുകയാണ്. എൽഡിഎഫ് മന്ത്രിമാരും ജനപ്രതിനിധികളും ഇതിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര അവഗണന നേരിടുന്ന കേരളത്തിനും പിന്തുണ നൽകുമെന്നു കർണാടക മന്ത്രിമാർ വ്യക്തമാക്കിയിരിക്കുന്നു. ജന്തർ മന്ദറിലെ കേരളത്തിന്‍റെ പ്രതിഷേധത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റു ഡിഎംകെ നേതാക്കളും പങ്കെടുക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ അവകാശം നേടിയെടുക്കും വരെ വിശ്രമമില്ലെന്നാണ് സ്റ്റാലിന്‍റെ നിലപാട്. എഎപി നേതാക്കളായ പഞ്ചാബ്, ഡൽഹി മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നു. തങ്ങൾക്കുള്ള നികുതി വിഹിതം കുറഞ്ഞതായി നേരത്തേ തെലങ്കാനയും പരാതിപ്പെട്ടിരുന്നു. സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ലാത്ത സെസുകളും സർച്ചാർജുകളും ചുമത്തി കേന്ദ്രം ഫ‍ണ്ട് മുഴുവൻ സ്വന്തമാക്കുന്നുവെന്ന് തെലങ്കാന ചൂണ്ടിക്കാണിക്കുകയുണ്ടായി.

സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം 42 ശതമാനത്തിൽ നിന്ന് പതിനഞ്ചാം ധനകാര്യ കമ്മിഷൻ 41 ശതമാനമായി കുറച്ചതു മൂലമുണ്ടായ നഷ്ടം ഒരുഭാഗത്തുണ്ട്. കേന്ദ്ര വരുമാനത്തിന്‍റെ മൂന്നിലൊന്നോളം സെസും സർച്ചാർജുമായി മാറ്റിയതും സംസ്ഥാനങ്ങൾക്കു ദോഷമായി. ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാതായതും വായ്പാ സഹായം തടഞ്ഞുവയ്ക്കുന്നതും അടക്കം പ്രശ്നങ്ങൾ ഇതിനു പുറമേയാണ്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന കടം സംസ്ഥാനത്തിന്‍റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തിയതു മൂലം നേരിടുന്ന പ്രതിസന്ധിയും കേരളത്തിനുണ്ട്. കേന്ദ്രം ഇങ്ങനെ കഴുത്തു ഞെരിക്കുമ്പോൾ അതിജീവനത്തിനും മുന്നോട്ടുപോക്കിനും വേണ്ടിയാണു ഡൽഹിയിൽ ഇന്നു നടക്കുന്ന സമരമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്.

സെസും സർച്ചാർജും ഒഴികെ കേന്ദ്രം പിരിക്കുന്ന നികുതികളുടെ 41 ശതമാനം സംസ്ഥാനങ്ങൾക്കു വീതിച്ചു നൽകുന്നത് വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ജനസംഖ്യാ വളർച്ചാ നിരക്ക് അതിലൊരു പ്രധാന മാനദണ്ഡമാണ്. 2011ലെ സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങൾക്കുള്ള വിഹിതം നിശ്ചയിച്ചപ്പോൾ ജനസംഖ്യാ വളർച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അതു ബാധിച്ചുവെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിൽ തന്നെ കേരളത്തിനു വലിയ നഷ്ടമുണ്ടായി. ജനസംഖ്യാ വളർച്ച നിയന്ത്രിച്ചത് കേന്ദ്ര വിഹിതം കിട്ടുന്നതിൽ ദോഷമായി വന്നതു തികച്ചും നിർഭാഗ്യകരമാണ്.

കേരളമടക്കം സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ പരിഗണന അർഹിക്കുന്നതു തന്നെയാണ്. രാഷ്‌ട്രീയം മാറ്റിവച്ചു ചർച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതുമാണ്. രാഷ്‌ട്രീയ കക്ഷികൾക്കു തർക്കിക്കാൻ മാത്രമുള്ള വിഷയമായി ഇത് ഒതുങ്ങിപ്പോവരുത്. ലോക്സഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കേന്ദ്ര സർക്കാരിനെതിരേ സമരം നടത്തുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തു മാറ്റമുണ്ടാവാനാണ് എന്നു സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. എന്നാൽ, ബിജെപി സർക്കാർ സംസ്ഥാനങ്ങളെ ഞെരുക്കുന്നുവെന്ന രാഷ്‌ട്രീയ സന്ദേശം ജനങ്ങൾക്കു നൽകാൻ ഈ സമരം ഉപകരിക്കും.

സ്വാഭാവികമായും ഇതിനെതിരേ ബിജെപി ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്. കഴിഞ്ഞ മേയിലാണു കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പു നടന്നത്. അതുവരെ സംസ്ഥാനം ഭരിച്ചിരുന്നത് ബിജെപിയുടെ സർക്കാരായിരുന്നു. കേന്ദ്ര സർക്കാർ കർണാടകയ്ക്കു കൂടുതൽ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കൾ അവകാശപ്പെട്ടുകൊണ്ടിരുന്നതാണ്. ഇപ്പോഴും അവകാശപ്പെടുന്നുണ്ട്. കോൺഗ്രസിന്‍റേതിനു തികച്ചും കടകവിരുദ്ധമായ നിലപാട്. ഡൽഹിയിലും ബംഗളൂരുവിലും അടക്കം പല സ്ഥലങ്ങളിലും ഇന്നലെ കർണാടക സർക്കാരിനെതിരേ ബിജെപി പ്രതിഷേധ സമരങ്ങളും നടത്തി. കോൺഗ്രസ് സർക്കാർ കേന്ദ്ര ഫണ്ടുകൾ ദുരുപയോഗിക്കുന്നുവെന്നാണു ബിജെപി നേതാക്കൾ സമർഥിക്കുന്നത്.

കേരളത്തോടുള്ള കേന്ദ്ര അവഗണന എന്ന പരാതിയും എത്രയോ വട്ടം ബിജെപി നേതാക്കൾ നിഷേധിച്ചുകഴിഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേടാണു സാമ്പത്തിക പ്രതിസന്ധിക്കു കാരണം എന്നാണല്ലോ ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും പറയുന്നത്. എന്തായാലും കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം അടിയന്തരമായി ചർച്ച ചെയ്യേണ്ടതാണ് സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് വിതരണം. ശക്തമായ സംസ്ഥാനങ്ങളാണ് രാജ്യത്തിന്‍റെ കരുത്താവേണ്ടത്. ഫണ്ട് വിതരണത്തിൽ രാഷ്‌ട്രീയം നോക്കാതെ എല്ലാ സംസ്ഥാനങ്ങളെയും പരിഗണിക്കാൻ കേന്ദ്രത്തിനു ബാധ്യതയുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com