
വിമാനാപകടത്തിന്‍റെ നടുക്കത്തിൽ രാജ്യം
അഹമ്മദാബാദിൽ നിന്ന് 230 യാത്രക്കാരും 12 വിമാന ജോലിക്കാരുമായി ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തീഗോളം പോലെ കത്തിവീഴുന്ന ദൃശ്യങ്ങളിൽ നടുങ്ങി തരിച്ചു നിൽക്കുകയാണു രാജ്യം. വിമാനത്താവളത്തിനടുത്തുള്ള ബിജെ മെഡിക്കൽ കോളെജിന്‍റെ ഹോസ്റ്റൽ കെട്ടിടങ്ങൾക്കു മുകളിലേക്കാണ് ബോയിങ് 787 ഡ്രീംലൈനർ വിമാനം തകർന്നു വീണതെന്നത് ദുരന്ത വ്യാപ്തി വർധിപ്പിച്ചിട്ടുണ്ട്. ഉച്ചനേരത്താണ് അപകടമുണ്ടാവുന്നത്. എംബിബിഎസ് വിദ്യാർഥികളുടെ ഹോസ്റ്റലിൽ ഭക്ഷണം കഴിക്കാനെത്തിയിരുന്ന വിദ്യാർഥികളും ഡോക്റ്റർ ട്രെയ്‌നികളും ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ധാരാളം ആളുകളുള്ള ജനവാസ മേഖലയായിരുന്നു അതെന്നതിനാൽ ദുരന്തബാധിതരുടെ എണ്ണവും കൂടുതലാണ്. വിമാനം വീണ പ്രദേശത്തെ നിരവധി ബഹുനില കെട്ടിടങ്ങളും വാഹനങ്ങളും അടക്കം കത്തിയമർന്നിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തിയതൊഴിച്ചാൽ ആശ്വാസ വാർത്തകളൊന്നുമില്ല. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും തകർന്ന വിമാനത്തിലുണ്ടായിരുന്നു. പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്സ് രഞ്ജിതയും മരിച്ചവരിലുണ്ടെന്നു സ്ഥിരീകരിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്നലെ രാത്രിയിലും പുറത്തുവന്നുകൊണ്ടിരിക്കുകയായിരുന്നു. അപകട ദൃശ്യങ്ങളിൽ നിന്ന് ഒരു കാര്യം ഉറപ്പായിട്ടുണ്ട്. രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്ന് ഇതായിരിക്കും.
എന്താണ് ഈ അപകടത്തിനു കാരണമെന്നു വ്യക്തമാവേണ്ടതുണ്ട്. റൺവെയിൽ നിന്ന് ഉയർന്നുപൊങ്ങിയ വിമാനം കൂടുതൽ ഉയരത്തിലേക്കു പറക്കാനാവാതെ പെട്ടെന്നു താഴേക്ക് വീണത് എന്തുകൊണ്ടാവാമെന്ന് അന്വേഷണത്തിലാണു കണ്ടെത്തേണ്ടത്. എന്‍ജിൻ തകരാറും പക്ഷി ഇടിച്ചതും അടക്കം അപകടത്തിനു പല സാധ്യതകളും വിദഗ്ധർ പറയുന്നു. ഏറെ പരിചയമുള്ള പൈലറ്റാണു വിമാനം പറത്തിയിരുന്നത്. ക്യാപ്റ്റൻ സുമീത് സബർവാളായിരുന്നു പൈലറ്റ്. 8,200 മണിക്കൂർ വിമാനം പറത്തി പരിചയമുണ്ട് അദ്ദേഹത്തിന്. സഹ പൈലറ്റ് ക്ലൈവ് കുന്ദർ 1,100 മണിക്കൂർ പറക്കൽ അനുഭവമുള്ളയാളാണ്. ഇവരുടെ പിഴവു കൊണ്ട് അപകടമുണ്ടാവാനുള്ള സാധ്യത വിദഗ്ധർ കാണുന്നില്ല. പറന്നുയർന്ന ഉടൻ വൻ അപകട സൂചനയുള്ള ഒരു സന്ദേശം പൈലറ്റ് നൽകി എന്നു റിപ്പോർട്ടുണ്ട്. എന്നാൽ, എയർ ട്രാഫിക് കൺട്രോളിനു തിരിച്ചു പ്രതികരിക്കാൻ അവസരം കിട്ടുന്നതിനു മുൻപേ ദുരന്തം സംഭവിച്ചു. ദീർഘയാത്രയ്ക്കായി നിറയെ ഇന്ധനവുമായി പറന്നുയർന്ന ഉടനാണ് അപകടമെന്നത് ദുരന്തത്തിന്‍റെ ആഴം കൂട്ടി.