
രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ നയത്തിൽ സുപ്രധാന ഭേദഗതിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തുമ്പോൾ അതിനെ വളരെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. രാജ്യത്തെ മുഴുവൻ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിലാണു ഭേദഗതി വരുത്തിയത്. ഇതോടെ, 5, 8 ക്ലാസുകളിലെ വിദ്യാർഥികൾ "ഓൾ പാസ്' സമ്പ്രദായത്തിൽ നിന്നു പുറത്താകും. ഈ ക്ലാസുകളിലെ കുട്ടികൾ വാർഷിക പരീക്ഷയിൽ പരാജയപ്പെട്ടാൽ രണ്ടു മാസത്തിനിടെ ഒരു അവസരം കൂടി നൽകും. അതിലും പരാജയപ്പെട്ടാൽ ഒരു വർഷം കൂടി അതേ ക്ലാസിൽ തുടരേണ്ടിവരുമെന്നാണ് പുതിയ വ്യവസ്ഥ.
അതേസമയം, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെ ഒരു വിദ്യാർഥിയെയും സ്കൂളിൽ നിന്നു പുറത്താക്കാനാവില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ ഒരു വിദ്യാർഥിയെയും തോൽപ്പിക്കാനോ സ്കൂളിൽ നിന്നു പുറത്താക്കാനോ പാടില്ലെന്നാണ് നിലവിൽ പിന്തുടരുന്ന നയമാണ് ഭേദഗതി ചെയ്തത്. പുതിയ രീതി കുട്ടികളുടെ പഠനഫലം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണു കേന്ദ്രസർക്കാർ. എന്നാൽ, എന്തൊക്കെ കൂടിയാലോചനകളുടെയും വിദഗ്ധ സമിതി റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.
കേരളത്തിൽ,എസ്എസ്എൽസി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സമ്പ്രദായം നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇതിനകം അറിയിച്ചിട്ടുണ്ട് . ഈ വർഷം മുതൽ എട്ടാം ക്ലാസിൽ സബ്ജക്റ്റ് മിനിമം നടപ്പാക്കും. നിലവിലെ എല്ലാവരെയും ജയിപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്തും. ഏതെങ്കിലും വിഷയത്തിൽ വിദ്യാർഥിക്ക് മാർക്ക് കുറഞ്ഞാൽ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാകും. അടുത്ത വർഷം ഒമ്പതാം ക്ലാസിലും മിനിമം മാർക്ക് നടപ്പാക്കുമെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രഖ്യാപനം. 2026-27ലാണ് പരിഷ്കാരം പത്താം ക്ലാസ് വിദ്യാർഥികൾക്ക് ബാധകമാവുക. കഴിഞ്ഞ മേയ് 28ന് നടന്ന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.
അക്ഷരമറിയാത്ത വിദ്യാർഥികൾപോലും പത്താം ക്ലാസ് പരീക്ഷ മികച്ച രീതിയിൽ പാസാകുന്നു എന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. പത്താം തരത്തിലും പ്ലസ്ടുവിലും ഫുൾ എ പ്ലസ് നേടുന്ന വിദ്യാർഥികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്റ്റർതന്നെ തുറന്നുപറയുന്ന സ്ഥിതിയുണ്ടായി. പ്ലസ്ടുവരെ പഠിച്ച വിദ്യാർഥിക്ക് എഴുതാനും വായിക്കാനും അറിയില്ലെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്‍റെ അധികാരിയായ പൊതു വിദ്യാഭ്യാസ ഡയറക്റ്റർ മുതൽ പഠിപ്പിച്ച അധ്യാപകർവരെ പ്രതികളാവേണ്ടേ?പൊതു വിദ്യാഭ്യാസ ഡയറക്റ്റർ എന്ന തസ്തിക 'ഡയറക്റ്റർ ജനറൽ' ആയി, ഇവരുടെയൊക്കെ ശമ്പളത്തിൽ വലിയ കുതിച്ചുകയറ്റം ഉണ്ടായി. എന്നാൽ, ഇവരിൽ നിക്ഷിപ്തമായ ഉത്തരവാദിത്തം നിറവേറ്റിയോ എന്നതിൽ എന്തെങ്കിലും പരിശോധന നടന്നോ?