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാരാണ്. 53 ബ്രിട്ടീഷ് പൗരൻമാരുണ്ട്. ഏഴു പോർച്ചുഗീസുകാരും ഒരു കനേഡിയനുമാണ് യാത്രക്കാരിൽ ഉണ്ടായിരുന്നത്. 2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നു തെന്നിമാറിയുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാരടക്കം 21 പേർ മരിച്ചതിനു ശേഷം രാജ്യത്തുണ്ടാവുന്ന വലിയ വിമാനാപകടം ഇതാണ്. രണ്ടായിരത്തിനു ശേഷമുണ്ടായ മറ്റൊരു വലിയ വിമാനാപകടം മംഗലാപുരത്തായിരുന്നു. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 2010 മേയ് 22ന് മംഗലാപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണ് 158 പേരാണു മരിച്ചത്. 1996 നവംബറിൽ ഹരിയാനയിലെ ചർഖി ദാദ്രിക്കു സമീപം സൗദി അറേബ്യൻ എയർലൈൻസിന്‍റെയും കസാക്കിസ്ഥാൻ എയർലൈൻസിന്‍റെയും വിമാനങ്ങൾ കൂട്ടിയിടിച്ച് 349 പേർ മരിച്ചതടക്കമുള്ള അപകടങ്ങൾ രണ്ടായിരത്തിനു മുൻപ് രാജ്യത്തുണ്ടായിട്ടുണ്ട്. അഹമ്മദാബാദിൽ തന്നെ ഇതിനുമുൻപ് വലിയൊരു വിമാനദുരന്തമുണ്ടായി. 1988 ഒക്റ്റോബർ 19ന് ഇന്ത്യൻ എയർലൈൻസ് വിമാനം അവിടെ തകർന്നുവീണു മരിച്ചത് 130 പേരാണ്.
മികച്ച സുരക്ഷാ റെക്കോഡുള്ള വിമാനമാണ് ബോയിങ് 787-8 ഡ്രീംലൈനർ. ഇന്നലെ അഹമ്മദാബാദിലുണ്ടായ ദുരന്തം ഈ വിമാനത്തിന്‍റെ വിശ്വാസ്യതയ്ക്കു മേലുള്ള ആദ്യ ആഘാതമാണ്. 2011ലാണ് ആദ്യമായി ഈ മോഡൽ കമ്പനി വിപണിയിൽ ഇറക്കിയത്. 14 വർഷത്തിനിടെ ഈ ശ്രേണിയിലുള്ള നിരവധി വിമാനങ്ങൾ കമ്പനി വിറ്റഴിച്ചിട്ടുണ്ട്. മുൻപ് ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ജീവനു ഭീഷണിയാവുന്ന ഒരപകടം ഇതാദ്യമാണ്. ആധുനിക വിമാനങ്ങൾ സാങ്കേതിക വിദ്യയിൽ കൂടുതൽ മെച്ചപ്പെട്ടവയാണ്. സുരക്ഷയുമായി ബന്ധപ്പെട്ടു വിശ്വാസ്യത കൂടുതലുമാണ്. അഹമ്മദാബാദ് അപകടം സംബന്ധിച്ച് കൃത്യമായ ഒരന്വേഷണം നടക്കുകയും അപകടത്തിന്‍റെ കാരണം വ്യക്തമായി കണ്ടെത്തുകയും വേണം. എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) നടത്തുന്ന അന്വേഷണം അപകടകാരണം കണ്ടെത്താൻ സഹായിക്കുമെന്നു പ്രതീക്ഷിക്കാം.