കേരളം കഴിഞ്ഞ എട്ടു വർഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത് 4500 കോടി രൂപയാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടുവെന്ന് പറയുന്ന പൊതുവിദ്യാലയങ്ങളിലുള്ള കുട്ടികളുടെ നിലവാരം പരിശോധിക്കാനുള്ള ശാസ്ത്രീയമായ അക്കാഡമിക് സംവിധാനം സർക്കാരിന്‍റെ കൈയിലുണ്ടാവേണ്ടേ?വിദ്യാർഥികളുടെ വ്യക്തിഗതവും സാമൂഹികവുമായ സവിശേഷതകളെ പരിഗണിക്കുന്ന ക്ലാസ് മുറികൾ, അതിനനുയോജ്യമായ മൂല്യനിർണയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബോധനരീതി ചർച്ച ചെയ്യപ്പെടുന്ന സമയത്താണ് ഇന്ത്യയിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിക്കപ്പെടുന്നത്. നിലനിൽക്കുന്ന വിവേചനങ്ങൾ രൂക്ഷമാക്കുകയും കമ്പോളവൽക്കരണത്തിന് വേഗം കൂട്ടുകയും ചെയ്യുന്ന ഒരു സമീപനമാണ് പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടുവച്ചതെന്ന ആക്ഷേപമുയർന്നിരുന്നു. അതിനെ വിമർശനാത്മകമായി പരിശോധിച്ചേ കേരളത്തിൽ നടപ്പാക്കൂ എന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, 'കേന്ദ്രത്തിനെക്കാൾ വേഗത്തിൽ കേരളം' എന്ന മട്ടിലാണ് ഇവിടെ പ്രയോഗിക്കുന്നതെന്ന് ഭരണപക്ഷ അധ്യാപക സംഘടനകൾതന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്.
2005ന് മുമ്പുവരെ എഴുത്തുപരീക്ഷയിലെ മാർക്ക് മാത്രം എസ്എസ്എൽസിക്ക് പരിഗണിച്ചിരുന്നു. എന്നാൽ, പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി പുതിയ രീതി വന്നതോടെ ഓരോ വിഷയത്തിലും വ്യത്യസ്ത സ്കോറുകൾകൂടി പരിഗണിച്ച് ഗ്രേഡ് നൽകിത്തുടങ്ങി. കുട്ടികൾ തമ്മിലുള്ള കടുത്ത മത്സരം ഒഴിവാക്കുക, എഴുത്തുപരീക്ഷയ്ക്കൊപ്പം പ്രോജക്റ്റ്, സെമിനാർ, അസൈൻമെന്‍റ് തുടങ്ങിയവ ചെയ്യുന്നതിലുള്ള മികവുകൾ വിലയിരുത്തുക, തുടർ വിലയിരുത്തൽ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ഈ മാറ്റങ്ങൾ. അന്ന് 58.49 ശതമാനമായിരുന്നു വിജയം. 2008ൽ അത് 92.09ശതമാനം ആയി. പിന്നീടൊരിക്കലും എസ്എസ്എൽസി ഫലം 90ശതമാനത്തിൽ താഴേക്ക് പോയില്ല. 2024ലെ വിജയം 99.69 ശതമാനം ആണ്. പുതിയ രീതി വന്നതോടെ റാങ്കും ഡിസ്റ്റിങ്ഷനും ഇല്ലാതായി. പകരം 100 ശതമാനം റിസൾട്ട് നേടുന്ന സ്കൂളുകളും എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടുന്ന വിദ്യാർഥികളും ശ്രദ്ധിക്കപ്പെട്ടു. 2005ൽ പരീക്ഷയെഴുതിയ 4,72,880 പേരിൽ 469 പേർക്ക് മാത്രമായിരുന്നു ഫുൾ എ പ്ലസ് . അടുത്ത വർഷം അത് ആയിരം പിന്നിട്ടു. 2013ൽ പതിനായിരവും 2016ൽ ഇരുപതിനായിരവും 2020ൽ നാൽപതിനായിരവും കടന്നു. 2021ൽ 1,21,318 പേർ ഫുൾ എപ്ലസ് നേടി. 2024ൽ 71,831 പേർക്കാണ് ഫുൾ എ പ്ലസ് .
എഴുത്തുപരീക്ഷയുടെ ചോദ്യങ്ങളിൽ ആദ്യകാലങ്ങളിൽ വിശകലനത്തിനും വിമർശനത്തിനും വിലയിരുത്തലിനും പ്രയോഗത്തിനും പ്രാധാന്യമുണ്ടായിരുന്നു. പിന്നീടത് കുറഞ്ഞതും മനപ്പാഠത്തിലേക്ക് പോയതും റിസൽട്ട് കുതിച്ചുയരുന്നതിന് കാരണമായി. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനായി സർക്കാരുകളും ജനപ്രതിനിധികളും പൊതുസമൂഹവും നടത്തുന്ന ഇടപെടലുകളും ഫലം മെച്ചമാവാൻ കാരണമായി എന്നത് കാണാതിരിക്കാനാവില്ല.
ആദ്യത്തെ ഒന്നോ രണ്ടോ വർഷം കുട്ടികളുടെ കഴിവുകൾ വസ്തുനിഷ്ഠമായി വിലയിരുത്തി സ്കോർ നൽകി. പിന്നീട് സ്കൂൾ ഭേദമില്ലാതെ എല്ലാവർക്കും എല്ലാ വിഷയങ്ങളിലും 20ൽ 20 മാർക്ക് നൽകുന്നതിലേക്ക് അത് എത്തിപ്പെട്ടു. വർഷംതോറും വിജയശതമാനം ഉയർത്തുന്നതിൽ മാത്രം ശ്രദ്ധവച്ചവർ അത് തങ്ങളുടെ മികവു കൊണ്ടാണെന്ന് അവകാശപ്പെട്ട് ഇത്തരം തെറ്റായ പ്രവണതകളെ കണ്ടില്ലെന്ന് നടിച്ചു.കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ സി ഗ്രേഡും ഡി പ്ലസ് ഗ്രേഡും നേടിയവർ 28.08 ശതമാനമാണ്. എസ്ടി വിഭാഗത്തിലെ 62.5ശതമാനവും എസ് സിയിലെ 45.6ശതമാനവും ഒഇസിയിലെ 32.4ശതമാനവും ഒബിസിയിലെ 27.5ശതമാനവും ഇക്കൂട്ടത്തിലാണ് എന്നുവരുമ്പോൾ ഇത് കേരളീയ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?എന്തുകൊണ്ട് ദലിത്, പിന്നാക്ക വിഭാഗക്കാർ പരീക്ഷയിൽ ഇത്ര പിന്നോട്ടുപോയി എന്ന് ഇതുവരെയും ആരും പഠിക്കാൻ തയാറായിട്ടില്ല. അതല്ലേ,യഥാർഥത്തിൽ ആദ്യം പരിശോധിക്കേണ്ടിയിരുന്നത്?
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന മിനിമം മാർക്കിന്‍റെ അടിസ്ഥാനത്തിലുള്ള ഈ പരീക്ഷാകേന്ദ്രീകരണം ശരിക്കും മുതലെടുക്കാൻ പോകുന്നത് പരീക്ഷാപേപ്പർ ചോർത്തുന്ന സംഘങ്ങളാവും. ഒരു വർഷം പഠിപ്പിച്ചിട്ടും ജയിപ്പിക്കാനാവാത്ത വിദ്യാർഥികളെ രണ്ടാഴ്ച കൊണ്ടോ രണ്ടുമാസംകൊണ്ടോ ജയിപ്പിച്ചെടുക്കുന്ന 'വിദ്യ' അഭ്യസിക്കാനായിരിക്കും തിരക്ക്. മിനിമം മാർക്ക് സംവിധാനം ഇത്തരം കോച്ചിങുകളും സ്വകാര്യ ട്യൂഷനും നിർബന്ധമാക്കുന്ന ഒരവസ്ഥയിലേക്ക് എത്തിക്കും.കേരളത്തിലുൾപ്പെടെ ഇന്ത്യയിലൊട്ടാകെ സ്വകാര്യ ട്യൂഷനും പരീക്ഷാ കോച്ചിങും കോടികളുടെ ബിസിനസ് സാമ്രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.സർക്കാർ കണക്കനുസരിച്ച് ഇന്ത്യയിലെ കോച്ചിങ് സ്ഥാപനങ്ങൾ 2019-20ൽ നൽകിയ ജിഎസ്ടി 2240 കോടി രൂപയാണ്. 2023-24ൽ ഇത് 5517 കോടി രൂപയായി. അവരുടെ ബിസിനസ് ഇനിയും കുതിച്ചുകയറുകയേയുള്ളൂ.
ഏഴു മുതൽ പതിന്നാലു വയസ്സുവരെയുള്ള ഓരോ കുട്ടിയുടെയും വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും സാർവത്രികവുമായിരിക്കണമെന്നും പഠനമാധ്യമം മാതൃഭാഷ ആയിരിക്കണമെന്നും നമ്മോട് പറഞ്ഞത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ്. അതെവിടെവരെയെത്തി എന്ന് ആരെങ്കിലും ആലോചിക്കുന്നുണ്ടോ ആവോ!വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം വർധിപ്പിക്കാൻ ലക്ഷ്യംവെച്ച് സർക്കാരുകൾ മുന്നോട്ടുപോവുക തന്നെ വേണം. അവിടെ എടുക്കുന്ന ഏത് തീരുമാനവും ഗൗരവ ആലോചനകളിലൂടെയും വിശകലനങ്ങളിലൂടെയും പഠനങ്ങളിലൂടെയും ആണ് നിറവേറ്റപ്പെടേണ്ടത്. ഈ മേഖലയിലെ എടുത്തുചാട്ട തീരുമാനങ്ങൾ ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്നതാണ്.ആഭാസമാകാൻ പാടില്ലാത്തതാണ് വിദ്യാഭ്യാസമെന്നും ഭാവിതലമുറകളെയാണ് ഇതിലൂടെ വാർത്തെടുക്കേണ്ടത് എന്നും കേന്ദ്രത്തിലും സംസ്ഥാനത്തും വിദ്യാഭ്യാസ മേഖലയിലെ തീരുമാനമെടുക്കേണ്ടവർ തിരിച്ചറിയേണ്ടിയിരിക്കുന്നു.